Jump to content

ഭാർഗ്ഗവാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരശുരാമൻ സ്വയം തപസ്സുകൊണ്ട് സൃഷ്ടിച്ച രുദ്രൻ ദേവതയായിട്ടുള്ള അസ്ത്രമാണ് ഭാർഗ്ഗവാസ്ത്രം . ഈ അസ്ത്രം അദ്ദേഹം തന്റെ ശിഷ്യരായ ഭീഷ്മർ, ദ്രോണർ, കർണ്ണൻ, രുക്മി ഇവർക്ക് നൽകിയിരുന്നു. ഭാഗവതം ഹരിവംശവും അനുസരിച്ചു രുക്മിണീ സ്വയംവരം സമയത്തു രുക്മിയുടെ പക്കൽ ഈ അസ്ത്രമുള്ളതായി പറയുന്നുണ്ട്. പരശുരാമ ശിഷ്യനായ രുക്മി ഈ അസ്ത്രം നേടി കൃഷ്ണാർജ്ജുനന്മാരോട് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. മഹാഭാരതത്തിൽ പതിനേഴാം ദിവസം പാണ്ഡവ പാഞ്ചാല നാശത്തിനു വേണ്ടി മന്ത്രം ജപിച്ചു കർണൻ ഭാർഗവാസ്ത്രം അയക്കുന്നുണ്ട് എങ്കിലും അസ്ത്രം കാര്യമായ നാശം ഉണ്ടാക്കുന്നില്ല. അർജ്ജുനനും ആയുള്ള അവസാന യുദ്ധത്തിൽ കർണൻ ഭാർഗവാസ്ത്രം തൊടുക്കുകയും അർജ്ജുനൻ അതിനെ ബ്രഹ്‌മാസ്ത്രം കൊണ്ട് തടയുകയും ചെയ്യുന്നു.. അനേകം ശക്തമായ ദിവ്യാസ്ത്രങ്ങൾ വേറെ ഉള്ളതിനാൽ ആകാം, ദ്രോണർ, ഭീഷ്മർ ഇവർ ഈ അസ്ത്രം അധികം ഉപയോഗിച്ചത് ആയും പറയുന്നില്ല..

ഭാർഗ്ഗവാസ്ത്രത്തിന്റെ ശക്തി

[തിരുത്തുക]

മഹാഭാരതയുദ്ധത്തിൽ പതിനേഴാം ദിവസമാണ് കർണ്ണൻ തന്റെ വിഖ്യാതമായ വിജയം എന്ന വില്ലിൽ ഭാർഗ്ഗവാസ്ത്രം പ്രയോഗിക്കുന്നത് .യുദ്ധത്തിലെ ഒരു ഘട്ടത്തിൽ ഭീമന്റെയും അർജ്ജുനന്റെയും ആയുധപ്രയോഗത്തിൽ കൗരവസൈന്യം സർവ്വനാശത്തിന്റെ വക്കത്തെത്തി . ദുര്യോധനൻ ഇതുകണ്ട് സേനാനായകനായ കർണ്ണനെ ചെന്ന് കണ്ടു പരിഭവം പറഞ്ഞു . തുടർന്ന് കർണ്ണൻ ദുര്യോധനനെ ആശ്വസിപ്പിക്കുകയും പാണ്ഡവസൈന്യത്തെ താൻ നശിപ്പിക്കാമെന്നു വാക്കു കൊടുക്കുകയും ചെയ്തു . തുടർന്ന് നടന്ന സംഭവങ്ങൾ ഇങ്ങനെയാണ് വ്യാസൻ വർണ്ണിക്കുന്നത് .

പ്രതാപവാനായ സൂതപുത്രൻ , തന്റെ മുഖ്യമായ വിജയം എന്ന വില്ലെടുത്ത് കുലച്ച് , വീണ്ടും തുടച്ചു സത്യം ചെയ്തും ശപഥം ചെയ്തും അർജ്ജുനനെ പേടിച്ച് ഓടുന്ന യോദ്ധാക്കളെ നിലയ്ക്ക് നിറുത്തി .ശേഷം വിജയചാപത്തിൽ ഭാർഗ്ഗവാസ്ത്രം പാഞ്ചാലി പാണ്ഡവാഃ നാശത്തിനു മന്ത്രം ചൊല്ലി ആ അമേയാത്മാവ് പ്രയോഗിച്ചു . അപ്പോൾ , ആയിരവും , പതിനായിരവും , ലക്ഷവും , കോടിയും ബാണങ്ങൾ ആ മഹാസ്ത്രത്തിൽ നിന്നും പുറപ്പെടുവാൻ തുടങ്ങി . മയിൽകങ്കച്ചിറകു വിരിച്ചതായ ജ്വലിക്കുന്ന ആ ബാണങ്ങൾ ഏറ്റു പാണ്ഡവസൈന്യം അറ്റുവീഴാൻ തുടങ്ങി . പാണ്ഡവസൈന്യം ഹാ ഹാ എന്ന് നിലവിളിക്കാൻ തുടങ്ങി .ബലവാനായ കർണ്ണൻ ഭാർഗ്ഗവാസ്ത്രം കൊണ്ട് ശത്രുസൈന്യങ്ങളെ വല്ലാതെ പീഡിപ്പിക്കാൻ തുടങ്ങി .ഭാർഗ്ഗവാസ്ത്രമേറ്റ് എണ്ണിയാലൊടുങ്ങാത്ത അസംഖ്യം ആനകളും , കുതിരകളും , കാലാളുകളും , രഥങ്ങളും , രഥികളും നശിച്ചു . അസ്ത്രമേറ്റ് പാണ്ഡവസൈന്യം അങ്ങുമിങ്ങും പേടിച്ചോടാൻ തുടങ്ങി . യമപുരിയിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ആത്മാക്കൾ പ്രേതാരാജാവിനെ കണ്ടു പേടിച്ചു നിലവിളിക്കുന്നതുപോലെ പാണ്ഡവസൈന്യം നിലവിളിച്ചു .പാണ്ഡവപ്പട മുടിഞ്ഞു . കൃഷ്ണന്റെയും അർജ്ജുനന്റെയും നാമങ്ങൾ വിളിച്ചു പാഞ്ചാലൻമാരും , പാണ്ഡവസൈനികരും നിലവിളിച്ചു . കൃഷ്ണാർജ്ജുനന്മാർ നോക്കിനിൽക്കേ അവർ ഭയന്നോടി .

  • കൃഷ്ണനോടുള്ള അർജ്ജുനവാക്യം

പശ്യ കൃഷ്ണ മഹാബാഹോ ഭാർഗ്ഗവാസ്ത്രസ്യ വിക്രമം
നൈതദസത്രം ഹി സമരേ ശക്യം ഹന്തും കഥഞ്ചന(46)
സൂതപുത്രം ച സംരബ്ധം പശ്യ കൃഷ്ണ മഹാരണേ
അന്തകപ്രതിമം വീര്യേ കുർവാണാം കർമ്മ ദാരുണം(47)
സുതീക്ഷ്ണം ചോദയസ്ത്രാശ്വാൻ പ്രേഷ തേ മാം മുഹുർമുഹുഃ
ന ച പശ്യാമി സമരേ കർണ്ണം പ്രതി പലായിതുമം(48)
ജീവൻ പ്രാപ്നോതി പൂരുഷഃ സംഘ്യേ ജയപരാജയൈ
ജിതസ്യ തു ഹൃഷീകേശ വധ ഏവ കുതോ ജയ(49)
BORI Critical Edition Mahabharatha-പ്രകാരം , കർണ്ണപർവ്വം ,അദ്ധ്യായം 45 , ശ്ളോകങ്ങൾ 46 ,47 ,48 ,49

(ഭാഷാ അർത്ഥം) കൃഷ്ണാ മഹാബാഹോ അങ്ങ് നോക്കൂ . ഭാർഗ്ഗവാസ്ത്രത്തിന്റെ വിക്രമം . ഈ അസ്ത്രത്തെ ഹനിക്കുവാൻ പോരിൽ മറ്റൊരു ദിവ്യാസ്ത്രത്തിനും കഴിയുകയില്ല . (നൈതദസത്രം ഹി സമരേ ശക്യം ഹന്തും കഥഞ്ചന). മഹായുദ്ധത്തിൽ എന്തിനും തയ്യാറെടുത്തു നിൽക്കുന്ന സൂതപുത്രനെ നോക്കൂ കൃഷ്ണാ . ദാരുണമായ കർമ്മം ചെയ്യുന്ന ഇവൻ കാലന് തുല്യനാണ് . വേഗത്തിൽ അശ്വങ്ങളെ വിട്ടാലും . അതാ അവൻ വീണ്ടും വീണ്ടും എന്നെ നോക്കുന്നു . ഈ യുദ്ധത്തിൽ കർണ്ണനെ വിട്ടു പോരാൻ എനിക്ക് പറ്റുകയില്ല . ജീവിക്കുന്ന പുരുഷൻ യുദ്ധത്തിൽ വിജയമോ പരാജയമോ പ്രാപിച്ചേക്കാം . ജയിച്ചാലും ഇനി വധിക്കപ്പെട്ടാലും അതും ജയമല്ലേ കൃഷ്ണാ ?.


അർജ്ജുനൻ ഇപ്രകാരം പറഞ്ഞപ്പോൾ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു . അർജ്ജുനാ , കർണ്ണൻ ധർമ്മരാജാവിനെ വല്ലാതെ മുറിപ്പെടുത്തി വിട്ടുണ്ട് . അദ്ദേഹത്തെ ചെന്നുകണ്ടു ആശ്വസിപ്പിച്ചതിനു ശേഷം ഉടനെ വന്നു കർണ്ണനെ വധിക്കാം എന്നു പറയുന്നു. യുദ്ധഭൂമിയിൽ നിന്നു പോകാൻ താല്പര്യം കാണിക്കാത്ത അർജ്ജുനനെ ഭീമൻ കൂടി നിർബന്ധിച്ചതിനാൽ അർജ്ജുനന് പോകേണ്ടി വരുന്നു യുധിഷ്ഠിരനെ കണ്ട് ആശ്വസിപ്പിച്ചതിനു ശേഷം അർജ്ജുനൻ തിരികെയെത്തുമ്പോഴും ഭാർഗവാസ്ത്രം യുദ്ധഭൂമിയിൽ ജ്വലിച്ചു നിന്നിരുന്നു. അത് കണ്ടു ഭയങ്കരമായ യുദ്ധത്തിന് തയ്യാറായാണ് അർജുനൻ എത്തുന്നത്. കർണൻ ഈ അസ്ത്രം അയക്കുന്നത് സകല പാണ്ഡവരെയും പഞ്ചാലരെയും വധിക്കാൻ ആജ്ഞ നൽകി ആയിരുന്നു. എന്നാൽ പ്രമുഖരായ യോദ്ധാക്കളെ ആരെയും ഒരു പോറൽ പോലും ഏൽപ്പിക്കാൻ അസ്ത്രത്തിനു സാധിച്ചില്ല എന്നതും ശ്രദ്ധേയം ആണ്.

.[1]

കർണ്ണന്റെ രണ്ടാമത്തെ അസ്ത്രപ്രയോഗം

[തിരുത്തുക]

കർണനുമായുള്ള യുദ്ധത്തിൽ അർജ്ജുനൻ ആദ്യമായി ആഗ്നേയാസ്ത്രം പ്രയോഗിച്ചു . കർണ്ണൻ അതിനെതിരായി വരുണാസ്ത്രം പ്രയോഗിച്ച് തീയണച്ചു . തുടർന്ന് അർജ്ജുനൻ വായവ്യാസ്ത്രത്തിന്റെ പ്രയോഗത്താൽ മേഘമാലകളെ അകറ്റിക്കളഞ്ഞു . തുടർന്ന് വളരെ ശക്തികൂടിയ മഹേന്ദ്രാസ്ത്രം എടുത്തു കർണ്ണനും കൗരവപ്പടയ്ക്കും എതിരായി പ്രയോഗിച്ചു . ആ അസ്ത്രം വളരെ ശക്തിയേറിയതായിരുന്നു . ഇന്ദ്രൻ നൽകിയ ആ അസ്ത്രം കൗരവപ്പടയെ ചുട്ടു പൊടിച്ചു . വളരെയേറെ വിചിത്രമായ അസ്ത്രങ്ങൾ മഹേന്ദ്രാസ്ത്രത്തിൽ നിന്നുമുയർന്നു . കർണ്ണനും ചില അസ്ത്രങ്ങളേറ്റു .

തുടർന്ന് കർണ്ണൻ ഭാർഗ്ഗവാസ്ത്രം പ്രയോഗിച്ചു . അത് മഹേന്ദ്രാസ്ത്രത്തേക്കാൾ പ്രബലമായിരുന്നു . ഭാർഗ്ഗവാസ്ത്രം മഹേന്ദ്രാസ്ത്രത്തെ അടക്കുകയും തീക്ഷ്ണമായ അസ്ത്രങ്ങൾ അതിൽ നിന്നും ഉയരുകയും ചെയ്തു. അർജ്ജുനന്റെ അസ്ത്രങ്ങളെയെല്ലാം കർണ്ണൻ കൂട്ടത്തോടെ നുറുക്കി വിട്ടു . ഭാർഗ്ഗവാസ്ത്രത്തിന്റെ ശക്തിയാൽ എതിർപക്ഷത്തു വലുതായ നാശനഷ്ടങ്ങളും വരുത്തി . അർജ്ജുനനു ചുറ്റും നിന്നിരുന്ന സോമകൻമാരും , അംഗരക്ഷകന്മാരുമെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങി . ഇതുകണ്ട കൗരവസൈന്യം, കർണ്ണൻ ജയിച്ചു , കർണ്ണൻ ജയിച്ചു എന്ന് ആർത്തു വിളിച്ചു . ഇത് കണ്ട അർജ്ജുനൻ ബ്രഹ്മാസ്ത്രം കൊണ്ട് ഭാർഗവാസ്ത്രം തടയുന്നു. [2]

അവലംബം

[തിരുത്തുക]
  1. KMG Translation of Mahabharatha Karna Parva Chapter 64
  2. KMG Translation of MahabharathaKarna Parva Chapter 89
"https://ml.wikipedia.org/w/index.php?title=ഭാർഗ്ഗവാസ്ത്രം&oldid=4116379" എന്ന താളിൽനിന്ന് ശേഖരിച്ചത്