രാഹുവും കേതുവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാഹുവും കേതുവും

ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുമ്പോൾ രാശിചക്രത്തിലൂടെ സൂര്യനും ചന്ദ്രനും മറ്റ്‌ ഗ്രഹങ്ങളും ‍ഭൂമിയെ വലം വയ്ക്കുന്നതായി നമുക്ക്‌ തോന്നുന്നു. ചന്ദ്രൻ രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നതെങ്കിലും സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെയല്ല (Plane) ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്‌. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്‌. ഇതു കാരണം രണ്ട്‌ ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന്‌ വിളിക്കുന്നത്‌. സൂര്യനും ഭൂമിയും ചന്ദ്രനും നേർ‌രേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്‌.

ചന്ദ്രൻ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ സൂര്യപഥത്തെ മുറിച്ച്‌ കടക്കുന്ന ബിന്ദുവിനെ നമ്മുടെ പൂർവ്വികർ രാഹു (Ascending Node) എന്ന്‌ വിളിച്ചു. ഇതിന്റെ നേരെ എതിർവശത്ത്‌ ചന്ദ്രൻ വടക്ക്‌ നിന്ന്‌ തെക്കോട്ട് സൂര്യപഥത്തെ മുറിച്ച്‌ കടക്കുന്ന ബിന്ദുവിനെ കേതു (Descending Node) എന്നും വിളിച്ചു.

വ്യാളിയുടെ തലയും വാലും - ലിബർ ആസ്ത്രോണമിയെ എന്ന ഗ്രന്ഥത്തിലെ ചിത്രം (ക്രി.വ. 1550)

സൂര്യനും ഭൂമിയും ചന്ദ്രനുമേലെ ചെലുത്തുന്ന ആകർഷണം മൂലം ചന്ദ്രന്റെ പഥം ഒരു പ്രത്യേക തരത്തിൽ കറങ്ങി കൊണ്ടിരിക്കുന്നു. ഈ കറക്കത്തിന് Regression of Moon's Orbit എന്ന്‌ പറയുന്നു. ഇത്തരം ഒരു കറക്കം പൂർത്തിയാകാൻ ചന്ദ്രന്റെ പഥം 18.6 വർഷം എടുക്കും. അതായത്‌ ഒരു വർഷം ഏതാണ്ട്‌ 19 ഡിഗ്രി കറങ്ങും. ഈ കറക്കം കാരണമായിരിക്കാം നമ്മുടെ പൂർവ്വികർ ഈ ബിന്ദുക്കളെ ഗ്രഹങ്ങളായി കരുതാൻ കാരണം. ഭാരതീയജ്യോതിഷത്തിൽ രാഹുവിനേയും കേതുവിനേയും ഇപ്പോഴും ഗ്രഹങ്ങളായിത്തന്നെയാണ് കണക്കാക്കുന്നത്.

രാഹുകാലം[തിരുത്തുക]

തെക്കേ ഇന്ത്യയിൽ കേരളത്തിലും തമിഴ്നാട്ടിലും മാത്രമുള്ള വിചിത്രമായ ഒരു വിശ്വാസമാണ് രാഹുകാലം എന്നത്. പുതിയ ജോലിയിൽ പ്രവേശിക്കുക, പുതിയ വീട്ടിൽ താമസം തുടങ്ങുക, എന്തെങ്കിലും കാര്യസാധ്യത്തിനായി യാത്ര പുറപ്പെടുക തുടങ്ങിയ സന്ദർഭങ്ങളിൽ രാഹുകാലം ഒഴിവാക്കുകയെന്നത് ചിലരുടെ പതിവാണ്. എല്ലാ ദിവസവും പകൽ ഒന്നര മണിക്കൂർ നേരത്തേക്കാണ് രാഹുകാലമായി കണക്കാക്കുന്നത്. തിങ്കൾ രാവിലെ 7.30, ചൊവ്വ 3 മണി, ബുധൻ 12 മണി, വ്യാഴം 1.30, വെള്ളി 10.30, ശനി 9 മണി എന്നിങ്ങനെയാണ് രാഹുകാലം തുടങ്ങുന്നതായി പറയുന്നത്. രാഹുവും രാഹുകാലവും തമ്മിലുള്ള ബന്ധമെന്താണ്, എന്തുകൊണ്ടാണ് ഈ സമയങ്ങളിൽ തുടങ്ങുന്നത് എന്നത് ആർക്കും അറിയില്ല. പഴയ ജോതിഷ ഗ്രന്ഥങ്ങളിലൊന്നും രാഹുകാലത്തെക്കുറിച്ച് സൂചനകളില്ല. കേരളത്തിൽ കഷ്ടിച്ച് ഒരു നൂറ്റാണ്ടിൻറെ പഴക്കമേ അതിനുള്ളൂ.

"https://ml.wikipedia.org/w/index.php?title=രാഹുവും_കേതുവും&oldid=1741194" എന്ന താളിൽനിന്നു ശേഖരിച്ചത്