പംപഭാരതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏ ഡി 902 -ൽ ആന്ധ്രാ ദേശത്തു ജനിച്ച മഹാകവിയായ പംപൻ ആണ് പംപഭാരതത്തിന്റെ രചയിതാവ് . വ്യാസഭാരതത്തിന്റെ ചുവടുപിടിച്ചെഴുതിയ ഈ കൃതിയുടെ യഥാർത്ഥ നാമം വിക്രമാർജ്ജുന വിജയം എന്നാണ് .ഇതിലെ അദ്ധ്യായങ്ങളുടെ എണ്ണം പതിനാലാണ് . പ്രശസ്തമായൊരു ചമ്പുകാവ്യമായാണ് ഇതിന്റെ രചന . ഹസ്തിനപുരത്തിന്റെ സ്ഥാനം വെങ്കി ദേശത്തിനു കൊടുത്തിരിക്കുന്നു .വെങ്കി ദേശം അഥവാ വെങ്കിപ്പഴു ലോകത്തിലെ ഏറ്റവും സുന്ദരവും ശക്തവുമായ ദേശമായി പംപാകവി വർണ്ണിക്കുന്നു . അവിടത്തെ രാജാവായ അരികേസരി രണ്ടാമൻ ലോകത്തിൽ സമാനതകളില്ലാത്ത രാജാവത്രേ . അതുപോലെ മതങ്ങളിൽ ഉത്തമം ജൈന മതമാണെന്നും ജൈന ബ്രാഹ്മണൻ ലോകത്തിലെ മനുഷ്യരിൽ ശ്രഷ്ഠനാണെന്നും വർണ്ണനയുണ്ട് .കന്നഡയിലെ ആദികവിയായി പംപാകവിയെ കാണുന്നു . മഹാഭാരതത്തിന്റെ കന്നഡയിലെ ആദികാല വിവർത്തനമാണ് പംപഭാരതമെന്നു പറയാമെങ്കിലും വാസ്തവത്തിൽ വ്യാസഭാരതവുമായി ഒരുപാടൊരുപാട് വ്യത്യാസമുണ്ടിതിന് .

രചന[തിരുത്തുക]

അർജ്ജുനന്റെ മഹത്ത്വങ്ങൾ കൊണ്ട് നിറച്ചിരിക്കുന്ന ഈ ഭാരതകൃതി കന്നഡ ഭാഷയിലാണ് രചിച്ചിരിക്കുന്നത്. മഹാകവി പംപന്റെ രണ്ടാമത്തെ കൃതിയാണിത് . അതുല്യ പരാക്രമിയായ മധ്യമപാണ്ഡവനായ അർജ്ജുനനെ കേന്ദ്രീകരിച്ചു വിക്രമാർജ്ജുനവിജയം എന്ന പേരിൽ ഭാരതകഥ ആഖ്യാനം ചെയ്തിരിക്കുന്നതാണ് പംപഭാരതം . കവിയുടെ ആശ്രയദാതാവായ അരികേസരി രണ്ടാമൻ രാജാവിനെ അർജ്ജുനനുമായി സമീകരിച്ചിരിക്കുന്നു . അരികേസരി രണ്ടാമൻ അത്യന്തം ശൂരനും പരാക്രമിയുമായിരുന്നു . ഇദ്ദേഹത്തിന്റെ കഥ വേമൂലവാഡയിലെ 927-ലെ ശിലാശാസനത്തിൽ പറഞ്ഞിരിക്കുന്നു . അരികേസരി രണ്ടാമന്റെ പൗത്രനായ അരികേസരി മൂന്നാമന്റെ പരഭരണി ശാസനത്തിൽ (AD 966) നിന്നും പംപന്റെ ഇളയ സഹോദരൻ ജിനവല്ലഭന്റെ ഗംഗാധര ശാസനത്തിൽ നിന്നും അരികേസരി രണ്ടാമനെപ്പറ്റി കൂടുതൽ വ്യക്തമാകും . ഈ അരികേസരി രണ്ടാമനാണ് അരികേസരി എന്ന അർജ്ജുനനായി പംപാകവി ചിത്രീകരിച്ചിരിക്കുന്നത് . അരികേസരി ചെറുപ്പം മുതലേ പല യുദ്ധങ്ങളിലും പങ്കെടുത്തു വിജയിച്ച പോരാളിയായിരുന്നു . അരികേസരി രാഷ്ട്രകൂട ചക്രവർത്തിയായ ഗോവിന്ദരാജനെ എതിർത്തു സാമന്തനായ വിനയാദിത്യന്‌ ആശ്രയമേകുകയും സംഘടിതമായ ശ്രമത്തിലൂടെ ദുർമ്മാർഗ്ഗിയായ ഗോവിന്ദരാജനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു . ആ സിംഹാസനത്തിൽ രാഷ്ട്രകൂടരിൽ പ്രസിദ്ധനായ കൃഷ്ണൻ മൂന്നാമനെ അവരോധിച്ചു .

പംപാകവിയും പംപഭാരതവും[തിരുത്തുക]

വീരനായ അരികേസരിയെ ഉറ്റ ചങ്ങാതിയാക്കിയ പംപാകവി , ഒരു കവിയെന്നതിലുപരി നല്ലൊരു ആയുധാഭ്യാസിയുമായിരുന്നു . അരികേസരിയോട് സൗഹൃദത്തിനുമുപരിയായി ഒരുതരം ആരാധനയായിരുന്നു പംപന്. അതുകൊണ്ടാണ് അരികേസരിയെ അർജ്ജുനനായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നത് . കുരുക്ഷേത്രയുദ്ധഭൂമിയിൽ യുദ്ധം പൊടിപൊടിക്കുന്ന കാലത്ത് ധർമ്മപുത്രർ കർണ്ണന്റെ ബാണത്താൽ മുറിവേറ്റ് അവശനായി കൂടാരത്തിലേക്കു തിരിച്ചു പോവുകയുണ്ടായല്ലോ . ആ സമയത്തു അവിടെ കയറിവന്ന അർജ്ജുനനോട് ധർമ്മപുത്രർ കയർക്കുന്നുണ്ട് . അപ്പോൾ അർജ്ജുനൻ കൊടുക്കുന്ന മറുപടിയെ പംപാകവി സ്വന്തം വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു . " നരസിംഹ രാജാവിന്റെ പുത്രനായിപ്പിറന്ന് ജാക്കമ്മയുടെ മകനായി ജീവിച്ച അരികേസരിയെന്നു പ്രശസ്തനായ എന്നോട് തുല്യനായി ആരുണ്ട് ? " . ഇതിൽ നിന്നും അർജ്ജുനനെയും അരികേസരിയേയും എത്രമാത്രം സമീകരിച്ചിരിക്കുന്നുവെന്നു നോക്കുക . അരികേസരിയുടെ മാതാവ് ജാക്കമ്മയായിരുന്നു .

പംപ ഭാരതത്തിൽ അവസാനം രാജാവായ യുധിഷ്ഠിരൻ അർജ്ജുനനെ രാജാവായി വാഴിക്കുന്നുണ്ട് . എന്നാൽ വ്യാസഭാരതം ഇതിനെ ശെരി വയ്ക്കുന്നില്ല . അരികേസരി രാജാവിനെ പ്രതീകവൽക്കരിക്കാനായി പംപഭാരതം രചിച്ചപ്പോൾ അതിൽ അർജ്ജുനന്റെ സ്ഥാനത്താണ് അരികേസരിയെ അവരോധിച്ചതു . അതുകൊണ്ടാണ് അർജ്ജുനനെ പംപാകവി രാജാവാക്കിയത് . അരികേസരിയായ അർജ്ജുനന്റെ മഹത്ത്വങ്ങളെ പംപാകവി അറുപതോളം ശ്ളോകങ്ങളിൽ വർണ്ണിക്കുന്നുണ്ട് . ഉദാത്ത നാരായണൻ , പ്രചണ്ഡ മാർത്താണ്ഡൻ , അകളങ്ക രാമൻ , വിദ്വിഷ്ഠ വിദ്രാവണൻ , ഗജാഗമ രജപുത്രൻ തുടങ്ങിയ ഇവയിൽ ചിലതാണ് . ഇവയൊക്കെ 900 ഏ ഡി യിൽ ജീവിച്ചിരുന്ന അരികേസരി മന്നന്റെ വിളിപ്പേരുകളായിരുന്നു .

വാസ്തവത്തിൽ പംപഭാരതം ഒരു മഹാഭാരത വിവർത്തനമേയല്ല . മറിച്ച് , അരികേസരി രാജാവിന്റെ കൊട്ടാരത്തിലെ ആസ്ഥാനകവിയായ പംപൻ രാജാവിനെ പ്രകീർത്തിക്കാനായി എഴുതിയ ഒരു കൃതിയാണ് . വ്യാസഭാരതത്തെ തന്നിഷ്ടം പോലെ വളച്ചൊടിക്കാൻ ആർക്കും അധികാരമില്ല . പക്ഷെ , അക്കാലത്തെ അതിപ്രസിദ്ധനായ രാഷ്ട്രകൂട രാജാവിന്റെ അടുത്ത ആളായിരുന്ന പമ്പാകവിക്ക്‌ അതിനു സാധിച്ചത് അധികാരബലം വച്ചും എതിർത്തു ചോദിക്കാൻ ആരുമില്ലാത്തതു കൊണ്ടുമാണ് . കർണ്ണനെക്കുറിച്ചും പംപഭാരതത്തിൽ ശക്തമായ വർണ്ണനയുണ്ട് . അർജ്ജുനനെക്കാളും ശ്രേഷ്ഠനായും , ദിവ്യാസ്ത്രങ്ങൾ ഉപയോഗിക്കാതെ തന്നെ അർജ്ജുനനോട് യുദ്ധം ചെയ്ത വീരനായും കർണ്ണനെ പറഞ്ഞിരിക്കുന്നു . മാതാവായ കുന്തിക്ക് നൽകിയ വാഗ്ദാനം കൊണ്ടാണ് കർണ്ണൻ ദിവ്യാസ്ത്രങ്ങൾ ഉപയോഗിക്കാത്തത് . വിനയകാസ്ത്രം കൊണ്ട് വൃഷസേനനെ അർജ്ജുനൻ എയ്തതായും , അവനെ മരണത്തിനു വിട്ടുകൊടുക്കാതെ അപ്സരസ്സുകൾ സ്വർഗ്ഗത്തേക്കു കൊണ്ടുപോയതായും പംപഭാരതത്തിൽ പറഞ്ഞിരിക്കുന്നു . ദുര്യോധനനെ അതീവ ദുഷ്ടനായും , എന്നാൽ ദുശ്ശാസ്സനനെ കുറെയൊക്കെ നല്ലവനായും പറഞ്ഞിരിക്കുന്നു .

രാഷ്ട്രകൂടരൊഴിച്ച് മറ്റുള്ളവരെല്ലാം അരികേസരിയെ വലിയൊരു അക്രമിയും , അഹന്ത നിറഞ്ഞ ഭരണാധികാരിയുമായി കണ്ടിരുന്നു . പംപാകവി അതെല്ലാം ഒഴിവാക്കി അദ്ദേഹത്തിൻറെ നല്ലവശങ്ങൾ മാത്രമാണ് എഴുതിയിരിക്കുന്നത് . യുദ്ധത്തിനിടയിൽ പറ്റിയ മുറിവേറ്റ ശരീരവുമായി ജീവിച്ചു വളരെയധികം യാതനയനുഭവിച്ചാണ് അരികേസരി മരിച്ചത് . ആ സമയത്തെല്ലാം പംപാകവി അദ്ദേഹത്തിൻറെ കൂടെയുണ്ടായിരുന്നു . ബ്രാഹ്മണനായി ജനിച്ച പംപാകവി പിന്നീട് ജൈന മതം സ്വീകരിച്ച് ജിനബ്രാഹ്മണനായി . ജൈനൻ സർവ്വ മതക്കാരിലും ശ്രേഷ്ഠനാണെന്നു പറയപ്പെടുന്നു .

പംപാകവിയെ അരികേസരി രാജാവ് വന്നു ബഹുമാനിച്ചു കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി . അവിടെ അദ്ദേഹം പവിത്രമായ ഒരു ആസനം നൽകി പമ്പനെ ബഹുമാനിച്ചു . രാജാവിനോടൊപ്പം ഇരുന്നു പംപനും രാജ്യകാര്യങ്ങൾ നോക്കിയിരുന്നു . പംപഭാരതത്തിൽ അരികേസരി രണ്ടാമനെ അർജ്ജുനനുമായി സമീകരിച്ചു വളരെയേറെ പുകഴ്ത്തി എഴുതിയതിനാൽ രാജാവ് വളരെയേറെ പ്രീതനായി പമ്പനു വിശിഷ്‌ടമായ പല വസ്തുവകകളും സമ്പത്തും നൽകിയാദരിച്ചു . അതുകൊണ്ടു പംപാകവി പംപഭാരതത്തിൽ രാജാവിനെ വീണ്ടും പുകഴ്ത്തി ലോകൈക കല്പദ്രുമൻ എന്ന ഒരു വാചകം കൂടി എഴുതിച്ചേർത്തു . തുല്യതയില്ലാത്ത ദാനം കൊണ്ട് ശോഭിക്കുന്നവൻ എന്നാണു അതിന്റെ അർത്ഥം .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പംപഭാരതം&oldid=2846804" എന്ന താളിൽനിന്ന് ശേഖരിച്ചത്