പ്രമീള
യുധിഷ്ടിരന്റെ അശ്വമേധയാഗത്തിൽ അശ്വത്തെ അനുഗമിച്ചു ദിഗ്വിജയം നടത്തിയ അർജുനൻ എത്തിച്ചേർന്ന സ്ത്രീരാജ്യത്തിന്റെ അധിപ .
പ്രമീളയും അർജുനനും
[തിരുത്തുക]യുധിഷ്ടിരന്റെ അശ്വമേധയാഗത്തിൽ, അശ്വത്തെ അനുഗമിച്ച അർജുനൻ നാരീപുരമെന്ന സ്ത്രീരാജ്യത്തെത്തുന്നു . അവിടെയുള്ളവരെല്ലാം സ്ത്രീകളായിരുന്നു . പാർവതി ദേവിയുടെ ശാപം നിമിത്തം ഈ രാജ്യത്ത് പുരുഷന്മാർ വാഴുകയിലെന്നും, അവിടുത്തെ സ്ത്രീകൾക്ക് ഭർത്തൃയോഗമില്ലെന്നുമുള്ള അവസ്ഥയുണ്ടായിരുന്നു.തികഞ്ഞ യോദ്ധാക്കളായിരുന്ന ഈ നാട്ടിലേ സ്ത്രീകളുടെ രാജ്ഞിയായിരുന്നു പ്രമീള.
യാഗാശ്വത്തെ പ്രമീളയുടെ കിങ്കരികൾ പിടിച്ച് കെട്ടുന്നതോടെ അർജ്ജുനന് അവരെ എതിരിടേണ്ടതായി വരുന്നു.എന്നാൽ സ്ത്രീകളോട് യുദ്ധം ചെയ്യാൻ താൽപര്യമില്ലാത്ത, ജ്യേഷ്ഠൻ്റെ ഉപദേശപ്രകാരം പരമാവധി സമാധാനമാർഗത്തിലൂടെ യുധിഷ്ഠിരൻ്റെ മേൽക്കോയ്മ അംഗീകരിപ്പിക്കാൻ ശ്രമിക്കുന്ന അർജ്ജുനൻ രാജ്ഞിയോട് അശ്വത്തെ മടക്കി നൽകാൻ അഭ്യർത്ഥിക്കുന്നു. അർജുനനിൽ ആകൃഷ്ടയാകുന്ന റാണി, തന്നെ വിവാഹം ചെയ്താൽ കുതിരയെ മടക്കിനൽകാമെന്ന് പറയുന്നു. പിന്നീട് എന്ത് സംഭവിച്ചുവെന്നതിനെപ്പറ്റി പല മഹാഭാരതങ്ങളിൽ പല രീതിയിലാണ് വിവരിച്ചിരിക്കുന്നത്.
യുദ്ധം കൂടാതെ യാഗാശ്വത്തെ തിരികെ ലഭിക്കാൻ അർജ്ജുനൻ സസന്തോഷം വിവാഹാഭ്യർത്ഥന സ്വീകരിച്ചുവെന്നും, ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് ആദ്യം വിവാഹത്തിന് എതിർത്ത അർജ്ജുനനെ ഉപദേശിച്ച് മുൻകൈയെടുത്ത് വിവാഹം നടത്തി കൊടുത്തുവെന്നും,അർജ്ജുനൻ പ്രമീളയോട് ഏറ്റുമുട്ടി രാജ്ഞിയുടെ ബലത്തിൽ സംപ്രീതനായി വിവാഹത്തിന് തയ്യാറായിയെന്നും വ്യത്യസ്ത മഹാഭാരതങ്ങൾ വിവരിക്കുന്നു. അർജ്ജുനനും പ്രമീളയും ഏറ്റുമുട്ടുകയും, ആരുമാരും വിജയിക്കാതെ വന്നപ്പോൾ യുദ്ധം നിർത്താനും,മുജ്ജന്മത്തിൽ തൻ്റെ ഭാര്യയായിരുന്ന പ്രമീളയെ ഈ ജന്മത്തിലും വിവാഹം കഴിക്കുവാനും അർജുനനോട് ആവശ്യപ്പെട്ട് ഒരു അശരീരി ഉണ്ടായെന്നും ജൈമിനി മഹാഭാരതം പറയുന്നു.
അർജ്ജുനൻ പ്രമീളയെ വിവാഹം ചെയ്യുന്നതോടെ നാട് ശാപമുക്തമാവുകയും, പ്രമീളയേ അശ്വമേധത്തിൽ പങ്കെടുക്കാൻ അർജ്ജുനൻ ഹസ്തിനപുരത്തേക്ക് അയക്കുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]വ്യാസഭാരതത്തിൻ്റെ അംഗീകരിക്കപ്പെട്ട പതിപ്പായ ബോറി ക്രിട്ടിക്കൽ എഡിഷനിൽ ഈ കഥയെപ്പറ്റി പരാമർശിക്കുന്നില്ല. വ്യാസഭാരതത്തിന് ശേഷം രചിക്കപ്പെട്ട ജൈമിനി മഹർഷിയുടെ ജൈമിനീ ഭാരതം , ബംഗാളി ഭാഷയിലെ കാശിരാംദാസ് മഹാഭാരതം തുടങ്ങിയവയിലാണ് പ്രമീളയുടെയും അർജുനൻ്റെയും കഥ പരാമർശിക്കപ്പെടുന്നത്.
വ്യാസഭാരതത്തെ വച്ച് നോക്കുമ്പോൾ അർജ്ജുനൻ്റെ അശ്വമേധത്തേ കൂടുതലായി വിവരിക്കുന്ന ജൈമിനി മഹർഷിയുടെ മഹാഭാരതം വടക്ക് കിഴക്കൻ ദിക്കുകളിൽ കൂടുതലായി ജനപ്രിയമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ [ജൈമിനീയാശ്വമേധം by തേമ്പാട്ട് ശങ്കരൻ നായര് , സാഹിതി ബുക്സ് , തൃശൂര് ] .