കർണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർ‌ണ്ണൻ
ദേവനാഗരി कर्ण
Affiliation സൂര്യ ദേവന്റെ മകൻ
Weapon കാളപൃഷ്ടം (ധനുസ്സ്)
Texts മഹാഭാരതം

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അർജ്ജുനനു തുല്ല്യനായ വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമായിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ അസ്ത്രത്താലാണ് കർണ്ണൻ വധിക്കപ്പെട്ടത്‌.

ജീവിതം[തിരുത്തുക]

ജനനം[തിരുത്തുക]

കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ എഴുന്നള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉത്സുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ആ സമയത്തു രജസ്വലയായിരുന്ന അവൾ അഞ്ചു മന്ത്രങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുത്തു സൂര്യദേവനെ ആഹ്വാനം ചെയ്തു . മന്ത്രപ്രഭാവം ക്ഷണത്തിൽ പ്രകടമായി . അതിതേജസ്വിയായ സൂര്യദേവൻ തോൾവളയും കിരീടവും ദിവ്യാഭരണങ്ങളുമണിഞ്ഞു അവൾക്കു മുന്നിൽ പ്രത്യക്ഷനായി . കുന്തിയോട് സൂര്യദേവൻ താൻ അവളുടെ മന്ത്രാഹ്വാനത്താൽ വശീകൃതനായി എത്തിയതാണെന്നും അതിനാൽ തന്നിൽ നിന്നും ഒരു സന്തതിയെ വേഗത്തിൽ സ്വീകരിച്ചുകൊള്ളാനും ആവശ്യപ്പെട്ടു . ഭയന്നുപോയ കുന്തി,താൻ വെറും കൗതുകത്തിനാണ് സൂര്യനെ ആഹ്വാനം ചെയ്തതെന്നും , അതിനാൽ അദ്ദേഹം സന്തുഷ്ടനായി മടങ്ങിപ്പോകണമെന്നും കേണപേക്ഷിച്ചു . സൂര്യദേവൻ ഇതുകേട്ട് കോപിഷ്ഠനാവുകയാണുണ്ടായത് . ആഹ്വാനം ചെയ്ത ദേവനെ നിഷ്ഫലമായി തിരിച്ചയയ്ക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും , അതിന്റെ ഫലം കൊടുംശാപമായി തന്നിൽ നിന്നും ഏല്ക്കേണ്ടതായി വരുമെന്നും , കുന്തിയുടെ പിതാവും മന്ത്രമുപദേശിച്ച മുനിവര്യനും അതിന്റെ തിക്തഫലം അനുഭവിക്കുമെന്നും സൂര്യൻ പറഞ്ഞു . ഭയന്നുപോയ കുന്തി സൂര്യദേവനോട് താൻ കന്യകയാണെന്നും , തന്റെ കന്യകാത്വം നഷ്ടപ്പെടാത്ത രീതിയിൽ തന്നിൽ പുത്രോല്പ്പാദനം ചെയ്തുകൊളളാനും അങ്ങനെയുണ്ടാകുന്ന പുത്രൻ തികഞ്ഞ ധർമ്മിഷ്ഠനും ജന്മനാൽ കവചകുണ്ഡലങ്ങളോട് കൂടിയവനുമായിരിക്കണമെന്നു അപേക്ഷിച്ചു .സൂര്യദേവൻ അത് സ്വീകരിക്കുകയും യോഗബലത്തോടെ കുന്തിയിൽ പ്രവേശിച്ചു പുത്രോല്പ്പാദനം ചെയ്യുകയും ചെയ്തു . തുടർന്നു കുന്തിക്കുണ്ടാകുന്ന പുത്രൻ സര്വ്വ ശസ്ത്രപ്രവരന്മാരിലും വച്ച് ഉന്നതനായിരിക്കുമെന്നും , കുന്തി കന്യകയായി തുടരുമെന്നും അനുഗ്രഹിച്ച ശേഷം തിരിച്ചുപോയി . ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺകുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞ്ഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും ആ കുഞ്ഞിനെ എടുത്തു വളർത്തി. അങ്ങനെ "രാധേയൻ" എന്ന പേരിലും "സൂതപുത്രൻ" എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.സ്വർണ്ണ കുണ്ഡലങ്ങളോട് കൂടിയവനും സുവർണ്ണശോഭയോട് കൂടിയവനും തേജോമയനുമായ ആ ശിശുവിനെക്കണ്ടു മഹാബ്രാഹ്മണർ അവനെ വസുഷേണൻ എന്ന് നാമകരണം ചെയ്തു . മാനഭയത്താൽ കുന്തി തന്റെ കർണ്ണത്തിലുടെ പ്രസവിച്ചതിനാൽ കർണ്ണൻ എന്ന പേരുനൽകി എന്നൊരു വാദം കൂടി നിലവിലുണ്ട്.ദേവരാജാവായ ഇന്ദ്രന് കർണ്ണത്തിൽ നിന്നും കുണ്ഡലങ്ങൾ അറുത്തെടുത്തു നല്കിയതിനാലാണ് കർണ്ണൻ എന്ന പേരുണ്ടായതെന്നും മഹാഭാരതം വനപർവ്വത്തിൽ കാണുന്നു .

കുട്ടിക്കാലവും യൗവനവും[തിരുത്തുക]

കർണ്ണൻ ആയുധവിദ്യാഭ്യാസത്തിനായി കൗരവ-പാണ്ഡവപുത്രന്മാരുടെ ഗുരുവായ ദ്രോണാചാര്യരുടെ അടുത്ത് ചെല്ലുകയും വിദ്യാദാനം ആവശ്യപ്പെടുകയും ചെയ്തു.അങ്ങനെ കുറേക്കാലം അദ്ദേഹം ദ്രോണരുടെ കീഴിൽ ആയുധവിദ്യ അഭ്യസിച്ചു. എന്നാൽ സൂതനായതിനാൽ, മർമ്മ പ്രധാനമായ വിദ്യകൾ ദ്രോണർ കർണ്ണനെ പഠിപ്പിക്കുകയുണ്ടായില്ല. അതിൽ ഒന്നാണ് ബ്രഹ്‌മാസ്‌ത്രവിദ്യ. ഒരു ദിവസം കർണ്ണൻ ദ്രോണരോട് ബ്രഹ്‌മാസ്‌ത്രവിദ്യ പകർന്നു നൽകുവാൻ ആവശ്യപ്പെട്ടു. എന്നാൽ സൂതനായ കർണ്ണന് ബ്രഹ്‌മാസ്‌ത്രവിദ്യ പ്രദാനം ചെയ്യാൻ ഗുരു ദ്രോണർ വിസമ്മതം (പകടിപ്പിച്ചു. കുലത്തിന്റെ പേരിൽ അപമാനഭാരം സഹിക്കാനാവാതെ മനസ്സ് വേദനിച്ച കർണ്ണൻ എന്ത് വില കൊടുത്തും ബ്രഹ്‌മാസ്‌ത്രവിദ്യ അഭ്യസിക്കണം എന്ന ദൃഢനിശ്ചയത്തിലേക്ക് എത്തി ചേർന്നു. അങ്ങനെ ഭഗവാൻ പരശുരാമന്റെ കീഴിൽ (ബാഹ്മണനാണ് എന്ന നുണ പറഞ്ഞ് ആയുധവിദ്യ അഭ്യസിച്ചു.

പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. അർജ്ജുനനെപ്പോലെ എല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽ ഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ആ (കീഡാങ്കണത്തിലേക്ക് കർണ്ണൻ രംഗ(പവേശനം ചെയ്തു. അർജ്ജുനനേക്കാൾ കരവേഗത്തോടെ സമർത്ഥമായി ധനുർവിദ്യ പ്രകടിപ്പിച്ച കർണ്ണനെ സദസ്സ്യർ ഹസ്താരവം മുഴക്കി സ്വീകരിച്ചു. ദുര്യോധനൻ ഇത് ദർശിച്ചു പുളകിതനാകുകയും, രംഗത്ത് വന്നു കർണ്ണനെ അഭിനന്ദിക്കുകയും ചെയ്യുന്നു. അഭ്യാസപ്രകടനത്തിന് ശേഷം, കർണ്ണനു നേരെ അർജ്ജുനൻ പൊട്ടിത്തെറിക്കുന്നു. അർജ്ജുനൻ പറയുന്നു "കർണ്ണാ, വിളിക്കാതെ വന്നു കയറുന്നിടത്തും, ചോദിക്കാതെ പറയുന്നവർക്കുമുള്ള ലോകങ്ങളിൽ ഞാൻ നിന്നെ കൊന്നയയ്ക്കുവാൻ പോവുകയാണ്" അതിനു മറുപടിയായി കർണ്ണൻ ഇങ്ങനെ പറയുന്നു "പൊതുവേദി എല്ലാപേർക്കും ഒന്നുപോലെയാണ്. നിനക്കുമാത്രം വിശേഷിച്ചു എന്തുണ്ട്? ക്ഷത്രിയൻ വീര്യത്തെയാണ് ആശ്രയിക്കുന്നത്" .

അപ്പോഴാണ്‌ കൃപാചാര്യർ ഇടപെടുന്നത്. കൃപാചാര്യർ അർജ്ജുനന്റെ കുലവും ഗോത്രവും മാതൃ-പിതൃ പരമ്പരയുമെല്ലാം ശരിയായി വിശദീകരിച്ചു. എന്നിട്ട് കർണ്ണനോട് അദ്ദേഹത്തിന്റെ കുലവും ഗോത്രവും പറയുവാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഇപ്രകാരം കൂട്ടിച്ചേർത്തു "രാജസന്തതികൾ സാധാരണക്കാരോട് പൊരുതുകയില്ല". ഇതുകേട്ട് കർണ്ണൻ ലജ്ജിതനായി നിൽക്കുമ്പോൾ, ദുര്യോധനൻ ഇടപെടുകയും, കർണ്ണന് "അംഗരാജ്യം" പ്രദാനം ചെയ്തു രാജാവാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കർണ്ണനെ അപമാനത്തിൽ നിന്നും രക്ഷിക്കുന്നു. അപ്പോൾ സൂതനായ അതിരഥൻ രംഗത്തേക്ക് വരുന്നു. കർണ്ണൻ പിതൃബഹുമാനത്തോടെ അദ്ദേഹത്തെ വന്ദിക്കുന്നു. കർണ്ണന്റെ ജാതി ഉടനെതന്നെ അവിടെ ഇരുന്നവർക്ക് മനസ്സിലാകുന്നു. അതോടെ പാണ്ഡവർ കർണ്ണനെ കൂടുതൽ ജാതി പറഞ്ഞു അവഹേളിക്കുകയും, അതിൽ പ്രത്യേകിച്ച് ഭീമസേനൻ ഇങ്ങനെ പറയുകയും ചെയ്തു. "നീ അർജ്ജുനന്റെ കൈകൊണ്ടു എന്തിനു ചാകുന്നു? നിന്റെ കുലത്തിനൊത്ത ചമ്മട്ടി കയ്യിലെടുത്തു ജീവൻ രക്ഷിച്ചു കൊള്ളൂ. അംഗരാജ്യം ഭരിക്കാൻ പോകുന്നത് ഇനി നീയാണെന്നോ? ഹോമാന്നം ഭക്ഷിക്കുന്നത് നായയോ? കൊള്ളാം." ഇതുകേട്ട ദുര്യോധനൻ സഹോദരന്മാരുടെ ഇടയിൽ നിന്നും സിംഹത്തെപ്പോലെ ഗർജ്ജിച്ചുകൊണ്ടു രംഗത്തേക്ക് വരികയും, ഭീമനെ നിശിതമായി ശാസിക്കുകയും ചെയ്തു. രംഗം വീണ്ടും വഷളാകുന്നു എന്ന് കണ്ടു മുതിർന്നവർ ഇടപെട്ടു അഭ്യാസക്കാഴ്ച അവസാനിപ്പിച്ചു. ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു. ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും വാഗ്ദാനത്തിൻറ പേരിൽ കർണ്ണന് കൂട്ട് നിൽക്കേണ്ടതായി വന്നു. കർണ്ണൻ വൃഷാലി എന്ന യുവതിയെ വിവാഹം ചെയ്യുകയും അതിൽ ഒൻപത് പുത്രൻമാർ ജനിക്കുകയും വ്രസസേന, ശുദ്ധാമാ, ശത്രുഞ്ജയ, ദ്വിപത, സുസേന, സത്യേശ, ചിത്രസേന, സുശർമ്മ(ബനസേന), വൃഷകേതു എന്നീപേരുകളിൽ അറിയപ്പെടുന്നു.

ഇന്ദ്രന്റെ ചതി[തിരുത്തുക]

മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാൻ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങനെയെങ്കിലും ചോദിച്ചുവാങ്ങണം. ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ കർണ്ണൻ ഉറങ്ങുന്ന വേളയിൽ, അദ്ദേഹത്തിൻറെ സ്വപ്നത്തിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വം വന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും വധിക്കുവാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു. എന്നാൽ താൻ ഒരിക്കലും സത്യം ലംഘിക്കുകയില്ലെന്നും തന്റെ ദാനവ്രതം താനൊരിക്കലും തെറ്റിക്കുകയില്ലെന്നും കർണ്ണൻ പിതാവായ സൂര്യദേവനോട്‌ പറഞ്ഞു. അങ്ങിനെയെങ്കിൽ, കവചകുണ്ഡലങ്ങൾക്ക് പകരമായി ഇന്ദ്രന്റെ പക്കലുള്ള ഏകപുരുഷഘാതിനി എന്ന വേല് ചോദിച്ചു വാങ്ങണമെന്നും, അർജ്ജുനനല്ലാതെ മറ്റാരിലും അത് പ്രയോഗിക്കരുതെന്നും, എന്നാൽ അർജ്ജുനനിൽ "പ്രയോഗിക്കാതിരിക്കരുത്" എന്നും സൂര്യദേവൻ പ്രത്യേകം ഓർമ്മിപ്പിച്ചു. സൂര്യദേവൻ മുൻപറഞ്ഞതുപോലെ ഇന്ദ്രൻ ബ്രാഹ്മണവേഷധാരിയായി വന്നു. തന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ ചോദിച്ചെത്തിയ ഇന്ദ്രനോട് കർണ്ണൻ സൂര്യദേവന്റെ നിർദ്ദേശമനുസരിച്ചു ഇന്ദ്രദത്തമായ ഏകപുരുഷഘാതിനി വേല് ആവശ്യപ്പെട്ടു . എന്നിട്ടു പറഞ്ഞു . " ഈ കവചകുണ്ഡലങ്ങൾ എനിക്ക് ജന്മസിദ്ധമാണ് . എന്റെ പിതാവ് നൽകിയ ഇവയെ ത്വജിച്ചാൽ ഞാൻ മൃത്യുവിന് വശഗനായിപ്പോകും . എന്നാലും അങ്ങ് നൽകുന്ന വേലുണ്ടെങ്കിൽ , എന്റെ മൃത്യുവായിരിക്കുന്ന ഒരു ആജന്മശത്രുവുണ്ട് , അവനെ വധിച്ചു ഞാൻ അകാലമൃത്യുവിൽ നിന്നും രക്ഷ നേടുന്നതാണ് ". ഇന്ദ്രൻ ക്രൂരമായി ചിരിച്ചുകൊണ്ട് കൊണ്ട് ഇങ്ങനെ പറഞ്ഞു ." വേല് ഞാൻ തരാം . പക്ഷെ നീ ഉദ്ദേശിക്കുന്ന ആ ശത്രുവിനെ രക്ഷിക്കുന്നത് ലോകനാഥനായ കൃഷ്ണനാണ് എന്നത് ഓർത്തുകൊള്ളൂ". ഇന്ദ്രൻ തുടർന്ന് കര്ണ്ണന് ഏകപുരുഷഘാതിനി വേലു നൽകുകയും , പകരം കർണ്ണൻ വിലമതിക്കാനാകാത്ത തന്റെ കവച - കുണ്ഡലങ്ങൾ നൽകുവാൻ സന്നദ്ധനാകുകയും ചെയ്തു . അതിതീവ്രമായ വേദന വകവയ്ക്കാതെ, ശരീരത്തിൽ നിന്നും കവചകുണ്ഡലം മുറിച്ചു കൊടുക്കുന്ന കർണ്ണനെ കണ്ടു, ഇന്ദ്രനും ദേവന്മാരും സിംഹനാദം മുഴക്കി. അതിധീരമായ ഈ പ്രവർത്തി കണ്ട് ദേവന്മാരും ഋഷികളും വൈകർത്തന: എന്ന് കർണ്ണനെ ബഹുമാനപുരസരം സംബോധന ചെയ്തു. വൈകർത്തനൻ എന്നാൽ, "ശരീരം മുറിച്ചവൻ" എന്നർഥം. അതോടെ വൈകർത്തന: കർണ്ണൻ എന്ന പേരും കർണ്ണന് സിദ്ധിച്ചു. ദാനാനന്തരം, നിനക്ക് എന്ത് വരം വേണം എന്ന് സന്തുഷ്ടനായ ഇന്ദ്രൻ ചോദിച്ചപ്പോൾ തനിക്കു വടുക്കളില്ലാത്ത ശോഭയുള്ള ശരീരം വേണമെന്നു കർണ്ണൻ ആവശ്യപ്പെടുന്നു. ഇന്ദ്രൻ പ്രസ്തുത വരം നല്കിയിട്ട് ഗൂഢമായ ഒരു ചിരിയോടെ മറഞ്ഞു . ഇത്തരത്തിൽ ഇന്ദ്രന്റെ ദുഷ്ടബുദ്ധി ഫലിച്ചെങ്കിലും , കർണ്ണന്റെ യശസ്സ് സർവ്വലോകങ്ങളിലും വ്യാപിക്കുകയാണ് ചെയ്തത് .

യുദ്ധത്തിനു മുൻപ്[തിരുത്തുക]

യുദ്ധം ആസന്നമായ വേളയിൽ, ഒരു ദിവസം കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജ്യേഷ്ഠനാണെന്നും വെളിപ്പെടുത്തി. എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള ബാക്കി നാല് പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.

യുദ്ധത്തിനു മുൻപ് ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദൂതനായി കൗരവസദസ്സിലേക്ക് പോവുകയുണ്ടായി. അവിടെവച്ചു അദ്ദേഹം കർണ്ണനെ കാണുന്നു. തന്റെ കൂടെ ഹസ്തിനപുരിയിലേക്ക് വരുവാനും, കർണ്ണനെ താൻ രാജാവായി വാഴിക്കാമെന്നും, പാണ്ഡവരും അഭിമന്യുവും ഇതറിഞ്ഞാൽ കർണ്ണന്റെ കാൽക്കൽ വീണു വണങ്ങുമെന്നും ശ്രീകൃഷ്ണൻ കർണ്ണനോട് പറഞ്ഞു അദ്ദേഹത്തെ മോഹിപ്പിക്കുവാൻ ഒരു ശ്രമം നടത്തി. എന്നാൽ ആപത്തുകാലത്ത് സുഹൃത്തായ ദുര്യോധനനെ കൈവിടുന്നത് ശരിയല്ലെന്നും, അത് കൊടിയ അധർമ്മമാണെന്നും കർണ്ണൻ വാദിച്ചു .

കുരുക്ഷേത്രയുദ്ധം[തിരുത്തുക]

കൗരവരും പാണ്ഡവരും തമ്മിലുള്ള സ്പർദ്ധ കാലക്രമേണ വളർന്ന് അതിന്റെ മൂർദ്ധന്ന്യാവസ്ഥയിലെത്തുകയും ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ നടന്ന ഭയങ്കരമായ ഭാരതയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തിൽകൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്. കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും 'വൈജയന്തി (അഥവാ ഏകപുരുഷഘാതിനി) എന്ന ഒരു വേൽ വാങ്ങിയിരുന്നു. അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു. എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽകചനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും അവനെ വധിക്കുവാൻ മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നപ്പോൾ ഏകപുരുഷഘാതിനി വേലുപയോഗിച്ച് കർണ്ണൻ ഘടോൽകചനെ വധിക്കുകയും ചെയ്തു. ഈ വേല് ഒരാൾക്ക്‌ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന ഒന്നായിരുന്നു. ഉപയോഗശേഷം ഇത് ഇന്ദ്രന്റെ പക്കലേക്ക് മടങ്ങിപ്പോയി. യുദ്ധത്തിന്റെ പതിനാറാം ദിവസം കർണ്ണൻ സർവ്വസൈന്യാധിപനായി നിയമിതനായി.

മരണം[തിരുത്തുക]

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്. അർജ്ജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ സ്തുത്യർഹമായ രീതിയിൽ പോരാടുന്നു. കർണ്ണന്റെ സർപ്പമുഖ ബാണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ശ്രീകൃഷ്ണഭഗവാൻ അർജ്ജുനനെ രക്ഷിക്കുന്നത്. തുടർന്ന് മുൻപ് ഏറ്റിരുന്ന ബ്രാഹ്മണശാപത്താൽ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജ്ജുനനോടാവശ്യപ്പെടുന്നു. എന്നാൽ ഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു. വീണ്ടും തുടർന്ന് നടന്ന യുദ്ധത്തിൽ, അർജ്ജുനനെ വജ്രസമാനമായ ഒരസ്ത്രത്താൽ മോഹാലസ്യപ്പെടുത്തിയ ശേഷം കർണ്ണൻ താണുപോയ തന്റെ രഥചക്രം ഉയർത്താനായി വിജയമെന്ന വില്ല് താഴെ വച്ചിട്ട് ഉദ്യമിക്കുന്നു. ഈ സമയം സാരഥിയായ ശ്രീകൃഷ്ണൻ അർജുനനെ ശീതോപചാരം ചെയ്തു ഉണർത്തുകയും, നിരായുധനായി തേരുയർത്തുന്ന കർണ്ണനെ വധിക്കുവാൻ ഉപദേശിക്കുകയും ചെയ്യുന്നു. തുടർന്ന് അർജുനൻ ആഞ്ജലികം എന്ന അസ്ത്രത്താൽ നിരായുധനായ കർണ്ണന്റെ ശിരസ്സറുക്കുന്നു.

പരശുരാമന്റെ ശാപം തന്നെ ഇങ്ങനെയാണ്. "ചതിച്ചു പഠിച്ച വിദ്യ, മരണസമയമടുക്കുമ്പോൾ, നിനക്ക് തുല്യനായ എതിരാളിയോട് ഏറ്റു പൊരുതുമ്പോൾ ഓർമ്മയിൽ വരില്ല". ഈ ശാപമാണ് പിന്നീട് ഫലിക്കുന്നത്. കർണ്ണൻ എന്തുകൊണ്ടും അർജ്ജുനന് തുല്യനായിരുന്നു. ഇല്ലായിരുന്നെങ്കിൽ പരശുരാമന്റെ ശാപം ഫലിക്കുകയില്ലായിരുന്നു.

കർണ്ണന്റെ മരണശേഷം പാണ്ഡവർ അദ്ദേഹത്തിന്റെ നിജസ്ഥിതി മാതാവിൽ നിന്നും മനസ്സിലാക്കുകയും, കർണ്ണനെയോർത്തു അതീവമായി ഖേദിക്കുകയും ചെയ്തു . മരണശേഷം കർണ്ണപുത്രനായ വൃഷകേതുവിനെ പാണ്ഡവർ കണ്ടെത്തുകയും, അദ്ദേഹത്തിനെ വളരെയധികം സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ഇളയച്ഛനായ അർജ്ജുനന്റെ ശിഷ്യനായിരുന്നു വൃഷകേതു.

ശാപങ്ങൾ[തിരുത്തുക]

കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്. ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്. ഒരിക്കൽ കർണ്ണന്റെ മടിയിൽ പരശുരാമൻ ഉറങ്ങിക്കിടക്കുമ്പോൾ, ഭയങ്കരനായ ഒരു ഷഡ്പദം(വണ്ട്‌) വന്ന് കർണ്ണന്റെ തുടകൾ തുളക്കുന്നു. ആ വണ്ടിന്റെ പേര് അളർക്ക൯ എന്നായിരുന്നു. ഗുരുവിന്റെ നിദ്രക്കു ഭംഗം വരാതിരിക്കുവാൻ കർണ്ണൻ ആ വണ്ടിന്റെ ശല്യം സഹിക്കുകയും ചെയ്യുന്നു. തന്റെ തുടകളെ വണ്ട്‌ തുളച്ചു രക്തം കിനിയുമ്പോൾ, കർണ്ണൻ ഒരു ഭാവഭേദവുമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് ഇരുന്നു. രക്തം വീണു നനഞ്ഞു , ഗുരുവായ പരശുരാമൻ ഉണർന്നു. ഉണർന്നെണീറ്റ ഗുരു കാണുന്നത് ചോരയൊലിപ്പിച്ചിരിക്കുന്ന കർണ്ണനെ ആണ്. ആ വണ്ട്‌ വാസ്തവത്തിൽ ദംശൻ എന്ന അസുരനായിരുന്നു. പരശുരാമന്റെ പൂർവ്വ പിതാമഹനായ ഭൃഗുവിന്റെ ശാപത്താലാണ് വണ്ടായിത്തീർന്നത്‌. കൃതയുഗത്തിലാണ് ഇത് സംഭവിക്കുന്നത്‌. ദ്വാപരയുഗത്തിൽ, പരശുരാമനിൽ നിന്നും ശാപമോക്ഷം ലഭിക്കുമെന്ന ശാപമോക്ഷമാണ് അപ്പോൾ സംഭവിച്ചത്. പരശുരാമൻ നോക്കിയയുടനെ വണ്ട്‌ ചത്തുപോയി. ആ വണ്ടിന്റെ ശരീരത്തിൽ നിന്നും, ഭയാനകനായ അസുരൻ ആകാശത്തിൽ ഉയർന്നുപൊങ്ങി, പരശുരാമനോട് നന്ദി പറഞ്ഞു അദൃശനായി. അതിനു ശേഷം പരശുരാമൻ കർണ്ണനു നേരെ തിരിഞ്ഞു. അദ്ദേഹം ക്രോധിച്ചുകൊണ്ടു കർണ്ണനോട് ഇങ്ങനെ പറഞ്ഞു. "വിഡ്ഢീ, ഇത്രയും കഠിനമായ വേദന സഹിക്കുവാൻ ബ്രാഹ്മണന് സാധ്യമല്ല. നിന്റെ ഈ വീര്യം, നീ തികഞ്ഞ ക്ഷത്രിയനാണെന്ന് വിളിച്ചറിയിക്കുന്നു. പറയൂ, ഏതു രാജവംശത്തിൽ പിറന്നവനാണ് നീ? സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ നാം ശപിക്കുന്നതാണ്". അപ്പോൾ കർണ്ണൻ, താൻ സൂതപുത്രനാണെന്നും വിദ്യ പഠിക്കുവാനുള്ള തീവ്രമായ അഭിലാഷം കൊണ്ട് ബ്രാഹ്മണനെന്നു വ്യാജം പറഞ്ഞതാണെന്നും പറയുന്നു.തുടർന്ന് ഗുരുവിനോട് തന്നെ ശപിക്കരുതെന്നു ദയനീയമായി അപേക്ഷിക്കുകയും ചെയ്തു .കർണ്ണൻ പരശുരാമനോട് വിലപിച്ചു . " ഗുരു പിതൃതുല്യനാണ് . ആപത്തിൽ രക്ഷിക്കേണ്ടവനാണ് . അതിനാൽ എന്നോട് പൊറുക്കേണമേ " എന്നാൽ അതുകൊണ്ടൊന്നും മനസ്സലിയാത്ത പരശുരാമൻ , പഠിച്ച വിദ്യ അത്യാവശ്യ സമയത്തു നീ മറന്നു പോകുന്നതാണെന്നും അങ്ങനെ നീ തരിച്ചു നിൽക്കുമ്പോൾ , നിന്റെ ആജന്മശത്രു നിന്നെ എയ്തു കൊല്ലുമെന്നും കർണ്ണനെ ശപിക്കുന്നു.എന്നാലും ഇങ്ങനെ അനുഗ്രഹിച്ചു . നിനക്ക് തുല്യനായ ഒരു ക്ഷത്രിയൻ ഈ ഭൂമിയിലുണ്ടാകില്ല . ഇനിയൊട്ടു ഉണ്ടാകാൻ പോകുന്നുമില്ല .

കൂടാതെ , ഈ പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു. മറ്റൊരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു. ഈ ശാപങ്ങൾ കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.

അഗ്നിഹോത്രിയായ ബ്രാഹ്മണന്റെ ശാപം, ഗുരു പരശുരാമന്റെ ശാപം, ഭൂമീ ശാപം, ശല്യരുടെ തേജോവധം, ഇന്ദ്രന്റെ ചതി, കൃഷ്ണന്റെ സാമർത്ഥ്യം ഇത്രയും ചേർന്നപ്പോഴാണ്‌ കർണ്ണൻ മരിക്കുന്നത് .

കർണ്ണന്റെ പിന്ഗാമികൾ[തിരുത്തുക]

കർണ്ണപുത്രനായ വൃഷകേതുവിനെ അർജുനൻ ഏറ്റെടുത്തു വളർത്തുകയുണ്ടായി. സ്വന്തം മക്കളെക്കാളും അധികമായി അർജുനൻ വൃഷകേതുവിനെ സ്നേഹിച്ചു. യുധിഷ്ഠിരന്റെ അശ്വമേധശേഷം വൃഷകേതു തന്റെ പിതാവിന്റെ രാജ്യത്തേക്ക് തിരിച്ചുപോവുകയും മാലിനിയുടെയും, ചംബാപുരിയുടെയും, അംഗരാജ്യത്തിന്റെയും രാജാവായിത്തീരുകയും ചെയ്തു. പ്രഭദ്ര ആയിരുന്നു അദ്ദേഹത്തിൻറെ ഭാര്യ. അതിനു ശേഷം അദ്ദേഹത്തിന് ധിലു(ധർമ്മരാജ രുദ്രൻ) എന്ന മകനുണ്ടായി. ഈ ധിലുവാണ് കർണ്ണന്റെ വംശം പിന്നീട് നിലനിർത്തിയത്. ധിലുവിന്റെ പിന്ഗാമികളാണ് ധില്ലന്മാർ [DHILLONS]. ഇവരെ ശ്രേഷ്ഠ ക്ഷത്രിയരായി കരുതുന്നു. ഹരിയാനയിലും, പഞ്ചാബിലും ഇവരുടെ വംശം ഇന്നും നിലനിൽക്കുന്നു. കൂടാതെ ബംഗാളിലും, ഒറീസയിലും ഇവരുണ്ട്. ഇവരാണ് കർണ്ണന്റെ പിൻഗാമികളായ ക്ഷത്രിയർ. സൂര്യനാരായണനാണ് ഇവരുടെ കുലദേവത. മഹാധീരന്മാരായ ഇവർ ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്നു. വാണിജ്യം ചെയ്യുന്നതും, സേവ ചെയ്യുന്നതും ഒരു കുറഞ്ഞ പ്രവൃത്തിയായി ഇവർ ഗണിക്കുന്നു.


അവലംബം[തിരുത്തുക]

[1]


  1. Read history of Dhillons read history of dhillons.
"https://ml.wikipedia.org/w/index.php?title=കർണ്ണൻ&oldid=2411703" എന്ന താളിൽനിന്നു ശേഖരിച്ചത്