അധിരഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് അധിരഥൻ. കൗരവരാജാവായിരുന്ന ധൃതരാഷ്ട്രരുടെ സുഹൃത്തായിരുന്നു ചമ്പാപുരിക്കു സമീപം പാർത്തിരുന്ന ഈ സൂതൻ. രാധയെന്നായിരുന്നു അധിരഥന്റെ ഭാര്യയുടെ പേര്. കർണ്ണൻറെ വളർത്തച്ഛനാണ് ഇദ്ദേഹം.

സന്താനങ്ങൾ ഇല്ലാതിരുന്ന അധിരഥൻ-രാധ ദമ്പതികൾ ഒരു ദിവസം ഗംഗയിൽ ജലക്രീഡ ചെയ്യവേ ഒരു പേടകത്തിൽ ഒരു ശിശു ഒഴുകി വരുന്നതുകണ്ടു. കുന്തീദേവി അവിവാഹിതയായിരിക്കെ സൂര്യനിൽനിന്നു ഗർഭം ധരിച്ച്, പ്രസവിച്ച ഉടനെ അപമാനഭയത്താൽ ഒരു പെട്ടിയിലാക്കി ഗംഗയിൽ ഒഴുക്കിയ ശിശു ആയിരുന്നു അത്. അധിരഥനും ഭാര്യയും ശിശുവിനെ എടുത്തുകൊണ്ടുപോയി വസുഷേണൻ എന്നു പേരിട്ട് വളർത്തി. പിൽക്കാലത്ത് കർണ്ണൻ എന്ന പേരിലറിയപ്പെട്ടത് ഈ കുമാരനാണ്. കർണ്ണനെ യഥാകാലം ഹസ്തിനപുരത്തിൽ ദ്രോണാചാര്യരുടെ അടുക്കൽ അയച്ച് ആയുധവിദ്യ അഭ്യസിപ്പിച്ചു. ആചാര്യരുടെ നേതൃത്വത്തിൽ കുരുക്ഷേത്രത്തിൽ വച്ച് പാണ്ഡവ-കൗരവ രാജകുമാരൻമാരുടെ അസ്ത്രാഭ്യാസപ്രദർശനം നടക്കുമ്പോൾ മത്സരത്തിൽ പങ്കെടുക്കാൻ ചെന്ന കർണ്ണന്റെ പദവിയെപ്പറ്റി ഉയർന്ന ആക്ഷേപത്തിനു പരിഹാരമായി ദുര്യോധനൻ ധൃതരാഷ്ട്രരുടെ അനുമതിയോടുകൂടി കർണ്ണനെ അവിടെ വച്ച് അംഗരാജാവായി അഭിഷേകം ചെയ്യുകയുണ്ടായി.

കർണ്ണൻ അങ്ങനെ രാജകീയ പ്രതാപത്തോടുകൂടി നില്ക്കുമ്പോൾ, മേൽമുണ്ടഴിഞ്ഞ്, ദേഹമാസകലം വിയർത്തൊലിച്ച നിലയിൽ വടിയും ഊന്നി വൃദ്ധനായ അധിരഥൻ കർണ്ണന്റെ സമീപത്തെത്തി. കർണ്ണൻ തന്റെ വളർത്തച്ഛനെ കണ്ടമാത്രയിൽ ഭക്ത്യാദരങ്ങളോടുകൂടി അടുത്തുചെന്ന് അഭിഷേകാർദ്രമായ ശിരസ്സു കുനിച്ച് അദ്ദേഹത്തെ നമസ്കരിച്ചതും അദ്ദേഹം അദമ്യമായ വാത്സല്യത്തോടുകൂടി വളർത്തുമകന്റെ ശിരസ്സ് മാറോടണച്ച് കണ്ണുനീർകൊണ്ട് ഒന്നുകൂടി അഭിഷേചനം ചെയ്തതും മഹാഭാരതത്തിലെ അത്യന്തം ഹൃദയസ്പൃക്കായ രംഗങ്ങളിൽ ഒന്നാണ്.

ബംഗാളിയിൽ ടാഗോറും ഹിന്ദിയിൽ മൈഥിലീശരൺ ഗുപ്തയും 'കുന്തീകർണ' കഥയെ ആസ്പദമാക്കി ഓരോ നാടകീയകാവ്യം രചിച്ചിട്ടുള്ളതിൽ അധിരഥനും രാധയും കഥാപാത്രങ്ങളാണ്.


"https://ml.wikipedia.org/w/index.php?title=അധിരഥൻ&oldid=1689023" എന്ന താളിൽനിന്നു ശേഖരിച്ചത്