സുഭദ്ര (മഹാഭാരതം)

മഹാഭാരതത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നാണ് സുഭദ്ര (സംസ്കൃതം: सुभद्रा). കൃഷ്ണന്റെ സഹോദരിയായ സുഭദ്ര അർജുനന്റെ പത്നിയാണ്. ഈ ദാമ്പത്യത്തിൽ പിറന്ന പുത്രനാണ് അഭിമന്യു. ശതരൂപയുടെ അംശാവതാരമായാണ് സുഭദ്രയെ വിശേഷിപ്പിക്കുന്നത്.
ജീവിതരേഖ[തിരുത്തുക]
യാദവരാജാവായ വസുദേവർക്ക് രോഹിണീദേവിയിൽ പിറന്ന ഇളയ പുത്രിയാണ് സുഭദ്ര. വർഷങ്ങളോളം കാരാഗൃഹത്തിൽ കിടന്ന വസുദേവരെ മകൻ ശ്രീകൃഷ്ണൻ രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ ബലരാമൻ, ശ്രീകൃഷ്ണൻ എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.
കൃഷ്ണ ജേഷ്ഠനായ ബലരാമൻ. തന്റെ പ്രിയ ശിഷ്യനായ ദുര്യോധനന് വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു താൽപര്യം. പ്രണയസാഫല്യം നേടണമെങ്കിൽ സുഭദ്രയെ തട്ടിക്കൊണ്ടുപോകാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ തേരാളിയായിരിക്കാൻ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അർജ്ജുനൻ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണൻ ഈ വിദ്യ ഉപയോഗിച്ചത്.
കുരുക്ഷേത്രയുദ്ധത്തിനുശേഷം കുരുവംശത്തിലെ ഏക അവകാശിയുണ്ടായത് സുഭദ്രയുടെ പിന്തുടർച്ചയിൽ നിന്നാണ്. അർജ്ജുനൻ-സുഭദ്ര ദമ്പതികൾക്ക് അജ്ഞാതവാസക്കാലത്തുതന്നെ അഭിമന്യു എന്ന പുത്രൻ പിറന്നു. വിരാട രാജകുമാരിയായ ഉത്തരയെയായിരുന്നു അഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗർഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തിൽവെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച പരീക്ഷിത്താണ് പിൽക്കാലത്ത് കുരുവംശത്തിൻറെ അവകാശിയായത്.
ദേവത[തിരുത്തുക]
ശതരുപയുടെ അംശാവതാരമായതിനാൽ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. യോഗമായയുടെ അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുരി ജഗന്നാഥക്ഷേത്രത്തിൽ ഈ ത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമർപ്പിക്കുന്നത്.
