അശ്വമേധയാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശ്വമേധം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അശ്വമേധം (വിവക്ഷകൾ) എന്ന താൾ കാണുക. അശ്വമേധം (വിവക്ഷകൾ)
പ്രമാണം:Ashvacoin.jpg
സമുദ്രഗുപ്തൻ ദ്വിതീയൻ അശ്വമേധം നടത്തിയതിന്റെ സ്മാരകമായി പുറത്തിറക്കിയ നാണയം കുതിരയേയും രാജ്ഞിയേയും ചിത്രീകരിച്ചിരിക്കുന്നു

വേദങ്ങൾക്ക് അനുബന്ധമായി രചിക്കപ്പെട്ട ബ്രഹ്മണങ്ങളിലാണ് യാഗങ്ങളെപ്പറ്റിയുള്ള വിശദമായ വിവരണങ്ങളുള്ളത്.വൈദികകാലത്തിനു ശേഷം ശക്തിപ്രപിച്ച പൗരോഹിത്യമാണ് വേദങ്ങളിലെ ഉന്നതമായ ആത്മീയ അനുഷ്ഠാനങ്ങളെ നിന്ദ്യമായ ഭൗതികാനുഷ്ഠാനങ്ങളായി പരിവർത്തിപ്പിച്ചത് എന്ന് അരൊബിന്ദോ,എ.എൽ.ബാഷാം എന്നിവരെ ഉദ്ധരിച്ച് സുകുമാർ അഴീക്കോട് ചൂണ്ടിക്കാണിക്കുന്നു.[1] ഇത്തരം ഭൗതികാനുഷ്ഠാനപരങ്ങളായ യാഗങ്ങളിൽ ഒന്നാണു് അശ്വമേധയാഗം. ഇംഗ്ലീഷിൽ Aswamedha, ഹിന്ദി: अश्वमेध. യജുർ‌വേദത്തിന്റെ അനുബന്ധമായ ശതപഥ ബ്രാഹ്മണത്തിലാണ് അശ്വമേധയാഗത്തെ പറ്റി പരാമർശിച്ചിരിക്കുന്നത്. യജുർ‌വേദത്തിന്റെ കർമ്മകാണ്ഡമായ ശതപഥബ്രാഹ്മണത്തിൽ അശ്വമേധം എങ്ങനെ നടത്താം എന്ന് വിധിച്ചിരിക്കുന്നു. വമ്പിച്ച പണച്ചെലവും വിപുലമായ ചടങ്ങുകളും ഉള്ള അശ്വമേധം വളരെ സാമ്പത്തികശേഷിയുള്ള രാജാക്കന്മാരേ നടത്തിയിരുന്നുള്ളൂ.[2] രാജ്യാഭിവൃദ്ധിക്കുവേണ്ടിയും യുദ്ധങ്ങളിൽ ബ്രഹ്മഹത്യാപാപങ്ങൾ കഴുകിക്കളയുന്നതിനും മറ്റുമാണ്‌ ഇത് ചെയ്തിരുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

അശ്വം എന്നാൽ കുതിര എന്നും മേധസ്സ് എന്നത് ശരീരഭാഗങ്ങൾ എന്നുമാണ്‌. ഏതൊരു യാഗത്തിലാണോ കുതിരയുടെ ശരീരാവയവങ്ങൾ ഹോമിക്കപ്പെടുന്നത് അതാണ്‌ അശ്വമേധയാഗം.

ചരിത്രം[തിരുത്തുക]

രാമായണത്തിൽ കൗസല്യ അശ്വമേധയാഗത്തിന്റെ ചടങ്ങിൽ വച്ച് കുതിരയുമായി ശയിക്കുന്ന ചിത്രം

ഇതിഹാസങ്ങളിലും പുരാണങ്ങളിലും മറ്റും അശ്വമേധയാഗം നടത്തിയതിനെ പറ്റി നിരവധി പരാമർശങ്ങൾ ഉണ്ടെങ്കിലും ചരിത്രത്തിൽ ആദ്യമായി അശ്വമേധം നടത്തി എന്ന് കരുതപ്പെടുന്നത് പുഷ്യാമിത്ര ശുംഗൻ ആണ്‌. അദ്ദേഹം മൗര്യവംശത്തിന്റെ ഭരണം പിടിച്ചെടുത്ത ശേഷം ചക്രവർത്തി പദം സ്വീകരിക്കാനായാണ്‌ ഇത് ചെയ്തത് എന്ന് പറയപ്പെടുന്നു. എന്നാൽ വ്യക്തമായ തെളിവുകൾ ഉള്ള ആദ്യത്തെ അശ്വമേധയാഗം നടത്തിയത് സമുദ്ര ഗുപ്തൻ ഒന്നാമൻ ആണ്‌. (ക്രി.വ. 380) ഇതിന്റെ സ്മാരകമായി നാണയങ്ങൾ പുറത്തിറക്കിയത് ഇന്ന് ലഭ്യമായിട്ടുണ്ട്. അതിനു ശേഷം സമുദ്രഗുപ്തൻ രാജാധിരാജ എന്ന സ്ഥാനപ്പേര്‌ സ്വീകരിക്കുകയുണ്ടായി. പിന്നീടുണ്ടായ ഒരു യാഗം കാനൗജിലെ രാജാവാണ്‌ നടത്തിയത്. എന്നാൽ പൃഥ്വീരാജ് ചൗഹാൻ യാഗാശ്വത്തെ കൊല്ലുകയും തുടർന്നുണ്ടായ യുദ്ധത്തിൽ കനൗജിലെ രാജാവിനെ തോല്പിച്ച് അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. അവസാനത്തെ യാഗം നടത്തിയത് 1716 ലാണ്‌. ജയ്‌പൂർ രാജകുമാരനായ രാജ ജയ‌സിങ് രണ്ടാമൻ ആണ് അവസാനത്തെ അശ്വമേധ യജമാനൻ. [3]

യാഗം[തിരുത്തുക]

ഒരു വർഷം വരെ നീണ്ടു നിൽക്കുന്നതാണ്‌ അശ്വമേധയാഗത്തിന്റെ ചടങ്ങുകൾ. ഇതിനു കാരണം യാഗാശ്വത്തെ ഒരു വർഷം വരെ അലഞ്ഞുതിരിയാൻ അനുവദിക്കുന്നു എന്നതാണ്‌. ഈ കാലയളവിൽ കുതിര പോകുന്ന സ്ഥലത്തെല്ലാം അതിനെ പിന്തുടർന്ന് സഹായത്തിനായി ഉയർന്ന ഉദ്യോഗസ്ഥരും പട്ടാളവും ഉണ്ടായിരിക്കും. ഏത് രാജ്യത്തൊക്കെ അത് പ്രവേശിക്കുന്നുവോ അതെല്ലാം രാജാവിന്റെ സാമന്തരാവണം, അല്ലാത്ത പക്ഷം യുദ്ധം അനിവാര്യമായിത്തീരുന്നു. ഒരു വർഷത്തിനുശേഷം യാഗാശ്വം മടങ്ങിയെത്തിയാൽ ഉടനെ അതിനെ കൊന്ന് അവയവങ്ങൾ ഹോമിക്കുന്നു.

ചടങ്ങുകൾ[തിരുത്തുക]

ആദ്യമായി അശ്വമേധം നടത്താൻ തീരുമാനിക്കുന്ന രാജാവ് ഒരു യജ്ഞകവാടം നിർമ്മിക്കുകയും യാഗം നടത്തുന്നതിന്‌ നേതൃത്വം നൽകാനായി ബ്രാഹ്മണപുരോഹിതന്മാരെ തിരഞ്ഞെടുത്ത് നിയമിക്കുകയും ചെയ്യുന്നു. ഇവരാണ്‌ ഋത്വിക്കുകൾ.

ഋത്വിക്കുകൾ[തിരുത്തുക]

യാഗം നടത്തുവാൻ നിയോഗിക്കപ്പെട്ടിട്ടുള്ള പുരോഹിതന്മാരാണ്‌ ഇവർ. നാലു തരം പുരോഹിതന്മാർ ഉണ്ടാകും ഒരു യാഗത്തിന്‌. ഹോതാവ്, അധ്വര്യു, ബ്രാഹ്മൻ, ഉദ്ഗാതാവ് എന്നിങ്ങനെയാണ്‌ നാലു പുരോഹിത സമൂഹം അറിയപ്പെടുന്നത്. ഇവർ നാലു വിഭാഗക്കാർക്കും പ്രത്യേകം കർമ്മങ്ങൾ വിധിച്ചിരിക്കുന്നു. ഇത് ബ്രാഹ്മണങ്ങളിൽ പ്രത്യേകം വിധിച്ചിരിക്കുന്ന പോലെയാണ്‌ ആചരിക്കുന്നത്. ഇവരുടെ പ്രതിഫലം വളരെ ഉയർന്നതാണ്‌. ആയിരം പശുക്കളും നൂറു പലം സ്വർണ്ണവും വീതം രാജാവ് ദക്ഷിണ നൽകണം

യജമാനൻ[തിരുത്തുക]

യാഗം അഥവാ യജ്ഞം നടത്തുന്നത് ആരാണോ അയാളാണ്‌ യജമാനൻ എന്നറിയപ്പെടുന്നത്. അശ്വമേധയാഗം നടത്തുന്നത് രാജാവായതിനാൽ അദ്ദേഹമായിരിക്കും യജമാനൻ. യജമാനൻ അദ്ദേഹത്തിന്റെ ഭാര്യ/ഭാര്യാമാരോടൊത്താണ്‌ യാഗശാലയിൽ പ്രവേശിക്കുക. നഖശിഖാദികൾ മുറിച്ച് ശരീരം വൃത്തിയാക്കിയാണ്‌ യാഗശാലയിൽ പ്രവേശിക്കേണ്ടത്. രാജാവിന്‌ സാധാരണയായി നാലുവീതം ഭാര്യമാർ ഉണ്ടായിരിക്കും. പട്ടമഹിഷി (മുഖ്യഭാര്യ അഥവാ പട്ടം കെട്ടിയ ഭാര്യ), വാവാത (ഇഷ്ടഭാര്യ), പരിവൃക്ത (അവഗണിത ഭാര്യ), പാലാഗലി (ശൂദ്രഭാര്യ) ഇവരും യഥാക്രമം പ്രത്യക്ഷപ്പെടുന്നു. അകമ്പടി സേവിക്കുന്നതിന്‌ നാനൂറോളം സ്തീകളും ഉണ്ടാവും. യജമാനന്‌ വേദസൂക്തങ്ങൾ ഉരുവിടുന്നതിൽ പങ്കില്ല. എന്നാൽ മറ്റു യാഗങ്ങൾ നടത്തുന്നത് പുരോഹിതന്മാർ തന്നെയായതിനാൽ അതിലെ യജമാനനും ഭാര്യക്കും യാഗകാര്യങ്ങളിൽ സജീവ പങ്കാളിത്തം ഉണ്ടാകും. ഇവർക്ക് സമീപത്തായി പുരോഹിതന്മാരും ഗ്രാമ പ്രമാണിമാരും മന്ത്രിമാരും എല്ലാം സ്ഥാനം പിടിക്കുന്നു.

യാഗാശ്വം[തിരുത്തുക]

ലക്ഷണമൊത്ത ഒരു ആൺ കുതിരയെയാണ്‌ യാഗാശ്വമായി തിരഞ്ഞെടുക്കുന്നത്. പ്രായപൂർത്തിയായ ഏത് കുതിരയേയും തിരഞ്ഞെടുക്കാവുന്നതാണ്‌.

ചടങ്ങുകൾ[തിരുത്തുക]

ആദ്യ ചടങ്ങ് അശ്വത്തെ ശുദ്ധിവരുത്തലാണ്‌. അതിനുശേഷം കുതിരയെ യാഗശാലയെ പ്രദക്ഷിണം വയ്പ്പിക്കുന്നു. പുരോഹിതവർഗ്ഗം പിന്നീട് കുതിരയ്ക്കുമേൽ തീർത്ഥം തളിച്ചും ശുദ്ധിവരുത്തുന്നു. അതിനുശേഷം ഒരു പട്ടിയെ സിദ്രകം എന്ന ഉലക്ക കൊണ്ട് അടിച്ചു കൊല്ലുന്നു. ഇത് അശ്വത്തെ തടയുന്നവർക്കുള്ള പ്രതീകാത്മകമായ ഭീഷണിയാണ്‌. കുതിരയെ വെള്ളത്തിലിറക്കുകയും പട്ടിയുടെ ശവത്തെ കുതിരയുടെ അടിയിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്നു. അതിനുശേഷം അശ്വത്തെ യാഗശാലയിൽ കൊണ്ടുവന്ന് അതിനു മേൽ ആഹുതികൾ അർപ്പിക്കുന്നു. പുല്ലുകൊണ്ട് നിർമ്മിച്ച ഒരു കയറുകൊണ്ടാണ്‌ കുതിരയെ ബന്ധിക്കുന്നത്. മന്ത്രങ്ങൾ ഉരുവിട്ട് തീർത്ഥാഭിഷേകങ്ങൾ നടത്തിയശേഷം യജമാനൻ കുതിരയുടെ ചെവിയിൽ വന്ന് മന്ത്രിക്കുന്നു. ഋഗ്‌വേദത്തിന്റെ അശ്വമേധം എന്നറിയപ്പെടുന്ന ഒന്നാം മണ്ഡലത്തിലെ 162-163 ശ്ലോകങ്ങൾ അശ്വമേധത്തെ പറ്റി പരാമർശിക്കുന്നവയാണ്‌.

ദേവന്മാരെ, ദിക്‌പാലകന്മാരെ, ഈ യാഗാശ്വത്തെ രക്ഷിക്കൂ

അനന്തരം കുതിരയെ രാജ്യം ചുറ്റാനായി അഴിച്ചു വിടുന്നു.

കുതിരയുടെ സഞ്ചാരവേളയിൽ അതിനോടൊപ്പം ആയുധധാരികളായ രക്ഷികളും മൂന്ന് ഇഷ്ടികളും ഉണ്ടായിരിക്കും. ഇഷ്ടികൾ രാജാവിന്റെ അപദാനങ്ങൾ പ്രകീർത്തിച്ച് ഗീതികൾ പാടിക്കൊണ്ടിരിക്കും. പെൺകുതിരയുമായി സമ്പർക്കം പുലർത്താനോ വെള്ളത്തിലിറങ്ങാനോ കുതിരയെ സമ്മതിക്കില്ല. അതിന്റെ സഞ്ചാരകാലത്ത് (ഒരു വർഷം) രാജാവിന്റെ സ്തുതിയിൽ യാഗശാലയിൽ വച്ചും ഗാനാലാപനങ്ങളും മറ്റും നടക്കും. ദിവസേന വൈകീട്ട് ധൃതി എന്ന പേരുള്ള ഹോമവും നടത്തപ്പെടും. ഹോതാവ്, അധ്വര്യു എന്നീ പ്രധാന പുരോഹിതന്മാർക്ക് ദക്ഷിണ നൽകപ്പെടും.

ഒരു വർഷം കഴിയുമ്പോഴാണ്‌ അശ്വത്തെ തിരികെ കൊണ്ടുവരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ വ്യത്യസ്തമായതും (ഇന്ന് അപഹാസ്യമെന്ന് തോന്നാവുന്നതുമായ ചടങ്ങുകൾ നടത്തപ്പെടുന്നു.

ആദ്യദിവസം[തിരുത്തുക]

ആദ്യദിവസം അനവധി ജീവികളെ ബലികഴിക്കുന്നു. യാഗശാലയിൽ ഇരുപത്തൊന്ന് സ്തംഭങ്ങൾ നാട്ടിയിരിക്കും. ഇത് ഒരോ ദേവന്മാരെയും പ്രതിനിധാനം ചെയ്യുന്നു. ബലി കഴിക്കപ്പെടുന്ന മൃഗങ്ങളിൽ വന്യ മൃഗങ്ങളും പശുക്കളും പെടുന്നു. (പശുക്കളെ കൊല്ലാൻ പാടില്ല എന്നാണ്‌ എങ്കിലും)

രണ്ടാം ദിവസം[തിരുത്തുക]

രണ്ടാം ദിവസമാണ്‌ കൂടുതൽ ചടങ്ങുകൾ നടക്കുന്നത്. കുതിരയെ മറ്റു മൂന്ന് കുതിരകളോടൊന്നിച്ച് രഥത്തിൽ പൂട്ടി, അതിൽ യജമാനനും പ്രധാന പുരോഹിതനായ അധ്വര്യുവും കയറിയിരിക്കും. അതിന്റെ തടാകത്തിൽ ഇറക്കുകയും ചെയ്യും. രഥം യാഗശാലയിൽ തിരിച്ചെത്തുന്നതോടെ രാജപത്നിമാരുടെ ഊഴമാണ്‌. പട്ടമഹിഷി അശ്വത്തിന്റെ മുൻഭാഗത്തും വാവാതാവ് മധ്യഭാഗത്തും പരിവൃക്താവ് പിൻഭാഗത്തും വെണ്ണപുരട്ടുന്നു. ഇതേ സമയത്ത് പുരോഹിതന്മാർ ഋഗ്വേദ സൂക്തങ്ങൾ ചൊല്ലി അശ്വത്തെ സ്തുതിച്ചു കൊണ്ടിരിക്കും.

തറയിൽ ദർഭപുല്ലും കംബളവും വിരിച്ച് അതിൽ സ്വർണ്ണക്കഷണവുമിട്ട് കുതിരയെ അതിന്മേൽ കിടത്തി ശ്വാസം മുട്ടിച്ച് കൊല്ലുന്നു. രാജ്ഞിമാർ ഗണാനാം ത്വാ എന്നുരുവിട്ട് വലത്തു നിന്നിടത്തോട്ടും നിധീനാം ത്വാ എന്നുരുവിട്ട് ഇടത്തു നിന്ന് വലത്തോട്ടും മൂന്നു പ്രാവശ്യം വീതം പ്രദക്ഷിണം വക്കുന്നു. ഇതേ സമയം തങ്ങളുടെ വസ്ത്രത്തിന്റെ തുമ്പു കൊണ്ട് മരിച്ച കുതിരയെ വീശിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ രാജ്ഞിമാർ തങ്ങളുടെ തലമുടിയുടെ ഇടതു വശം മേല്പ്പോട്ട് കെട്ടി വക്കുകയും മറുവശം അഴിച്ചിടുകയും ചെയ്യണം.

യജമാനൻ പിന്നീട് തന്റെ പട്ടമഹിഷിയെ കുതിരയുടെ മേലേക്ക് "ഇനി സ്വർഗീയ സുഖം അനുഭവിച്ചു കൊള്ളുക" എന്ന് പറഞ്ഞ് തള്ളിയിടുന്നു. അധ്വര്യു അവർക്കു മുകളിലേക്ക് കംബളം വലിച്ചിടുന്നു. "ഇത് തന്നെയാണ്‌ സ്വർഗലോകം..." എന്ന് ഉരുവിട്ട് രാജ്ഞി ചത്ത കുതിരയുമായി സംഭോഗത്തിലേർപ്പെടുന്നു.[4] ഇതേ സമയം പുരോഹിതന്മാരും രാജപത്നിമാരുടെ പരിചാരികമാരും തമ്മിൽ അശ്ലീല വാക്കുകൾ കൈമാറുന്നു.[5] ഇതിനു ശേഷം പട്ടമഹിഷിയോടും[1] ശേഷം മറ്റു രാജപത്നിമാരോടും ഋത്വിക്കുകളിൽ ചിലർ അശ്ലീലം കലർന്ന സം‌വാദങ്ങൾ നടത്തുകയും[2] അതിന്‌ അവരവരുടെ പരിചാരകർ ഉരുളക്കുപ്പേരിയെന്നോണം മറുപടികളും നൽകുകയും ചെയ്യുന്നു.[6]

അവസനമായി എല്ലാ പരിചാരികമാരും മറ്റു രാജപത്നിമാരും ചേർന്ന് മഹിഷിയെ പിടിച്ചെഴുന്നേല്പിക്കുന്നു. ഈ അവസരത്തിലെല്ലാം അന്തരീക്ഷത്തിൽ മന്ത്രങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കും. പിന്നീട് കുതിരയെ മുറിക്കുന്ന ചടങ്ങാണ്‌.

മഹിഷി സ്വർണ്ണവാളും, വാവാതാവ് വെള്ളിവാളും പരിവൃക്ത ഇരുമ്പുവാളും കൊണ്ട് അശ്വത്തെ മുറിച്ച് മേധസ്സ് (വപ) എടുക്കുന്നു. ഇതിനുശേഷം ആദ്ധ്യാത്മികകാര്യങ്ങളിൽ വാദപ്രതമ്വാദം നടക്കുന്നു. ഇതിന്‌ ബ്രഹ്മോദ്യം എന്നാണ്‌ പറയുന്നത്. അതിനോടൊപ്പം ഋത്വിക്കുകൾ മേധസ്സ് പാകം ചെയ്യുന്നു. പിന്നീട് മേധസ്സ് മന്ത്രങ്ങൾ ഉരുവിട്ട്കൊണ്ട് അഗ്നിയിൽ ഹോമിക്കുന്നു. ഇതിനുശേഷം യജമാനൻ സിംഹത്തോലിൽ ഉപവിഷ്ടനാകുന്നു. അദ്ദേഹത്തിന്റെ ശിരസ്സിൽ ഒരു കഷണം സ്വർണ്ണം വച്ച് തലക്കുമുതൽ ഒരു തോൽ വച്ച് ഹോമത്തിന്റെ ഹവ്യത്തിന്റെ അവശിഷ്ടം അദ്ദേഹത്തിന്റെ മേലേക്ക് ചൊരിയുന്നു. ഇതോടെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിക്കുന്നു.

മൂന്നാം ദിവസം[തിരുത്തുക]

മൂന്നാം ദിവസം അവഭൃതസ്ഥാനം എന്ന ചടങ്ങാണ്‌. തവിട്ട് നിറമുള്ള കണ്ണുള്ള കഷണ്ടിയുള്ള, പാണ്ഡുള്ള ഒരാൾ (ഉന്തിയ പല്ലും മെലിഞ്ഞ ശരീരവും ആവാം) വെള്ളത്തിൽ മുങ്ങുന്നു. അയാളുടെ തലക്കുമീതെ "ജംബുക സ്വാഹാ" എന്നു പറഞ്ഞുകൊണ്ട് ഒരു ബലിയർപ്പിക്കുന്നു.[7] ഇതോടെ രാജാവ് ചക്രവർത്തിയായി ബിരുദം സ്വീകരിക്കാം. ചടങ്ങുകൾ ഇതോടെ അവസാനിക്കുന്നു. പുരോഹിതന്മാർക്കും പരിചാരികമാർക്കും ധാരാളം സ്വത്തുക്കൾ ദാനമായി ലഭിക്കുന്നു.

മറ്റു ഭാഷ്യങ്ങൾ[തിരുത്തുക]

ഋഗ്വേദത്തിലെ 162 163 സൂക്തങ്ങൾ (ഒന്നാം മണ്ഡലം) അശ്വമേധയാഗത്തെയാണ്‌ വർണ്ണിച്ചിരിക്കുന്നത്.ഈ സൂക്തങ്ങളിലെ പ്രതിപാദ്യം ഭൗതികമായ ഏതെങ്കിലും കർമ്മങ്ങല്ല,മറിച്ച് ഗഹനമായ ആത്മീയദർശങ്ങളുടെ പ്രതീകാത്മക ആവിഷ്കാരമാണ് എന്ന് സുകുമാർ അഴീക്കോട് ചൂണ്ടിക്കാട്ടുന്നു.[8].മേല്പറഞ്ഞ ഋഗ്വേദ സൂക്തങ്ങളിൽ തന്നെ അശ്വത്തെ വിശേഷിപ്പിക്കുന്നത് സൂര്യനിൽ നിന്ന് പിറവികൊള്ളുന്നവനായാണു് എന്നത് അതിനു ഉപോദ്ബലകമായ തെളിവാണു്. യാഗത്തെ ഭൗതികമായി അനുഷ്ഠിക്കപ്പെടുന്ന ഒരു കർമ്മമായല്ല ഗരിമയാർന്ന ഒരു ആത്മീയകർമമായാണ് മിക്ക ഭാരതീയദാർശനികരും കണക്കക്കുന്നത്.മഹർഷി അരവിന്ദനും ശങ്കരാചാര്യരും യാഗങ്ങളുടെ ഭൗതികാനുഷ്ഠാനത്തെ എതിർത്തവരാണു് . എന്നാൽ പൗരോഹിത്യത്തിന്റെ സ്വാർത്ഥത്താൽ ഇടയ്ക്ക് ഒളിമങ്ങിപ്പോയ ഭാരതീയ സംസ്കാരത്തിന്റെ പർവതഗരിമയെ നിന്ദിക്കനുള്ള ഒരു ആയുധമായി യാഗങ്ങളുടെ ഭൗതികാനുഷ്ഠാനം ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായം അംഗീകരിക്കാത്ത ചിലർ സ്വമതസ്ഥപനത്തിനായി ചൂണ്ടിക്കാട്ടുന്നത് ഇതേ പോലുള്ള മത ചടങ്ങുകൾ ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നടന്നിട്ടുണ്ടെന്ന തെളിവുകൾ അവർ ചൂണ്ടിക്കാണിക്കുന്നു.

യുറോപ്പിന്റെ ചില ഭാഗങ്ങളിൽ അശ്വമേധം നടന്നിരുന്നു എന്ന് ചില ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു. മൃഗങ്ങളുമായിട്ടുള്ള ലൈംഗിക വേഴ്ച ചില പ്രാകൃതസമുദായങ്ങൾക്കിടയിൽ പുരാതനകാലത്ത് മത ചടങ്ങെന്ന നിലയിൽ നടന്നിരുന്നു. ഈജിപ്റ്റ്ജിലെ മെംഡെസ് എന്ന സ്ഥലത്ത് ആടുകളുമായി സ്ത്രീകൾ സംഭോഗം നടത്തുന്ന ചടങ്ങ് ഉണ്ടായിരുന്നതായി ഫ്ലൂട്ടാർക്കും ഹെറോഡോട്ടസും പറഞ്ഞിട്ടൂണ്ട്. മെംഫിസ് എന്ന സ്ഥലത്ത് ഇതിന് പകരം വിശുദ്ധകാളയെയാണ്‌ ഉപയോഗിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. തത്ത്വമസി, സുകുമാർ അഴീക്കോട്
  2. ഉണ്ണിത്തിരി, ഡോ: എൻ.വി.പി. (1993). പ്രാചീന ഭാരതീയ ദർശനം. തിരുവനന്തപുരം: ചിന്ത പബ്ലീഷേഴ്സ്. 
  3. Bowker, John, The Oxford Dictionary of World Religions, New York, Oxford University Press, 1997, p. 103
  4. യജുർ‌വേദം- ശതപഥബ്രാഹ്മണം, കാണ്ഡം 13, ബ്രാഹ്മണം 3, പ്രപാഠകം 4, ഖണ്ഡിക 1
  5. യജുർ‌വേദം- ശതപഥബ്രാഹ്മണം, കാണ്ഡം 13, ബ്രാഹ്മണം 3, പ്രപാഠകം 4, ഖണ്ഡിക 4
  6. യജുർ‌വേദം- ശതപഥബ്രാഹ്മണം, കാണ്ഡം 13, ബ്രാഹ്മണം 3, പ്രപാഠകം 4, ഖണ്ഡിക 6
  7. യജുർ‌വേദം- ശതപഥബ്രാഹ്മണം, കാണ്ഡം 13, ബ്രാഹ്മണം 3, പ്രപാഠകം 4, ഖണ്ഡിക 6
  8. തത്ത്വമസി,സുകുമാർ അഴീക്കോട്`

കുറിപ്പുകൾ[തിരുത്തുക]

  • ^ അധ്വര്യു പട്ടമഹിഷിയെ നോക്കി പറയുന്നത്: "കുമാരീ ഹയെ ഹയെ കുമാരീ! യകാƒസകൗ ശകുന്തികാ!" മറുപടിയായി പട്ടമഹിഷി: " അദ്വര്യോ, ഹയെ ഹയെ, അദ്വര്യോ! യകോƒസസൗ ശകുന്തികാ"
  • ^ ഉദ്ഗാതാവ് വാവാതാവിനോട് (മഹിഷിയുടെ സപത്നി): "ഈ യജമാന പത്നിയുടെ. *#@*..... മടുപടി പറയുന്നത് പരിചാരകമാരാണ്‌: "ഉദ്ഗാതാവേ അങ്ങ് കുതിരയുടെ ..*#$*..."
"https://ml.wikipedia.org/w/index.php?title=അശ്വമേധയാഗം&oldid=2489429" എന്ന താളിൽനിന്നു ശേഖരിച്ചത്