ജൈമിനീ ഭാരതം
മീമാംസാകാരനും വേദവ്യാസശിഷ്യനും വിഷ്ണുഭക്തനുമായ ജൈമിനീ മഹർഷി വ്യാസഭാരതത്തിനു അനുബന്ധമായി രചിച്ച അശ്വമേധപർവ്വം മാത്രമടങ്ങിയ ഗ്രന്ഥമാണ് ജൈമിനീ ഭാരതം .
അശ്വമേധപർവ്വം മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത് .ഇതിലെ അശ്വമേധപർവ്വം വളരെ വ്യത്യസ്തവും, ആസ്വാദ്യവും ഹൃദ്യവും , വ്യാസഭാരതത്തിലെ അശ്വമേധപർവ്വത്തിൽ ഇല്ലാത്ത പല കഥകളും അടങ്ങിയതുമാകുന്നു . അതിനാൽ ജൈമിനീ അശ്വമേധം എന്നും ഈ കൃതി പ്രസിദ്ധമാണ് . കർണ്ണപുത്രനായ വൃഷകേതുവിന്റെ കഥയും ഇതിലാണുള്ളത്. കൂടാതെ പ്രമീള എന്ന അർജുനവധുവിന്റെ കഥയും ,വ്യാസഭാരതത്തിൽ ഇല്ലാത്ത അനേകം മറ്റു പല കഥാപാത്രങ്ങളെയും ഇതിൽ കാണാം.
ജൈമിനി മുനി , നൈമിഷാരണ്യത്തിൽ വച്ച് ജനമേജയ രാജാവിനോട് പറയുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം. അർജ്ജുനൻ്റെ അശ്വമേധയാത്രയെപ്പറ്റി തനിക്ക് ചില സംശയങ്ങൾ ഉണ്ടായെന്നും, വേദവ്യാസൻ കാണാത്ത ചില സംഭവങ്ങൾ കണ്ട നാല് പക്ഷികൾ തനിക്ക് ഉണ്ടായതെല്ലാം വിസ്തരിച്ച് പറഞ്ഞ് തന്നുവെന്നും പറഞ്ഞാണ് ജൈമിനി തൻ്റെ ആഖ്യാനം നടത്തുന്നത്.കലിയുഗത്തിന്റെ ആരംഭകാലഘട്ടത്തിലാണ് ഇതിന്റെ ആഖ്യാനം നടക്കുന്നത് . കലിയുഗത്തിൽ ലോകത്തിന്റെ സ്ഥിതിയെപ്പറ്റിയും , ലോകത്തിനു സംഭവിക്കുന്ന കെടുതികളും ഇതിൽ അവസാനഭാഗത്ത് പറയുന്നുണ്ട് .
മഹാഭാരതത്തെ വച്ച് നോക്കുമ്പോൾ ഭക്തിരസത്തിന് പ്രാധാന്യം നൽകിയാണ് ജൈമിനി ഭാരതം രചിക്കപ്പെട്ടിരിക്കുന്നത് എന്ന് നിരീക്ഷിക്കാം.ഇതുകൂടാതെ അത്യന്തം വിചിത്രങ്ങളായ പല കഥകളും ഈ കൃതിയിൽ കാണാൻ സാധിക്കും.
യാഗാശ്വത്തിൻ്റെ പിറകെ പോകുന്ന അർജ്ജുനൻ, ശ്രീകൃഷ്ണപുത്രനായ പ്രദ്യുംമ്നൻ, കർണൻ്റെ മകനായ വൃഷകേതു,ഭീമൻ്റെ പൗത്രനും ഘടോൽക്കചൻ്റെ പുത്രനുമായ മേഘവർണൻ തുടങ്ങിയവർ ഓരോ രാജ്യങ്ങളിൽ ചെന്ന് പെടുന്നതും,ആശ്വത്തെ പിടിച്ചുകെട്ടുന്ന അവിടുത്തെ രാജാക്കൻമാരോട് യുദ്ധം ചെയ്യേണ്ടി വരുന്നതുമാണ് കഥകളുടെ ഇതിവൃത്തം.ഈ യാത്രക്കിടയിൽ അവർ അത്ഭുതമുളവാക്കുന്ന പല കാഴ്ച്ചകളും കാണുകയും,പലതും അനുഭവിക്കുകയും ചെയ്യുന്നു.പലയിടത്തും കുഴപ്പത്തിൽ ചാടുന്ന അവരെ ബുദ്ധികൊണ്ടും ശക്തികൊണ്ടും സഹായിക്കാൻ ശ്രീകൃഷ്ണനും കഥാപാത്രമായി വരുന്നുണ്ട്.അടിയുറച്ച ഭക്തികൊണ്ട് ഭഗവാനേവരെ പരാജയപ്പെടുത്താൻ സാധിക്കുമെന്നുള്ള അന്തരാർത്ഥം സംവേദനം ചെയ്യാനെന്നോണം അർജ്ജുനനും കൃഷ്ണനും കടുത്ത കൃഷ്ണഭക്തരായ പല രാജാക്കന്മാരോടും ഏറ്റുമുട്ടി തോൽക്കുന്നതിൻ്റെയും, പിന്നീട് യുദ്ധം ചെയ്തും,അല്ലാതെയും വിജയിച്ച് അവരെ യുധിഷ്ഠിരൻ്റെ കീഴിൽ കൊണ്ടുവരുന്നതിൻ്റെയും ധാരാളം ഉദാഹരണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ജൈമിനി ഭാരതം.
പതിനെട്ടു മഹാപുരാണങ്ങളിലും, പതിനെട്ടു ഉപപുരാണങ്ങളിലും ഈ കൃതിയെപ്പറ്റി പരാമർശമില്ല .