തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം
10°32′00″N 76°12′42″E / 10.533421°N 76.2116405°E
തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
സ്ഥാനം: | തൃശ്ശൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശ്രീകൃഷ്ണൻ |
പ്രധാന ഉത്സവങ്ങൾ: | കൊടിയേറ്റുത്സവം, വൈകുണ്ഠ ഏകാദശി, അഷ്ടമിരോഹിണി, തൃശ്ശൂർ പൂരം, തിരുവമ്പാടി വേല |
വാസ്തുശൈലി: | കേരളം |
ശ്രീ വടക്കുനാഥൻ, പാറമേൽക്കാവ് ക്ഷേത്രങ്ങളോളം പഴക്കമില്ലെങ്കിലും തൃശ്ശൂരിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. തൃശ്ശൂർ നഗരത്തിന് വടക്കുഭാഗത്ത് പാട്ടുരായ്ക്കലിൽ ഷൊർണ്ണൂർ റോഡിലായി സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, ഉണ്ണിക്കണ്ണന്റെ രൂപത്തിലുള്ള ശ്രീകൃഷ്ണഭഗവനാണ്. കൂടാതെ, തുല്യപ്രാധാന്യത്തിൽ ഭദ്രകാളിയുമുണ്ട്. ഐതിഹ്യപ്രകാരം ഇവിടത്തെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണന്റെ മൂലസ്ഥാനം, തൃശ്ശൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന എടക്കളത്തൂർ എന്ന സ്ഥലത്തുണ്ടായിരുന്നതാണ്. പിന്നീട് ഇവിടെ മുമ്പുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിലേയ്ക്ക് മാറ്റുകയായിരുന്നത്രേ. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഘണ്ടാകർണ്ണൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, മണികണ്ഠൻ തുടങ്ങിയ മൂർത്തികളുമുണ്ട്. ശ്രീകൃഷ്ണന് കുംഭമാസത്തിൽ പൂയം നാളിൽ കൊടിയേറി നടത്തപ്പെടുന്ന എട്ടുദിവസത്തെ ഉത്സവം, ധനുമാസത്തിൽ വൈകുണ്ഠ ഏകാദശി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു എന്നിവയും ഭഗവതിയ്ക്ക് മേടമാസത്തിൽ തൃശ്ശൂർ പൂരവും ധനുമാസത്തിൽ മൂന്നാമത്തെ ഞായറാഴ്ച നടത്തപ്പെടുന്ന വേലയുമാണ് വിശേഷദിവസങ്ങൾ. സ്വന്തമായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
ചരിത്രം[തിരുത്തുക]
വൈഷ്ണവ ഭക്തർ ആശ്രയകേന്ദ്രമായി കരുതി പോരുന്ന തിരുവമ്പാടി ക്ഷേത്രം നേരത്തെ ഭഗവതിക്കാവായിരുന്നു എന്നാണ് ചരിത്രം. ടിപ്പുവിന്റെ പടയോട്ടകാലത്താണ് തിരുവമ്പാടിയുടെ ചരിത്രത്തിന്റെ തുടക്കം. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തൂരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണവിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കേ അങ്ങാടിയിൽ കണ്ടൻകാവിലായിരുന്നു ആദ്യപ്രതിഷ്ഠ. കൃഷ്ണനോടൊപ്പം പോന്നതായി സങ്കൽപ്പിക്കുന്ന ബാലഭഭ്രകാളിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. എടക്കളത്തൂരിൽ നിന്നു കൊണ്ടുവന്ന വിഗ്രഹം കാറ്റാനപ്പുള്ളി മനയിൽ ആദ്യം കുടിയിരുത്തപ്പെട്ടു എന്ന ഐതിഹ്യമുണ്ട്. പിന്നീട് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചു. ഭഗവതിയെ ‘എടത്തരിക’ത്തേക്കു മാറ്റി. [1]
പ്രതിഷ്ഠ[തിരുത്തുക]
തിരുവമ്പാടി കൃഷ്ണനാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. തിരുവമ്പാടി ഭഗവതിയാണ് മറ്റൊരു പ്രധാനപ്പെട്ട പ്രതിഷ്ഠ. ഉണ്ണികൃഷ്ണന്റെ രൂപത്തിലുള്ള ഭഗവദ് വിഗ്രഹത്തിന് മൂന്നടി പൊക്കമുണ്ട്. ബാലരൂപത്തിലുള്ള ഭദ്രകാളിയാണ് തിരുവമ്പാടിയമ്മ. പടിഞ്ഞാട്ട് ദർശനമായാണ് രണ്ടുപ്രതിഷ്ഠകളും. ഗണപതി, ശാസ്താവ്, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഘണ്ഠാകർണൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, മണികണ്ഠൻ തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകൾ. കൂടാതെ ക്ഷേത്രത്തിന് പുറകിലായി ചെറിയൊരു ഗണപതിക്ഷേത്രവുമുണ്ട്. ഇത് പ്രദേശത്തെ തമിഴ് ബ്രാഹ്മണരുടെ വകയുള്ള ക്ഷേത്രമാണ്. 1942-ൽ പണികഴിപ്പിച്ച ഈ ഗണപതിക്ഷേത്രത്തിൽ പ്രധാനദേവനായ ഗണപതിയെക്കൂടാതെ സുബ്രഹ്മണ്യൻ, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. വിനായക ചതുർത്ഥിയാണ് പ്രധാന അണ്ടുവിശേഷം.
വിശേഷ ആഘോഷങ്ങൾ[തിരുത്തുക]
ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും കുംഭമാസത്തിലെ പൂയത്തിൽ കൊടിയേറി 8 മത്തെ ദിവസം ആറാട്ടോടെ ആഘോഷിക്കുന്ന ഉത്സവവും ശ്രീകൃഷ്ണന്റെ ആണ്ടുവിശേഷങ്ങളായി കൊണ്ടാടുന്നു. ആണ്ടുതോറുമുള്ള മറ്റൊരാഘോഷം പ്രതിഷ്ഠാദിനം.
തിരുമ്പാടി ദേവസ്വം[തിരുത്തുക]
ക്ഷേത്രഭരണം തിരുമ്പാടി ദേവസ്വം എന്ന പേരിൽ സ്വയം ഭരിച്ചു വരുന്നു. ഇപ്പോൾ ക്ഷേത്രത്തിന് സ്വന്തമായി വ്യവസായ കെട്ടിടങ്ങളും, കല്ല്യാണ മണ്ഡപങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ട്.
സ്ഥാപനങ്ങൾ[തിരുത്തുക]
- കൗസ്തുഭം ആഡിറ്റോറിയം
- പടിഞ്ഞാറേ നടക്കാവിൽ ഓഫീസ് കെട്ടിടം / ഷോപ്പിങ് കോംപ്ലക്സ്
- അമ്പലത്തിന് മുന്നിലെ ഓഫീസ് കെട്ടിടം
- അമ്പലത്തിന് മുന്നിലെ കല്ല്യാണമണ്ഡപം, ഓഫീസ് കോംപ്ലക്സ്
- സാന്ദീപനി വിദ്യാനികേതൻ സ്കൂൾ
- തിരുവമ്പാടി കൺവെൻഷൻ സെന്റർ
അവലംബം[തിരുത്തുക]
- ↑ "Thrissur Pooram- The ultimate Festival" .Published by C.A. Menon Associates, Thrissur May 2006
ഇതര ലിങ്കുകൾ[തിരുത്തുക]

- ഔദ്യോഗിക വെബ്ബ് സൈറ്റ് [1]