അദിതി
അനന്തത, സ്വാതന്ത്ര്യം, സർഗശക്തി, സമഗ്രത, സമൃദ്ധി തുടങ്ങിയ പല വിവക്ഷിതാർഥങ്ങളുമുള്ള ഈ പദം പ്രപഞ്ചത്തിലെ എല്ലാ സത്പ്രഭാവങ്ങളുടെയും ജ്ഞാനവിജ്ഞാനങ്ങളുടെയും മാതൃസ്ഥാനത്ത് ഭാരതീയർ സങ്കല്പിക്കുന്ന അനാദ്യന്തസ്വരൂപിണിയും മൗലികശക്തിയുടെ മൂർത്തിമദ്ഭാവവുമായ ദേവിയുടെ പേരാണ്. പരിമിതമായ ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോൾ അമേയമായ സ്വർഗമാണ് അദിതി. തൻമൂലം ആകാശത്തിന്റെ അധിദേവതയായും ഭൂമിയെ താങ്ങിനിർത്തുന്ന ദേവിയായും സങ്കല്പിക്കപ്പെടുന്നു. എല്ലാ ദേവൻമാരുടെയും അമ്മ എന്ന അർഥത്തിൽ ദേവമാതാവ് എന്നും അദിതിയെ വിളിക്കുന്നു. ഗോക്കളെയും ശിശുക്കളെയും സംരക്ഷിക്കുന്നതിനും അവരുടെ അജ്ഞാനത്തിനു മാപ്പുകൊടുത്ത് അവരെ അനുഗ്രഹിക്കുന്നതിനും അർഹതയുള്ള ദേവിയാണ് അദിതി എന്ന് ഋഗ്വേദം പറയുന്നു.
അദിതിയെക്കുറിച്ച് പുരാണങ്ങൾ നല്കുന്ന വിവരങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ട്. ബ്രഹ്മാവിന്റെ പൌത്രനായ കശ്യപന്റെ ഭാര്യയാണ് അദിതി. എട്ടു പുത്രൻമാരുണ്ടായതിൽ ഒരാളെ പരിത്യജിച്ചു. ശേഷിച്ച ഏഴുപേർ ആദിത്യന്മാർ എന്ന പേരിലറിയപ്പെടുന്നു. ആദിത്യന്മാർ ആറാണെന്നും എട്ടാണെന്നും അഭിപ്രായഭേദമുണ്ട്. അദിതിയുടെ പുത്രൻമാരായി പന്ത്രണ്ട് ആദിത്യന്മാരുള്ളതായി മഹാഭാരതം പറയുന്നു; ഈ സങ്കല്പത്തിനാണ് കൂടുതൽ അംഗീകാരം. ദക്ഷന്റെ പുത്രിയായും അമ്മയായും അദിതി സങ്കല്പിക്കപ്പെട്ടിട്ടുണ്ട്. യജുർവേദമനുസരിച്ച് അദിതി വിഷ്ണുവിന്റെ പത്നിയാണ്. കശ്യപന് അദിതിയിലുണ്ടായ പുത്രനാണ് വിഷ്ണുവിന്റെ അവതാരമായ വാമനൻ എന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. മഹാഭാരതവും രാമായണവും മറ്റു പുരാണങ്ങളും അനുസരിച്ച് വിഷ്ണുവിന്റെ മാതാവാണ് അദിതി. ഇന്ദ്രനും അദിതിയുടെ പുത്രനായതുകൊണ്ട് ഇന്ദ്രാനുജൻ എന്ന് വിഷ്ണുവിനു പേരുണ്ടായി. ദശാവതാരങ്ങളിൽ മൂന്നെണ്ണം അദിതിയിൽ നിന്നാണ്. അദിതിയിൽനിന്നു നേരിട്ട് വാമനനും അദിതിയുടെ ചൈതന്യമായ കൗസല്യയിൽനിന്ന് രാമനും അദിതിയുടെ മാനുഷികഭാവമായ ദേവകിയിൽനിന്ന് കൃഷ്ണനും അവതരിച്ചു. ഏകാദശരുദ്രൻമാരും അഷ്ടവസുക്കളും അദിതിയുടെ സന്താനങ്ങളാണ്. അദിതിയുടെ പുത്രൻമാർ എന്ന അർഥത്തിലാണ് ആദിതേയന്മാർ എന്നു ദേവൻമാരെ വിളിക്കുന്നത്.
തത്ത്വചിന്താപരമായ വ്യാഖ്യാനങ്ങൾകൊണ്ട് സാധൂകരിക്കാവുന്നതാണ് ഈ വൈരുദ്ധ്യങ്ങളെല്ലാം. സനാതനവും അനന്തവുമായ ചൈതന്യമാണ് അദിതി. അദിതിയിൽനിന്ന് ദക്ഷൻ, അഥവാ വിവേകവും തിരിച്ചറിവുമുള്ളവൻ, ജനിച്ചു; മൗലികമായ ആ ജ്ഞാനത്തിൽനിന്ന് ചൈതന്യം സ്വയം ഉദ്ഭവിച്ചു. സർഗശക്തിയിൽനിന്ന് പ്രജ്ഞയും പ്രജ്ഞയിൽനിന്ന് സർഗശക്തിയും ഉണ്ടാകുന്നു; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പരമാത്മാവിൽ നിന്നുയിർകൊള്ളുന്ന ജീവാത്മാവ് പരമാത്മാവിൽത്തന്നെ ലയിക്കുന്നു. ഈ ചാക്രികപ്രക്രിയയാണ് പ്രപഞ്ചത്തെ നിലനിർത്തുന്നത്. ദിതി എന്ന സങ്കല്പം ഈ വ്യാഖാനത്തിന്നുറപ്പു നല്കുന്നുണ്ട്. മനസ്സിന്റെ പരിധിക്കുമപ്പുറത്തുള്ള ഭാസുര തേജസ്സാണ് ബ്രഹ്മപുത്രനായ കശ്യപൻ. ആ ജ്യോതിസ്സും അദിതി എന്ന അഖണ്ഡമായ ചിത്തശക്തിയും ഒത്തുചേരുന്നതാണ് സർഗപ്രക്രിയ; അതിൽ നിന്ന് ചേതനാചേതനങ്ങൾ ഉണ്ടായി. അവയാണ് ദിതിയുടെ ജൻമത്തിനു കാരണം. ദിതിയും അദിതിയും കശ്യപന്റെ പത്നിമാരാണ്. ദിതിയിൽനിന്ന് ദൈത്യൻമാർ (അചിത്തി) ജനിക്കുന്നു; അദിതിയിൽനിന്ന് ആദിതേയന്മാർ അഥവാ ചിത്പുരുഷൻമാരായ ദേവൻമാർ രൂപംകൊള്ളുന്നു. രണ്ടിന്റെയും ഉറവിടം അഭിന്നമാണെന്നുമാത്രം.
ഭൂമി, പാർവതി, പുണർതം നക്ഷത്രം, ഗൃഹനിർമ്മാണത്തിൽ വടക്ക് വശത്തുവച്ചു പൂജിക്കേണ്ട വാസ്തുദേവത, സർവത്തെയും 'അദി'ക്കുന്നത് (ഭക്ഷിക്കുന്നത്) എന്ന അർഥത്തിൽ മൃത്യു എന്നിവയ്ക്കൊക്കെ അദിതി എന്നു പേരുണ്ട്. രാത്രിയിലെ പതിനഞ്ചു നിത്യനക്ഷത്രമുഹൂർത്തങ്ങളിൽ ഒന്നിന്റെ പേര് 'അദിതിമുഹൂർത്തം' എന്നാണെന്ന് മാധവനിദാനം എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിലും സാരാവലി എന്ന ജ്യോതിഷകൃതിയിലും പരാമർശിച്ചു കാണുന്നു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അദിതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |