സൂര്യഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൂര്യഗ്രഹണം

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം'. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കൺജങ്ഷനിൽ ആവുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇവയിൽ പൂജ്യം മുതൽ രണ്ടു വരെ എണ്ണം പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴൽ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ് കടന്നുപോവുക എന്നതിനാൽ ഭൂമിയിലെ ഏതു പ്രദേശത്തും പൂർണ്ണ സുര്യഗ്രഹണം എന്നത് അപൂർവമായ ഒരു പ്രതിഭാസമാണ്.

തരങ്ങൾ[തിരുത്തുക]

പർണ്ണ സൂര്യഗ്രഹണത്തിന്റെ ജ്യാമിതീയ ചിത്രീകരണം
വിവിധതരം ഗ്രഹണങ്ങൾ സംഭവിക്കുന്നതിന്റെ ചിത്രീകരണം.

സൂര്യഗ്രഹണം പലതരത്തിലുണ്ട്.

പൂർണ്ണ സൂര്യഗ്രഹണം[തിരുത്തുക]

ഭൂമിയും ചന്ദ്രനും തമ്മിലും, ചന്ദ്രനും സൂര്യനും തമ്മിലുമുള്ള ദൂരങ്ങൾ അനുനിമിഷം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുമൂലം സൂര്യബിംബത്തിന്റെയും ചന്ദ്രബിംബത്തിന്റെയും ആപേക്ഷിക വലിപ്പവും അനുനിമിഷം വ്യത്യാസപ്പെടുന്നുണ്ട്. ഗ്രഹണസമയത്ത് ചിലപ്പോൾ, ഭൂമിയിലെ ചില ഭാഗങ്ങളിൽ നിന്നു നോക്കുമ്പോൾ, യാദൃച്ഛികമായ സാധ്യതമൂലം ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂർണ്ണ സൂര്യഗ്രഹണം (Total solar eclipse) എന്നു വിളിക്കുന്നു.

പൂർണ്ണഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാൻ കഴിയാറുള്ളു. ചന്ദ്രബിംബം സൂര്യബിബത്തെെ പൂർണ്ണമായും മറക്കേണ്ട സ്ഥാനങ്ങളാണ് രാഹുവും കേതുവും. സൂര്യബിംബവും ചന്ദ്രബിംബവും പൂർണ്ണമായും രാഹുവിലോ കേതുവിലോ ഒരേ സമയം ഒന്നിനുമുകളിൽ ഒന്നായി എത്തിച്ചേരുമ്പോൾ പൂർണ്ണഗ്രഹണം സംഭവിക്കുന്നു.

ഭൂമിയിലെ ഏതെങ്കിലും ഒരു ബിന്ദുവിൽ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റ് 31 സെക്കന്റ് ആണ്.

ഭാഗിക സൂര്യഗ്രഹണം[തിരുത്തുക]

ഭൂമിയിൽ നിന്ന് നോക്കുമ്പോൾ, രാഹു/കേതു ഭൂമിയുടേയും സൂര്യന്റേയും മധ്യത്തിൽ നിന്നും അല്പം മാറിയിരിക്കുമ്പോളാണ് ഗ്രഹണം സംഭവിക്കുന്നതെങ്കിൽ, ചന്ദ്രൻ സൂര്യനെ ഭാഗികമായി മാത്രം മറയ്ക്കുന്നു. ഇതിനു ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നു.

വലയ സൂര്യഗ്രഹണം[തിരുത്തുക]

ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേർരേഖയിലെത്തിയാലും (സൂര്യബിംബവും ചന്ദ്രബിംബവും രാഹു/കേതുവും ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ചാലും) ദീർഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ചിലപ്പോൾ ചന്ദ്രനു സൂര്യനെ പൂർണ്ണമായി മറയ്ക്കാൻ കഴിഞ്ഞില്ല എന്നു വരും. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാകുമ്പോളാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ ബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയമായി ചന്ദ്രനു വെളിയിൽ കാണപ്പെടും. ഇത്തരം സൂര്യഗ്രഹണങ്ങളെ വലയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂർണ്ണ സൂര്യഗ്രഹണങ്ങളാണ്.

സങ്കര സൂര്യഗ്രഹണം[തിരുത്തുക]

ഭൂമിയിലെ ചില സ്ഥലങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളിൽ വലയ സുര്യഗ്രഹണമായും അനുഭവപ്പെടുന്ന സൂര്യഗ്രഹണങ്ങളെ സങ്കര സൂര്യഗ്രഹണം (Hybrid eclipse) എന്നു വിളിക്കുന്നു.

ആവൃത്തി[തിരുത്തുക]

ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങൾ ഒരേ തലത്തിലായിരുന്നുവെങ്കിൽ എല്ലാ കറുത്തവാവു ദിവസവും സൂര്യഗ്രഹണം നടക്കുമായിരുന്നു. എന്നാൽ ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടേതിന്‌ അഞ്ച് ഡിഗ്രിയോളം ചരിഞ്ഞാണ്‌ നിലകൊള്ളുന്നത്. അതുകൊണ്ട് ഗ്രഹണം നടക്കണമെങ്കിൽ ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലായി ചന്ദ്രപഥം ഭൂമിയുടെ ഭ്രമണപഥത്തിന്റെ തലത്തെ മുറിച്ചുകടക്കുന്ന ബിന്ദുവിൽ എത്തണം. ഈ ബിന്ദു രാഹുവും കേതുവും എന്നറിയപ്പെടുന്നു. അതായത്, ചന്ദ്രൻ രാഹുവിലോ കേതുവിലോ ആവുന്ന അമാവാസിദിനത്തിലാണ്‌ സൂര്യഗ്രഹണമുണ്ടാകുന്നത്.

ദൈർഘ്യം[തിരുത്തുക]

ഒരു പ്രദേശത്ത് പൂർണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റ് 31 സെക്കന്റാണ്‌. എങ്കിലും സാധാരണ ഇതിലും കുറവായിരിക്കും ദൈർഘ്യം. 7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള പത്തിൽ താഴെ സൂര്യഗ്രഹണങ്ങളേ ഒരു സഹസ്രാബ്ദത്തിൽ ഉണ്ടാകൂ എന്നതാണ്‌ കണക്ക്. അവസാനമായി 7 മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള സൂര്യഗ്രഹണമുണ്ടായത് 1973 ജൂൺ 30-നാണ്‌ (7 മിനിറ്റ് 3 സെക്കന്റ്). ഒരു കോൺകോഡ് വിമാനത്തിൽ ചന്ദ്രന്റെ നിഴലിന്റെ അംബ്രയെ പിൻതുടരുക വഴി ഒരു നിരീക്ഷണസംഘത്തിന്‌ 74 മിനിറ്റ് ഈ പൂർണ്ണസൂര്യഗ്രഹണം ദർശിക്കാൻ സാധിച്ചു. ഏഴ് മിനിറ്റിലധികം ദൈർഘ്യമുള്ള അടുത്ത ഗ്രഹണം 2150 ജൂൺ 25-നേ നടക്കൂ.

ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം 2009 ജൂലൈ 22-ലെ സൂര്യഗ്രഹണമായിരുന്നു. 6 മിനിറ്റ് 39 സെക്കന്റായിരുന്നു ഇതിന്റെ കൂടിയ ദൈർഘ്യം. ഇനി 2132-ലാകും ഇത്തരത്തിലൊരു ഗ്രഹണം ദൃശ്യമാകുക. ഇന്ന് ജീവിച്ചിരിപ്പുള്ളവരാരും അന്ന് അത് കാണാനുണ്ടാകില്ല.

ചിത്രശാല[തിരുത്തുക]

ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=സൂര്യഗ്രഹണം&oldid=3235724" എന്ന താളിൽനിന്ന് ശേഖരിച്ചത്