ശല്യപർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശല്യപർവ്വം

ശല്യർ വിരാടപുത്രനുമായി ഏറ്റുമുട്ടുന്നു
പർവ്വം ഒൻപതാമത്തേത്
അദ്ധ്യായങ്ങൾ 59
പദ്യങ്ങൾ 3220
പേരിനു പിന്നിൽ കുരുക്ഷേത്രയുദ്ധത്തിലെ പതിനെട്ടാം ദിനം കൗരവ സർവ്വസൈന്യാധിപൻ ശല്യരായിരുന്നു.
പ്രധാന അദ്ധ്യായങ്ങൾ കുരുക്ഷേത്രയുദ്ധം (പതിനെട്ടാം ദിനം)
ദുര്യോധനവധം

ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതത്തിലെ ഒൻപതാം പർവ്വമാണ് ശല്യപർവ്വം. കുരുക്ഷേത്രയുദ്ധത്തിലെ പതിനെട്ടാം ദിവസം വർണ്ണിച്ചിരിക്കുന്നത് ഈ പർവ്വത്തിലാണ്. യുദ്ധത്തിലെ പതിനേഴാം ദിവസം കർണ്ണൻ അർജ്ജുനബാണമേറ്റ് മരിച്ചു വീണു, മദ്രദേശാധിപതിയായ ശല്യരെ കൗരവസേനയുടെ സർവ്വസേനാധിപനായി ദുര്യോധനൻ വാഴിച്ചു. കുരുക്ഷേത്രയുദ്ധത്തിലെ അവസാനദിവസം കൗരവസേനയെ നയിച്ചത് ശല്യർ ആയതിനാൽ ഇതു വർണ്ണിച്ചിരിക്കുന്ന അദ്ധ്യായത്തിനു ശല്യപർവ്വം എന്നു പേർ വന്നു. [1] ഒൻപതാം അദ്ധ്യായമായ ശല്യപർവ്വത്തിൽ 59 അദ്ധ്യായങ്ങളും 3220 പദ്യങ്ങളും അടങ്ങിയിരിക്കുന്നു.

ശല്യർവധം[തിരുത്തുക]

ശല്യർ പാണ്ഡവരുമായി ഏറ്റുമുട്ടുന്നു
ശല്യർ പാണ്ഡവരുമായി ഏറ്റുമുട്ടുന്നു

പതിനെട്ടാം യുദ്ധത്തിലെ അവസാന ദിനം ശല്യർ ആദ്യമായി എതിർത്തു യുദ്ധം ചെയ്തതു തുടങ്ങിയത് ധർമ്മപുത്രരുമായാണ്. വൃദ്ധനായ ശല്യരുടെ അസ്ത്രപ്രയോഗത്തിൽ യുധിഷ്ഠിരൻ ക്ഷീണിതനായി തേർത്തട്ടിൽ വീണുപോയി. ഭീമൻ സഹായത്തിനെത്തി ധർമ്മപുത്രരെ അവിടെനിന്നും മാറ്റി. വീണ്ടും ധർമ്മപുത്രർ യുദ്ധത്തിൽ തിരിച്ചുവരികയും ശല്യരുമായി അതിശക്തമായ യുദ്ധം തുടരുകയും ചെയ്തു. ഒടുവിൽ ധർമ്മപുത്രർ ദിവ്യമായ വേൽ ശല്യർക്കുനേരെ പ്രയോഗിക്കുകയും ആ വൃദ്ധൻ നിലംപതിക്കുകയും ചെയ്തു. സർവ്വസേനാധിപനായ ശല്യരുടെ പതനം കണ്ട് കൗരവപ്പട പിന്തിരിഞ്ഞോടി. ആൾക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച ശകുനിയെ സഹദേവൻ കടന്നുപിടിച്ചു. ഞാൻ നിങ്ങളുടെ ബന്ധുവാണന്നു വാവിട്ടുകരഞ്ഞെങ്കിലും ശകുനിയെ സഹദേവൻ തന്റെ വാളിനാൽ കൊന്നുകളഞ്ഞു. യുദ്ധം തുടങ്ങിയപ്പൊഴേക്കും സർവ്വസൈന്യാധിപൻ മരിച്ചതുകണ്ട് ദുര്യോധനൻ ഞെട്ടിപ്പോയി. ഓടിപ്പോയ കൗരവപ്പടയെ അശ്വത്ഥാമാവും, കൃതവർമ്മാവും, കൃപാചാര്യരും ചേർന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് കൊണ്ടുവന്നു. അദ്ദേഹം ധൃഷ്ടദ്യുമ്നനുമായി എതിർത്തു. യഞ്ജസേനപുത്രനെ സഹായിക്കാൻ ഭീമനും അർജ്ജുനനും അവിടെ എത്തിച്ചേർന്നു. അതിഭീകരമായ ഈ യുദ്ധത്തിൽ കൗരവപ്പട മുഴുവനും തകർന്നുപോയി. ക്ഷീണിതനായി ചോരയിൽ കുളിച്ച ദുര്യോധനൻ കുതിരപ്പുറത്തേറി അവിടെ നിന്നും പാലായനം ചെയ്തു.

ദുര്യോധനവധം[തിരുത്തുക]

ദുര്യോധനനുമായി ദ്വന്ദ്വയുദ്ധം ചെയ്യുന്ന ഭീമസേനൻ

മഹാരാജാവിനെ കാണുന്നില്ലായെന്നു കൗർവരുടെയിടയിൽ പലരും വിളിച്ചു പറഞ്ഞു തുടങ്ങി. കൃതവർമ്മാവും, കൃപാചാര്യരും അവിടെ മുഴുവനും തിരഞ്ഞെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ഉടനെ ധൃതരാഷ്ട്ര സചിവനായ സഞ്ജയനെ അവിടെവരുത്തി. അദ്ദേഹത്തിനു വ്യാസൻ കൊടുത്ത ദിവ്യചക്ഷുസ്സ് ഉപയോഗിച്ച് ദുര്യോധനൻ എവിടെയാണെന്നു കണ്ടെത്തുകയും ചെയ്തു. ദ്വൈപായനഹ്രദം (കൃഷ്ണഹ്രദം) എന്ന കുരുക്ഷേത്രത്തിനടുത്തുള്ള പുണ്യതീർത്ഥത്തിനു സമീപത്തേക്കാണ് ദുര്യോധനൻ പോയത്. സഞ്ജയനെ കൂട്ടി അവർ അവിടെ ചെല്ലുമ്പോൾ രക്തം ഒഴുകി ക്ഷീണിതനായ ദുര്യോധനനെയാണ് അവിടെ കണ്ടത്.

ഈ സമയത്ത് ഭീമസേനനും, കൃഷ്ണനും, അർജ്ജുനനും തുടർന്ന് ബലരാമനും അവിടെ എത്തിച്ചേർന്നു. മൈത്രേയമുനി ദുര്യോധനനെ ശപിച്ചകഥ ഇതിനിടയിൽ കൃഷ്ണൻ ഭീമനോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ സ്യമന്തപഞ്ചകത്തിൽ വെച്ച് ദ്വന്ദ്വയുദ്ധം ആരംഭിച്ചു. പതിനെട്ടാം നാൾ മദ്ധ്യഹ്നം മുതൽ ആരംഭിച്ച ദ്വന്ദ്വയുദ്ധം സന്ധ്യവരെ നീണ്ടു. അവസാനം ഭീമന്റെ അതിശക്തമായുള്ള ഗദാ പ്രഹരമേറ്റ് തുടയെല്ലു പൊട്ടി ദുര്യോധനൻ വീണു. ഭീമൻ അവന്റെ മാറത്തു കയറി നിന്ന് ഗദയാൽ അവന്റെ ശിരസ്സിൽ തുടരെ തുടരെ അടിച്ചു. അവന്റെ ഓരോ ദ്രോഹപ്രവൃത്തിയും എണ്ണി വിളിച്ചു പറഞ്ഞുകൊണ്ടാണ് അടിച്ചത്. ഭീമന്റെ ഈ കഠിന പ്രവൃത്തികണ്ട് ബലരാമൻ ഹലായുധമെടുത്തുവന്നെങ്കിലും കൃഷ്ണൻ അദ്ദേഹത്തെ ശാന്തനാക്കി. ദുര്യോധനൻ ഇനി എഴുന്നേൽക്കില്ലയെന്നു മനസ്സിലാക്കി പാണ്ഡവർ തിരിച്ചുപോന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന ദുര്യോധനൻ അശ്വത്ഥാമാവിനെ കൗരവസേനയുടെ സൈന്യാധിപനാക്കി.

ഭീമദുര്യോധന യുദ്ധം[തിരുത്തുക]

ഭീമദുര്യോധന യുദ്ധം മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാസന്ദര്ഭമാണ് . വ്യാസൻ ഇങ്ങനെ വർണ്ണിക്കുന്നു . അതിശക്തന്മാരായ രണ്ടു വൃഷഭങ്ങളെപ്പോലെ അവർ പരസ്പരം പോരടിച്ചു . വിജയാർത്ഥികളായി ഭീമനും ദുര്യോധനനും പരസ്പരം ഇന്ദ്രനും പ്രഹ്ളാദനും പോലെ യുദ്ധം ചെയ്തു .പരസ്പരം പ്രഹരമേല്പിക്കുകയാൽ അവരുടെ ശരീരങ്ങൾ രണ്ടും രക്തത്തിൽ കുളിച്ചിരുന്നു . അല്പ്പസമയം വിശ്രമിച്ചിട്ടു അവർ വീണ്ടും യുദ്ധമാരംഭിച്ചു .തുല്യ ശക്തന്മാരായ അവരുടെ പോരാട്ട്ടം കണ്ടു ദേവന്മാരും ഗന്ധര്വന്മാരും വിസ്മയിച്ചു . ഇവരിൽ ആരാണ് ജയിക്കുകയെന്നു സർവ്വ ജീവികൾക്കും സംശയുമുണ്ടായി . ഭീമന്റെ ഗദാ അഭ്യാസങ്ങൾ വിസ്മയഭരിതങ്ങളായിരുന്നു . ഗദയുടെ ചുറ്റൽ , ചക്രവൃത്തിയിലുള്ള നീക്കം , കയറ്റം , പിന്മാറ്റം എന്നിവയിൽ ഭീമൻ ശോഭിച്ചു . ശത്രുവിനുനേരെ പാഞ്ഞു കയറുകയും , വൃത്താകൃതിയിൽ മുന്നേറുകയും ചെയ്ത ഭീമന്റെ നീക്കങ്ങൾ ദുര്യോധനനെക്കൂടി അതിശയിപ്പിച്ചു . അവർ രണ്ടുപേരും തമ്മിൽ അടിയും തിരിച്ചടിയുമുണ്ടായി . ദുര്യോധനൻ വലത്തെ മണ്ഡലം ആശ്രയിച്ചപ്പോൾ , ഭീമൻ ഇടത്തെ മണ്ഡലത്തെ ആശ്രയിച്ചു . വൃത്താകൃതിയിൽ ചുറ്റുന്ന ഭീമനെ ദുര്യോധനൻ അതിശക്തമായി പ്രഹരിച്ചു . അതുകൊണ്ടിട്ടും ഭീമൻ അനങ്ങാത്തതു കണ്ടു എല്ലാപേരും വിസ്മയിച്ചു . വൃത്താകൃതിയിൽ ചുറ്റുന്ന ദുര്യോധനൻ അതിശക്തമായി വീണ്ടും ഭീമനെ പ്രഹരിച്ചു . അതിവേഗതയിലുള്ള ആ ഗദയുടെ വീശലിൽ അന്തരീക്ഷത്തിൽ തീ പറന്നു . ഇത്തരത്തിൽ അതിവേഗതയിൽ ചുറ്റിയ ദുര്യോധനൻ ഒരിക്കൽ കൂടി ഭീമന് മേലെ മേല്ക്കൈ നേടി .

അതിനു ശേഷം തന്റെ പൂർണ്ണ ശക്തിയിൽ ഭീമൻ ഗദയെ ചുഴറ്റി . അപ്പോൾ ആ ഗദയിൽ നിന്നും തീപ്പൊരികൾ പറന്നു . പുകയുമുണ്ടായി . ഭീമന്റെ ഗദ ചുഴറ്റൽ കണ്ടു ദുര്യോധനനും തന്റെ മഹാഗദയെ അതിവേഗതയിൽ ചുഴറ്റി . അവന്റെ ഗദയുടെ വായുവേഗവും ചുഴന്നുവന്ന കാറ്റും കണ്ടു പാണ്ഡവരും സോമകന്മാരും പേടിച്ചു വിറച്ചു . അതിനു ശേഷം പരസ്പരം പ്രഹരിച്ച ആ വീരന്മാർ രണ്ടു പേരും രക്തത്തിൽ കുളിച്ചു ശോഭിച്ചു . തറയിലുറച്ചു നിന്ന് ഭീമസേനൻ കോപത്തോടെ, കോപിയായ ദുര്യോധനന്റെ പൊന്നുകെട്ടിയ ഗദയിൽ തന്റെ ഗദകൊണ്ട് പ്രഹരിച്ചു . ഭീമൻ വിടുന്ന ഗദ തറയില് വീഴുമ്പോൾ ഭൂമി കുലുങ്ങിയിരുന്നു . ഇടത്തെ മണ്ഡലത്തെ അനുവർത്തിച്ചുകൊണ്ടു തന്റെ ഭയങ്കരമായ ഗദയാൽ ദുര്യോധനൻ ഭീമന്റെ ശിരസ്സിൽ പ്രഹരിച്ചു . ആ അടിയേറ്റിട്ടും ഭീമൻ കുലുങ്ങിയില്ല . ഇതുകണ്ട് സർവ്വരും വിസ്മയിച്ചു . തുടർന്നു ഭീമൻ ദുര്യോധനന്റെ മേൽ തന്റെ ഗദകൊണ്ട് ശക്തിയായി പ്രഹരിച്ചു.എന്നാൽ മാരകമായ ആ പ്രഹരത്തെ ദുര്യോധനൻ തന്റെ അഭ്യാസത്താൽ തടുത്തു കളഞ്ഞു . ഭീമൻ ഗദ ചുഴറ്റിയപ്പോൾ ഇടിമുഴക്കം പോലെ വലിയ ശബ്ദവും ഭൂതലം മുഴുവൻ കുലുക്കവുമുണ്ടായി . കൗശികം എന്ന മാർഗ്ഗത്തെ അനുവർത്തിച്ചു ഉയർന്നു ചാടിക്കൊണ്ടു ദുര്യോധനൻ പലപ്പോഴും ഭീമന്റെ പ്രഹരങ്ങളെ പാഴിലാക്കിക്കൊണ്ടിരുന്നു . ഭീമനെ ഇത്തരത്തിൽ വിഡ്ഢിയാക്കിക്കൊണ്ടു ദുര്യോധനൻ കോപത്തോടെ ഭീമന്റെ നെഞ്ചില് പ്രഹരിച്ചു . അതേറ്റു ഭീമൻ മോഹിക്കുകയും കുറച്ചു സമയം എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുകയും ചെയ്തു . ഇതുകണ്ട് സോമകൻമാരും പാണ്ഡവരും വളരെയധികം നിരാശരായി . ഈ അടിയേറ്റതോടെ കോപിഷ്ഠനായ ഭീമൻ ദുര്യോധനന് നേരെ പാഞ്ഞു കയറി . ഗദായുദ്ധ വിദഗ്ദ്ധനായ ഭീമൻ ദുര്യോധനന്റെ പാര്ശ്വഭാഗത്തു ഗദയാൽ പ്രഹരിച്ചു . ആ അടിയേറ്റു ദുര്യോധനൻ മുട്ടുകുത്തി നിന്നുപോയി . തുടർന്ന് ഭീമനെ ദഹിപ്പിക്കും മട്ടിൽ നോക്കിക്കൊണ്ടു സർപ്പത്തെപ്പോലെ ചീറ്റി ദുര്യോധനൻ ഭീമന്റെ നേരെ പാഞ്ഞു കയറി അദ്ദേഹത്തിൻറെ നെറ്റിക്ക് പ്രഹരിച്ചു . ആ അടിയേറ്റിട്ടും ഭീമൻ അനങ്ങിയില്ല . അടിയേറ്റു നെറ്റിപൊട്ടി രക്തം വാർന്നു കൊണ്ട് ഭീമസേനൻ തന്റെ ഗദയെ ചുഴറ്റി എതിരാളിയെ പ്രഹരിച്ചു . ഭീമന്റെ ശക്തമായ അടിയേറ്റു ദുര്യോധനൻ സാലവൃക്ഷം പോലെ ഉലഞ്ഞുകൊണ്ടു ഭൂമിയിൽ വീണു . അയാളുടെ ശരീരം തകരുന്ന മട്ടിലായി . ദുര്യോധനൻ തകർന്നു ഭൂമിയിൽ വീണപ്പോൾ പാണ്ഡവന്മാർ സന്തോഷത്തോടെ ആർത്തു വിളിച്ചു . ബോധം തിരിച്ചു കിട്ടിയപ്പോൾ ദുര്യോധനൻ കോപത്തോടെ ചാടിയെണീറ്റ് അതിവിദഗ്ദ്ധമായി ചുവടുകൾ വച്ചുകൊണ്ടു ഭീമനെ ശക്തിയായി പ്രഹരിച്ചു . ആ അടിയേറ്റു ഭീമസേനൻ ശരീരം തകർന്നു ഭൂമിയിൽ പതിച്ചു . ഭീമനെ ഇത്തരത്തിൽ അടിച്ചു വീഴ്ത്തിയിട്ടു ദുര്യോധനൻ സിംഹത്തെപ്പോലെ ഗർജ്ജിച്ചു . ആ ഭയങ്കരമായ അടിയേറ്റു ഭീമന്റെ കവചം പൊടിഞ്ഞു പോയിരുന്നു . അന്തരീക്ഷത്തിലേയും ദേവഗണങ്ങൾ ഇതുകണ്ട് നിലവിളിച്ചുപോയി .ഇത്തരത്തിൽ ദേവന്മാർ ആകാശത്തിൽ നിന്നും പുഷ്പവൃഷ്ടി നടത്തി. ഇത്തരത്തിൽ ഭീമസേനൻ അടിയേറ്റു ചട്ടപൊട്ടി ഭൂമിയിൽ വീണപ്പോൾ പാണ്ഡവരും സോമകൻമാരും വല്ലാതെ ഭയന്ന് പോയി . ഒരു നിമിഷം കൊണ്ട് തന്റെ പ്രജ്ഞയെ വീണ്ടെടുത്തു ഭീമസേനൻ രക്തം നിറഞ്ഞ മുഖം തുടച്ചുകൊണ്ട് പതിയെ എണീറ്റ് നിന്ന് കണ്ണുരുട്ടിക്കൊണ്ടു ദുര്യോധനനെ നോക്കി .

യുദ്ധം ഇങ്ങനെ നടന്നുകൊണ്ടിരുന്നപ്പോൾ അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചു . " ഇവരിൽ ആരാണ് കൂടുതൽ ശക്തൻ ? എന്തൊക്കെയാണ് ഇവരുടെ കഴിവുകൾ . പറഞ്ഞാലും "

കൃഷ്ണൻ പറഞ്ഞു; രണ്ടുപേർക്കും കിട്ടിയിരിക്കുന്ന ശിക്ഷണം തുല്യമാണ് . ഭീമന് ശക്തിയേറും . എന്നാൽ അഭ്യാസവും ചാതുര്യവും ദുര്യോധനന് എത്രയോ അധികമാണ് . നേരായ രീതിയിൽ യുദ്ധം ചെയ്യുകയാണെങ്കിൽ ഭീമൻ ഒരിക്കലും ദുര്യോധനനെ ജയിക്കുകയില്ല . എന്നാൽ അധാർമ്മികമായ രീതിയിൽ ഭീമന് ദുര്യോധനനെ നിശ്ചയമായും കൊല്ലാം . പണ്ട് കാലത്തു അസുരന്മാരെ ദേവന്മാർ കൊന്നത് ചതിവിലൂടെയാണ് . ഇന്ദ്രൻ വിരോചനനെ പരാജിതനാക്കിയതും ചതിയിലൂടെയാണ് . വലനെയും വൃത്രനേയും ഇന്ദ്രൻ കൊന്നതും ചതിയിലൂടെയാണ് . അതുകൊണ്ടു ഭീമൻ ദുര്യോധനനെ ചതിയിലൂടെ കൊല്ലണം . കൂടാതെ ചൂതുകളിയുടെ സമയത്തു ദുര്യോധനന്റെ തുടയെ അടിച്ചുടയ്ക്കുമെന്നു ഭീമൻ ശപഥം ചെയ്തിട്ടുണ്ടല്ലോ . ഇപ്പോൾ ആ ശപഥം അങ്ങ് പാലിച്ചാൽ മതിയാകും . തന്റെ ഗദയെ മാത്രം ആശ്രയിച്ചു പൊരുതിയാൽ യുധിഷ്ഠിരന്റെ കാര്യം കഷ്ടമാകും . വെറും ഒരാളെ മാത്രം തോല്പിക്കുന്നതിലൂടെ രാജ്യം തരാമെന്നു പറഞ്ഞ ശുദ്ധനായ യുധിഷ്ഠിരൻ വലിയൊരു മണ്ടത്തരമാണ് കാണിച്ചത് . ഭീഷ്മരെയും മറ്റും തീവ്രമായ യുദ്ധത്തിലൂടെ വീഴ്ത്തി നേടിയ വിജയമെല്ലാം അവൻ പാഴാക്കിയിരിക്കുന്നു .ഇവൻ എന്നോടാലോചിക്കാതെയാണ് ഈ തീരുമാനമെടുത്തത് . ദുര്യോധനനാകട്ടെ നല്ലവണ്ണം അഭ്യസിക്കുകയും നല്ല നിശ്ചയത്തിലുമാണ് . ഉഷനസ്സിന്റെ വാക്കുകൾ ഞാൻ ഓർത്തുപോകുന്നു . ജീവനെപ്പോലും വകവയ്ക്കാതെ പാഞ്ഞു കയറുന്നവർക്കുമുന്നിൽ ഇന്ദ്രനുപോലും നിൽക്കാനാകില്ല .സർവ്വതും നഷ്ടപ്പെട്ടു കാട്ടിലേക്ക് പോകാനൊരുങ്ങിയവനാണ്‌ ദുര്യോധനൻ . അവനെ പോരിന് വിളിച്ചതേ ബുദ്ധിമോശമാണ് . ദുര്യോധനന്റെ ഉയർന്നുള്ള ചാട്ടം നോക്കൂ . ഇവൻ നിങ്ങൾ നേടിയ രാജ്യത്തെ ചിലപ്പോൾ തിരിച്ചെടുത്തേക്കും . അതുകൊണ്ടു ഇപ്പോൾ ഭീമസേനൻ തീർച്ചയായും ദുര്യോധനനെ ചതിയാൽ കൊല്ലണം . ഇല്ലെങ്കിൽ ഈ ദുര്യോധനൻ തീർച്ചയായും വീണ്ടും നിങ്ങളുടെ രാജാവാകും . "

ഭഗവാൻ കൃഷ്ണന്റെ ഈ വാക്കുകൾ കേട്ട് അർജ്ജുനൻ ഭീമസേനൻ കാണ്കെ തന്റെ ഇടത്തെ തുടയിൽ താളം പിടിച്ചു തുടങ്ങി . ഈ സൂചന കണ്ടു മനസ്സിലാക്കിയ ഭീമൻ തന്റെ ഗദയെ ഉയർത്തിപ്പിടിച്ചുകൊണ്ടു പലതരം യുദ്ധതന്ത്രങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി . ചിലപ്പോൾ വലത്തെ മണ്ഡലത്തെ അനുവർത്തിച്ചുകൊണ്ടും ചിലപ്പോൾ ഇടത്തെ മണ്ഡലത്തെ അനുവർത്തിച്ചുകൊണ്ടും ചിലപ്പോൾ ഗോമൂത്രകം എന്ന അടവ് കാണിച്ചുകൊണ്ടും തന്റെ എതിരാളിയെ കബളിപ്പിക്കാനായി ഭീമസേനൻ യുദ്ധക്കളത്തിൽ ചുറ്റിത്തിരിഞ്ഞു . അതുപോലെ ദുര്യോധനനും ഭീമനെ കൊല്ലുവാനായി യുദ്ധക്കളത്തിൽ മനോഹരമായി ചുവടുകൾ വച്ചുകൊണ്ടു അടവിൽ ചുറ്റിത്തിരിഞ്ഞു . പരസ്പരം അടിയും തിരിച്ചടിയുമേറ്റു രണ്ടുപേരും ആപാദചൂഡം രക്തത്തിൽ കുളിച്ചു . ആ സമയം ദുര്യോധനന് ഒരു അവസരം നല്കിക്കൊണ്ട് ഭീമസേനൻ ചെറിയൊരു ചിരിയോടെ ദുര്യോധനാനുമേൽ പാഞ്ഞു കയറി . ആ അടിയെ പാഴിലാക്കിക്കൊണ്ടു ദുര്യോധനൻ അടവിൽ ഭീമനെ ആഞ്ഞടിച്ചു . ആ അടിയേറ്റ് ഭീമന്റെ ശരീരത്തിൽ നിന്നും വളരെയധികം രക്തം വാർന്നു പോയി . ഭീമൻ വളരെയധികം തളർന്നു . ശരീരം ഒരു കണക്കിന് താങ്ങി നിൽക്കുന്ന ഭീമസേനനെ പിന്നീട് ദുര്യോധനൻ പ്രഹരിക്കുകയുണ്ടായില്ല . താൻ കൊടുത്ത പ്രഹരത്തിനു ഭീമൻ തിരിച്ചടി നൽകാനൊരുങ്ങുന്നു എന്നാണു ദുര്യോധനൻ കരുതിയത് . അതുകൊണ്ടു ഭീമനിൽ നിന്നും ഒഴിഞ്ഞു മാറി അടവിലായി അവന്റെ പോരാട്ടം .

ഒരു നിമിഷത്തെ വിശ്രമത്തിനു ശേഷം ഭീമൻ ദുര്യോധനന് മേൽ പാഞ്ഞു കയറി . ആഞ്ഞടിക്കാനൊരുങ്ങുന്ന ഭീമന്റെ അടിയെ പാഴിലാക്കാനായി അവസ്ഥാനം എന്ന അടവുപയോഗിച്ചു ദുര്യോധനൻ അന്തരീക്ഷത്തിലേക്ക് ചാടിയുയർന്നു . ദുര്യോധനൻ ഇത്തരത്തിൽ ചാടിയുയരുമെന്നു ഭീമന് നേരത്തെ അറിയാമായിരുന്നു . അത് മനസ്സിലാക്കിയാണ് ഭീമൻ ദുര്യോധനന് നേരെ ഇങ്ങനെയൊരു അടിക്കു മുതിർന്നത് . ദുര്യോധനൻ ഉയർന്നു ചാടുമ്പോൾ അവന്റെ തുടയിലടിക്കാനുള്ള ഭീമന്റെ തന്ത്രമായിരുന്നു അത് . അതനുസരിച്ചു ദുര്യോധനൻ ഉയർന്നു ചാടിയപ്പോൾ ഭീമൻ അവസരം മുതലാക്കി ദുര്യോധനന്റെ അഴകുള്ള ഇടത്തെ തുടയിൽ ആഞ്ഞടിച്ചു . വജ്രപാതിനിയായ ആ പ്രഹരമേറ്റു ദുര്യോധനന്റെ തുടകൾ രണ്ടും തകർന്നു . ഭൂമി മുഴക്കിക്കൊണ്ട് ആർത്തനാദത്തോടെ ദുര്യോധനൻ ഭൂമിയിലേക്ക്‌ വീണു . അവലംബം:[വ്യാസ മഹാഭാരതം , ശല്യപർവ്വം , അദ്ധ്യായം 57 , അദ്ധ്യായം 58- ശ്ളോകങ്ങൾ 48 വരെ,ഗദായുദ്ധ ഉപപർവ്വം]

അവലംബം[തിരുത്തുക]

  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=ശല്യപർവ്വം&oldid=3400120" എന്ന താളിൽനിന്ന് ശേഖരിച്ചത്