Jump to content

ഉദ്യോഗപർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദ്യോഗപർവ്വം

കൗരവസഭയിൽ ദൂതുമായി ശ്രീകൃഷ്ണൻ
പർവ്വം അഞ്ചാമത്തേത്
അദ്ധ്യായങ്ങൾ
പദ്യങ്ങൾ
പേരിനു പിന്നിൽ കൃഷ്ണദൂത് വർണ്ണിച്ചിരിക്കുന്നതിനാൽ
പ്രധാന അദ്ധ്യായങ്ങൾ കീചകവധം

മഹാഭാരത ഗ്രന്ഥത്തിലെ അഞ്ചാമത്തെ അദ്ധ്യായമാണ് ഉദ്യോഗപർവ്വം[1]. പ്രന്ത്രണ്ട് വർഷങ്ങൾ നീണ്ട വനവാസത്തിനും ഒരു വർഷത്തെ അഞ്ജാതവാസത്തിനുശേഷം പാണ്ഡവർ കൗരവസഭയിൽ പാതി രാജ്യം അവകാശപ്പെട്ടെങ്കിലും ലഭിക്കാതെ വന്നപ്പോൾ പാണ്ഡവർക്ക് നീതിലഭിക്കാനായി പലരും കൗരവസഭയിൽ കുരുരാജാവായ ധൃതരാഷ്ട്രരെ കണ്ട് അപേക്ഷിച്ചു. ആ സംഭവങ്ങൾ വർണ്ണിച്ചിരിക്കുന്നത് ഈ അദ്ധ്യായത്തിലാണ്.

വ്യാസോപദേശം

[തിരുത്തുക]

കൗരവർ പാണ്ഡവർക്ക് അവകാശപ്പെട്ട പാതിരാജ്യം തിരിച്ചു നൽകാത്തതു മനസ്സിലാക്കി രാജമാതാവ് സത്യവതി തന്റെ പുത്രൻ വേദവ്യാസമഹർഷിയെ ഹസ്തിനപുരിയിൽ വിളിച്ചു വരുത്തി, മഹാരാജാവായ ധൃതരാഷ്ട്രരോട് ഉപദേശിക്കുവാൻ നിർദ്ദേശിച്ചു. തുടർന്ന് വ്യാസമഹർഷി ധൃതരാഷ്ട്രരെയും, ദുര്യോധനനെയും വിളിച്ചുവരുത്തി പാണ്ഡവർക്ക് അവകാശപ്പെട്ട അർദ്ധരാജ്യം നൽകാൻ കർശന നിർദ്ദേസം നൽകി. ദുര്യോധനന്റെ പിടിവാശിയിൽ മഹാരാജാവായ ധൃതരാഷ്ട്രർക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. തനിക്ക് തനിച്ചൊന്നും ചെയ്യാൻ പറ്റുമായിരുന്നില്ലയെന്ന് അദ്ദേഹം വ്യാസനെ അറിയിച്ചു. അതു കൂടാതെ പിതാമഹനായ ഭീഷ്മർ പലതവണ ധൃതരാഷ്ട്രരെ ഉപദേശിച്ചിരുന്നു, എങ്കിലും അർദ്ധരാജ്യം നൽകാൻ അദ്ദേഹവും കൗരവരും തയ്യാറായില്ല.

സഞ്ജയദൂത്

[തിരുത്തുക]

കൗരവർ ഇതിനോടകം സഞ്ജയനെ ദൂതനായി ഉപപ്ലാവ്യത്തിലേക്ക് അയച്ച് യുധിഷ്ഠിരനെ കണ്ട് തങ്ങളുടെ സന്ദേശം അറിയിപ്പിച്ചു. ദുര്യോധനനാണ് ദൂതനായി സഞ്ജയനെ അയച്ചെങ്കിലും, ധൃതരാഷ്ട്രർ അയച്ചതാണെന്നു പറയാൻ ആവശ്യപ്പെട്ടിരുന്നു. പാണ്ഡവർക്ക് അർദ്ധരാജ്യം നൽകാനാവില്ല എന്നുള്ള വിവരം സഞ്ജയൻ യുധിഷ്ഠിരനെ അറിയിച്ചു. അപ്രിയ കാര്യം ചെയ്ത സങ്കടത്തിൽ തിരിച്ച് ഹസ്തിനപുരിയിൽ എത്തിയ സഞ്ജയൻ മഹാരാജാവിനെ നേരിട്ട് കണ്ട് യുദ്ധം മൂലമുണ്ടാവുന്ന കൗരവരുടെ തകർച്ചയെ മുൻകൂട്ടി ബോധിപ്പിച്ചു.[2].

വിദുരനീതി

[തിരുത്തുക]

സഞ്ജയ ഉപദേശത്തെ തുടർന്ന് ദുഃഖിതനായ ധൃതരാഷ്ട്രർ അന്നു രാത്രിതന്നെ വിദുരരെ വിളിപ്പിച്ചു. പ്രസിദ്ധമായ വിദുരനീതി മഹാഭാരതത്തിൽ വർണ്ണിക്കുന്നത് ഈ സന്ദർഭത്തിലാണ്. വിദുരർ ജ്യേഷ്ഠനായ ധൃതരാഷ്ട്രരെ ആപത്തിൽ നിന്നു രക്ഷിക്കാനായി കൗരവരുടെ അസാന്നിധ്യത്തിൽ ധർമ്മാധർമ്മങ്ങൾ ഉപദേശിച്ചു. പലകഥകളും ഉദാഹരണമായി പറഞ്ഞ് കൂടുതൽ വിശ്വാസ്യത കിട്ടത്തക്കരീതിയിൽ ഉപദേശിച്ചിട്ടും, പുത്രവാത്സല്യം നിമിത്തം ധൃതരാഷ്ട്രർക്ക് അതൊന്നും സ്വീകരിക്കാൻ കഴിയുമായിരുന്നില്ല[3].

സനൽകുമാരോപദേശം

[തിരുത്തുക]

പാണ്ഡവർക്കുവേണ്ടി മഹാതപസ്വിയായ സനൽകുമാരമഹർഷിയും ദുര്യോധനനെ ഉപദേശിച്ചു. മഹായുദ്ധം തടയാൻ ഇങ്ങനെ പലരും അഭ്യർത്ഥന നടത്തിയിട്ടും കൗരവർക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല.

കൃഷ്ണദൂത്

[തിരുത്തുക]
കൃഷ്ണൻ കൗരവ സഭയിൽ (രാജാരവിവർമ്മ ചിത്രം)

കൗരവ സഭയിൽ പലർ എത്തി സന്ധി സംഭാഷണങ്ങൾ പാണ്ഡവർക്കനുകൂലമായി നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അവസാനം പാണ്ഡവർക്കുവേണ്ടി കൃഷ്ണൻ തന്നെ ദൂതനായി കൗരവസഭയിൽ എത്തി. യുധിഷ്ഠിരനാണ് കൃഷ്ണനെ ദൂതനായി അയക്കാൻ അഭ്യർത്ഥിച്ചത്. കൃഷ്ണൻ ദൂതനായി കൗരവസഭയിൽ വരുന്നത് മുൻകൂട്ടി അറിഞ്ഞ ശകുനിയും, ദുര്യോധനനും ചേർന്ന് ശന്തനു മഹാരാജാവിന്റെ സിംഹാസനം കൃഷ്ണനുവേണ്ടി സഭയിൽ സജ്ജമാക്കി. (സിംഹാസനത്തിന്റെ ശാപം: അയോഗ്യനായ ആരതിലിരുന്നാലും അവന്റെ തല പൊട്ടിച്ചിതറുമെന്ന് ശന്തനു മഹാരാജാവിന്റെ ശാപം ആ സിംഹാസനത്തിനുണ്ടായിരുന്നു. ശന്തനുവിനുശേഷം ശാപത്തെ പേടിച്ച് അതിൽ ആരും ഇരുന്നിട്ടില്ല) കൃഷ്ണൻ സിംഹാസനത്തിലിരുന്നെങ്കിലും അദ്ദേഹത്തിനു കുഴപ്പമൊന്നും സംഭവിച്ചില്ല. അർദ്ധരാജ്യം നൽകില്ലയെന്നു തീർത്തു പറഞ്ഞ കൗരവസഭയിൽ കൃഷ്ണൻ പാണ്ഡവർക്കായി അഞ്ചു ചെറിയ രാജ്യങ്ങളൊ, അല്ലെങ്കിൽ അഞ്ചു ദേശങ്ങളൊ, അതുമല്ലെങ്കിൽ അഞ്ചു ഗൃഹങ്ങളൊ, അവസാനം ഇവർക്ക് അഞ്ചുപേർക്കുമായി താമസിക്കാൻ ഒരു ഗൃഹം എങ്കിലും കൊടുക്കണം എന്ന് അപേക്ഷിച്ചു. പക്ഷേ ധൃതരാഷ്ട്രരോ, ദുര്യോധനനൊ ഒന്നിനും തയ്യാറാവാത്തതിനാൽ കൃഷ്ണദൂത് പരാജയമായിരുന്നു.

യുദ്ധസന്നാഹം

[തിരുത്തുക]

ഭഗവത്ദൂത് പരാജയമായതിനെ തുടർന്ന് പാണ്ഡവ-കൗരവയുദ്ധം തീരുമാനിക്കപ്പെട്ടു. ധർമ്മപുത്രരും, ദുര്യോധനനും തങ്ങളുടെ സുഹൃത്ത്-ബന്ധുരാജ്യങ്ങളിലേക്ക് ദൂതന്മാരെ അയച്ച് സഹായം അഭ്യർത്ഥിച്ചു. രാജ്യം ഭരിക്കുന്ന രാജാവിന്റെ പുത്രനായ ദുര്യോധനനുവേണ്ടി കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ സേനയെ അയച്ചു കൊടുത്തു. [4] പാണ്ഡവർ പക്ഷത്ത് വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, എന്നീരാജ്യങ്ങളും, കൗരവപക്ഷത്ത് ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, വാൽഹികം എന്നീ രാജ്യങ്ങളും യുദ്ധം ചെയ്യാമെന്നു സമ്മതിച്ചു.

കേകേയം, ദ്വാരക, മഥുര, വിദർഭ, മഗധ രാജ്യങ്ങൾ രണ്ടു കൂട്ടരോടും ശത്രുതയില്ലാതെ യുദ്ധത്തിൽ പങ്കെടുത്തു. കേകേയ സൈന്യം :രണ്ടു കൂട്ടത്തിലും യുദ്ധം ചെയ്തു; ദ്വാരക സൈന്യം :കൃതവർമ്മാവിന്റെ നേതൃത്വത്തിൽ ഒരു സൈന്യവ്യൂഹം കൗരവപക്ഷത്തും, ഭഗവാൻ കൃഷ്ണൻ പാണ്ഡവ പക്ഷത്തും, മറ്റു ചിലർ നിഷ്പക്ഷമായും നിന്നു; മഥുര സൈന്യം :ഉഗ്രസേന നിർദ്ദേശത്താൽ പ്രധാന സൈന്യവ്യൂഹം പാണ്ഡവപക്ഷത്തും കുറച്ചുപേർ കൃതവർമ്മാവിനൊപ്പവും യുദ്ധം ചെയ്തു. വിദർഭ സൈന്യം :രുക്മിണിയുടെ സഹോദരനായ രുഗ്മി രാജകുമാരൻ ഒരു സൈന്യവ്യൂഹവുമായി കൗരവപക്ഷത്തും പിതാവായ വിദർഭൻ തന്റെ സൈന്യത്തിന്റെ പ്രധാന ഭാഗത്തെ പാണ്ഡവർക്കായി അയച്ചു കൊടുത്തു. മഗധ സൈന്യം :ജരാസന്ധന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രന്മാർ പാണ്ഡവരുമായി സൗഖ്യമായിരുന്നു. മഗധ രാജകുമാരൻ തന്റെ കീഴിലുള്ള സൈന്യവുമായി പാണ്ഡവപക്ഷത്തു ചേർന്നു യുദ്ധം ചെയ്തു. ജരാസന്ധന്റെ പുത്രിമാർ വിവാഹം ചെയ്തിരുന്നത് കംസനെയായിരുന്നു. അതിനാൽ അവരുടെ ബന്ധുജനങ്ങൾ കൗരവപക്ഷത്തും ചേർന്നു യുദ്ധത്തിൽ ഏർപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
  2. സി. രാജഗോപാലാചാരിയുടെ മഹാഭാരതം; "54-സഞ്ജയ മിഷൻ (സഞ്ജയദൂത്)"
  3. വിദുര നീതി : ആംഗലേയ പരിഭാഷ -- കിസാരി മോഹൻ ഗാംഗുലി
  4. http://www.mahabharataonline.com/rajaji/mahabharata_summary_61.php
"https://ml.wikipedia.org/w/index.php?title=ഉദ്യോഗപർവ്വം&oldid=2281082" എന്ന താളിൽനിന്ന് ശേഖരിച്ചത്