ദ്രുമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ്രുമൻ(ദ്രുമാവ് ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാഭാരതകാലഘട്ടത്തിൽ , ഭാരതദേശത്തെ ദ്രോണർക്കു തുല്യനായി കിംപുരുഷദേശത്തു നിലനിന്നിരുന്ന ധനുർവേദാചാര്യനാണ് ദ്രുമൻ അഥവാ ദ്രുമാവ് . ഇദ്ദേഹം കിംപുരുഷന്മാരുടെയും മ്ളേച്ഛരുടേയും അസ്ത്രവിദ്യാചാര്യനായിരുന്നു . ആര്യദേശത്തു ദ്രോണർ ഗുരുവായിരുന്നതുപോലെ മ്ളേച്ഛദേശത്ത് ദ്രുമനും (ദ്രുമാവ് ) ഗുരുവായിരുന്നു . കുബേരന്റെ സഭയിലെ സാമാജികനായ ഇദ്ദേഹം കിന്നരന്മാരുടെ നേതാവുമാണ് . ഈ ദ്രുമൻ ചിരഞ്ജീവിയാണ്. [1][2]

(NB:ഈ ദ്രുമാവിനെ ദ്രോണൻ എന്നാണു Kisori Mohan Ganguly-യുടെ മഹാഭാരതം ആംഗലേയ വിവർത്തനത്തിലെ ഉദ്യോഗപർവ്വത്തിൽ (അദ്ധ്യായം 158) കാണുന്നത്. അവലംബം നോക്കുമ്പോൾ ശ്രദ്ധിക്കുക . സംസ്കൃതം Original Text-ഇൽ ദ്രുമാഃ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത് .ഹരിവംശത്തിലും ദ്രുമാഃ തന്നെയാണ് ).

മറ്റു വിവരങ്ങൾ[തിരുത്തുക]

  • രുക്മിയും ദ്രുമാവും

ശ്രീകൃഷ്ണന്റെ അളിയനായ രുക്മി ഒരിക്കൽ ധനുർവേദവും അസ്ത്രവിദ്യകളും പഠിക്കാനായി ഗുരുവിനെ അന്വേഷിച്ച് അലഞ്ഞു നടന്നു . വഴിയിൽ വച്ച് അദ്ദേഹം ചില ബ്രാഹ്മണരെ കാണുകയും അവർ അദ്ദേഹത്തിന് ദ്രോണാചാര്യരുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു . എന്നാൽ രുക്മി അതുകൊണ്ടു തൃപ്തനായില്ല . ദ്രോണർ ആ സമയം കുരുപാണ്ഡവരുടെ ഗുരുവാണ് . തനിക്കു ഭാരതീയർക്ക് അജ്ഞാതമായ ചില രഹസ്യവിദ്യകൾ പഠിക്കണമെന്ന് രുക്മി ആഗ്രഹിച്ചു . അപ്പോഴാണ് രുക്മി ദ്രുമനെക്കുറിച്ചു മനസ്സിലാക്കിയത് .അതിനുശേഷം ദ്രുമനെ അന്വേഷിച്ചു രുക്മി നടന്നു . അപ്പോഴാണ് അദ്ദേഹം ഗന്ധമാദനപർവ്വതത്തിൽ ഭാര്യാപുത്രാദികളോടൊപ്പം വന്നിട്ടുണ്ടെന്ന വാർത്ത കേട്ടത് . രുക്മി ഉടനെ ഗന്ധമാദനപർവ്വതത്തിലെത്തി ദ്രുമാവിന്റെ ശിഷ്യത്വം സ്വീകരിച്ചു .

ദ്രുമാവ് രുക്മിക്ക് ചതുഷ്‌പാദങ്ങളോട് കൂടിയ ധനുർവേദം മുഴുവനും പഠിപ്പിച്ചു . കൂടാതെ അക്കാലത്തു ഭാരതീയർക്ക് അജ്ഞാതമായിരുന്ന അനേകമനേകം രഹസ്യവിദ്യകളും രുക്മിയെ ദ്രുമാവ് പഠിപ്പിച്ചു . ദ്രോണർക്കുപോലുമറിയാത്തതായ അനേകം യുദ്ധമുറകളും , ആയുധവിദ്യകളും രുക്മിക്കു പരിചയപ്പെടുത്തിക്കൊടുത്തു . ഇതിനൊക്കെ പുറമെ , അർജ്ജുനന്റെ ഗാണ്ഡീവത്തോടു കിടപിടിക്കുന്ന ഐന്ദ്രം അഥവാ വിജയം എന്ന ചാപവും ദ്രുമാവ് രുക്മിക്കു നൽകി അനുഗ്രഹിച്ചു . ഈ വിജയചാപം ഒരിക്കൽ വിശ്വകർമ്മാവ് പണിതു ഇന്ദ്രന് നൽകിയതാണ് . ( NB ശ്രദ്ധിക്കുക : കർണ്ണന്റെ വിജയചാപം , ശിവൻ പരശുരാമന് കൊടുത്തതാണ് .പരശുരാമനിൽ നിന്നുമാണ് അത് കര്ണ്ണന് ലഭിച്ചത് ).[3][4][5][2]

  • ദ്രുമാവിന്റെ ശിഷ്യന്മാർ

ഭഗദത്തൻ മുതലായ മ്ളേച്ഛന്മാർ , ചീനന്മാർ , ബർബ്ബരൻമാർ , പർവ്വതവാസികൾ , അമിതൗജാവ്, രുക്മി , ജരാസന്ധൻ,ശിശുപാലൻ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യഗണത്തിലുണ്ട് .

  • ഇദ്ദേഹം യുധിഷ്ഠിരന്റെ രാജസൂയത്തിൽ സംബന്ധിച്ചിരുന്നു .[2]


  • ആര്യദേശത്ത് ദ്രോണാചാര്യർ പ്രസിദ്ധനായിരുന്നതുപോലെ , മ്ളേച്ഛദേശത്ത് ദ്രുമാവും പ്രസിദ്ധനായിരുന്നു . ഇദ്ദേഹം ഇന്ദ്രന്റെ സുഹൃത്തും , ശിവനെ പ്രസാദിപ്പിച്ച് ധനുർവേദം, സർവ്വാസ്ത്രശാസ്ത്രങ്ങൾ എന്നിവ വരമായി നേടിയ മഹാനുമാണ് . ചിരഞ്ജീവിയായ ഇദ്ദേഹം കൈലാസത്തിലും കുബേരന്റെ സഭയിലും ശോഭിക്കുന്നു .[1][3][2]

NB:ദ്രുമാവിനു ശിഷ്യപ്പെട്ട രുക്മിയെ ജയിക്കുവാൻ സാക്ഷാൽ കൃഷ്ണനും ബലരാമനും മാത്രമേ സാധിക്കുമായിരുന്നുള്ളൂ . അതുകൊണ്ടാണ് കൃഷ്ണൻ അദ്ദേഹത്തെ ബാലരാമനെക്കൊണ്ട് ചൂതുകളിക്കിടയിൽ കൊല്ലിക്കുന്നത് . ആയുധമേന്തിയെ രുക്മിയെ പോരിൽ ജയിക്കുവാൻ കൃഷ്ണനല്ലാതെ മറ്റാർക്കും സാധ്യമല്ല .


അവലംബം[തിരുത്തുക]

  1. 1.0 1.1 KMG Translation of Mahabharatha മഹാഭാരതം ,സഭാപർവ്വം , അദ്ധ്യായം 10
  2. 2.0 2.1 2.2 2.3 KMG Translation of Mahabharathaമഹാഭാരതം ,സഭാപർവം , അദ്ധ്യായം 43
  3. 3.0 3.1 KMG Translation of Mahabharatha മഹാഭാരതം, ഉദ്യോഗപർവ്വം , അദ്ധ്യായം 158
  4. [സ്കന്ദപുരാണം , പ്രഭാസഖണ്ഡം]
  5. [ഹരിവംശപുരാണം , വിഷ്ണുപർവ്വം , അദ്ധ്യായം 59]
"https://ml.wikipedia.org/w/index.php?title=ദ്രുമൻ&oldid=2835853" എന്ന താളിൽനിന്ന് ശേഖരിച്ചത്