സൗത്രാമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമിതമായ സോമപാനത്തിനുള്ള പ്രായശ്ചിത്തമായിട്ട് ചെയ്യുന്ന യാഗമാണ് സൗത്രാമണി . ശ്രൗതസൂത്രങ്ങൾ പ്രകാരം സൗത്രാമണി ഒരു ഹവിർയാഗമാണ്. ഈ യാഗത്തിലെ പ്രധാന ദേവൻ ഇന്ദ്രനും , പ്രധാന ഹോമവസ്തു സുര എന്ന മദ്യവുമാണ് . ഔഷധവീര്യമുള്ള പലവിധമായ വസ്തുക്കളിട്ടു വാറ്റിയെടുത്ത മദ്യമാണ് സുര. സുത്രാമാവ് എന്നാൽ ഇന്ദ്രനെന്നും സൗത്രാമണി എന്നാൽ "ഇന്ദ്രനെ സംബന്ധിച്ചത്" എന്നുമാണ് അർത്ഥം.

വകഭേദങ്ങൾ[തിരുത്തുക]

സൗത്രാമണി ഒരു സ്വതന്ത്രയാഗമായും രാജസൂയം , അഗ്നിഷ്ടോമം തുടങ്ങിയ യാഗങ്ങളുടെ ഭാഗമായും ചെയ്യുന്നു.

സൗത്രാമണി രണ്ടു തരമുണ്ട് .

  1. ചരകം (അഥവാ ചരകസൗത്രാമണി).
  2. കൗകിലം ( അഥവാ കൗകിലസൗത്രാമണി).

ചരകസൗത്രാമണി[തിരുത്തുക]

കൃഷ്ണയജുര്വേദമനുസരിച്ചാണ് ചരകസൗത്രാമണി ചെയ്യുന്നത് . ഈ യാഗത്തിൽ അശ്വനീദേവതയ്ക്കും സരസ്വതിക്കും സോമനും ഓരോ ആടിനെ വീതം ബലി കൊടുക്കപ്പെടുന്നു . കലിയുഗത്തിൽ മദ്യം നിഷിദ്ധമായതുകൊണ്ട് ആപസ്തംബനും മറ്റുള്ള ശ്രൗതസൂത്രകാരന്മാരും മദ്യത്തിന് പകരമായി പാലുകൊണ്ടു ഹോമം ചെയ്യാമെന്നു വിധിച്ചിട്ടുണ്ട് . എന്നാൽ കൂടുതലും മദ്യമുപയോഗിച്ചു തന്നെയാണിത് ചെയ്യപ്പെടുന്നത് . കാരണം അങ്ങനെയാണ് പാരമ്പര്യ രീതി . മദ്യം വാറ്റുമ്പോൾ അതിൽ സിംഹം , പുലി , ചെന്നായ എന്നിവയുടെ രോമം ചേർക്കുന്നു .പ്രയാജം, അനുയാജം, സംയാജം തുടങ്ങിയ കർമ്മങ്ങളും തുടർന്ന് നടത്തപ്പെടുന്നു . അവഭൃഥേഷ്ടി എന്ന ക്രിയയോടെ ചരകസൗത്രാമണിയാഗം അവസാനിക്കുന്നു .

കൗകിലസൗത്രാമണി[തിരുത്തുക]

കൗകിലത്തിൽ ചരകത്തെ അപേക്ഷിച്ചു ബലിമൃഗങ്ങളുടെ എണ്ണത്തിലും , ദേവതാക്രമത്തിലും വ്യത്യാസമുണ്ട് . ഇന്ദ്രൻ , അശ്വനീദേവകൾ, സരസ്വതി , ഇന്ദ്രവായുക്കൾ , എന്നീ ദേവതകൾക്കായി അഞ്ചു മൃഗങ്ങളെയാണ് ബലി നൽകേണ്ടത് . യാഗത്തിന്റെ നാലാമത്തെ ദിവസമാണ് ഇത്തരത്തിൽ മൃഗങ്ങളെ ബലിയായി നൽകുന്നത് . മൃഗങ്ങളുടെ വപയോടൊപ്പം സുരാമദ്യവും ഹോമിക്കപ്പെടും . മുഞ്ഞപ്പുല്ല് കൊണ്ടുണ്ടാക്കിയ ആസനത്തിലിരിക്കുന്ന യജമാനന്റെ വലതു കാലിനടിയിൽ സ്വർണ്ണവും , ഇടതു കാലിനടിയിൽ വെള്ളിയും വെയ്ക്കണം .ഇങ്ങനെ യജമാനൻ ഇരിക്കുമ്പോൾ 32 വസാഹോമങ്ങൾ ചെയ്യുന്നു .ബാക്കിയുള്ള വസ യജമാനന്റെ ദേഹത്തൊഴിക്കണം .അയാളുടെ മുഖത്തിലൂടെ അത് പുറത്തേക്കൊഴുകുന്നത് വരെ ഒഴിക്കേണ്ടതാണ് . അധ്വര്യൂ പതുക്കെ യജമാനനെ തൊടുകയും , അധ്വര്യൂവിന്റെ അനുയായികളായ ഋത്വിക്കുകള് യജമാനനെ പതുക്കെ ആസനത്തിൽ നിന്നും ഉയർത്തുകയും ചെയ്യുന്നു . കാല്മുട്ടു വരെയും , നാഭി വരെയും , മുഖം വരെയും എന്നീ മൂന്നു തലങ്ങളിലായി ക്രമപ്രകാരമാണ് ഉയർത്തുന്നത് .തുടർന്ന് യജമാനൻ ഒരു പുലിത്തോലിലേക്കു ഇറങ്ങുന്നു . ഇത് സർവ്വതിന്റെയും അധീശത്വം നേടുന്നതിന്റെ പ്രതീകമാണ് . തുടർന്ന് മിത്രാവരുണന്മാർക്കു ഒരു ക്ഷീരഹോമം , ഇന്ദ്രന് ഒരു വൃഷഹോമം ( കാള ബലി ) എന്നിവയോടെ കൗകിലസൗത്രാമണി അവസാനിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. [ശതപഥ ബ്രാഹ്മണം -12 സൗത്രാമണി കാണ്ഡം , തൈത്തരീയ ബ്രാഹ്മണം , മൂന്നാം കാണ്ഡം ]
"https://ml.wikipedia.org/w/index.php?title=സൗത്രാമണി&oldid=2429719" എന്ന താളിൽനിന്ന് ശേഖരിച്ചത്