Jump to content

പഞ്ചതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്തോനേഷ്യയിലെ മധ്യജാവയിലെ മെൻദത് ക്ഷേത്രത്തിൽ പഞ്ചതന്ത്രകഥയിലെ ഒരു രംഗം കൊത്തിയിരിക്കുന്നു.

ജീവിതവിജയത്തിന്ന് അത്യന്താപേക്ഷിതമായ ധർമതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം.

ഉത്ഭവം

[തിരുത്തുക]

ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇതിന്റെ ഉത്ഭവത്തിനു നിദാനമായ സംഭവം പ്രതിപാദിച്ചിട്ടുണ്ട്. മഹിളാരോപ്യം എന്ന പട്ടണത്തിലെ അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു. വസുശക്തി, ഉഗ്രശക്തി, അനേകശക്തി എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ബുദ്ധിഹീനരായിരുന്ന അവർ കുബുദ്ധികളായി മാറുകയായിരുന്നു. ഈ അവസ്ഥയിൽ വിഷണ്ണനായ രാജാവ് സഭ വിളിച്ചു കൂട്ടി പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ പലർക്കും പല അഭിപ്രായങ്ങളായിരുന്നു. കൂട്ടത്തിൽ സുമതി എന്ന മന്ത്രി വിഷ്ണുശർമ എന്ന വിദ്വാനേപ്പറ്റി പറയുകയും രാജാവ് കുമാരന്മാരെ ആ ഗുരുവിൻറെയടുക്കൽ വിദ്യാഭ്യാസത്തിനയക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. വിഷ്ണുശർമ്മ രാജകുമാരന്മാരെ ആറുമാസം കൊണ്ട് തന്റെ കഥകളിലൂടെ ധർമ്മവും നീതിയും മറ്റു ശാസ്ത്രങ്ങളും പഠിപ്പിച്ച് അവരെ മിടുക്കന്മാരാക്കി എന്നാണ് ഖ്യാതി[1]

ഈ കഥകളുടെ സമാഹാരമാണ് പഞ്ചതന്ത്രം.

നിർമ്മാണകാലം

[തിരുത്തുക]

എ.ഡി.മൂന്നാം ശതകത്തിൽ ആണ് ഇതിന്റെ രചന നടന്നിരിയ്ക്കുന്നത് എന്ന് വിശ്വസിയ്ക്കുന്നു[അവലംബം ആവശ്യമാണ്]. എ.ഡി 570കളിലാണ് ഈ കൃതി അന്യഭാഷകളിലേയ്ക്ക് ആദ്യമായി തർജ്ജമ ചെയ്യപ്പെട്ടത്.

സാമാന്യരൂപം

[തിരുത്തുക]

പഞ്ചതന്ത്രത്തിൽ അഞ്ച് തന്ത്രങ്ങൾ ഉൾപ്പെടുന്നു. ഓരോ തന്ത്രത്തിലും വിവിധശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച അനേകം കഥകൾ അടങ്ങിയിരിയ്ക്കുന്നു. അഞ്ച് തന്ത്രങ്ങൾ ഇവയാണ്.

  • മിത്രഭേദം
  • മിത്രലാഭം
  • കാകോലൂകീയം
  • ലബ്ധപ്രണാശം
  • അപരീക്ഷിതകാരിതം

മിത്രഭേദം

[തിരുത്തുക]

മിത്രങ്ങളെ തന്ത്രപൂർവം ഭിന്നിപ്പിച്ചു തൻകാര്യം നേടാമെന്നാണ് ഈ തന്ത്രത്തിലൂടെ വ്യാഖ്യാനിയ്ക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ കരടകൻ എന്നും ദമനകൻ എന്നും പേരായ രണ്ട് കുറുക്കന്മാരാണ്. വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന ഒരു സിംഹത്തേയും കാളയേയും ഏഷണികൾ പറഞ്ഞ് ഭിന്നിപ്പിച്ച് കാര്യസാധ്യം നടത്തുന്നതാണ് ഇതിന്റെ ഉള്ളടക്കം.

മിത്രലാഭം

[തിരുത്തുക]

ഈ തന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആമ, മാൻ, കാക്ക, എലി ഇവയാണ്. ശരിയായി വിവേചിച്ചറിഞ്ഞതിനുശേഷമല്ലാതെ ആളുകളെ മിത്രങ്ങളാക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

കാകോലൂകീയം

[തിരുത്തുക]

പ്രകൃത്യാശത്രുക്കളായവർ മിത്രങ്ങളായിത്തീർന്നാൽ സംഭവിയ്ക്കുന്ന ദൂഷ്യവശങ്ങളാണ് ഇതിൽ പ്രതിപാദ്യം. കാക്കയും മൂങ്ങയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.

ലബ്ധപ്രണാശം

[തിരുത്തുക]

ചീങ്കണ്ണിയും കുരങ്ങനും മുഖ്യകഥാപാത്രങ്ങളായ ഈ തന്ത്രത്തിൽ കയ്യിൽ കിട്ടിയ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ ആരെന്തു പറഞ്ഞാലും ഉടനെ വിശ്വസിക്കാതെ, ബുദ്ധിപൂർവം പെരുമാറേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്നു.

അപരീക്ഷിതകാരിതം

[തിരുത്തുക]

ഈ കഥയിൽ കീരിയും ബ്രാഹ്മിണിയും പ്രധാന കഥാപാത്രങ്ങളായി വരുന്നു. എല്ലാവശവും ചിന്തിയ്ക്കാതെ ഒരു അഭിപ്രായം പറയുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ഇതിലെ പ്രതിപാദ്യവിഷയം.

പതിപ്പുകൾ

[തിരുത്തുക]

പഞ്ചതന്ത്രത്തിന്റെ രണ്ട് വ്യഖ്യാനങ്ങൾ ലഭ്യമായിട്ടുണ്ട്. തന്ത്രാഖ്യായിക എന്നപേരിൽ കശ്മീരി ഭാഷയിലുള്ള വ്യഖ്യാനവും കഥാസരിത്‌സാഗരത്തിൽ കാണപ്പെടുന്ന മറ്റൊരു വ്യാഖ്യാനവും. ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് പിൽക്കാലത്തെ വ്യാഖ്യാനങ്ങളെല്ലാം ഉണ്ടാകുന്നത്.

തർജ്ജമകൾ

[തിരുത്തുക]

ബൈബിൾ കഴിഞ്ഞാൽ ഏറ്റവും പ്രചാരം സിദ്ധിച്ചതും 200ലധികം ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടതുമായ കൃതിയാണിത്.[അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
  1. പഞ്ചതന്ത്രം പുനരാഖ്യാനം, സുമംഗല, ഡി.സി. ബുക്സ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പഞ്ചതന്ത്രം&oldid=3917556" എന്ന താളിൽനിന്ന് ശേഖരിച്ചത്