ഉള്ളടക്കത്തിലേക്ക് പോവുക

ജയദ്രഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിന്ധുരാജാവായിരുന്ന വൃദ്ധക്ഷത്രന്റെ പുത്രനും കൗരവരുടെ ഒരേയൊരു സഹോദരിയായിരുന്ന ദുശ്ശളയുടെ ഭർത്താവും ആയിരുന്നു ജയദ്രഥൻ. നൂറു സഹോദരന്മാരുടെ ഒരേ ഒരു പെങ്ങളുടെ പതി. മഹാഭാരതത്തിൽ ഇദ്ദേഹത്തെ അഹങ്കാരിയായും, അധർമ്മിയായും രേഖപ്പെടുത്തിയിരിക്കുന്നു. ജയദ്രഥൻ പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലിയെ അപഹരിക്കാൻ ശ്രമിക്കുകയും, തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ പിടിച്ച് കെട്ടിയിട്ട് നഖവും, മുടിയും മുറിച്ച് അപമാനിതനാക്കി വിട്ടയച്ചു. ഇദ്ദേഹത്തെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതു കൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271- അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചിരിക്കുന്നു. കൗരവർക്കും പാണ്ഡവർക്കുമായി ഒരേ ഒരു സഹോദരി ദുശ്ശളായുണുതാനും. [1]

ദ്രൗപദിയുടെ അപഹരണം

[തിരുത്തുക]

പന്ത്രണ്ട് വർഷത്തെ വനവാസക്കാലത്ത് ജയദ്രഥൻ പാണ്ഡവരുടെ സങ്കേതത്തിനടുത്ത് വരികയും പാണ്ഡവർ ഇല്ലാതിരുന്നവസരത്തിൽ പാഞ്ചാലിയെ അപഹരിക്കാൻ ശ്രമിക്കുകുകയും, തുടർന്നുണ്ടായ സംഘട്ടനത്തിൽ പാണ്ഡവർ ജയദ്രഥനെ പിടിച്ച് കെട്ടിയിട്ട് നഖവും, മുടിയും മുറിച്ച് അപമാനിതനാക്കി വിട്ടയച്ചു. ഇദ്ദേഹത്തെ കൊല്ലാതെ വിട്ടത് അദ്ദേഹം ദുശ്ശളയുടെ ഭർത്താവായതു കൊണ്ടാണ് എന്ന് മഹാഭാരതം വനപർവം 271- അധ്യായം 43-ാം പദ്യത്തിൽ പരാമർശിച്ചിരിക്കുന്നു.[2] കൗരവർക്കും പാണ്ഡവർക്കുമായി ഒരേ ഒരു സഹോദരി ദുശ്ശളായുണുതാനും

ചക്രവ്യൂഹം

[തിരുത്തുക]
ചക്രവ്യൂഹത്തിന്റെ ഘടന.

മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസം കൗരവർ ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തു. പക്ഷേ കൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് സംശപ്തകരുടെ സഹായത്തോടെ തന്ത്രപൂർവ്വം കൗരവർ മാറ്റുകയും, ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ മാത്രം അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കേണ്ടിവരുകയും ചെയ്തു. പക്ഷേ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കാതെ വരികയും, അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്ക് ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കുന്നില്ലയെന്ന് ഉറപ്പുവരുത്താൻ ജയദ്രഥന് സാധിക്കുകയും ചെയ്തു.അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹത്തിനകത്ത് ദ്രോണർ,കർണൻ,ദുര്യോധനൻ,ദുശ്ശാസനൻ, കൃപർ,ശല്യർ തുടങ്ങിയ കൗരവപക്ഷത്തെ മഹാരഥന്മാരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെടുകയും പിന്നീടുണ്ടായ യുദ്ധത്തിൽ കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ലും തേരും തകർത്ത് തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. അവസാനം തേർചക്രവുമായി യുദ്ധംചെയ്തുവെങ്കിലും ചുറ്റും കൗരവർ വിദഗ്ദ്ധമായി അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു.[3]

അർജ്ജുനന ശപഥം

[തിരുത്തുക]

അഭിമന്യുവിനെ കൊല്ലാൻ സഹായകമായത് ജയദ്രഥൻ്റെ വരബലംമൂലമാണ് എന്ന് മനസ്സിലാക്കിയ അർജ്ജുനന് അയാളോട് വൈരം തോന്നുകയും പിറ്റേന്ന് സൂര്യൻ അസ്തമിക്കുന്നതിൻ്റെ മുന്നേ ജയദ്രഥനെ കൊല്ലുമെന്നും,അതിന് സാധിച്ചില്ലെങ്കിൽ സ്വയം ചിതയിൽ ചാടി മരിക്കുമെന്നും ശപഥമെടുക്കുകയും ഉണ്ടായി.

വൃദ്ധക്ഷത്രന്റെ തപസ്സും, വരലബ്ദിയും

[തിരുത്തുക]

ജയദ്രഥൻ്റെ പിതാവായിരുന്ന വൃദ്ധക്ഷത്രൻ തൻ്റെ പുത്രനെ രക്ഷിക്കുന്നതായി ഒരു വരം ജയദ്രഥന് നൽകിയിരുന്നു.ജയദ്രഥൻ്റെ ശിരസ്സ് മുറിച്ച് ആരാണോ താഴെ വീഴ്ത്തുന്നത്, അയാളും ശിരസ്സ് പിളർന്ന് മരിക്കും എന്നായിരുന്നു വരം.ഈ വരത്തിൻ്റെ ശക്തി നിമിത്തം ജയദ്രഥനെ വധിക്കാൻ ആരും മുതിരില്ല എന്ന് പിതാവ് ധരിച്ചുപോന്നു.

അർജ്ജുനൻ്റെ ശപഥത്തെപ്പറ്റി മനസ്സിലാക്കിയ കൗരവർ ഏതുവിധേനയും ജയദ്രഥനെ രക്ഷിക്കാൻ തീരുമാനിച്ചു. അന്ന് പകൽ മുഴുവൻ അയാളെ രക്ഷിക്കാൻ സാധിച്ചാൽ അർജ്ജുനൻ മരിക്കുമെന്നതും അവർക്ക് പ്രചോദനമായി. പുത്രൻ്റെ മരണത്തിലുള്ള വ്യസനവും,ദേഷ്യവും,ശപഥം നിറവേറ്റുവാനുള്ള വാശിയും മൂലം അർജ്ജുനൻ ഘോരമായി യുദ്ധം ചെയ്ത പതിന്നാലാം ദിവസം കുരുക്ഷേത്രം മുഴുവൻ പ്രകമ്പനം കൊണ്ടു. ജയദ്രഥനെ സംരക്ഷിക്കാൻ ദ്രോണർ പ്രത്യേകവ്യൂഹം ചമച്ച്,ഏറ്റവും മികച്ച വീരന്മാരെ തന്നെ അർജ്ജുനനെ നേരിടാൻ അയച്ചു. കർണൻ,അശ്വത്ഥാമാവ്,കൃപർ,ദുര്യോധനൻ തുടങ്ങി ദ്രോണരെത്തന്നെ നിസ്സാരമായി പരാജയപ്പെടുത്തിയ അർജ്ജുനൻ ജയദ്രഥനെ അന്വേഷിച്ച് യുദ്ധഭൂമി മുഴുവൻ അലഞ്ഞു. സൂര്യാസ്തമനം വരെ ഏതുവിധേനയും ജയദ്രഥനെ കാക്കണം എന്ന ലക്ഷ്യത്തോടെ ദ്രോണർ വീണ്ടും സൈനികരെ അർജ്ജുനന് നേർക്ക് അയക്കുകയും അർജ്ജുനൻ അവരെയെല്ലാം വധിക്കുകയും ചെയ്തുപോന്നു. ഇങ്ങനെപോയാൽ അർജുനനേക്കൊണ്ട് ശപഥം പൂർത്തിയാക്കുക എന്നത് സാധ്യമാകില്ലയെന്ന് മനസ്സിലാക്കി കൃഷ്ണൻ തൻ്റെ സുദർശനചക്രം കൊണ്ട് സൂര്യനെ മറച്ചുകളഞ്ഞു.ഇതോടെ സൂര്യൻ അസ്തമിച്ചുവെന്ന് കരുതി കൗരവർ സന്തോഷിക്കുകയും, ജയദ്രഥൻ ഒളിവിൽ നിന്ന് പുറത്തുവരികയും ചെയ്തു. അർജ്ജുനൻ്റെ മരണം കാണാൻ തയ്യാറായി നിന്ന കൗരവരെ ഞെട്ടിച്ചുകൊണ്ട് കൃഷ്ണൻ ചക്രത്തെ പിൻവലിക്കുകയും, കൃത്യസമയത്ത് തന്നെ അർജ്ജുനൻ ദിവ്യമായ ഒരു അസ്ത്രം പ്രയോഗിച്ച് ജയദ്രഥൻ്റെ ശിരസ്സ് മുറിക്കുകയും ചെയ്തു. ഏന്നാൽ വൃദ്ധക്ഷത്രൻ്റെ വരത്തെ പറ്റി നന്നായി അറിയാമായിരുന്ന കൃഷ്ണൻ അർജ്ജുനന് അതിനെപ്പറ്റി പറഞ്ഞുകൊടുക്കുകയും, ജയദ്രഥൻ്റെ ഉടലിനോട് വേർപെട്ട തല അർജ്ജുനൻ അസ്ത്രപ്രയോഗത്താൽ തപസ്സിൽ ഇരുന്നിരുന്ന വൃദ്ധക്ഷത്രൻ്റെ തന്നെ മടിയിൽ വീഴ്ത്തുകയും ചെയ്തു. തപസ്സിൽ നിന്നുണർന്ന അയാൾ തൻ്റെ മകൻ്റെ ശിരസ്സ് മടിയിൽ കിടക്കുന്നത് കണ്ട് ഞെട്ടി എഴുന്നേൽക്കുകയും,അതോടെ ശിരസ്സ് താഴെ വീണ് വരത്തിൻ്റെ ശക്തികൊണ്ട് പിതാവ് തന്നെ തല പൊട്ടിത്തെറിച്ച് മരിക്കുകയും ചെയ്തു. അങ്ങനെ ജയദ്രഥൻ്റെയും അയാളുടെ പിതാവിൻ്റെയും മരണം ഉടനുടൻ നടന്നു.

അശ്വമേധയാഗവും, സുരഥന്റെ മരണവും

[തിരുത്തുക]

യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിനായി അർജുനൻ അശ്വത്തെ നയിച്ച് സിന്ധു രാജ്യത്തെത്തിയപ്പോൾ, ജയദ്രഥനു ദുശ്ശളയിൽ ജനിച്ച പുത്രനായ സുരഥൻ അർജ്ജുനബാണത്തെ ഭയന്ന് ഹൃദയം പൊട്ടി മരിച്ചു. തുടർന്ന് സിന്ധുവിലെ ചില യോദ്ധാക്കൾ അർജ്ജുനനുമായി യുദ്ധം ചെയ്യുകയും അർജുനൻ അവരെ വധിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ദുഃഖിതയായ ദുശ്ശള സുരഥന്റെ പിഞ്ചുകുഞ്ഞും സുരഥന്റെ പത്നിയുമായി അർജുനനെ സമീപിക്കുകയും. അവരുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ അർജുനൻ യുദ്ധം അവസാനിപ്പിച്ച് സുരഥ പുത്രനേയും പത്നിയേയും അനുഗ്രഹിക്കുകയുണ്ടായി. മൂവരേയും അശ്വമേധയാഗത്തിനു ക്ഷണിച്ച്, സുരഥന്റെ പുത്രനെ സിന്ധുരാജാവായി അഭിഷേകം ചെയ്യതുകൊടുത്തുവെന്ന് മഹാഭാരതം അശ്വമേധപർവം 78-ഉം 89-ഉം അധ്യായങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്.[4]

അവലംബങ്ങൾ

[തിരുത്തുക]
  1. മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  2. വനപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  3. ദ്രോണപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  4. അശ്വമേധപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=ജയദ്രഥൻ&oldid=4576038" എന്ന താളിൽനിന്ന് ശേഖരിച്ചത്