നാരായണാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Ashwatthama uses Narayanastra.jpg
അശ്വത്ഥാമാവ് നാരായണാസ്ത്രം ഉപയോഗിക്കുന്നു

ഭഗവാൻ നാരായണൻ ദേവതയായിട്ടുള്ള ഒരു നശീകരണാസ്ത്രമാണ് നാരായണാസ്ത്രം. ഈ അസ്ത്രം ധാർമ്മികമായിട്ടുള്ള ആയുധങ്ങളിൽ ഒന്നാണ്. പുരാണങ്ങളിൽ നാരായണാസ്ത്രം പലരും പല പ്രാവശ്യം ഉപയോഗിച്ച് കണ്ടിട്ടുണ്ട്. അസ്ത്രത്തെ നമസ്കരിക്കുന്നവരെ ഈ അസ്ത്രം ഉപദ്രവിക്കാറില്ല. ഈ അസ്ത്രത്തെ ബ്രഹ്‌മാസ്‌ത്രത്തിനെതിരായി ഉപയോഗിക്കുന്നു.

നരമഹർഷിയുടെ നാരായണാസ്ത്രം[തിരുത്തുക]

ഒരിക്കൽ പ്രഹ്ളാദൻ ആളറിയാതെ നരനാരായണൻമാരുമായി ഘോരയുദ്ധം നടത്തി. യുദ്ധത്തിൽ പ്രഹ്ളാദനും നരനുമായി തുല്യത പാലിച്ചു. തന്റെ അസ്ത്രങ്ങളെയെല്ലാം നരമഹർഷി നശിപ്പിച്ചത് കണ്ടപ്പോൾ, കോപിഷ്ഠനായ പ്രഹ്ളാദൻ നരനു നേരെ ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ചു. ആ സമയം നരമഹർഷി അജഗവം എന്ന തന്റെ വില്ലിൽ നാരായണാസ്ത്രം തൊടുത്ത് ബ്രഹ്‌മാസ്‌ത്രത്തിനു നേരെ പ്രയോഗിച്ചു. ബ്രഹ്‌മാസ്‌ത്രവും നാരായണാസ്ത്രവും പരസ്പരം കൂട്ടിമുട്ടി പാഴായി വീണു. [വാമനപുരാണം, അദ്ധ്യായം 7].[1]

ഇന്ദ്രജിത്തിന്റെ നാരായണാസ്ത്രം[തിരുത്തുക]

യുദ്ധത്തിൽ ഇന്ദ്രജിത്ത് ലക്ഷ്മണന് നേരെ നാരായണാസ്ത്രം പ്രയോഗിച്ചു. നാരായണാസ്ത്രത്തെ കണ്ട ലക്ഷ്മണൻ ഭക്തിയോടെ അതിനെ കൈകൂപ്പി നമിക്കുകയും സപ്‌താക്ഷരീ നാരായണമന്ത്രം ജപിക്കുകയും ചെയ്തു. തുടർന്ന് നാരായണാസ്ത്രം അടങ്ങുകയും, ലക്ഷ്മണന്റെ ആവനാഴിയിൽ പോയി വീഴുകയും ചെയ്തു. [കമ്പ രാമായണം യുദ്ധകാണ്ഡം].[2]

കാലനേമിയുടെ നാരായണാസ്ത്രം[തിരുത്തുക]

പണ്ടൊരു ദേവാസുരയുദ്ധത്തിൽ ദേവവൈദ്യന്മാരായ അശ്വനീദേവകൾ കാലനേമിക്കു നേരെ വജ്രാസ്ത്രം പ്രയോഗിച്ചു. കാലനേമി നാരായണാസ്ത്രം പ്രയോഗിച്ചു വജ്രാസ്ത്രത്തെ നശിപ്പിച്ചു കളഞ്ഞു.[സ്കന്ദപുരാണം, കൗമാരകാഖണ്ഡം, അദ്ധ്യായം 19][3]

ജംഭന്റെ നാരായണാസ്ത്രം[തിരുത്തുക]

ദേവാസുരയുദ്ധത്തിൽ ജാംഭാസുരൻ ഇന്ദ്രനുനേരെ നാരായണാസ്ത്രം പ്രയോഗിച്ചു. ഇന്ദ്രൻ, വിഷ്ണുവിന്റെ ഉപദേശപ്രകാരം പാശുപതാസ്ത്രം പ്രയോഗിക്കുകയും, ജംഭന്റെ നാരായണാസ്ത്രം വിഫലമായിത്തീരുകയും ചെയ്തു. തുടർന്ന് കലിയടങ്ങാത്ത പാശുപതാസ്ത്രം ജംഭന്റെ ശിരസ്സറുത്ത് വീഴ്ത്തി.[സ്കന്ദപുരാണം , കൗമാരകാഖണ്ഡം, അദ്ധ്യായം 21][4]

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം[തിരുത്തുക]

തന്റെ പിതാവായ ദ്രോണരെ കള്ളംപറഞ്ഞു വില്ലു താഴെവെപ്പിച്ച് പാണ്ഡവർ കൊന്നതിൽ കോപിഷ്ഠനായ അശ്വത്ഥാമാവ് പാണ്ഡവർക്കുനേരെ നാരായണാസ്ത്രം തൊടുത്തുവിട്ടു. ഭയങ്കരമായ ആ നാരായണാസ്ത്രം ദ്രോണാചാര്യർ നാരായണനെ പൂജിച്ചു നേടിയതാണ്. ഈ അസ്ത്രം ആരിലും പ്രയോഗിച്ചു പോകരുതെന്ന് വിഷ്ണു ദ്രോണർക്കു താക്കീതു നൽകിയിട്ടുണ്ടായിരുന്നു. കൊന്നുകൂടാത്തവരായ മഹാത്മാക്കളെയും ഇത് കൊന്നുകളയും. എന്നാൽ അസ്ത്രത്തെ കുമ്പിട്ടു നമസ്ക്കരിക്കുന്നവരെ അസ്ത്രം വധിക്കുകയില്ല. മനസ്സ് കൊണ്ടെങ്കിലുമെതിർത്താൽ, ഈ അസ്ത്രം എതിർത്തവനെയേതു പാതാളത്തിപ്പോയി ഒളിച്ചാലും പിന്തുടർന്നുച്ചെന്ന് കൊന്നുവീഴ്ത്തും. ഇതായിരുന്നു നാരായണാസ്ത്രത്തിന്റെ പ്രത്യേകത. ഈ അസ്ത്രം പിന്നീട് ദ്രോണർ പുത്രന് ഉപദേശിച്ചു. അർജ്ജുനനു പോലും ദ്രോണർ ഇത് ഉപദേശിച്ചു കൊടുത്തിട്ടില്ല. ഇത്തരത്തിലുള്ള അസ്ത്രമാണ് അശ്വത്ഥാമാവ് പാണ്ഡവപ്പടയ്ക്ക് എതിരായി തൊടുത്തു വിട്ടത്. നാരായണമഹാസ്ത്രം പ്രകടമായ ഉടനെ പിൻപുറത്തു നിന്ന് കാറ്റടിച്ചു. ആകാശത്തിൽ മേഘമില്ലാതെ ഇടിവെട്ടി. പലതരം ചക്രങ്ങളും, ഇരുമ്പുണ്ടകളും, അസ്ത്രങ്ങളും, വിചിത്രമായ ആയുധങ്ങളും ആകാശത്തു പ്രത്യക്ഷപെട്ടു. എതിർത്ത പാണ്ഡവസൈന്യത്തെ അസ്ത്രം കൊന്നു വീഴ്ത്തിത്തുടങ്ങി. പാണ്ഡവപ്പട നാമാവശേഷമായിത്തുടങ്ങി.

ഈ സമയം ഭഗവാൻ കൃഷ്ണൻ അസ്ത്രത്തിന്റെ ശമനത്തിനുള്ള വഴി കണ്ടു. എല്ലാവരോടും ആയുധമുപേക്ഷിച്ച് കൈകൂപ്പി നമസ്ക്കരിക്കാൻ അദ്ദേഹമുപദേശിച്ചു. പാണ്ഡവപ്പട ആയുധം വെടിഞ്ഞിട്ടും അസ്ത്രം ശാന്തമായില്ല. അതിനുകാരണം ഭീമൻ ആയുധം വെടിയാത്തതായിരുന്നു. ഭീമന് അശ്വത്ഥാമാവിനോടുള്ള കോപം ചെറുതായിരുന്നില്ല. അതിനാൽ അവൻ അർജ്ജുനനോട് ആയുധം ഉപേക്ഷിക്കരുതെന്നും, ഏതെങ്കിലും ദിവ്യാസ്ത്രം കൊണ്ട് നാരായണാസ്ത്രത്തെ അടക്കുവാനും ഉപദേശിച്ചു.

എന്നാൽ അർജ്ജുനൻ അതനുസരിച്ചില്ല. അദ്ദേഹം നാരായണാസ്ത്രത്തിനെതിരെ ഒന്നും ചെയ്തില്ല. അതിനു കാരണം അദ്ദേഹം വിഷ്ണുഭക്തനായിരുന്നു എന്നതാണ്. ഗോക്കളിലും, ബ്രാഹ്മണരിലും, നാരായണാസ്ത്രത്തിലും താൻ ആയുധം പ്രയോഗിക്കുകയില്ലെന്നു അർജ്ജുനൻ തീർത്ത് പറഞ്ഞു.

തുടർന്ന് ഭീമൻ ഒറ്റയ്ക്ക് കൗരവരെ എതിർത്തു. ഭീമൻ എത്ര ശക്തിയായി എതിർത്തുവോ, അതിന്റെ പതിന്മടങ്ങു അസ്ത്രത്തിന്റെ ശക്തി വർദ്ധിച്ചുവന്നു. നാരായണാസ്ത്രത്തിലെ തീജ്വാലകൾ ഭീമനെ മൂടി. നാരായണാസ്ത്രം ഭീമനെ കൊല്ലുമെന്നായപ്പോൾ അർജ്ജുനനും കൃഷ്ണനും ഒരേസമയം ഓടിച്ചെന്ന് ഭീമനെ വരുണാസ്ത്രം കൊണ്ടും, കരംകൊണ്ടും പിടിച്ചുവലിച്ചു. മഹാബലവാനായ കൃഷ്ണൻ ഭീമനെ ബലമായി പിടിച്ചുവലിച്ച് താഴെയിറക്കി, കൈകളിൽ നിന്നും അസ്ത്രങ്ങളും ആയുധങ്ങളും പിടിച്ചുവാങ്ങി. അതോടെ ഭീമനും നിരായുധനായി.

തുടർന്ന് നാരായണാസ്ത്രം ശമിക്കുകയും, പാണ്ഡവർ രക്ഷപ്പെടുകയും ചെയ്തു.[മഹാഭാരതം, ദ്രോണപർവ്വം, അദ്ധ്യായം 195 to 200][5] [6][7]


അവലംബം[തിരുത്തുക]

  1. [വാമനപുരാണം, അദ്ധ്യായം 7]
  2. [കമ്പ രാമായണം യുദ്ധകാണ്ഡം]
  3. [സ്കന്ദപുരാണം, കൗമാരകാഖണ്ഡം, അദ്ധ്യായം 19]
  4. [സ്കന്ദപുരാണം, കൗമാരകാഖണ്ഡം, അദ്ധ്യായം 21]
  5. KMG Mahabharatha ദ്രോണപർവ്വം, അദ്ധ്യായം 196
  6. KMG Mahabharatha ദ്രോണപർവ്വം , അദ്ധ്യായം 199
  7. KMG Mahabharatha ദ്രോണപർവ്വം, അദ്ധ്യായം 200
"https://ml.wikipedia.org/w/index.php?title=നാരായണാസ്ത്രം&oldid=3913323" എന്ന താളിൽനിന്ന് ശേഖരിച്ചത്