Jump to content

അശ്വത്ഥാമാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Ashwatthama uses Narayanastra.jpg
നാരായണാസ്ത്രം പ്രയോഗിക്കുന്ന അശ്വത്ഥാമവ്, കലാകാരന്റെ ദൃഷ്ടിയിൽ

ദ്രോണാചാര്യർക്ക് കൃപിയിലുണ്ടായ പുത്രനാണ് അശ്വത്ഥാമാവ്. അശ്വത്തെ പോലെ ബലമുള്ളവൻ എന്നാണ് അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് ചേർന്ന അശ്വത്ഥാമാവ് ദ്രൗപദീ പുത്രന്മാരെയടക്കം പാ‍ണ്ഡവപക്ഷത്തെ പല പ്രമുഖരെയും വധിച്ചു. സപ്തചിരഞ്ജീവികളിലൊരാളായി അശ്വത്ഥാമാവ് ഗണിക്കപ്പെടുന്നു.

കുട്ടിക്കാലം

[തിരുത്തുക]

അശ്വത്ഥാമാവിന്റെ പിതാവായ ദ്രോണർ ദരിദ്രനായിരുന്നു. ദ്രോണർക്ക് തന്റെ കുഞ്ഞായിരുന്ന അശ്വത്ഥാമാവിനു പാല് വാങ്ങികൊടുക്കുവാൻ പോലും സാധിച്ചിരുന്നില്ല. ഒരിക്കൽ അശ്വത്ഥാമാവിന്റെ കളിക്കൂട്ടുകാർ പാലെന്ന വ്യാജേന കുറെ അരിമാവ് കലക്കി അദ്ദേഹത്തിന് കുടിക്കുവാൻ കൊടുത്തു. അശ്വത്ഥാമാവ് പാലെന്നു കരുതി അത് വാങ്ങിക്കുടിച്ചിട്ട് താൻ ശക്തനായെന്ന ഭാവത്തിൽ ഓടിക്കളിക്കുവാൻ തുടങ്ങി. അപ്പോൾ സുഹൃത്തുക്കൾ , അത് പാലല്ലായിരുന്നെന്നും അരിമാവാണെന്നും നിന്റെ പിതാവായ ദ്രോണർ ദരിദ്രനാകയാൽ പാല് വാങ്ങിത്തരുവാൻ സാധിക്കില്ലെന്നും പറഞ്ഞു കളിയാക്കി. അശ്വത്ഥാമാവ് കരഞ്ഞുകൊണ്ട് ഈ വിവരം പിതാവിനെ അറിയിച്ചു. ഈ കാരണത്താൽ അദ്ദേഹം തന്റെ പൂർവ്വ സുഹൃത്തായ ദ്രുപദമഹാരാജാവിനെ കാണാൻ തീരുമാനിച്ചു.

അശ്വത്ഥാമാവിനെയും മാതാവായ കൃപിയേയും കൊണ്ട് പിതാവായ ദ്രോണാചാര്യൻ തന്റെ ബാല്യകാല സുഹൃത്തായ ദ്രുപദ രാജാവിനോട് സഹായമഭ്യർത്ഥിക്കാൻ പോയെങ്കിലും ദ്രോണരെ അയാൾ അപമാനിച്ചു വിടുകയാണുണ്ടായത്. കടുത്ത അമർഷത്തോടെ ദ്രോണർ ഹസ്തിനപുരിയിലേക്കു പോവുകയും അവിടെ കുറച്ചുകാലം വസിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഭീഷ്മരെയും കൗരവ പാണ്ഡവാദികളെയും പരിചയപ്പെടുകയും അവരുടെ ഗുരുസ്ഥാനമലങ്കരിക്കുകയും ചെയ്തു. അന്നുമുതൽ അശ്വത്ഥാമാവിന്റെ വാസം രാജകുമാരന്മാരോടൊത്തു കൊട്ടാരത്തിലായി.

വിദ്യാഭ്യാസം

[തിരുത്തുക]

അശ്വത്ഥാമാവ് അതിബുദ്ധിമാനായിരുന്നു. അശ്വത്ഥാമാവിനും അർജ്ജുനനും ദ്രോണാചാര്യർ മറ്റു ശിഷ്യന്മാർക്കറിയാത്തതായ പലവിധ നിഗൂഢവിദ്യകളും ഉപദേശിച്ചു കൊടുത്തിരുന്നു. എങ്കിലും നിഗൂഢവിദ്യകളിൽ കേമനായ അശ്വത്ഥാമാവിനെയാണ് മഹാഭാരതകാവ്യത്തിൽ വ്യാസൻ എടുത്തു കാട്ടുന്നത്. വെറും ഒരു പുൽക്കൊടിയിൽ നിന്നു പോലും 'ബ്രഹ്മശിരസ്സ്' പോലുള്ള ദിവ്യാസ്ത്രങ്ങളെ പ്രകടമാക്കുവാൻ അശ്വത്ഥാമാവിന് സാധിച്ചിരുന്നു. [1]

ഭാരതയുദ്ധം

[തിരുത്തുക]

മഹാഭാരതയുദ്ധത്തിൽ പാണ്ഡവർക്ക് ഏറ്റവും കൊടിയ നാശനഷ്ടമുണ്ടാക്കിയതിലൊരാൾ അശ്വത്ഥാമാവാണ്. ഇദ്ദേഹം ദുര്യോധനന് വേണ്ടി കൗരവപക്ഷത്തു നിന്ന് പാണ്ഡവരോട് യുദ്ധം ചെയ്തു. യുദ്ധത്തിലെ പതിനെട്ടാം നാളിലെ രാത്രിയിൽ അശ്വത്ഥാമാവായിരുന്നു കൗരവ സർവ്വസൈന്യാധിപൻ. പാണ്ഡവ ശിബിരത്തിൽ കടന്നുകയറി പാണ്ഡവരുടെ അവശേഷിച്ച സൈന്യങ്ങളെയും പാണ്ഡവർക്ക് ദ്രൗപദിയിൽ ജനിച്ച സന്താനങ്ങളെയും സേനാനായകനായ ധൃഷ്ടദ്യുമ്നനെയും ശിഖണ്ഡിയേയും കൊന്നൊടുക്കി. തുടർന്ന് പാണ്ഡവർക്ക് ഇനി മക്കളാരും ജീവിച്ചിരിപ്പില്ലെന്നും അനന്തരാവകാശികളായി ആരുമില്ലെന്നും ഉറപ്പു വരുത്തിയിട്ടാണ് അദ്ദേഹം ശിബിരം വിട്ടത്. മരണാസന്നനായി കിടന്ന ദുര്യോധനനെ ഈ വിവരം അദ്ദേഹം അറിയിക്കുകയും ചെയ്തു.

അന്തിമയുദ്ധം

[തിരുത്തുക]

18 ദിവസം നീണ്ടുനിന്ന മഹാഭാരതയുദ്ധത്തിന്റെ അവസാന ദിവസം ഭീമസേനന്റെ മാരകപ്രഹരമേറ്റ് ദുര്യോധനൻ വീണതോടെ പാണ്ഡവർ വിജയികളായതായി പ്രഖ്യാപിക്കപ്പെട്ടു . പാണ്ഡവരുടെ ഭാഗത്തു പഞ്ച പാണ്ഡവരും ,കൃഷ്ണനും, സാത്യകിയും, ദ്രൗപദിയുടെ അഞ്ചു പുത്രന്മാരും , ശിഖണ്ഡിയും , 2000 തേരുകളും , 700 ആനകളും , 5000 കുതിരകളും , 100000 കാലാള്പ്പടയും ശേഷിച്ചിട്ടുണ്ട് . പാണ്ഡവരുടെ അടുത്ത രാജ്യാവകാശികളായ ദ്രൗപദിയുടെ 5 ഓമനപുത്രന്മാരാണ് പാണ്ഡവരുടെ അടുത്ത പ്രതീക്ഷ . അവരാകട്ടെ ഈ മഹാസംഹാരത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നു . പാണ്ഡവർക്ക് ആശ്വാസമായി . യുദ്ധശേഷം ജയം നേടിയ പാണ്ഡവർ ദുര്യോധനാദികളുടെ കൊട്ടാരങ്ങളിൽ കയറി വിജയം പ്രഖ്യാപിച്ചു . അവരെല്ലാം ദുര്യോധന - ദുശ്ശാർസനാദികളുടെ കൈനിലകളിൽ കയറി രത്നങ്ങളും , സ്വർണ്ണങ്ങളും , മുത്തുകൾ , ഭൂഷണങ്ങൾ , വസ്ത്രങ്ങൾ എന്നിവ കൈയ്യിലാക്കി സന്തോഷാരവം മുഴക്കി . തുടർന്ന് അവരെല്ലാം വിദഗ്ദ്ധ വൈദ്യന്മാരുടെ സഹായത്തോടെ ശരീരമാസകലം തൈല ലേപനാദികൾ പുരട്ടി കുളിച്ചു ശുദ്ധരായി സന്ധ്യാവന്ദനാദികൾ കഴിച്ചു അത്താഴവും കഴിച്ചു ഉറക്കത്തിനുള്ള വട്ടം കൂട്ടി; ശിബിരത്തിൽ പ്രവേശിക്കാനൊരുങ്ങവേ കൃഷ്ണൻ അവിടെയെത്തിച്ചേർന്നു . അന്ന് രാത്രി പാണ്ഡവരും സാത്യകിയും ശിബിരം വിട്ടു പാർക്കണമെന്നു ഭഗവാൻ കൃഷ്ണൻ അവരോടാവശ്യപ്പെട്ടു . അതിനാൽ പഞ്ചപാണ്ഡവരും സാത്യകിയും കൃഷ്ണനും അന്നുരാത്രി ഓഘവതീ നദിയുടെ തീരത്ത് വസിച്ചു . പാണ്ഡവർക്ക് ദ്രൗപദിയിൽ പിറന്ന അഞ്ചു കുമാരന്മാരും ശിഖണ്ഡിയും സേനാനായകനായ ധൃഷ്ടദ്യുമ്നനും അവശേഷിച്ച സൈനികരും ശിബിരത്തിലും വസിച്ചു . അന്ന് രാത്രിയിൽ സംഭവിക്കുവാൻ പോകുന്ന ദുരന്തം പാണ്ഡവരെയും സാത്യകിയെയും സ്പർശിക്കാതിരിക്കുവാനാണ് ഭഗവാൻ കൃഷ്ണൻ ഇപ്രകാരം പ്രവർത്തിച്ചത് .രുദ്രാംശമായ ദ്രോണപുത്രന്റെ സ്വഭാവം ഭഗവാൻ കൃഷ്ണന് നന്നായറിയാമായിരുന്നു . കാലന്റെ കോപമാണ് അശ്വത്ഥാമാവിന് . കോപിച്ചാൽ രുദ്രനെപ്പോലെ സർവ്വതും സംഹരിച്ചു കളയും . അയാളുടെ ആയുധത്തിൽ എപ്പോഴും അന്തകൻ വസിക്കുന്നു . ഒരു വെള്ളിയാഴ്ചയാണ് യുദ്ധം തീർന്നത് . സംഹാരം ഇനിയും തീർന്നിട്ടില്ല .

യുദ്ധശേഷം ദുര്യോധനനെ ദർശിച്ച അശ്വത്ഥാമാവ് കോപത്തോടെ ഇങ്ങനെ പറഞ്ഞു . " അല്ലയോ മിത്രമേ, എന്റെ പിതാവ് മരിച്ചപ്പോൾ പോലും ഇത്രയധികം ദുഃഖം എനിക്കുണ്ടായിട്ടില്ല . അങ്ങയുടെ ഈ സ്ഥിതി കാണുമ്പോൾ എനിക്ക് പാണ്ഡവരോടും കൃഷ്ണനോടും പുച്ഛം തോന്നുന്നു . എനിക്ക് ആജ്ഞ തരിക . ശത്രുക്കളെ ഞാൻ കൊല്ലുന്നുണ്ട് ". ദുര്യോധനൻ ഉടനെ തന്നെ ഒരുകുടം ജലം കൊണ്ടുവരാൻ കൃതവർമ്മാവിനോട് ആവശ്യപ്പെട്ടു . കൃപരെ പുരോഹിതനാക്കി ആ ജലത്തെ അശ്വത്ഥാമാവിന്റെ ശിരസ്സിൽ അഭിഷേകം നടത്തി , അദ്ദേഹത്തെ ആ മൂവർ സംഘത്തിന്റെ സൈന്യാധിപനായി അഭിഷേകം ചെയ്തു . കൊലവിളിയോടെ അശ്വത്ഥാമാവ് അവിടെ നിന്നും പോയി .

ശത്രുസംഹാരത്തിനായി അശ്വത്ഥാമാവ് സ്വയം ഒരുപായം കണ്ടുപിടിച്ചു . രാത്രിയിൽ പതിങ്ങിയിരുന്നാക്രമിച്ചു പാണ്ഡവരെ വകവരുത്തുക . ധർമ്മത്തെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ല . കാരണം പാണ്ഡവർ അത്ര ധർമ്മിഷ്ഠരൊന്നുമല്ല . അധർമ്മം ചെയ്തു തന്നെയാണ് അവർ യുദ്ധം ജയിച്ചത് . അതിനാൽ അവരെ ഇങ്ങനെ ദ്രോഹിക്കുന്നതിൽ തെറ്റില്ല . ഇതും ചിന്തിച്ചു രണ്ടും കൽപ്പിച്ചു കൃപരുടെയും കൃതവർമ്മാവിന്റെയും താക്കീതിനെ വകവയ്ക്കാതെ അശ്വത്ഥാമാവ് പാണ്ഡവരുടെ ശിബിരത്തിൽ പ്രവേശിച്ചു . ആ സമയം ശിബിരത്തിന്റെ വാതിൽക്കലെത്തി അശ്വത്ഥാമാവ് കൃപ - കൃതവർമ്മാക്കളോടു യമനെപ്പോലെ നിൽക്കുമ്പോൾ ഒരു മഹാഭൂതം ശിബിരത്തിനു കാവൽ നിൽക്കുന്നതായി കാണപ്പെട്ടു . കാലസ്വരൂപനായ ആ ഭൂതം പുലിത്തോൽ ഉടുത്തവനും സർപ്പമാകുന്ന പൂണുനൂൽ ധരിച്ചവനും ദംഷ്ട്രകൾ നീണ്ട ഭയാനകമായ മുഖത്തോടു കൂടിയവനുമായിരുന്നു . അതിന്റെ ശരീരത്തിൽ നിന്നും അസംഖ്യം ശ്രീകൃഷ്ണന്മാർ പുറപ്പെട്ടു കൊണ്ടിരുന്നു . ഇത്തരത്തിൽ അന്തരീക്ഷം മുഴുവനും ശ്രീകൃഷ്ണന്മാരാൽ നിറയപ്പെട്ടു കണ്ടപ്പോൾ ദ്രൗണി ഉടനെ തന്നെ ആപത്തൊഴിയുവാൻ ശിവപൂജയാരംഭിച്ചു . തന്നെത്തന്നെ ഹോമവസ്തുവാക്കി പാണ്ഡവരോടുള്ള കടുംകോപത്തോടെ ദ്രൗണി പഞ്ചാക്ഷരവും ശ്രീരുദ്രവും ജപിച്ചു ശിവനെ പൂജിച്ചു . ശിവന് പ്രസന്നനാകാതിരിക്കുവാൻ കഴിഞ്ഞില്ല . ശിവൻ അവ്യക്തതയിൽ നിന്നും അശ്വത്ഥാമാവിന് പ്രത്യക്ഷനായി ഭൂതഗണങ്ങളോടൊത്തു വന്നു നിന്ന് അശ്വത്ഥാമാവിനോട് പറഞ്ഞു . " അല്ലയോ അശ്വത്ഥാമാവേ , എന്നെ ആരാധിച്ചവരിൽ ഏറ്റവും ശ്രേഷ്ഠനാണ് കൃഷ്ണൻ . ആ ഭക്തന്റെ സന്തോഷത്തിനായി ഞാൻ പാണ്ഡവരെയും പാഞ്ചാലരെയും രക്ഷിച്ചു കൊണ്ടിരുന്നു . അതിനാലാണ് നിങ്ങൾക്ക് അവരെ കൊല്ലുവാൻ സാധിക്കാതിരുന്നത് . എന്നാൽ ഇന്ന് പാഞ്ചാലരുടെ കാലം അവസാനിച്ചിരിക്കുന്നു . നിന്നിലൂടെ ഞാനതു നിർവഹിക്കുവാൻ പോവുകയാണ് . നിന്റെ ആഗ്രഹം നടക്കട്ടെ . " ഇത്രയും പറഞ്ഞിട്ട് ശിവൻ ഒരു വാള് അശ്വത്ഥാമാവിന് നൽകിയിട്ടു മറഞ്ഞു . ആ വാളുമെടുത്തു തേജസ്വിയായ അശ്വത്ഥാമാവ് ശിബിരത്തിൽ പ്രവേശിച്ചിട്ടു കൃപരോടും കൃതവർമ്മാവിനോടും ഇങ്ങനെ പറഞ്ഞു . " ഞാൻ ഈ ശിബിരത്തിൽ കയറി കാലനെപ്പോലെ ചുറ്റും . ഒന്നിനെയും വെറുതെ വിടരുത് . ഓടി രക്ഷപ്പെടുവാൻ ശ്രമിക്കുന്നവരെ നിങ്ങൾ ഇവിടെ നിന്ന് വധിക്കണം ". തുടർന്ന് ശിബിരത്തിലെത്തിയ അശ്വത്ഥാമാവ് തന്റെ അന്തർജ്ഞാനം കൊണ്ട് തന്റെ പിതാവിന്റെ ഘാതകനായ ധൃഷ്ടദ്യുമ്നന്റെ മുറിക്കുള്ളിൽ പ്രവേശിച്ചു . സുഖകരമായ പട്ടു മെത്തയിൽ അല്ലല് വിട്ടുറങ്ങുന്ന ധൃഷ്ടദ്യുമ്നനെ പുറംകാലുകൊണ്ടു തട്ടിയുണർത്തി , മുടിക്ക് ചുറ്റിപ്പിടിച്ചു തറയിലിട്ടു ചവുട്ടി . ഉറക്കത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ തികച്ചും പതറിപ്പോയ ധൃഷ്ടദ്യുമ്നൻ മാന്തിയൊഴിയാൻ ശ്രമിച്ചു . എന്നാൽ അശ്വത്ഥാമാവ് അവനെ കൈക്കുള്ളിലാക്കി കഴിഞ്ഞിരുന്നു . ഇരുമ്പു പോലെ ദൃഢവും , തണുത്തതുമായ അശ്വത്ഥാമാവിന്റെ കൈകളിൽ കിടന്നു പിടയുമ്പോൾ ധൃഷ്ടദ്യുമ്നൻ ഇങ്ങനെ വിളിച്ചു പറഞ്ഞു . " അല്ലയോ അശ്വത്ഥാമാവേ . അങ്ങെന്നെ ആയുധം കൊണ്ട് കൊല്ലുക . നിന്റെ കൈകളാൽ ഞാൻ പുണ്യലോകങ്ങളിൽ പോകട്ടെ . " ഇതുകേട്ട് ചിരിച്ചുകൊണ്ട് അശ്വത്ഥാമാവ് ഇങ്ങനെ പറഞ്ഞു . " ഗുരുഘാതികൾക്ക് കുലപാംസന ലോകങ്ങളിലില്ല . അതിനാൽ നിന്നെ അസ്ത്രം കൊണ്ട് കൊന്നു കൂടാ . നിന്നെ ഞാനിങ്ങനെ ചവുട്ടി ചവുട്ടി കൊല്ലും . " ഇതും പറഞ്ഞു അശ്വത്ഥാമാവ് ഏറ്റവും മൃഗീയമായി ധൃഷ്ടദ്യുമ്നനെ വധിച്ചു . ഇത്രയുമായപ്പോൾ സൈന്യങ്ങളെല്ലാം ഉണർന്നു കഴിഞ്ഞിരുന്നു . അവരെല്ലാം കിട്ടിയ ആയുധങ്ങളുമെടുത്തു ദ്രൗണിയെ നേരിട്ടു . അവരെയെല്ലാം അശ്വത്ഥാമാവ് രുദ്രദത്തമായ വാളുകൊണ്ട് വധിച്ചു . തുടർന്ന് ദ്രൗപദീ പുത്രന്മാരുടെ ഊഴമായി . മഹാപരാക്രമികളായ അവർ അഞ്ചുപേരും ശിഖണ്ഡിയും കൂടി അശ്വത്ഥാമാവിനെ നേരിട്ടു . എന്നാൽ അതുകൊണ്ടൊന്നും അശ്വത്ഥാമാവ് കുലുങ്ങിയില്ല .തുടർന്ന് യുധാമന്യുവിനെ കൊന്നിട്ട് , അശ്വത്ഥാമാവ് പാണ്ഡവരുടെ അഞ്ചു മക്കളെയും , രുദ്രദത്തമായ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തി . അതോടെ പാണ്ഡവർക്ക് മക്കളില്ലാതായി . പിന്നീടെത്തിയ ശിഖണ്ഡി അശ്വത്ഥാമാവിന്റെ നെറ്റിത്തടത്തിൽ എയ്തു മുറിപ്പെടുത്തി . ചീറിക്കൊണ്ട് അശ്വത്ഥാമാവ് ശിഖണ്ഡയുടെ അടുത്തെത്തി അയാളെ വെട്ടി മൂന്നു തുണ്ടമാക്കിയിട്ടു . ഇത്തരത്തിൽ ശിഖണ്ഡിയെ കൊന്നതിനു ശേഷം വിരാടന്റെ ബാക്കിയുള്ള സേനകളെയും കൊന്നൊടുക്കി . ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ കൃപരും കൃതവർമാവും കൊന്നു തള്ളി . അതിനുശേഷം അവർ കൂടാരത്തിനു തീ കൊളുത്തുകയും , അതിന്റെ വെളിച്ചത്തിൽ അശ്വത്ഥാമാവ് കൂടുതൽ പേരെ മിന്നൽപ്പിണരിന്റെ വേഗത്തിൽ വാളുവീശിയും , രുദ്രാസ്ത്രം പ്രയോഗിച്ചും കൊന്നു തള്ളി . അത്തരത്തിൽ ധൃഷ്ടദ്യുമ്നന്റെ സൂതനൊഴിച്ചു ബാക്കിയെല്ലാപേരും കൊല്ലപ്പെട്ടു . ശിബിരം നിശ്ശബ്ദമായി . വിജയികളായ ഭാവത്തിൽ കൊലവിളിയോടെ അശ്വത്ഥാമാവടങ്ങിയ ആ മൂവർ സംഘം ദുര്യോധനനെ കാണുവാനായി യുദ്ധഭൂമിയിലെത്തി . ദുര്യോധനൻ മരണം കാത്തുകിടക്കുമ്പോൾ അശ്വത്ഥാമാവും കൂട്ടരും അവിടെയെത്തി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു . " അല്ലയോ കുരുരാജൻ , ഭീമൻ തുടയ്കടിച്ച് അങ്ങയെ വീഴ്ത്തിയതും , അങ്ങയുടെ ശിരസ്സിൽ കാലു വച്ചതും യുധിഷ്ഠിരൻ പൊറുത്തുവല്ലോ ? . ബാലരാമശിഷ്യനായ അങ്ങയെ ഇപ്രകാരം ചതിയിൽ വീഴ്ത്തിയ ഭീമന്റെയും പാണ്ഡവരുടെയും ദുഷ്കീർത്തി എക്കാലവും നിലനിൽക്കും . അങ്ങയെക്കുറിച്ചു ബലരാമ ഭഗവാന് വലിയ മതിപ്പായിരുന്നു . അജയ്യൻ , അധൃഷ്യൻ തുടങ്ങിയ വാക്കുകളാൽ അദ്ദേഹം അങ്ങയെ പുകഴ്ത്തിയിട്ടുണ്ട് . സ്വയം ധർമ്മിഷ്ഠരെന്നു അഭിമാനിക്കുന്ന കൃഷ്ണനെയും അർജ്ജുനനെയും ഭീമനെയും ഞാൻ വെറുക്കുന്നു . നിന്നെ എങ്ങനെയാണ് വധിച്ചതെന്ന ചോദ്യത്തിന് അവർ എന്ത് മറുപടി പറയും . നീ വളരെയേറെ ദാനങ്ങൾ ചെയ്തു . പ്രജൾക്കു ധാരാളം നന്മ ചെയ്തു . എല്ലാപേരും നിന്നെ പുകഴ്ത്തുന്നു . ഇനി കേൾക്കുവാൻ കൊതിക്കുന്നത് കേട്ടുകൊള്ളുക . പാണ്ഡവരുടെ മക്കളെയെല്ലാം ധൃഷ്ടദ്യുമ്നനോടൊപ്പം ഞാൻ കൊന്നു . ശിഖണ്ഡിയെ പശുവിനെപ്പോലെയാണ് കൊന്നത് . പാണ്ഡവരുടെ സൈന്യങ്ങളെയെല്ലാം നാമാവശേഷമാക്കി . ഇപ്പോൾ നമ്മുടെ ഭാഗത്തു ഞാനും കൃപരും കൃതവർമ്മാവും മാത്രം അവശേഷിക്കുന്നു . പാണ്ഡവരുടെ ഭാഗത്തു , പഞ്ചപാണ്ഡവരും കൃഷ്ണനും സാത്യകിയും ശേഷിക്കുന്നു . ബന്ധുനാശമാണെങ്കിൽ നമുക്കേവർക്കും തുല്യവുമാണ് . പാണ്ഡവരുടെ മക്കളെയെല്ലാം കൊന്നതിനാൽ , അവരുടെ രാജ്യത്തിനു ഇനി അനന്തരാവകാശികളില്ല . ഇതുകേട്ട് പുഞ്ചിരിച്ചുകൊണ്ട് ദുര്യോധനൻ ഇങ്ങനെ പറഞ്ഞു . " അല്ലയോ അശ്വത്ഥാമാവേ , നിന്റെ പിതാവോ ഭീഷ്മരോ കർണ്ണനോ ചെയ്തു തരാത്ത ഉപകാരമാണ് നീ എനിക്ക് ചെയ്തു തന്നത് . ആ ചെറ്റ ശിഖണ്ഡിയെ കൊന്നതിനാൽ ഞാനിന്നു ഇന്ദ്രതുല്യനായി . പടനായകനായ ധൃഷ്ടദ്യുമ്നനെയും , പാണ്ഡവരുടെ മക്കളെയും സൈന്യങ്ങോളോടൊപ്പം കൊന്നല്ലോ . എനിക്ക് സന്തോഷമായി . ഇനി നമുക്ക് സ്വർഗ്ഗത്തിൽ വച്ച് കാണാം . നിങ്ങള്ക്ക് സ്വസ്തി ". ഇത്രയും പറഞ്ഞതോടെ ദുര്യോധനന്റെ തല ഒരു വശത്തേക്ക് ചെരിഞ്ഞു . ലോകത്തോട് അദ്ദേഹം വിടപറഞ്ഞു . ആ ആത്മസുഹൃത്തുക്കൾ ഇതുകണ്ട് പൊട്ടിക്കരഞ്ഞു .

പാണ്ഡവരുടെ പ്രതികാരം

[തിരുത്തുക]

ഈ കൂട്ടക്കൊലയിൽ രക്ഷ നേടിയ ധൃഷ്ടദ്യുമ്നന്റെ സാരഥി , പിറ്റേന്ന് പുലർച്ചെ ഈ വിവരങ്ങൾ പാണ്ഡവരെ അറിയിച്ചു . ഇതുകേട്ട് പാണ്ഡവർ ഞെട്ടിപ്പോയി . ഒരു രാത്രികൊണ്ടാണ് അവർ പാടുപെട്ടു നേടിയെടുത്ത വിജയം പരാജയമായതു . അവർക്കതു വിശ്വസിക്കാനായില്ല . മക്കളെല്ലാം മരിച്ചെന്നറിഞ്ഞു ദ്രൗപദി ദുഃഖം സഹിക്കവയ്യാതെ ബോധരഹിതയായി വീണു . ഇതുകണ്ട് ഭീമന് സഹിക്കാനായില്ല . ദുഖിതയായ ദ്രൗപദിയെ ആശ്വസിപ്പിക്കാനായും അശ്വത്ഥാമാവിനെ ശിക്ഷിക്കാനുമായും ഭീമസേനൻ നകുലനെ തേരാളിയാക്കി അശ്വത്ഥാമാവിനെ തേടി പുറപ്പെട്ടു . ആ പോക്ക് അപകടം നിറഞ്ഞതാണെന്ന് മനസ്സിലാക്കിയ കൃഷ്ണൻ , അര്ജുനനെയും കൂട്ടി ഭീമന് പിന്നാലെ പുറപ്പെട്ടു . തുടർന്ന് അശ്വത്ഥാമാവിനെ വ്യാസാശ്രമത്തിനടുത്ത് വച്ച് കണ്ടെത്തി തോല്പ്പിക്കുകയും അയാളുടെ ശിരസ്സിലെ ചൂഡാമണി നേടിയെടുത്തു ദ്രൗപദിക്ക് കൊടുക്കുകയും ചെയ്തു . അതിനിടെ ഭഗവാൻ കൃഷ്ണൻ അശ്വത്ഥാമാവിനെ ഘോരമായി ശപിക്കുന്നുമുണ്ട് . ഇവയെല്ലാം കഴിഞ്ഞു വ്യാസനോടൊപ്പം അശ്വത്ഥാമാവ് വനവാസത്തിനു പുറപ്പെട്ടു .

അശ്വത്ഥാമാവും കൃഷ്ണനും[തിരുത്തുക]

[തിരുത്തുക]

ഈ ബ്രഹ്മാണ്ഡത്തിൽ ഏറ്റവും മികച്ച ആയുധമേതെന്ന് ഒരിക്കൽ അശ്വത്ഥാമാവ് പിതാവായ ദ്രോണരോട് ചോദിക്കുകയുണ്ടായി.അപ്പോൾ അത് വിഷ്ണുവിന്റെ ചക്രായുധമാണെന്നും ലോകത്തിൽ മറ്റൊന്നും അതിനു എതിരല്ലെന്നും ദ്രോണാചാര്യർ പറഞ്ഞു .പ്രസ്തുത ചക്രം ഇപ്പോൾ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ പക്കലുണ്ടെന്നും ദ്രോണാചാര്യർ പുത്രനോട് വ്യക്തമാക്കുകയുണ്ടായി . അന്നുമുതൽ ശ്രീകൃഷ്ണന്റെ ചക്രായുധം ഏതു വിധേനയും സ്വന്തമാക്കണമെന്ന് അശ്വത്ഥാമാവ് ഉറച്ചു. അങ്ങനെ ഒരു നാൾ അശ്വത്ഥാമാവ് ശ്രീകൃഷ്ണനെ തേടി ദ്വാരകയിലെത്തി. എന്നിട്ട് അദ്ദേഹത്തോട് ചക്രായുധം തനിക്കു നല്കണമെന്നും പകരം തന്റെ പക്കലുള്ള മഹാമാരകമായ ബ്രഹ്മശിരസ്സ്‌ അദ്ദേഹത്തിനു നല്കാമെന്നും അറിയിച്ചു. അശ്വത്ഥാമാവിന്റെ ചാപല്യം മനസ്സിലാക്കിയ കൃഷ്ണൻ, കഴിയുമെങ്കിൽ എടുത്തു കൊള്ളൂ എന്ന് പറഞ്ഞു ചക്രായുധം കാട്ടിക്കൊടുത്തു. അശ്വത്ഥാമാവ് ചക്രായുധം എടുത്തുനോക്കി. എന്നാൽ തെല്ലിട പോലും ചക്രായുധം അനങ്ങിയില്ല. മുഴുവൻ ശക്തിയുമുപയോഗിച്ചു അശ്വത്ഥാമാവ് ശ്രമിച്ചിട്ടും ചക്രായുധം അനങ്ങിയില്ല. മാത്രമല്ല ചക്രായുധത്തിന്റെ ജ്വാലകളേറ്റ് അശ്വത്ഥാമാവ് പരവശനായിത്തീരുകയും ചെയ്തു . ഒടുവിൽ തോൽവി സമ്മതിച്ചു അശ്വത്ഥാമാവ് പിൻ​വാങ്ങി. ചക്രായുധം കൃഷ്ണന് മാത്രം ചേർന്നതാണെന്നും, തനിക്കോ ബ്രഹ്മാവിന് പോലുമോ ഇതുപയോഗിക്കാൻ യോഗ്യതയില്ലെന്നും താൻ പോവുകയാണെന്നും പറഞ്ഞു അശ്വത്ഥാമാവ് തിരികെ പോന്നു. അന്ന് മുതൽ അശ്വത്ഥാമാവിനെ കൃഷ്ണൻ പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇത്തരത്തിൽ ബ്രഹ്മശിരസ്സ് അറിയാവുന്ന അശ്വത്ഥാമാവ് തീര്ച്ചയായും ഭീമനെതിരെ അതുപയോഗിക്കും.അത് കൃഷ്ണനറിയാം.

അശ്വത്ഥാമാവിന്റെ അസ്ത്രപ്രയോഗം[തിരുത്തുക]

[തിരുത്തുക]

വ്യാസാശ്രമത്തിനു സമീപമായി ഭീമൻ അശ്വത്ഥാമാവിനെ കണ്ടെത്തി . ഭീമന് പിന്നാലെ അര്ജുനനും മറ്റുള്ള പാണ്ഡവരുമെത്തിച്ചേർന്നു. ഇത് കണ്ടു ഭയന്നുപോയ അശ്വത്ഥാമാവ് ഭയാനകമായ ബ്രഹ്മശിരസ്സിനെ ഒരു ഐഷീകപ്പുല്ലിൽ[ദർഭപ്പുല്ല്] ആവാഹിച്ചു "അപാണ്ഡവായ" എന്നുച്ചരിച്ചു പാണ്ഡവർക്ക് നേരെ തൊടുത്തു വിട്ടു . അപ്പോൾ ലോകത്തെ മുഴുവനും കത്തിക്കുവാൻ പോന്ന അഗ്നി ആകാശത്തു പ്രകടമായി . ആ സമയം ശ്രീകൃഷ്ണന്റെ നിര്ദ്ദേശപ്രകാരം അതേ അസ്ത്രം തന്നെ അര്ജുനൻ അശ്വത്ഥാമാവിന്റെ അസ്ത്രത്തിനെതിരായി തൊടുത്തു വിട്ടു . "അസ്ത്രം അസ്ത്രം കൊണ്ട് അടങ്ങട്ടെ . ആചാര്യപുത്രനും തങ്ങള്ക്കും സ്വസ്തി " എന്നുച്ചരിച്ചാണ് അര്ജുനൻ അസ്ത്രം പ്രയോഗിച്ചത് . ആ അസ്ത്രവും അശ്വത്ഥാമാവിന്റെ അസ്ത്രം പോലെ കത്തി ജ്വലിക്കാൻ തുടങ്ങി . അപ്പോൾ പ്രകൃതിയിൽ അനേകം ദുർനിമിത്തങ്ങൾ കാണപ്പെട്ടു . നക്ഷത്രങ്ങൾ പോലും കുലുങ്ങി .

മുനിമാർ ഇടപെടുന്നു[തിരുത്തുക]

[തിരുത്തുക]

രണ്ടു മഹാസ്ത്രങ്ങൾ കൂടിമുട്ടാൻ തയ്യാറെടുക്കുംപോൾ, വസിഷ്ഠൻ ,വിശ്വാമിത്രൻ ,വ്യാസൻ തുടങ്ങിയ മുനിമാര് രണ്ടു അസ്ത്രങ്ങൽക്കും മധ്യേ വന്നു നിന്നു. തേജോഗോളങ്ങളായി നില്ക്കുന്ന ആ ഋഷിമാർ , അസ്ത്രങ്ങളെ തല്ക്കാലം അമര്ത്തുകയും , അശ്വത്ഥാമാവിനോടും അര്ജുനനോടും അവരവരുടെ അസ്ത്രങ്ങളെ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . അതിനു കാരണമുണ്ട് . ഇവർക്ക് മുൻപുള്ള ആരും ഈ മഹാസ്ത്രം മനുഷ്യരിൽ പ്രയോഗിച്ചിട്ടില്ല .അസ്ത്രം അസ്ത്രംകൊണ്ട് അടങ്ങിയാലും ബ്രഹ്മശിരസ്സു വീണ ദേശത്തു 12 കൊല്ലക്കാലം മഴ പെയ്യുകയില്ല . കൂടാതെ ഭൂമിയിലെ ജീവികളെല്ലാം ദുർഭിക്ഷം ബാധിച്ചു ചത്തൊടുങ്ങും . മന്ത്രങ്ങളൊന്നും ഫലിക്കുകയില്ല . അതിനാൽ യജ്ഞങ്ങൾ മുടങ്ങും . അതോടെ ഹവിര്ഭാഗം ഭുജിക്കുന്ന ദേവന്മാർ പട്ടിണിയാകും . ഇത്തരത്തിൽ ലോകം നശിക്കും .

അപ്പോൾ അര്ജുനൻ ഇങ്ങനെ പറഞ്ഞു. അസ്ത്രം ഞാൻ പിൻവലിക്കാം , എന്നാൽ അശ്വത്ഥാമാവിന്റെ അസ്ത്രം ഞങ്ങളെ വധിക്കാതെ നിങ്ങൾ കാക്കുക

നിയതവ്രതനും , മഹാനുമായ അസ്ത്രജ്ഞനു മാത്രമേ ബ്രഹ്മശിരസ്സ്‌ പിൻവലിക്കാൻ സാധിക്കുകയുള്ളൂ . മറ്റുള്ളവർ അതിനു ശ്രമിച്ചാൽ , അത് പ്രയോക്താവിന്റെ തന്നെ മരണത്തിനു കാരണമാകും . അർജുനന് അത് സാധിച്ചു .

എന്നാൽ അസ്ത്രം തിരിച്ചെടുക്കാനാകാതെ അശ്വത്ഥാമാവ് കുഴങ്ങി . തനിക്കു അസ്ത്രം വഴങ്ങുന്നില്ലെന്നും , അതിനാൽ അതിനെ മറ്റാരുടെയെങ്കിലും നേരെ തിരിച്ചുവിട്ടു പാണ്ഡവരെ ഒഴിവാക്കാമെന്നും അശ്വത്ഥാമാവ് ഋഷിമാരോട് പറഞ്ഞു . ഋഷിമാർ അത് സമ്മതിച്ചു .

കൃഷ്ണശാപം[തിരുത്തുക]

[തിരുത്തുക]

ഈ തഞ്ചത്തിൽ അശ്വത്ഥാമാവ് അസ്ത്രത്തെ പാണ്ഡവരിൽ അര്ജുനന്റെ പുത്രനായ അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗർഭത്തിലേക്കു തിരിച്ചു വിട്ടു . പാണ്ഡവരുടെ ഇനിയുള്ള ഏക രാജ്യാവകാശി ഉത്തരയുടെ ഗർഭത്തിൽ വളരുന്ന പരീക്ഷിത്താണ് . അത്തരത്തിൽ പരീക്ഷിത്ത്‌ മരിച്ചാൽ പാണ്ഡവരുടെ വംശം നശിച്ചു അവര്ക്ക് ഉന്മൂല നാശം വരുമെന്ന് കരുതിയാണ് അശ്വത്ഥാമാവ് അങ്ങനെ ചെയ്തത്.

തുടർന്ന് ഭീമൻ അടുത്തെത്തി .അപ്പോൾ വ്യാസൻ ഇടപെട്ടു . അശ്വത്ഥാമാവിനോട് അയാളുടെ ശിരസ്സിലുള്ള ചൂഡാമണി പാണ്ഡവർക്കു നല്കുവാനും , അങ്ങനെ പാണ്ഡവരിൽ നിന്നും രക്ഷപ്പെടുവാനും വ്യാസൻ ഉപദേശിച്ചു .അശ്വത്ഥാമാവ് ഇപ്രകാരം പറഞ്ഞു . " പാണ്ഡവർ നേടിയിട്ടുള്ള രത്നങ്ങളിൽ ഏറ്റവും വിശിഷ്ടമാണ് എന്റെയീ മണി . ഇതണിഞ്ഞാൽ ദേവന്മാരെയോ അസുരന്മാരെയോ അസ്ത്രങ്ങളെയോ രോഗങ്ങളെയോ ഭയപ്പെടേണ്ട കാര്യമില്ല . വിശിഷ്ടമായ ഈ മണി ഞാൻ ഉപേക്ഷിക്കുകയില്ല. മറ്റെന്തു വേണമെങ്കിലും ചോദിച്ചോളൂ ."

എന്നാൽ ഒടുവിൽ മണി പാണ്ഡവര്ക്ക് നല്കുവാനും ജീവൻ രക്ഷിക്കുവാനും അശ്വത്ഥാമാവ് തീരുമാനിച്ചു .ഹൃദയവേദനയോടെ അശ്വത്ഥാമാവ് തന്റെ ശിരസ്സിലുള്ള ചൂഡാമണി കുത്തിത്തുരന്നെടുത്തു ഭീമന് നല്കി .

അശ്വത്ഥാമാവിന്റെ പ്രവൃത്തി കൃഷ്ണനെ വല്ലാതെ കോപിപ്പിച്ചിരുന്നു. അദ്ദേഹം അശ്വത്ഥാമാവിനെ ഇങ്ങനെ ശപിച്ചു .

" നീ ബാലഘാതകിയും ദുഷ്ടനുമാണെന്നു ലോകം മനസ്സിലാക്കിയിരിക്കുന്നു . ബുദ്ധിമാന്മാർ നിന്നെ പാപിയെന്നു വിളിക്കും . നിനക്ക് ജനങ്ങൾക്കിടയിൽ ഇരിപ്പിടം കിട്ടുകയില്ല . നിന്റെ ശരീരത്തിൽ സകല വ്യാധികളും പടര്ന്നു പിടിക്കും . ഇത്തരത്തിൽ അശരണനായി നീ മൂവായിരത്താണ്ട് കൊല്ലം ഭൂമിയിൽ അലഞ്ഞു തിരിയും . നിന്നാൽ വധിക്കപ്പെട്ട ഗർഭസ്ഥ ശിശുവിനെ ഞാൻ ജീവിപ്പിക്കും . നീ നോക്കി നില്ക്കെ , അവൻ അടുത്ത കുരുരാജാവെന്നു പ്രസിദ്ധനാകും ".

ഇതുകേട്ട് അശ്വത്ഥാമാവ് ദുഖിതനായി വ്യാസനോടൊപ്പം വനത്തിലേക്ക് പോയി .

  1. മഹാഭാരതം, സൗപ്തികപർവ്വം, അദ്ധ്യായം 13, ശ്ളോകം 19 - മഹാഭാരതം -- ഡോ.പി.എസ്.നായർ -- ISBN 81-85315-01-9 വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ.
"https://ml.wikipedia.org/w/index.php?title=അശ്വത്ഥാമാവ്&oldid=4097044" എന്ന താളിൽനിന്ന് ശേഖരിച്ചത്