പാറമേക്കാവ് ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 10°31′29″N 76°13′04″E / 10.5246568°N 76.2178499°E / 10.5246568; 76.2178499

Paramekkavu
Paramekkavu Bagavathi Temple 0194.JPG
പേരുകൾ
ശരിയായ പേര്: Paramekkavu Bagavathi Temple
സ്ഥാനം
രാജ്യം: India
സംസ്ഥാനം: Kerala
സ്ഥാനം: Thrissur
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: Bagavathi
വാസ്തുശൈലി: Kerala
പാറമേക്കാവ് ക്ഷേത്രം

തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ക്ഷേത്രം. തൃശ്ശൂരിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. തൃശ്ശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല.

പ്രതിഷ്ഠ[തിരുത്തുക]

ഭദ്രകാളി (ചൊവ്വ), ദുർഗ്ഗാഭഗവതി വിധാനത്തിൽ ഭഗവതിയാണ് ഇവിടെ മുഖ്യ ആണ് പ്രതിഷ്ഠ. പടിഞ്ഞാട്ടാണ് ദർശനം. വലതുകാൽ മടക്കിവച്ച് ഇടതുകാൽ തൂക്കിയിട്ട് പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയതാണ് പ്രതിഷ്ഠ. കർക്കിടമാസത്തെ ചാന്താട്ട സമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വർണഗോളകയാണ് കാണുക. വരിക്കപ്ലാവിൽ നിർമ്മിച്ച ബിംബത്തിന് ഏഴടിയോളം ഉയരമുണ്ട്. [1]

നാഗങ്ങൾ, ബ്രഹ്മരക്ഷസ് തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകൾ.

ശ്രീകോവിലിന്റെ വടക്കേ അറ്റത്ത് ഒറ്റയ്ക്കുള്ള പ്രതിഷ്ഠ വീരഭദ്രനാണ്. പിന്നെ ഗണപതി. തുടർച്ചയായി മാഹേശ്വരി, കൌമാരി എന്നീ പതിഷ്ഠകളും. തെക്കുഭാഗത്ത് വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ടി എന്നീ ദേവിമാരും [1]

പേരിനുപിന്നിൽ[തിരുത്തുക]

കാവ് എന്നത് ക്ഷേത്രങ്ങൾ കേരളത്തിൽ സ്ഥാപിക്കപ്പെടുന്നതിനു മുൻപേ കേരളത്തിൽ നിലനിന്നിരുന്ന ദ്രാവിഡ രീതിയിലുള്ള ആരാധനാലയങ്ങളാണ്‌. ആദിദ്രാവിഡ ദേവതയായ കൊറ്റവൈ ആണ്‌ കൂടുതൽ കാവുകളിലും പ്രതിഷ്ഠ. പിന്നീട് ബുദ്ധ മതവും ജൈനമതവും പ്രചരിച്ച നാളുകളിൽ കാവ് കൂടുതൽ വിശാലമായി. പാറകളിലും ഗുഹകളിലും മലകളിലുമാണ്‌ അവരുടെ ആരാധനാലയങ്ങൾ നടത്തിയിരുന്നത്. ഇത്തരത്തിൽ പാറമേൽ ഉണ്ടായ കാവ് ആയിരിക്കണം പിന്നീട് പാറമേക്കാവ് ആയത്. പിന്നീട് ആര്യവത്കരണത്തിനുശേഷം ദ്രാവിഡദേവതക്ക് പകരം ഭദ്രകാളി സ്ഥാനം പിടിച്ചു. [2] പാറോ മരത്തിൻറെ ചുവട്ടിലായിരുന്നതിനാൽ “പാറമേക്കാവ്” എന്ന പേർ വന്നു എന്നും പഴമ.[3]

ചരിത്രം[തിരുത്തുക]

വടക്കുനാഥക്ഷേത്രത്തിലെ ഇലഞ്ഞി നിന്നിരുന്ന സ്ഥാനത്തായിരുന്നു, പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ. [4]അന്ന് അത് ഒരു ദാരുശില്പമായിരുന്നു. പിന്നീട് ഭദ്രകാളി (ചൊവ്വ) ആയതിനാലും പ്രാധാന്യം കൂടി വന്നതിനാലും ക്ഷേത്രത്തിന്റെ പുറകിൽ പ്രതിഷ്ഠിക്കുകയായിരുന്നു.

പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥനം ഇലഞ്ഞിയായതുകൊണ്ടാണ് തൃശ്ശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളം ഇവിടെ നടത്തുന്നത്. പാറമേക്കാവിൽ സന്ധ്യക്ക് വിളക്കുവെയ്ക്കുമ്പോൾ വടക്കും നാഥനിലെ ഇലഞ്ഞിമരത്തിനു നേരെ വിളക്കു കൊളുത്തിക്കാണിക്കുന്ന ചടങ്ങ് ഇന്നുമുണ്ട്.

1968 ൽ ദ്രവ്യകലശത്തോടെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു. 13 നിലകളോടു കൂടിയ ദീപസ്തംഭ നിർമ്മിച്ചു. നടപുരയും ഗോപുരവുമെല്ലാം ക്ഷേത്രത്തിന്റെ പ്രൌഡി വിളിച്ചോതുന്നു. ഭദ്രകാളിയായിട്ടും ത്രിപുരസുന്ദരിയുമായിട്ടാണ് ഭഗവതിയെ സങ്കല്പിച്ചു പോരുന്നത്.

ക്ഷേത്ര സന്നിധിയിൽ ഇന്നു കാണുന്ന പാലമരം അടുത്ത കാലത്ത് വെച്ചു പിടിപ്പിച്ചതാണ്. അതിനു മുമ്പ് 100 അടിയോളം ചുറ്റളവിൽ പടർന്നു പന്തലിച്ച് നിന്നിരുന്ന ഭീമൻ പാലയാണ് ഉണ്ടായിരുന്നത്. അതിന്റെ തണലിലായിരുന്നു ദേശക്കാരുടെ ആലോചനകളും യോഗങ്ങളും. പണ്ഡിതസദസ്സുകൾ പോലും പാലചുവട്ടിൽ നടന്നിരുന്നു. തൃശ്ശൂർ പൂരത്തിന് വന്നിരുന്ന ആനകൾക്കു പോലും ഈ തണലായിരുന്നു താവളം. ഈ പാല തീ പിടിച്ചു നശിച്ചതാണ്. പിന്നീട് പ്രശ്നവിധിയിൽ കണ്ടതനുസരിച്ചാണ് പുതിയ പാല നട്ടു പിടിപ്പിച്ചത്. [5]

ദേശക്കാർക്കാണ് ക്ഷേത്ര ഭരണം. പൊതുയോഗം കൂടി ഭരണസമിതിയെ തിരഞ്ഞെടുക്കും. ചിട്ടയായി ഭരണം നടത്തുന്നതിനുള്ള ഭരണഘടന 1101 മേടം 22ന് തയ്യാറാക്കി. ക്ഷേത്രസങ്കേതത്തിൽ 5 ദേശങ്ങളുണ്ട്. അവിടെ നിന്നുള്ള പ്രതിനിധികളും പൊതുയോഗം തെരഞ്ഞെടുക്കുന്ന ഭാരവാഹികളും അടങ്ങുന്നതാ‍ണ് ഭരണസമിതി.

ഐതിഹ്യം[തിരുത്തുക]

തൃശ്ശൂർ നഗരത്തിന് തെക്കുഭാഗത്തുള്ള കൂർക്കഞ്ചേരിയിലെ അപ്പാട്ട് കളരിയിലെ കാരണവരായിരുന്ന കുറുപ്പാൾ തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തനായിരുന്നു. എല്ലാമാസവും മുടങ്ങാതെ തിരുമാന്ധാംകുന്നിൽ ദർശനത്തിനുപോയിരുന്ന അദ്ദേഹത്തിന് പ്രായാധിക്യം കാരണം അതിന് കഴിയാതെ വരുമെന്ന ഘട്ടം വന്നപ്പോൾ അദ്ദേഹം ഇഷ്ടദേവതയോട് നാട്ടിൽ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. കരുണാമയിയായ ദേവി അത് സമ്മതിച്ച് കുറുപ്പാളറിയാതെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിയിരുന്നു.

യാത്രകഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ കുറുപ്പാൾ വടക്കുംനാഥനെ തൊഴുത് ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി. ഉണർന്നെഴുന്നേറ്റ് കുടയുമെടുത്ത് പോകാൻ നിന്ന അദ്ദേഹം കുട അവിടെ ഉറച്ചുകഴിഞ്ഞതായി കണ്ടു. തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ ദേവീസാന്നിദ്ധ്യം കണ്ടു. തുടർന്ന് ഇവിടെ പ്രതിഷ്ഠ നടത്തി. പിന്നീട് കൂടുതൽ സൗകര്യത്തിനുവേണ്ടി ദേവിയെ വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റൻ പാറയുടെ മുകളിലേയ്ക്കുമാറ്റി. അങ്ങനെ ആ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നു.

പുനപ്രതിഷ്ഠ[തിരുത്തുക]

കാലപ്പഴക്കംകൊണ്ട് ദാരുബിംഭത്തിന് ജീർണ്ണത വന്നപ്പോൾ അഷ്ടമംഗല്യ പ്രശ്നം നടത്തുകയും പ്രശ്നത്തിൽ പറഞ്ഞപ്രകാരം 1968ൽ പഞ്ചലോഹംകൊണ്ട് ആവരണം നിർമ്മിച്ച് ബിംബം വാർത്തുകെട്ടി നവീകരണ കലശം നടത്തുകയും ചെയ്തു. [1]

1988ൽ നടന്ന അഷ്ടമംഗല്യ പ്രശ്നത്തിൽ ദാരുബിംബത്തിന് കാലപ്പഴക്കത്താൽ ജീർണ്ണതവന്നതുകോണ്ട് മാറ്റാൻ നിർദ്ദേശിച്ചു. വയനാട് ജില്ലയിലെ മീനങ്ങാടി മത്സ്യാവതാര ക്ഷേത്രത്തിനടുത്ത് റോഡരുകിൽ നിന്നിരുന്ന പ്ലാവ് 1994 നവംബറിൽ മുറിച്ചുകൊണ്ടുവരികയും1995 ജൂലയിൽ ബിംബനിർമ്മാണം ആരംഭിച്ക്കുകയും ചെയ്തു. ഒരു വർഷംകൊണ്ട് പൂർത്തിയായി. പുതിയ ദാരുബിംബം വലുതായതുകൊണ്ട് ക്ഷേത്രനടയിൽ കൂടി കടത്താൻ പറ്റാതായപ്പോൾ ശ്രീകോവിൽ പൊളിച്ച് പുതിയത് അതേ അളവിൽ പണിയുകയും ചെയ്തു.[1]

പ്രധാനബിംബം ദാരുബിംബമായതിനാൽ ആണ്ടിലൊരിക്കൽ കർക്കിടകത്തിൽ നിറപുത്തരി ദിവസം നടത്തുന്ന ചാന്താട്ടമല്ലാതെ അഭിഷേകങ്ങളില്ല. നിത്യ പൂജകളും പുഷ്പാഞ്ജലിയും അടുത്ത് കിഴക്കോട്ട് ദർശനമായ അർച്ചനാബിംബത്തിലാണ് നടക്കുന്നത്. ദേശപ്പാട്ടിന് തിരു ഉടയാടയും വേലയ്ക്ക് കണ്ണാടി തിടമ്പും പൂരപ്പറയ്ക്കും ആറാട്ടിനും തൃശ്ശൂർ പൂരത്തിനും പഞ്ചലോഹവിഗ്രഹവും ആണ് കോലത്തിൽ എഴുന്നെള്ളിക്കുന്നത്.[1]

നിത്യ ക്രമം[തിരുത്തുക]

കാലത്ത് മൂന്നു മണിക്ക് നിയമ വെടി, പിന്നെ ഏഴു തവണ ശംഖധ്വനി മുഴക്കി പള്ളിയുണർത്തൽ. നാലു മണിക്ക് നടതുറക്കും. നിർമ്മാല്യം കഴിഞ്ഞാൽ അർച്ചനാബിംബത്തിൽ ശംഖാഭിഷേകം. മൂലബിംബത്തിൽ അഭിഷേകം ചെയ്തു പട്ടുകൊണ്ട് തുടയ്ക്കും. അലങ്കാരത്തിനു ശേഷം 5.15ന് മലർ, ത്രിമധുരം എന്നിവ നിവേദിക്കും. സൂര്യനുദിക്കുന്നതിനു മുമ്പ് തിടപ്പള്ളിയിൽ വച്ച് ഗണപതി ഹോമം നടക്കും.

ആറുമണിയ്ക്ക് ബ്രഹ്മരക്ഷസ്സ്, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി എന്നിവർക്ക് വെള്ളനിവേദ്യം. 6.20 ദേവിക്ക് ഉഷ നിവേദ്യവും പിന്നെ ഉഷ പൂജയും. ഉച്ചപൂജക്ക് മുമ്പ് നവകാഭിഷേകം.

10.20 ന് ഉച്ചപൂജ. അതിനു ശേഷം 11.30ന് നട അടയ്ക്കും.

ഉച്ചതിരിഞ്ഞ് 4 മണിക്ക് നടതുറക്കുന്നു. പിന്നെ ദീപാരാധന. അതിനുശേഷം സന്ധ്യാ നമസ്കാരം. 7.20നാണ് അത്താഴ പൂജ. 8.30ന് നട അടയ്ക്കും.

അമ്പലനടയിൽ ദിവസവും ഉഷപൂജക്കുശേഷം ബ്രാഹ്മണിപ്പാട്ട് നടത്താറുണ്ട്. എല്ലാമാസവും ആയില്യം നാളിൽ സർ‌പ്പപൂജയും വൃശ്ചികമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയും നടത്താറുണ്ട്. ദേവിയുടെ പ്രതിഷ്ഠാദിനമായ അത്തം നാളിൽ എല്ലാ മാസവും വിശേഷാൽ പൂജകളുണ്ട്. എല്ലാമാസവും ഋഗ്വേദമുറജപവും യജുർവേദ മുറജപവും ക്ഷേത്രത്തിൽ നടത്താറുണ്ട്. എല്ലാമാസവും ഉച്ചപൂജയ്ക്ക് മുമ്പ് സംക്രമപൂജ ചെയ്യാറുണ്ട്. പൌർണ്ണമി ദിവസം സന്ധ്യക്ക് മുമ്പ് വാവുപൂജയും ഉണ്ടാവാറുണ്ട്. [1]

വാർഷികവിശേഷങ്ങൾ[തിരുത്തുക]

മിഥുനത്തിലെ അത്തം നാൾ പ്രതിഷ്ഠാദിനമാണ്. പ്രതിഷ്ഠാദിനത്തിനു മുമ്പ് ദ്രവ്യകലശം നടക്കും. ആറുദിവസമാണ് ഇതിന്റെ ചടങ്ങുകൾ. പ്രതിഷ്ഠാദിനത്തിന്റെ തലേന്ന് ഇത് അവസാനിക്കും. കർക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഇല്ലംനിറ നടക്കുന്നത്. അന്നു തന്നെയാണ് ചാന്താട്ടവും. [1]

പാറമേക്കാവ് ദേവസ്വം[തിരുത്തുക]

ParamekaavuTemple,TCR.JPG

ക്ഷേത്രഭരണം പാറമേക്കാവ് ദേവസ്വം എന്ന പേരിൽ സ്വയം ഭരിച്ചു വരുന്നു. ഇപ്പോൾ ക്ഷേത്രത്തിന് സ്വന്തമായി വ്യവസായ കെട്ടിടങ്ങളും,കല്യാണ മണ്ഡപങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ട്.

 1. ക്ഷേത്രത്തിനു മുന്നിലെ സ്വന്തം ഓഫീസ് കെട്ടിടം / ഷോപ്പിംഗ് കോപ്ലക്സ്
 2. തെക്കെ നടക്കാവിലെ ഓഫീസ് കെട്ടിടം/ ഷോപ്പിംഗ് കോപ്ലക്സ്
 3. കലാക്ഷേത്രം (ക്ഷേത്രവാദ്യകലകൾ)
 4. പാറമേക്കാവ് ദേവസ്വം വിമൻസ് കോളേജ്
 5. വിദ്യമന്ദിർ സ്കൂൾ
 6. ചാരിറ്റബിൽ ക്ലീനിക്ക്

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; book1 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-051-6. 
 3. പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”
 4. പി.ആർ.രവിചന്ദ്രൻ, ശ്രീ പാറമേക്കാവ് ക്ഷേത്ര മാഹാത്മ്യം പുരാവൃത്തങ്ങളിലൂടെ- പാറമേക്കാവ് പിള്ളേർപാട്ട് ആഘോഷ കമ്മിറ്റി
 5. "Thrissur Pooram- The ultimate Festival" .Published by C.A. Menon Asspciates ,Thrissur May 2006

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാറമേക്കാവ്_ക്ഷേത്രം&oldid=2284138" എന്ന താളിൽനിന്നു ശേഖരിച്ചത്