പുഷ്പാഞ്ജലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഷ്പാഞ്ജലി പ്രസാദം

ഹിന്ദുമതത്തിൽ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനാരീതിയാണ് പുഷ്പാഞ്ജലി[1] [2].

ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു് ധ്യാനപൂർവ്വം അർപ്പിക്കുക എന്നതാണു് ഈ ആരാധനയിലെ ക്രമം. പൊതുവേ കേരളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളിൽ പ്രചാരമുള്ള പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാ പുഷ്പാർച്ചന[അവലംബം ആവശ്യമാണ്].

നിരുക്തം[തിരുത്തുക]

പുഷ്പാഞ്ജലി എന്നത് സംസ്കൃതത്തിലെ പുഷ്പ - അഞ്ജലി എന്നീ വാക്കുകളിൽ നിന്നുണ്ടായതാണ്. പുഷ്പ-പദം പൂക്കളേയും അഞ്ജലി എന്നത് കൂപ്പുകൈയേയും അർഥമാക്കുന്നു. കൂപ്പുകൈകളോടെ (ദേവന്/ഗുരുവിന്) അർച്ചിക്കപ്പെടുന്ന പൂക്കളെയാണ് പുഷ്പാഞ്ജലി എന്ന പേരിനാൽ വിവക്ഷിക്കാവുന്നത്.[3][4]

പ്രസക്തി[തിരുത്തുക]

പുഷ്പാഞ്ജലി എന്ന ആശയത്തിനു് ഹിന്ദുക്കളുടെ ആരാധനാരീതികളിലും പൂജകളിലും പ്രമുഖമായ ഒരു സ്ഥാനമുണ്ടു്. ഭഗവദ്ഗീതയിലെ പ്രസിദ്ധമായ ശ്ലോകം 9.26 ഇങ്ങനെയാണു്[അവലംബം ആവശ്യമാണ്]:

പത്രം പുഷ്പം ഫലം തോയം

യോ മേ ഭക്ത്യാ പ്രയച്ഛതി
തദ് അഹം ഭക്ത്യുപാർഹിതം
അസ്നാമി പ്രയതാത്മനാ

—(ഭഗവദ്ഗീത:അദ്ധ്യായം 9 ശ്ലോകം 26)

"ഏതൊരാളും ശുദ്ധമായ ആത്മബോധത്തോടേയും ഭക്തിയോടേയും സമർപ്പിക്കുന്ന ഇല, പൂവ്, ഫലം, ജലം എന്നിവതന്നെ എനിക്കു് സ്വീകാര്യമാണു്" എന്നാണു് ഈ ശ്ലോകത്തിന്റെ പദാർത്ഥം. ഈശ്വരഭക്തിക്കു് ഭൗതികമായ സമ്പത്തുക്കളുടെ കുറവു് ഒരു പ്രതിബന്ധമാകുന്നില്ല എന്നതാണു് ഈ ശ്ലോകത്തിന്റെ ആന്തരാർത്ഥം. ഏറ്റവും ലളിതവും പ്രകൃതിദത്തവും സുലഭവുമായ ഈ നാലു വസ്തുക്കളുടെ സമർപ്പണമാണു് പുഷ്പാഞ്ജലി എന്ന വഴിപാടിലെ ഭൗതികാംശം[അവലംബം ആവശ്യമാണ്]. എന്നാൽ അതിനോടൊപ്പമുള്ള മന്ത്രാർച്ചനയും അതിനുപയോഗിക്കുന്ന മന്ത്രവും ഏതെന്നനുസരിച്ച് പുഷ്പാഞ്ജലീപൂജ വിവിധ തരം പേരുകളിൽ അറിയപ്പെടുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളിൽ വിവിധ ആരാധനാമൂർത്തികൾക്കു് അർപ്പിക്കുന്ന വിവിധ പുഷ്പാഞ്ജലികൾക്കു് ഓരോന്നിനും പ്രത്യേക അഭീഷ്ടസിദ്ധിയുണ്ടെന്നു് പല ക്ഷേത്രവിശ്വാസികളും അവകാശപ്പെടുന്നു[അവലംബം ആവശ്യമാണ്].

വിവിധ തരങ്ങൾ[തിരുത്തുക]

പൂക്കൾ കൊണ്ടുള്ള അർച്ചനയാണ് പുഷ്പാഞ്ജലി. പൂക്കളുടെയും പൂജാദ്രവ്യങ്ങളുടെയും വ്യത്യാസമനുസരിച്ച് ഇത് പല തരത്തിലുണ്ട്. [5] അർച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിന്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് പുഷ്പാഞ്ജലി എന്ന വഴിപാടു് വിവിധതരത്തിൽ ആചരിച്ചുവരുന്നു. പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയിൽ പെടുന്നു.

കേരളത്തിലെ ക്ഷേത്രാചാരപ്രകാരം ഒരു ഭക്തനുവേണ്ടി പൂജാരിയാണു് പുഷ്പാഞ്ജലി അർപ്പിക്കുന്നതു്. അഞ്ജലി ചെയ്യുമ്പോൾ ഉച്ചരിക്കേണ്ട മന്ത്രങ്ങൾ യഥാർത്ഥത്തിൽ സാമാന്യം ദീർഘമാണെങ്കിലും പലപ്പോഴും അവയുടെ ഹ്രസ്വരൂപം മാത്രമാണു് വഴിപാടു നടത്തുമ്പോൾ പൂജാരികൾ ചെയ്യാറുള്ളതു്[അവലംബം ആവശ്യമാണ്].

രക്തപുഷ്പാഞ്‌ജലി[തിരുത്തുക]

അഭീഷ്ടകാര്യസിദ്ധിക്കാണ് രക്തപുഷ്പാഞ്ജലി നടത്താറുള്ളത്.[5] ദോഷപരിഹാരത്തിനും രക്തപുഷ്പാഞ്ജലി ചെയ്യാമെന്ന് വിശ്വസിക്കുന്നവരുണ്ട്.[6]

മുക്കുറ്റി പുഷ്പാഞലി[തിരുത്തുക]

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഉദ്ദിഷ്ടകാര്യസിദ്ധിക്കായി നടത്തപ്പെടുന്ന പ്രത്യേകതരം പുഷ്പാഞ്ജലിയാണ് മുക്കുറ്റി പുഷ്പാഞ്ജലി.[7] 101 മുക്കുറ്റി സമൂലം പിഴുതെടുത്ത് ത്രിമധുരത്തിൽ മുക്കി മഹാഗണപതി മന്ത്രം ജപിച്ചു ദേവന് സമർപ്പിക്കപ്പെടുന്നു.[7] ഒരു ദിവസം അഞ്ചു പുഷ്പാഞ്ജലി മാത്രം അർച്ചിക്കപ്പെടുന്ന മള്ളിയൂരിലെ പുഷ്പാഞ്ജലി, വിശ്വാസികൾ വളരെ വിശിഷ്ടമായി കണക്കാക്കുന്നു.[7]

ഇതും കൂടി[തിരുത്തുക]

Wiktionary-logo-ml.svg
  • ഭരതനാട്യം തുടങ്ങിയ ഭാരതീയനൃത്താവതരണങ്ങളിൽ ഈശ്വരപ്രസാദത്തിനും ഗുരുപ്രസാദത്തിനുമായി അർപ്പിക്കുന്നു എന്നു സങ്കൽപ്പിച്ചുകൊണ്ടു നടത്തുന്ന ആദ്യനൃത്തവും പുഷ്പാഞ്ജലി എന്നറിയപ്പെടുന്നു.[3]

അവലംബങ്ങൾ[തിരുത്തുക]

  1. Kapoor, S. (2002). The Indian Encyclopaedia: Biographical, Historical, Religious, Administrative, Ethnological, Commercial and Scientific. vol. 18 പുറം 5847 (v. 1). Cosmo Publications. ഐ.എസ്.ബി.എൻ. 9788177552577. ശേഖരിച്ചത് 21 May, 2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. ചട്ടമ്പി സ്വമികൾ. "ശ്രീചക്രപൂജാകല്പം" (ഭാഷ: മലയാളം). 
  3. 3.0 3.1 "നടനം.കോം : പുഷ്പാഞ്ജലി(ആംഗലേയം)". ശേഖരിച്ചത് 20 മെയ് 2013. 
  4. "ഇന്ത്യചൈൽഡ്നൈംസ്.കോം : പുഷ്പഞ്ജലി (ആംഗലേയം)". ശേഖരിച്ചത് 25 മെയ് 2013. 
  5. 5.0 5.1 "വഴിപാടുകൾ എന്തിന്?". വെബ് ദുനിയ. ശേഖരിച്ചത് 9 ഏപ്രിൽ 2013. 
  6. ശ്രീനിവാസൻ, ചെമ്പോളി (23 ഏപ്രിൽ 2012). "ഗ്രഹചാരഫലങ്ങൾ". നാട്ടുപച്ച. ശേഖരിച്ചത് 9 ഏപ്രിൽ 2013. 
  7. 7.0 7.1 7.2 "മാതൃഭൂമി : മുക്കുറ്റി പുഷ്‌പാഞ്ജലി 2023 വരെ ബുക്കിങ്". ശേഖരിച്ചത് 20 മെയ് 2013. 

"https://ml.wikipedia.org/w/index.php?title=പുഷ്പാഞ്ജലി&oldid=2573010" എന്ന താളിൽനിന്നു ശേഖരിച്ചത്