എം.ജി. സോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സോമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.ജി. സോമൻ
ജനനം
എം.ജി സോമശേഖരൻ നായർ [1]

(1941-09-28)സെപ്റ്റംബർ 28, 1941
മരണം12 ഡിസംബർ 1997(1997-12-12) (പ്രായം 56)
ദേശീയതഭാരതീയൻ
തൊഴിൽനടൻ, നിർമ്മാതാവ്
ജീവിതപങ്കാളി(കൾ)സുജാത
കുട്ടികൾസജി സോമൻ, സിന്ധു[2]
മാതാപിതാക്ക(ൾ)കെ.എൻ ഗോവിന്ദപ്പണിക്കർ
പി.കെ ഭവാനിയമ്മ[1]

ഒരു മലയാള ചലച്ചിത്ര നടനായിരുന്നു എം.ജി. സോമൻ (English: M. G. Soman) (ജീവിതകാലം: സെപ്റ്റംബർ 28, 1941 - ഡിസംബർ 12, 1997[3]). എഴുപതുകളിൽ സുകുമാരൻ, ജയൻ എന്നിവരോടൊപ്പം മലയാള ചലച്ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്ത നടനായിരുന്നു ഇദ്ദേഹം. 24 വർഷത്തെ സിനിമാ ജീവിതത്തിൽ ഏകദേശം നാനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ആദ്യമായി വടക്കേ അമേരിക്കയിൽ ചിത്രീകരിച്ച 'ഏഴാം കടലിനക്കരെ' എന്ന മലയാളചിത്രത്തിലെ നായകനായിരുന്നു സോമൻ. [4]

ജീവിതരേഖ[തിരുത്തുക]

തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ കെ. എൻ. ഗോവിന്ദപ്പണിക്കരുടെയും പി. കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബർ 28-നാണ് എം.ജി.സോമശേഖരൻ നായർ എന്ന എം.ജി. സോമൻ ജനിച്ചത്.[5] വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുൻപ് ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കുചേർന്നു. വ്യോമസേനയിൽ ഒൻപതു വർഷത്തെ സേവനം കഴിഞ്ഞു തിരിച്ചെത്തിയതിന് ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നത്.

ഇരുവള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലും ചങ്ങനാശേരി എസ്.ബി കോളജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സുജാതയാണ് അദ്ദേഹത്തിന്റെ പത്നി.[6] സോമൻ ചലച്ചിത്രരംഗത്ത് വരുന്നതിന് മുമ്പ് 1968-ലായിരുന്നു ഇവരുടെ വിവാഹം. സോമന് ഒരു മകനും മകളുമുണ്ട്. മകൾ സിന്ധു കുടുംബമായി കഴയുന്നു. മകൻ സജി സോമൻ ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയജീവിതം[തിരുത്തുക]

നാടകത്തിലൂടെയാണ് എം.ജി.സോമൻ അഭിനയം ആരംഭിച്ചത്.[7] 1970-ൽ ഇന്ത്യൻ വ്യോമസേനയിൽ നിന്നു വിരമിച്ച സോമൻ 1972 മുതൽ നാടകരംഗത്തുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായരുടെ സംഘത്തിലും കായംകുളം കേരള ആർട്സ് തിയേറ്റേഴ്സിലും സജീവമായിരുന്നു. ഇടയ്ക്കൊക്കെ അമച്വർ നാടകങ്ങളിലും അഭിനയിച്ചിരുന്നു.

മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ഗായത്രി എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആർട്സ് തിയേറ്റേഴ്സിന്റെ രാമരാജ്യം എന്ന നാടകം കണ്ട മലയാറ്റൂർ രാമകൃഷ്ണൻറെ ഭാര്യ വേണിയാണ് ഈ ചിത്രത്തിൽ സോമനെ നായകനായി നിർദ്ദേശിച്ചത്. 1973-ൽ റിലീസായ ഗായത്രിയിൽ ദിനേശ് എന്ന പേരിലാണ് സോമൻ അഭിനയിച്ചത്. രാജാമണി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷമാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. ചുക്ക്, മാധവിക്കുട്ടി എന്നീ ചലച്ചിത്രങ്ങളിലും അതേ വർഷം സോമൻ അഭിനയിച്ചു.

1975-ൽ സഹനടനുള്ള സംസ്ഥാന അവാർഡും (ചുവന്ന സന്ധ്യകൾ, സ്വപ്നാടനം) 1976-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും (തണൽ, പല്ലവി) അദ്ദേഹം നേടി. 1977-ൽ മാത്രം 47 ചിത്രങ്ങളിൽ അഭിനയിച്ചു. ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെവരെ എന്ന ചിത്രത്തിലെ വിശ്വനാഥൻ രാസലീലയിലെ ദത്തൻ നമ്പൂതിരി, തുറമുഖത്തിലെ ഹംസ, രക്തമില്ലാത്ത മനുഷ്യനിലെ ശിവൻകുട്ടി, ചട്ടക്കാരിയിലെ റിച്ചാർഡ്, അനുഭവത്തിലെ ബോസ്കോ, ഒരു വിളിപ്പാടകലെയിലെ മേജർ, വന്ദനത്തിലെ കമ്മീഷണർ, നമ്പർ 20 മദ്രാസ് മെയിലിലെ RK നായർ, ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങി അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ അവിസ്മരണീങ്ങളായിരുന്നു. 100 ദിവസത്തിലേറെ ഓടിയ അവൾ ഒരു തുടർക്കഥ, കുമാരവിജയം എന്നിവയും ശ്രദ്ധേയമായിരുന്നു.

ജയനെ ജനകീയ നടനാക്കിത്തീർത്ത ഐ.വി ശശി സംവിധാനം ചെയ്ത 'അങ്ങാടി' എന്ന ചിത്രത്തിലെ നായകനായി സോമനെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഐ.വി. ശശിയും സോമനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു നായക സ്ഥാനത്തു ജയൻ വന്നു. അതേത്തുടർന്നു വളരെക്കാലം ശശി ചിത്രങ്ങളിൽ സോമൻറെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഏറെക്കാലത്തിനു ശേഷം കമലഹാസൻ നായകനായി അഭിനയിച്ച 'വൃതം' എന്ന ചിത്രത്തിലെ സഹനടന്റെ വേഷം ചെയ്തുകൊണ്ടു വീണ്ടും ഐ.വി. ശശി ചിത്രങ്ങളിൽ സോമൻ സജീവമായി.

എംജിആറിനൊപ്പം നാളൈ നമതേ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏതാനും ടെലിവിഷൻ പരമ്പരകളിലും സോമൻ അഭിനയിച്ചു. ജോൺ പോളി നൊപ്പം ഭൂമിക എന്ന ചിത്രം നിർമിച്ചു. താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റായും ചലച്ചിത്രവികസന കോർപറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കലശലായ രോഗബാധയുള്ളപ്പോൾ അദ്ദേഹം അഭിനയിച്ച ചിത്രമാണ് 'ലേലം.' രൺജി പണിക്കരുടെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് 1997-ൽ റിലീസ് ചെയ്ത ചിത്രത്തിലെ അദ്ദേഹത്തിന്റെ 'ആനക്കാട്ടിൽ ഈപ്പച്ചൻ' വളരെയേറെ കയ്യടി നേടിക്കൊടുത്തു. അതായിരുന്നു അവസാന ചിത്രം.

മരണം[തിരുത്തുക]

ഏറെക്കാലം വിവിധ രോഗങ്ങൾ അലട്ടിയ സോമൻ 56-ആമത്തെ വയസ്സിൽ മഞ്ഞപ്പിത്തത്തെത്തുടർന്ന് 1997 ഡിസം‌ബർ 12-നു് വൈകിട്ട് എറണാകുളം പിവിഎസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.[3] മൃതദേഹം തിരുവല്ലയിലെ വീട്ടിലേയ്ക്ക് വിലാപയാത്രയായി കൊണ്ടുപോകുകയും പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു. 1997-ൽ പുറത്തിറങ്ങിയ ലേലമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ ചിത്രത്തിൽ അദ്ദേഹം ചെയ്ത ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ലേലം നിറഞ്ഞ സദസ്സിൽ ഓടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ചലച്ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരളസംസ്ഥാന അവാർഡ് - മികച്ച രണ്ടാമത്തെ നടൻ (സ്വപ്നാടനം, ചുവന്ന സന്ധ്യകൾ)
  • 1976-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് - (തണൽ, പല്ലവി)

അവലംബം[തിരുത്തുക]

  1. 1.0 1.1 "CiniDiary". CiniDiary. മൂലതാളിൽ നിന്നും 2011-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 January 2011.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-05.
  3. 3.0 3.1 "Noted actor Soman dead" (ഭാഷ: ഇംഗ്ലീഷ്). Rediff.com. 2009 ജൂലൈ 12. ശേഖരിച്ചത് 2009-07-12. {{cite news}}: Check date values in: |date= (help)
  4. [1]ഏഴാം കടലിനക്കരെ
  5. ചന്ദ്രശേഖരൻ, എ. "സോമൻ:അസ്തമിക്കാത്ത നാട്യനിറവ്". Malayalam News. Webdunia. ശേഖരിച്ചത് 5 May 2019.
  6. "സോമേട്ടൻ മരണം പ്രവചിച്ചിരുന്നു". Mangalam.com. 11 December 2013. മൂലതാളിൽ നിന്നും 15 December 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 May 2019.
  7. എം.ജി.സോമൻറെ ഓർമ്മകൾക്ക് 17 വയസ്സ്, janamtv.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.ജി._സോമൻ&oldid=3916922" എന്ന താളിൽനിന്ന് ശേഖരിച്ചത്