Jump to content

ഇഷ്ട്ടിയാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇഷ്ടിയാഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാമ്യയാഗങ്ങളിൽ പ്രധാനമായ ഒരു വിഭാഗമാണ് ഇഷ്ടിയാഗങ്ങൾ . ഓരോ തരം ഫലങ്ങളെ ഉദ്ദേശിച്ചു വ്യത്യസ്ത തരം ഹോമദ്രവ്യങ്ങൾ ഉപയോഗിച്ച് ചെയ്യുന്നവയാണ് ഇഷ്ടിയാഗങ്ങൾ . ഹോമദ്രവ്യങ്ങളെ ചരു എന്ന് പറയുന്നു . പലതരം ഇഷ്ടികൾ പുരാണപ്രസിദ്ധങ്ങളാണ് . ദശരഥമഹാരാജാവ് പുത്രസിദ്ധിക്കായി നടത്തിയ പുത്രകാമേഷ്ടി യാഗം ഇതുപോലൊരു ഇഷ്ടിയാണ് . ഇഷ്ടി എന്നാൽ കാമന എന്നർത്ഥം . കാമന എന്ന വാക്കിനു ഇഷ്ടം എന്ന വാക്കുമായി സാമ്യതയുണ്ടല്ലോ ?. അതിനാൽ സാധിക്കേണ്ടവയാണ് ഇഷ്ടങ്ങൾ . ഇഷ്ടസിദ്ധിക്കായി ഇഷ്ടികൾ അനുഷ്ഠിക്കുന്നു എന്ന് പറഞ്ഞാലും തെറ്റില്ല . ഭൂമി അഥവാ രാജ്യം അധീനമാക്കൽ , രാജ്യത്ത് അന്നം ആവശ്യാനുസരണം ലഭിക്കാൻ , ആയുസ്സു , യശസ്സ് , യുദ്ധജയം , കീർത്തി , സമാനരിൽ ശ്രേഷ്ഠത , വിദ്യ , ശോഭ , ആഭിചാരം , രോഗശാന്തി തുടങ്ങി നിരവധിയാണ് രാജാക്കന്മാരുടെ ഇഷ്ടങ്ങൾ . അഥവാ കാമനകൾ . ഇവയുടെ സാധ്യത്തിനായി ഇഷ്ടിയാഗങ്ങൾ അനുഷ്ഠിക്കുന്നു .

ഓരോ യാഗങ്ങൾക്കും ഓരോ പ്രകൃതി പറയുന്നുണ്ട് . അക്കണക്കിനു ഇഷ്ടിയാഗങ്ങളുടെ പ്രകൃതി ദർശപൂർണ്ണമാസങ്ങൾ ആണ് . ദർശം = കറുത്ത വാവ് , പൂർണ്ണമാസം = വെളുത്തവാവ് . ദർശപൂർണ്ണമാസേഷ്ടികൾ കാമ്യങ്ങളായും നിത്യകർമ്മങ്ങളായും അനുഷ്ഠിക്കാമെന്നു വിധിയുണ്ട് .

കാമ്യകർമ്മങ്ങളും നിത്യകർമ്മങ്ങളും

[തിരുത്തുക]

യാതൊരു ഫലങ്ങളും പ്രത്യേകമായി പറയപ്പെട്ടിട്ടില്ലെങ്കിലും നിത്യം അനുഷ്ഠിക്കേണ്ടവയും ഒഴിവാക്കാനാകാത്തവയുമാണ് നിത്യകർമ്മങ്ങൾ . ഇവ തെറ്റിയാൽ ദോഷമുണ്ടാവുകയും ചെയ്യും . ഉദാഹരണം ആഗ്രയണേഷ്ടി . വിളവെടുപ്പിനു ശേഷം പുതുതായി കൊയ്തെടുത്ത ധാന്യം ദേവതകൾക്കായി അർപ്പിക്കുന്ന ഇഷ്ടിയാണിത് . ഇന്ദ്രന് ഇത് സമർപ്പിച്ചില്ലെങ്കിൽ അദ്ദേഹം ക്രുദ്ധനായി മഴ പെയ്യിക്കില്ലെന്നും , അതിനാൽ പിന്നീട് കൃഷി നേരെചൊവ്വേ നടക്കില്ലെന്നും കരുതപ്പെടുന്നു .എപ്പോഴും ഇത് ചെയ്യേണ്ടതാകയാൽ ഇത് ഒരു നിത്യകർമ്മം ആണ് .

എന്നാൽ ഇതിനൊക്കെ അപ്പുറത്തായി നന്നായി മഴ ലഭിക്കാനായി ചെയ്യുന്ന ഇഷ്ടിയാഗമാണ് കാരീരീഷ്ടി . ഈ യാഗം എപ്പോഴും ചെയ്യാറില്ല . മഴ ശെരിക്കു ലഭിക്കാതാകുമ്പോൾ മാത്രം ചെയ്യും . അതിനാൽ ഇത് ഒരു കാമ്യകർമ്മം ആണ് .

യാഗരീതി

[തിരുത്തുക]

നിത്യകർമ്മമായി അനുഷ്ഠിക്കുന്ന ദർശപൂർണ്ണമാസങ്ങൾ പൂർണ്ണമാസേഷ്ടി കൊണ്ട് തുടങ്ങണം . ദർശേഷ്ടിയിലും പൂർണ്ണമാസേഷ്ടിയിലും രണ്ടു ദിവസം വീതം നീണ്ടു നിൽക്കുന്ന ചടങ്ങാണുള്ളത് . ദർശപൂർണ്ണമാസേഷ്ടികൾക്ക് നാല് ഋത്വിക്കുകൽ ആവശ്യമാണ് . ഇവരെ യഥാക്രമം ഹോതാവ് , ബ്രഹ്മൻ , അധ്വര്യൂ , അഗ്നീധ്രൻ ഇങ്ങനെ സംബോധന ചെയ്യുന്നു .

ദർശേഷ്ടിയിൽ ഒന്നാമത്തെ ദിവസം അഗ്നികളെ തയ്യാറാക്കുക എന്നതാണ് പ്രധാനം . യജമാനൻ (യാഗം ആർക്കു വേണ്ടിയാണോ അദ്ദേഹം ) ദീക്ഷ സ്വീകരിക്കുന്നത് അപ്പോഴാണ് . ഹോമത്തിനുള്ള പാൽ കറക്കാനായി പശുക്കുട്ടിയെ മാറ്റിക്കെട്ടുന്നതും ഒന്നാമത്തെ ദിവസമാണ് . മാംസം കഴിക്കാതിരിക്കുക , നിലത്തുറങ്ങുക , ക്ഷൗരം ചെയ്യുക എന്നിവ ദീക്ഷയുടെ അംഗങ്ങളാണ് . പ്ലാശിന്റെയോ ശമീവൃക്ഷത്തിന്റെയോ കമ്പ് കൊണ്ടാണ് പശുക്കുട്ടിയെ അകറ്റുന്നത് . രണ്ടാമത്തെ ദിവസം ഹോമത്തിനുള്ള അരിക്കായി നെല്ല് കുത്തുന്നു . കുത്തിയെടുത്ത അരി തവിടു കളഞ്ഞു വേവിക്കുന്നു . അഗ്നിയെ ചിട്ടപ്പെടുത്തിയെടുക്കുന്നു . യാഗദീക്ഷക്കാരന്റെ പത്നിക്ക് യോക്ത്രം കെട്ടുന്നു . ഇതൊക്കെ ക്രിയയുടെ പൂർവാംഗം ആയി നടത്തുന്നു .തുടർന്ന് ചില പ്രധാന ക്രിയകൾ ചെയ്യുന്നു . 15 സാമിഥേനി ഋക്കുകളോടെ ചമതകൾ കത്തിച്ച് അഗ്നിയുണ്ടാക്കുന്നു . തുടർന്ന് നടത്തപ്പെടുന്നു രണ്ടു പ്രധാന ആഹൂതികൾക്കിടയിൽ യജമാനന്റെ ഗോത്രവും, പേരും ,നാട്ടുപേരും , ഗോത്രാചാര്യന്റെ പേരും എടുത്തു പറയുന്നു . അധ്വര്യൂവും അഗ്നീധ്രനും കൂടി ഹോതാവിനെ തിരഞ്ഞെടുക്കുന്നു . തുടർന്ന് പ്രധാന ആഹൂതിയും , സ്വിഷ്ടകൃദാഹൂതിയും , ഇഡാഭക്ഷണവും , അന്വാഹാര്യപചനവും നടത്തപ്പെടുന്നു . പ്രധാന ക്രിയയ്ക്കു ശേഷം പത്നിയുടെ യോക്ത്രം അഴിച്ചു മാറ്റുന്നു . യജമാനന്റെ ത്രിക്രമണം , ദീക്ഷാ വിസർജ്ജനം തുടങ്ങിയ ക്രിയകളോടെ ചടങ്ങു തീരുന്നു .

പൂർണ്ണമാസേഷ്ടിയിൽ അഗ്നിക്ക് അരികൊണ്ടുണ്ടാക്കിയ ഒരു പുരോഡാശാഹൂതിയെ തുടർന്ന് ഉപാംശുയാഗം എന്ന ആഹുതി ചെയ്യുന്നു . ഇത് വിഷ്ണു , പ്രജാപതി , അഗ്നി , സോമൻ തുടങ്ങിയ ഏതെങ്കിലും ഒരു ദേവതയ്ക്കു സമർപ്പിക്കും . അഗ്നിക്കും സോമനും സമർപ്പിക്കുന്ന പുരോഡാശാഹുതിയാണ് മൂന്നാമത്തെ കർമ്മം . തൈര് കൊണ്ടുള്ള അന്നം രണ്ടാമതായി ഇന്ദ്രനും , പാല് ചേർത്ത കിലാടാന്നം മൂന്നാമതായും ഇന്ദ്രന് നൽകുന്നു .

ഇഷ്ടികൾ രണ്ടിലും പ്രയാജം , അനുയാജം , പത്നീ സംയാജം തുടങ്ങിയ മൂന്ന് ക്രിയകൾ പൊതുവാണ്‌ . പത്നീസംയാജത്തിന് ശേഷം യജമാനന്റെ അതെ വലിപ്പമുള്ള ഒരു ദര്ഭപ്പുല്ല് കൊണ്ടുള്ള പ്രതിമ തീയിലെരിക്കുന്നു . യജമാനൻ തന്റെ ഭൗതികദേഹം ജ്ഞാനാഗ്നിയിൽ കത്തിച്ചു കളഞ്ഞതായും ദൈവിക ദേഹം പ്രാപിച്ചതായും കരുതുന്നു . ചടങ്ങുകളിൽ സംഭവിച്ച കുറവുകളെ പരിഹരിക്കാനായി സ്വിഷ്ടകൃത എന്ന അന്തിമ ആഹൂതി അഗ്നിയിൽ ചെയ്യുന്നു . തുടർന്ന് ഇഡാ ഭക്ഷണം എന്ന ചടങ്ങാണുള്ളത് . ആഹൂതി ചെയ്ത അന്നത്തിന്റെ ബാക്കിഭാഗം ഋത്വിക്കുകളും യജമാനനും ഭക്ഷിക്കുന്ന ചടങ്ങാണ് ഇഡാഭക്ഷണം. [1]

അവലംബം

[തിരുത്തുക]
  1. [ തൈത്തരീയ സംഹിത , കാണ്ഡം രണ്ടു , അധ്യായങ്ങൾ 2 മുതൽ 5 വരെ]
"https://ml.wikipedia.org/w/index.php?title=ഇഷ്ട്ടിയാഗം&oldid=2583387" എന്ന താളിൽനിന്ന് ശേഖരിച്ചത്