Jump to content

സത്യവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശന്തനുവും സത്യവതിയും - രാജാരവിവർമ്മയുടെ ചിത്രത്തിൽ

മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളും ചന്ദ്രവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്ന ശന്തനുവിന്റെ പത്നിയും ആയിരുന്നു സത്യവതി. മുക്കുവനും ഗംഗാനദിയിലെ കടത്തുകാരനുമായിരുന്നു സത്യവതിയുടെ വളർത്തുപിതാവ്. ശന്തനു മഹാരാജാവിന്റെ ആദ്യ പത്നി ഗംഗാദേവി ആയിരുന്നു. സത്യവതിയിൽ ശന്തനുവിനു ജനിച്ച പുത്രന്മാരാണ് ചിത്രാംഗദനും, വിചിത്രവീര്യനും.

ജനനം[തിരുത്തുക]

ചേദി രാജാവായ ഉപരിചരവസുവിനു അദ്രികയെന്ന അപ്സര വനിതയിൽ ജനിച്ച രണ്ടു മക്കളിൽ ഇളയ പുത്രിയാണ് സത്യവതി. ഉപരിചരവസുവിന്റെ പത്നിയുടെ പേർ ഗിരിക  എന്നായിരുന്നു. അദ്രിക ബ്രഹ്മാവിന്റെ ശാപത്താൽ മത്സ്യമായി നദിയിൽ കഴിയുന്ന കാലഘട്ടത്തിലാണ് ഉപരിചരവസുവിന്റെ മക്കളെ ഗർഭം ധരിക്കുന്നത്. മത്സ്യത്തെ മുക്കുവർ പിടിക്കുകയും അതിനുള്ളിലുണ്ടായിരുന്ന ആൺകുട്ടിയെ മക്കൾ ഇല്ലാതിരുന്ന ഉപരിചരരാജാവിനു കൊടുക്കുകയും ഇളയ പുത്രിയെ മുക്കുവർ തന്നെ വളർത്തുകയും ചെയ്തു. പുത്രിക്ക് സത്യവതിയെന്നു നാമകരണം നടത്തിയിരുന്നെങ്കിലും അവൾക്ക് മത്സ്യ-ഗന്ധമുള്ളതിനാൽ മത്സ്യഗന്ധി എന്നവൾ അറിയപ്പെട്ടു. രാജാവ് വളർത്തിയ പുത്രൻ മാത്സ്യൻ എന്നറിയപ്പെട്ടു. അവൾക്ക് സത്യവതിയെന്ന പേർകൂടാതെ കാളി എന്ന് വേറൊരു പേരുകൂടിയുണ്ടായിരുന്നു. [1]

പരാശരമഹർഷി[തിരുത്തുക]

വളർത്തച്ഛനായ മുക്കുവൻ ഒരു തോണിക്കാരനായിരുന്നതിനാൽ, യാത്രക്കാരെ തോണിയിൽ കയറ്റി ഗംഗാനദിയുടെ പോഷകനദിയായ കാളിന്ദീനദി കടത്തുന്നതിൽ കാളിയും അച്ഛനെ സഹായിച്ചിരുന്നു. ഒരിക്കൽ പരാശരൻ എന്ന മഹർഷി കാളിന്ദീ നദിയിലൂടെ കടത്തുകടക്കാൻ അതുവഴി വന്നു. അദ്ദേഹത്തെ തോണിയിൽ കയറ്റി അക്കരെ കടത്തിയത്‌ കാളിയായിരുന്നു. അദ്രികയെന്ന അപ്‌സരസ്സിന്റെ പുത്രിയായതിനാലാവാം സത്യവതിയുടെ സൗന്ദര്യത്തിൽ പരാശരന്‌ അനുരാഗമുണ്ടാവുകയും, അദ്ദേഹം അവളോട്‌ പ്രേമാഭ്യർത്ഥന നടത്തുകയും ചെയ്തു. അവൾ പലതും പറഞ്ഞ്‌ മുനിയെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും, പരാശരൻ കൃത്രിമമായ ഒരു മൂടൽമഞ്ഞ്‌ സൃഷ്‌ടിച്ച് അതിനുള്ളിൽവച്ച്‌ അവളെ പരിഗ്രഹിക്കുകയും, കാളി ഗർഭിണിയായി ഉടൻതന്നെ പ്രസവിക്കുകയും ചെയ്‌തു. തന്റെ ഇംഗിതം സാധിപ്പിച്ചതിന്റെ പാരിതോഷികമായി മുനി രണ്ടു വരങ്ങൾ കൊടുത്തു. അവളുടെ കന്യാകത്വം നഷ്‌ടപ്പെടില്ലയെന്നും, അവളുടെ മത്സ്യഗന്ധം മാറി പകരം കസ്തൂരിഗന്ധപരിമളം മണക്കുമെന്നുമായിരുന്നവ. [2]

വേദവ്യാസ ജനനം[തിരുത്തുക]

സത്യവതിയ്ക്ക് പരാശരമഹർഷിയിൽ ഉണ്ടായ പുത്രനാണ് ദ്വൈപായനൻ (സാക്ഷാൽ വേദവ്യാസമഹർഷി). അദ്ദേഹം മഹാവിഷ്‌ണുവിന്റെ അംശാവതാരമാകയാൽ അദ്ദേഹത്തിനു കൃഷ്ണ-ദ്വൈപായനനെന്നും പേരുണ്ടായി. വേദങ്ങളെ നാലായി പകുത്തു, വേദങ്ങളെ പകുത്തതു കൊണ്ടാണ് വേദവ്യാസൻ എന്ന പേരു കിട്ടി. വേദവ്യാസൻ ജനിച്ചയുടൻ തന്നെ യുവാവായി തീരുകയും, അമ്മയായ സത്യവതി എപ്പോൾ ആവശ്യപ്പെടുമോ അപ്പോൾ അടുത്തെത്തും, എന്നു അറിയിച്ച് കാട്ടിൽ ധ്യാനത്തിനായി പോവുകയും ചെയ്തു. [3]

ശന്തനുവുമായുള്ള വിവാഹം[തിരുത്തുക]

ശന്തനു

കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ് ശന്തനു മഹാരാജാവ് അവിടെ വരുന്നതും അവളിൽ അനുരക്തനായതും. പ്രണയാന്ധനായ രാജാവ് പിതാവായ മുക്കുവരാജനെ സമീപിച്ച് തന്റെ അഭീഷ്ടം അറിയിക്കുന്നു. തന്റെ മകളുടെ മക്കൾക്ക് രാജ്യാവകാശം കിട്ടുമെങ്കിൽ മാത്രമേ വിവാഹത്തിന് മുക്കുവരാജൻ സമ്മതം നൽകുന്നുള്ളു. അതിൽ തൃപ്തനാവാതെ വിവാഹം വേണ്ടെന്നു വെച്ച് കൊട്ടാരത്തിൽ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സിൽ നിന്നും സത്യവതിയുടെ രൂപം മാറുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം മനസ്സിലാക്കിയ ദേവവ്രതൻ (ഗംഗാദേവിയിൽ ജനിച്ച മൂത്ത പുത്രൻ) തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രൻ രാജ്യം ഭരിച്ചോട്ടെയെന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമാകാതെ വരുമ്പോൾ മഹത്തായ ഒരു ശപഥം അവിടെ വച്ച് ചെയ്യുകയും താൻ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന് സത്യം ചെയ്യുകയും ചെയ്തു. അതുകേട്ട് ദേവകൾ പുഷ്പവൃഷ്ടി നടത്തി ‘ ഭീഷ്മർ ’ എന്ന നാമത്തിൽ വാഴ്ത്തിയത്രെ. ശന്തനു മഹാരാജാവ് മകന്റെ ത്യാഗത്തിൽ പ്രസാദിച്ച്, ദേവവ്രതനു സ്വച്ഛന്ദമൃത്യു എന്ന വരം നല്കി അനുഗ്രഹിച്ചു. തുടർന്ന് ശന്തനുവും സത്യവതിയുമായി വിവാഹം നടത്തി.[4]

പുത്രന്മാർ[തിരുത്തുക]

സത്യവതിക്ക് ശന്തനു മഹാരാജാവിൽ നിന്നും രണ്ടു പുത്രന്മാരുണ്ടായി. ചിത്രാംഗദനും 'വിചിത്രവീര്യനും. മഹാഭാരതത്തിൽ, ശന്തനുവിന്റെയും സത്യവതിയുടെയും ഏറ്റവും ഇളയ പുത്രനായിരുന്നു വിചിത്രവീര്യൻ. ശന്തനുവിന്റെ മരണശേഷം വിചിത്രവിര്യന്റെ ജ്യേഷ്ഠസഹോദരനായിരുന്ന ചിത്രാംഗദൻ ഹസ്തിനപുരിയുടെ ഭരണം ഏറ്റെടുത്തു. ഒരിക്കൽ തന്റെ അതേ പേരുള്ള ഒരു ഗന്ധർവ്വനും ആയുള്ള യുദ്ധത്തിൽ ചിത്രാംഗദൻ കൊല്ലപ്പെട്ടു. കുട്ടികൾ ഇല്ലാതിരുന്ന ചിത്രാംഗദന്റെ മരണശേഷം രാജ്യഭാരം വിചിത്രവീര്യന്റെ ചുമലിലായി. രാജാവാകുമ്പോൾ ബാലകനായിരുന്നു വിചിത്രവീര്യൻ. അതുകൊണ്ട് ഭീഷ്മർ ആയിരുന്നു അദ്ദേഹത്തിനുവേണ്ടി ഭരണം നടത്തിയിരുന്നത്. വിചിത്രവീര്യൻ വലുതായപ്പോൾ ഭീഷ്മർ അദ്ദേഹത്തിനു അനുയോജ്യയായ വധുവിനെ അന്വേഷിക്കാൻ തുടങ്ങി. കാശിയിലെ രാജാവ് തന്റെ മൂന്ന് പെൺമക്കൾക്കായി സ്വയം‌വരം നടത്തുന്നതായി ഭീഷ്മർ അറിഞ്ഞു. വിചിത്രവീര്യൻ നന്നേ ചെറുപ്പമായിരുന്നതിനാൽ അദ്ദേഹം സ്വയം‌വരം വിജയിച്ചില്ലെങ്കിലോ എന്ന് കരുതി ഭീഷ്മർ തന്നെ സ്വയം‌വരത്തിൽ പങ്കെടുക്കുകയും കാശി മഹാരാജാവിന്റെ പെൺമക്കളായ അംബ,അംബിക,അംബാലിക എന്നിവരെ തന്റെ രാജ്യത്തേയ്ക്ക് തട്ടിക്കൊണ്ട് വരികയും ചെയ്തു. എന്നാൽ ഇവരിൽ അംബ താൻ സ്നേഹിച്ചിരുന്ന സാല്വനെ വിവാഹം കഴിക്കാനാണ് താത്പര്യം കാണിച്ചത്. തുടർന്ന് വിചിത്രവീര്യൻ അംബികയേയും അംബാലികയേയും വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് അധികകാലം കഴിയുന്നതിനുമുൻപ് ക്ഷയരോഗം ബാധിച്ച് വിചിത്രവീര്യൻ നാടുനീങ്ങി. മരണസമയത്ത് വിചിത്രവീര്യന് മക്കൾ ഉണ്ടായിട്ടില്ലാതിരുന്നതിനാൽ രാജ്യത്തിന് കിരീടാവകാശി ഇല്ലാതെയായി. തുടർന്ന് വിചിത്രവീര്യന്റെ മാതാവ് സത്യവതി ഭീഷ്മരോട് അംബികയേയും അംബാലികയേയും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബ്രഹ്മചാരി ആയ ഭീഷ്മർ അതിനു തയ്യാറായില്ല. സത്യവതിയുടെ പുത്രനായ വേദവ്യാസനെക്കൊണ്ട് ഇവരെ വിവാഹം കഴിക്കാൻ ഭീഷ്മർ ആവശ്യപ്പെട്ടു. സത്യവതിയുടെ അപേക്ഷപ്രകാരം വിചിത്രവീര്യന്റെ പത്നിമാർക്ക് ഓരോ പുത്രന്മാരെ നല്കാമെന്ന് വ്യാസൻ ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തിൽ സത്യവതി അംബികയെ അദ്ദേഹത്തിന്റെ അടുക്കലേക്ക് അയക്കുകയും പ്രാകൃതരൂപനായ അദ്ദേഹത്തെക്കണ്ട് അംബിക കണ്ണുകൾ അടയ്ക്കുകയും ചെയ്തു. അങ്ങനെ അന്ധനായ പുത്രനെ സമ്പാദിക്കുകയും ചെയ്തു. വ്യാസനിൽ അംബികയ്ക്ക് ജനിച്ച പുത്രനാണ്ധൃതരാഷ്ട്രർ. അംബികയെ പോലെ അംബാലികയും വ്യാസനെ സമീപിച്ചു. എന്നാൽ വ്യസനെ കണ്ട് വിളറിവെളുത്തുപോയി. മുഖത്തെ വിളർച്ചയോടെ വ്യാസനെ സമീപിച്ചതിനാൽ ജനിച്ച പുത്രനും പാണ്ഡുപിടിച്ചതായി എന്നു മഹാഭാരതം പറയുന്നു. വ്യാസനിൽ അംബാലികയ്ക്ക് ജനിച്ച പുത്രനാണ് പാണ്ഡു. ഇവരെ കൂടാതെ വ്യാസനെ അംബികയുടെ തോഴിയും സമീപിച്ചിരുന്നു. തോഴി സന്തോഷത്തോടെ വ്യാസനെ സമീപിച്ചതുകൊണ്ട് തോഴിക്ക് വ്യാസനിൽ ജനിച്ച പുത്രനാണ് മഹാനായ വിദുരർ. അദ്ദേഹം ബുദ്ധിമാനും വിവേകിയുമായിരുന്നു.

ഹസ്തിനപുരിയുടെ രാജമാതാവ്[തിരുത്തുക]

സത്യവതി

ഹസ്തിനപുരിയുടെ രാജമാതാവായി മൂന്നു തലമുറകൾ വാഴാൻ സത്യവതിക്കു കഴിഞ്ഞു. മക്കളായ വേദവ്യാസൻ,ചിത്രാംഗതൻ, വിചിത്രവീര്യൻ എന്നിവരുടെ കാലഘട്ടത്തിലും വേദവ്യാസന്റെ മക്കളായ ധൃതരാഷ്ട്രർ, പാണ്ഡു, വിദുരർ എന്നിവരുടെ കാലത്തും തുടർന്ന് പൗത്രപുത്രനായ ധർമ്മപുത്രരുടെ പതിനാറാം വയസ്സുവരെ സത്യവതി ഹസ്തിനപുരിയിൽ രാജമാതാവായി കഴിഞ്ഞു.

വനവാസം[തിരുത്തുക]

അർജ്ജുനന്റെ നാലാം വയസ്സിലാണ് പാണ്ഡു മരിക്കുന്നത്. തന്റെ കൊച്ചു മകന്റെ അകാല നിര്യാണത്തിൽ മനംനൊന്ത് രാജമാതാവായിരുന്ന സത്യവതി അന്തഃപുര ജീവിതം കൂടുതൽ ആഗ്രഹിക്കാതെ മകനായ വ്യാസനെ വരുത്തുകയും, അദ്ദേഹത്തിന്റെ ഉപദേശത്താൽ വാനപ്രസ്ഥം സ്വീകരിക്കാൻ തീരുമാനിച്ചു. സത്യവതി വനവാസത്തിനു പോകുവാൻ തയ്യാറായപ്പോൾ പുത്രനായ വിചിത്രവീര്യന്റെ ഭാര്യമാർ അംബികയും അംബാലികയും കൂടെ കാട്ടിൽ പോകുവാൻ തയ്യാറായി. മൂന്നു രാജമാതാക്കളും വ്യാസനൊപ്പം കാട് പ്രാപിക്കുകയും അവർ കുറേകാലം തപസ്വിനികളെ പോലെ ജീവിച്ച് പരലോകപ്രാപ്തരായി. [5]

അവലംബം[തിരുത്തുക]

  1. മഹാഭാരതം -- മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  2. മഹാഭാരതം -- മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  3. മഹാഭാരതം -- മലയാള വിവർത്തനം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  4. മഹാഭാരതം -- മലയാള വിവർത്തനം, സംഭവ പർവ്വം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
  5. മഹാഭാരതം -- മലയാള വിവർത്തനം, സംഭവ പർവ്വം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
"https://ml.wikipedia.org/w/index.php?title=സത്യവതി&oldid=3947653" എന്ന താളിൽനിന്ന് ശേഖരിച്ചത്