Jump to content

നളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നളനും-ദമയന്തിയും. രാജാ രവിവർമ്മയുടെ ചിത്രം.

പുരാണേതിഹാസങ്ങളിലെ കഥാപാത്രമായ നിഷധരാജാവ്. വീരസേനന്റെ പുത്രൻ. നീതിമാനായ നളനും വിദർഭരാജപുത്രിയായ ദമയന്തിയും പരസ്പരം ഇഷ്ടപ്പെടുകയും സ്വയംവരസദസ്സിൽ വച്ച് ഇന്ദ്രാദി ദേവകളുടെ അനുഗ്രഹത്തോടെ ദമയന്തി നളനെ വരിക്കുകയും ചെയ്യുന്നു. അതിൽ അസൂയാലുവായ കലി നളനെ ബാധിക്കുകയും കലി ബാധ മൂലം അനുജനായ പുഷ്കരനുമായുള്ള ചൂതുകളിയിൽ തോറ്റ നളൻ സർവതും നഷ്ടപ്പെട്ട് കാനനവാസിയാകുകയും കാർക്കോടകൻ എന്ന സർപ്പത്തിന്റെ ദംശനമേറ്റ് രൂപഭേദത്തിന് വിധേയനാകുകയും ചെയ്തു. ഋതുപർണ്ണ സാരഥിയായി അജ്ഞാതവാസം അനുഷ്ഠിച്ച നളൻ കലി ബാധ നീങ്ങുമ്പോൾ ദമയന്തിയുമായി വീണ്ടും ഒത്തു ചേരുന്നു. പുഷ്കരനെ തോൽപിച്ച് രാജ്യം വീണ്ടെടുക്കാനും അദ്ദേഹത്തിൻ കഴിയുന്നു. പാചകകലയിലും തേരോടിക്കുന്നതിലും നളൻ നിപുണനാ‍യിരുന്നു. ഈ കഥയാണ് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയുടെ ഇതിവൃത്തം.

മഹാഭാരതത്തിൽ വനപർവ്വത്തിൽ വനവാസക്കാലത്ത് കഷ്ടപ്പെടുന്ന പാണ്ഡവരെ കണ്ട്‌, ബൃഹദശ്വൻ എന്ന മുനി സമാശ്വസിപ്പിക്കാനായി പറഞ്ഞുകൊടുക്കുന്ന കഥയാണ് നളോപാഖ്യാനം. ഇക്കഥയെ അധികരിച്ച് നൈഷധീയചരിതം (നൈഷധം മഹാകാവ്യം) എന്ന് പേരായി സംസ്കൃതത്തിൽ ശ്രീഹർഷൻ എഴുതിയ ഒരു ഉത്തമകാവ്യം ഉണ്ട്. നൈഷധീയചരിതത്തെ അനുകരിച്ചാണ് ഉണ്ണായി വാര്യർ “നളചരിതം” ആട്ടക്കഥ എഴുതിയത്.

കലിബാധ അകറ്റാൻ നളൻ, ദമയന്തി, ഋതുപർണ്ണൻ, കാർക്കോടകൻ എന്നിവരുടെ കഥകൾ കേട്ടാൽ മതി എന്ന് മഹാഭാരതത്തിൽ നളോപാഖ്യാനത്തിന്റെ സാരാംശത്തിൽ പറയുന്നു.

നളമഹാരാജാവ് സർവ്വശാസ്ത്രങ്ങളും അറിയാവുന്ന പണ്ഡിതനായിരുന്നു . ഇദ്ദേഹം രചിച്ച ശാസ്ത്രങ്ങളും അവയുടെ ശ്ളോകങ്ങളും പൂർണ്ണമായും വ്യാഖ്യാനിക്കുവാൻ മഹാപണ്ഡിതർക്കുപോലും പ്രയാസമത്രേ .പഞ്ച പാണ്ഡവരിലെ സഹദേവൻ നളന്റെ ശാസ്ത്രങ്ങൾ കുറെയേറെ വ്യാഖ്യാനിച്ചിട്ടുണ്ട് . സഹദേവൻ മാത്രമായിരുന്നു നളന് തുല്യമായ പണ്ഡിതൻ .ലോകഗതികൾ നളമഹാരാജാവ് അറിഞ്ഞിരുന്നു . ആയൂര്വേദം , ജ്യോതിഷം , മാന്ത്രികം , വാസ്തുവിദ്യ , അശ്വ ശാസ്ത്രം , ഗജ ശാസ്ത്രം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി . വിഷ്ണുവിന്റെ ചക്രാഷ്ടകമന്ത്രം , നവ നാഗസ്തോത്രം , നാഗ മന്ത്രങ്ങൾ ,നൃസിംഹ സ്തോത്രം , ചില നവഗ്രഹ മന്ത്രങ്ങൾ , മിത്രദേവന്റെ സ്തോത്രം , ദിക്പാലഗണങ്ങളുടെ ഉപചാരമന്ത്രങ്ങൾ എന്നിവയുടെ കർത്താവ് നളനായിരുന്നു . ഇദ്ദേഹത്തെ കലി എന്ന പാപദേവൻ വളരെയേറെ ദ്രോഹിച്ചുവെങ്കിലും സ്വതേജസ്സു കൊണ്ട് നളരാജാവ് കലിയെ തോൽപ്പിക്കുകയും ഋതുപർണ്ണ രാജാവിൽ നിന്നും ലഭിച്ച അക്ഷഹൃദയ വിദ്യയാൽ കലിയെ തുരത്തുകയും നഷ്‌ടമായ ഐശ്വര്യങ്ങൾ തിരികെ നേടിയെടുക്കുകയും ചെയ്തു . ഇദ്ദേഹത്തിന്റെ പത്നിയായ ദമയന്തി പതിവ്രതകളിൽ ഉത്തമയും സാക്ഷാൽ ലക്ഷ്മീ തുല്യയുമായിരുന്നു . ലോകത്തിലെ സർവ്വ ചരാചരങ്ങൽക്കും നളരാജാവ് അഭയം നല്കിയിരുന്നുവെന്ന് ഗണേശപുരാണത്തിൽ കാണുന്നു . ഇദ്ദേഹം ബ്രഹ്മജ്ഞാനിയായിത്തീർന്നു മോക്ഷം പ്രാപിച്ചു .

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നളൻ&oldid=3498335" എന്ന താളിൽനിന്ന് ശേഖരിച്ചത്