Jump to content

ദിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിതി
The mother of demons
ജീവിത പങ്കാളിKashyapa
മക്കൾDaityas, Hiranyaksha, Hiranyakashipu, Holika, Marutas

ഒരു ഹൈന്ദവ പുരാണ കഥാപാത്രമാണ് ദിതി. ദക്ഷപ്രജാപതിയുടെ പുത്രി. ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനാണ് ദിതിയെ വിവാഹം കഴിച്ചത്. കശ്യപന് ദിതിയിലുണ്ടായ പുത്രന്മാർ അസുരന്മാരും ദിതിയുടെ സഹോദരിയായ അദിതിയിലുണ്ടായ പുത്രന്മാർ ദേവന്മാരുമായതായി മഹാഭാരതം ആദിപർവത്തിൽ പറയുന്നു. ദേവന്മാരും അസുരന്മാരും ചേർന്ന് പാൽക്കടൽ കടഞ്ഞപ്പോൾ അമൃത് പൊങ്ങിവരികയും അതിനുവേണ്ടി അവർ തമ്മിൽ പോരാടുകയും ചെയ്തു.

ദിതി കശ്യപനെ ആരാധിച്ച് സന്തോഷിപ്പിക്കുകയും വരദാനം നേടുകയും ചെയ്തു. അളവറ്റ പരാക്രമത്തോടുകൂടിയവനും ഇന്ദ്രനെ കൊല്ലുവാൻ കെല്പുള്ളവനുമായ ഒരു പുത്രനുണ്ടാകണമെന്ന വരമാണ് ദിതി നേടിയത്. ദേഹശുദ്ധിയോടും ചിത്തശുദ്ധിയോടുംകൂടി ശ്രദ്ധാപൂർവം ഭഗവാനെ ധ്യാനിച്ചുകൊണ്ട് നൂറുവർഷം ഗർഭം ധരിച്ചുകൊണ്ടിരിക്കാമെങ്കിൽ നിന്റെ പുത്രൻ ഇന്ദ്രനെ കൊല്ലുവാൻ ശക്തനായിത്തീരും എന്നു പറഞ്ഞുകൊണ്ട് കശ്യപൻ ദേവിയോടുകൂടി സംഗമിക്കുകയും ദിതി അത്യന്തം പരിശുദ്ധയായിരുന്നുകൊണ്ട് ഗർഭം ധരിക്കുകയും ചെയ്തു. ഗർഭധാരണം തന്നെ വധിക്കുവാനുള്ളതാണെന്നറിഞ്ഞ് ഇന്ദ്രൻ ദിതിയെ ശുശ്രൂഷിക്കുന്നതിനായി എന്ന ഭാവത്തിൽ വളരെ താഴ്മയോടുകൂടി അടുത്തുകൂടി. ദിതിക്ക് വല്ല അശുദ്ധിയും നേരിടുന്നുണ്ടോ എന്ന് ഇന്ദ്രൻ തക്കംനോക്കിയിരുന്നു. അങ്ങനെ നൂറുകൊല്ലം കഴിയുന്നതിനുമുമ്പായി അദ്ദേഹം ഒരവസരം കണ്ടെത്തി. ഒരിക്കൽ ദിതി കാലുകഴുകാതെ കിടക്കയിൽ ചെന്നുകിടന്നു. ഉടനെതന്നെ ഉറങ്ങിപ്പോവുകയും ചെയ്തു. ഇന്ദ്രൻ വജ്രായുധം കൈയിലെടുത്ത് ദിതിയുടെ ഉദരത്തിൽ പ്രവേശിക്കുകയും ആ മഹാഗർഭത്തെ ഏഴായി നുറുക്കുകയും ചെയ്തു. അങ്ങനെ വേദനിപ്പിക്കുന്ന സമയത്ത് ഗർഭത്തിൽ കിടന്ന ശിശു അതികഠിനമായി നിലവിളിച്ചു. ഇന്ദ്രൻ അതിനോട് 'മാ രുദ' (കരയരുത്) എന്നു പറഞ്ഞു. ആ ഗർഭം അങ്ങനെ ഏഴായിത്തീർന്നശേഷം ഇന്ദ്രൻ പിന്നെയും കോപത്തോടുകൂടി തന്റെ വജ്രായുധംകൊണ്ട് അവയിൽ ഓരോന്നിനെയും ഏഴായി കുത്തിമുറിച്ചു. അവ ഏറ്റവും വേഗതയുള്ള മരുത്തുക്കൾ എന്ന ദേവന്മാരായിത്തീർന്നു. ഇന്ദ്രൻ അവരോട് മാ രുദ എന്നു പറഞ്ഞതുകൊണ്ടാണ് അവർക്ക് 'മരുത്തുക്കൾ' എന്നു പേരുണ്ടായത്. ഈ നാൽപ്പത്തൊൻപതു മരുത്തുക്കളും അനന്തരകാലങ്ങളിൽ ഇന്ദ്രന്റെ സഹായികളായ ദേവന്മാരായിത്തീർന്നു.

ദിതിയുടെ പുത്രന്മാരായ അസുരന്മാരിൽ (ദൈത്യൻമാർ) പ്രധാനികൾ ഹിരണ്യകശിപുവും ഹിരണ്യാക്ഷനുമായിരുന്നു. ദുർജയന്മാരായ അവർക്ക് സിംഹിക എന്നൊരു സഹോദരിയും ഉണ്ടായി. ഹിരണ്യകശിപുവിന് ഓജസ്സുകൊണ്ടും പ്രതാപംകൊണ്ടും പ്രസിദ്ധരായ അനുഹ്ളാദൻ, ഹ്ളാദൻ, പ്രഹ്ളാദൻ, സംഹ്ളാദൻ എന്നീ നാല് പുത്രന്മാർ ഉണ്ടായി. ശൂരപത്മാവ്, സിംഹവക്ത്രൻ, താരകാസുരൻ, ഗോമുഖൻ, അജാമുഖി എന്നിവരും ദിതിയുടെ പുത്രന്മാരായിരുന്നു. അവരിൽ ശൂപത്മാവിനു മയസുതയിൽ ദാനുകോപൻ, അഗ്നിമുഖൻ, വജ്രബാഹു, ഹിരണ്യൻ എന്നീ നാല് പുത്രന്മാരുണ്ടായി. സിംഹവക്ത്രന് വിഭൂതി എന്ന ഭാര്യയിൽ മഹാശൂരൻ എന്നു പേരോടുകൂടിയ ഒരു അസുരനുണ്ടായി. ഹിരണ്യാക്ഷന് ജനിച്ചവരാണ് ശംബരൻ, ശകുനി, ദ്വിമൂർധാവ്, ശങ്കു, അശ്വൻ എന്നീ അസുരന്മാർ. സിംഹിക എന്ന പുത്രിയെ വിപ്രചിത്തി വിവാഹം കഴിക്കുകയും അവരിൽനിന്ന് രാഹുകേതുക്കൾ ഉണ്ടാവുകയും ചെയ്തു. ഹിരണ്യകശിപുവിന്റെ പുത്രനായ സംഹ്ളാദനിൽനിന്ന് ആയുഷ്മാൻ, ശിബി, ബാഷ്കലൻ എന്നീ മൂന്ന് പുത്രന്മാർ ജനിച്ചു.

ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ളാദൻ അസുരന്മാരുടെ സ്വഭാവത്തിൽനിന്നു തികച്ചും വ്യത്യസ്തനായിരുന്നു.തികഞ്ഞ വിഷ്ണുഭക്തനായിരുന്നു ഇദ്ദേഹം. പ്രഹ്ളാദനിൽനിന്നു വിരോചനനും വിരോചനനിൽനിന്നു മഹാബലിയും മഹാബലിയിൽനിന്നു ബാണനും ബാണനിൽനിന്നു നാലുകോടി നിവാതകവചന്മാരും ഉണ്ടായി. ഇവരെല്ലാം ദിതിയുടെ വംശത്തിലെ പ്രമുഖ സന്താനങ്ങളാണ്. ഇവരെക്കൂടാതെ കോടാനുകോടി അസുരന്മാർ ദിതിയുടെ വംശത്തിൽ ജനിച്ചിട്ടുണ്ടെന്ന് വിഷ്ണുപുരാണത്തിൽ പറയുന്നു.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദിതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദിതി&oldid=3661209" എന്ന താളിൽനിന്ന് ശേഖരിച്ചത്