ഉള്ളടക്കത്തിലേക്ക് പോവുക

താറാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താറാവ്
A duck (female) and drake (male) Mallard
Scientific classification
Kingdom:
Phylum:
Class:
Order:
Family:
ഹംസം (അനാറ്റിഡേ)
Subfamilies

Dendrocygninae
Oxyurinae
Anatinae
Aythyinae
Merginae

താറാവ്‌ ഒരു വളർത്തുപക്ഷിയാണ്. അൻസെറിഫോമസ് (Anseriformes) പക്ഷിഗോത്രത്തിൽപ്പെട്ട അനാട്ടിഡേ (Anattidae) കുടുംബത്തിന്റെ അനാറ്റിനേ (Anattinae) ഉപകുടുംബത്തിൽപ്പെടുന്നു. ശാ.നാ. അനാസ് പ്ലാറ്റിറിങ്ക പ്ലാറ്റിറിങ്ക (Anas platyrhyncha platyrhyncha). എല്ലാ രാജ്യങ്ങളിലും താറാവുകളെ വളർത്തുന്നുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെന്മാർക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവ് വളർത്തൽ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയിൽ വളർത്തു പക്ഷികളിൽ രണ്ടാം സ്ഥാനം താറാവിനാണ്; ഒന്നാം സ്ഥാനം കോഴിക്കും.

കരയിലും വെള്ളത്തിലും സഞ്ചരിക്കുവാനും ഇരതേടുവാനും കഴിവുള്ള ഇവയുടെ വംശത്തിലുള്ളവ ശുദ്ധജലത്തിലും കടൽ‌ വെള്ളത്തിലും കാണപ്പെടുന്നു.

ശരീരപ്രകൃതി

[തിരുത്തുക]

കാലുകൾ

[തിരുത്തുക]
ചർമബന്ധമുള്ള വിരലുകൾ.

ഏതു പരിതഃസ്ഥിതിയിലും ജീവിക്കാൻ താറാവുകൾക്കുകഴിയും. പാടപോലുള്ള ചർമ്മം വിരലുകൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. കരയും വെള്ളവും ഇടകലർന്ന പ്രദേശങ്ങളാണ് ഇവക്കിഷ്ടമായ നീന്തുവാനായി സഹായിക്കുന്നത് ഈ പ്രത്യേകതയാണ്. ചർമബന്ധമുള്ള ഈ പാദങ്ങൾ ഇവയെ വളരെ വേഗം നീന്താൻ സഹായിക്കുന്നു

ശരീരവും കഴുത്തും

[തിരുത്തുക]
വഴക്കമുള്ള കഴുത്ത്.
നീളം കൂടിയ കഴുത്ത്.

കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന താറാവിന്റെ ശരീരത്തിന് തോണിയുടെ ആകൃതിയാണ്. വളർച്ചയെത്തിയ താറാവുകൾക്ക് 30-60 സെ.മീ. നീളവും 0.5-7 കി.ഗ്രാം തൂക്കവുമുണ്ടായിരിക്കും. നീളം കൂടിയ കഴുത്ത്, ശരീരത്തിൽ തലയൊഴിച്ചുള്ള എല്ലാ ഭഗത്തുമെത്തുന്നു.

ചുണ്ട്

[തിരുത്തുക]
പരന്ന കൊക്ക് (ചുണ്ട്)

വലിപ്പമേറിയ പരന്ന കൊക്ക് (ചുണ്ട്), ഒരു അരിപ്പപോലെ വർത്തിക്കുന്നു. വെള്ളത്തിൽ മുങ്ങിത്തപ്പി കൊക്കിനുള്ളിലാക്കുന്ന ഇരയോടൊപ്പം കുറച്ചു വെള്ളവും വായ്ക്കകത്തേക്കു കടക്കും. കൊക്കിന്റെ വശങ്ങളിലായുള്ള സമാന്തര പ്ലേറ്റുകൾ ഇര പുറത്തേക്കു രക്ഷപ്പെടാതെ വെള്ളം പുറത്തേക്കു കളയുന്നതിനു സഹായിക്കുന്നു.

ചിറകും തൂവലും

[തിരുത്തുക]
തോണി പോലുള്ള ശരീരം, നീന്തുവാൻ സഹായിക്കുന്നു.

താറാവുകളുടെ ശരീരത്തിന്റെ വലിപ്പവുമായി താരതമ്യപ്പെടു ത്തുമ്പോൾ ചിറകുകൾക്ക് വലിപ്പം കുറവാണ്. ശരീരത്തോട് ചേർന്നിരിക്കുന്ന ഇരു ചിറകുകളിലുമുള്ള പറക്കത്തൂവലുകൾ ഉടൽ ഭാഗത്തു നിന്ന് അല്പം പിന്നിലേക്ക് തള്ളിനില്ക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗവും മറയത്തക്കവിധമാണ് തൂവലുകൾ ഉദ്ഭവിച്ചിരിക്കുന്നത്. എണ്ണമയമുള്ള തൂവലുകളും ത്വക്കിനടിയിലെ കട്ടിയായ കൊഴുപ്പു ശേഖരവും തണുത്ത ജലാശയങ്ങളിൽ പോലും വളരെ നേരം നീന്തി ഇര തേടാൻ ഇവയെ സഹായിക്കുന്നു.

വർഷംതോറും താറാവിന്റെ തൂവലുകൾ കൊഴിഞ്ഞു പോയ ശേഷം പുതിയവ ഉണ്ടാകുന്നു. ശരത്കാലത്താണ് സാധാരണയായി തൂവലുകൾ കൊഴിയുന്നത്. ആൺ താറാവുകളുടെ കോൺടൂർ തൂവലുകൾ വർഷത്തിൽ രണ്ടുതവണ കൊഴിയുക സാധാരണമാണ്. തൂവലുകൾ കൊഴിയുന്നതിനിടയ്ക്കുള്ള'ഹ്രസ്വ' കാലയളവിനെ 'എക്ളിപ്സ് പ്ളൂമേജ്' എന്നു പറയുന്നു.

മുട്ട ഉത്പാദനം, പ്രത്യുല്പാദനം

[തിരുത്തുക]

താറാമുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാൾ 15-20 ഗ്രാം കൂടുതലാണിത്. പ്രതിവർഷം കോഴികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ 40 മുതൽ 50 വരെ അധികം മുട്ടകൾ താറാവിൽ നിന്നു ലഭിക്കും. കക്കി ക്യാമ്പൽ, സ്‌നോ വൈറ്റ് (Snow White), വിഗോവ (Vigova) തുടങ്ങിയ ഉത്പാദനശേഷി കൂടിയ ഇനങ്ങൾ. അത്യുത്പാദനശേഷിയുള്ള കക്കി ക്യാമ്പൽ താറാവ് വർഷത്തിൽ പരമാവധി 350 മുട്ടവരെ ഇടുന്നവയാണ്. വളർത്തു താറാവുകൾക്ക് അടയിരിക്കുന്ന സ്വഭാവമില്ലാത്തതിനാൽ ഇവയുടെ മുട്ട കോഴിമുട്ടകളോടൊപ്പം അടവച്ചോ ഇൻകുബേറ്ററിന്റെ സഹായത്താലോ വിരിയിച്ചെടുക്കുകയാണു പതിവ്.[1] മുട്ട വിരിയാൻ 28 ദിവസം ആവശ്യമാണ്.

താറാവ് ഇനങ്ങൾ

[തിരുത്തുക]
താറാവു പാടം, വോമ്പനാടു കായലിൽ നിന്ന്

ഖക്കി ക്യാമ്പൽ: ബ്രിട്ടനിൽ ഉടലെടുത്ത ഇനം. അത്യുത്പാദനശേഷിയുള്ള ഖക്കി ക്യാമ്പൽ മുട്ട താറാവ് വർഷത്തിൽ 250 മുതൽ 340 മുട്ടവരെ ഇടാറുണ്ട്. ശരിയായ തീറ്റ നൽകിയാൽ അത്യുത്പാദന ശേഷിയുള്ള കോഴികളെക്കാൾ മുട്ട ഉത്പാദനം ഇവ തരുന്നതായി കാണാം. ആദ്യത്തെ രണ്ട് വർഷമാണ് പരമാവധി മുട്ട ഉത്പാദനം കാണിക്കുക, അതിന് ശേഷം കുറഞ്ഞു തുടങ്ങുന്നു.

ഇന്ത്യൻ റണ്ണർ : ഇൻഡോനേഷ്യയിൽ ഉടലെടുത്ത ഇനം. പെൻഗിനുകളെ പോലെ ഇരുകാലിൽ ഉയർന്നു നിൽക്കാനുള്ള കഴിവ് കാണാം. പ്രതിവർഷം 180 മുതൽ 300 മുകളിൽ മുട്ടകൾ ഇടുന്നു.

വൈറ്റ് ലയർ (സ്‌നോ വൈറ്റ് ലയർ) : വെളുത്ത നിറമുള്ള അത്യുത്പാദനശേഷിയുള്ള മുട്ട താറാവ്. പ്രതിവർഷം 200 മുതൽ 290 മുട്ടകൾവരെ ഇടുന്നു. പെക്കിൻ താറാവിന്റെ ഇറച്ചിക്ക് വേണ്ടി വളർത്തുന്ന മറ്റൊരു ഇനവും ലഭ്യമാണ്. ഇവ മുട്ട ഉത്പാദനം കുറഞ്ഞ ബ്രോയ്ലർ താറാവാണ്.

ഗോൾഡൻ ഹൈബ്രിഡ് 300 : പ്രതിവർഷം 300 മുട്ടകൾവരെ ഇടുന്ന ഇനം. അത്യുത്പാദനശേഷിയുള്ള മുട്ട താറാവ്.

അൻകോണ : അമേരിക്കയിൽ ഉടലെടുത്ത മുട്ട താറാവ്. വെള്ളയും കറുപ്പും നിറത്തിൽ കാണപ്പെടുന്ന രൂപം. വർഷത്തിൽ 300 മുട്ടകൾ വരെ ഇടുന്നയിനം.

വിഗോവ: വർഷത്തിൽ 180-200 മുട്ടകൾ വരെ ഇടുന്ന ബ്രോയ്ലർ താറാവ്. ഇവ പെട്ടന്ന് വളരുകയും ഇറച്ചിക്ക് തയ്യാറാകുകയും ചെയ്യുന്നു. വൈറ്റ് പെക്കിൻ, അയിലസുബെറി എന്നീ തറാവിനങ്ങളുടെ സങ്കരമായി വികസിപ്പിച്ചെടുത്ത ഇനമാണ് വിഗോവ ഇറച്ചി താറാവുകൾ. ആറാഴ്ച കൊണ്ട് രണ്ടര മൂന്നു കിലോവരെ തൂക്കം വയ്ക്കുന്ന ഇനമാണിത്.

കുട്ടനാടൻ ചാര, ചെമ്പല്ലി:

കേരളത്തിലെ നാടൻ താറാവ് ഇനമാണ് കുട്ടനാടൻ താറാവ് അഥവാ ചാര ചെമ്പല്ലി താറാവ്. 200 മുതൽ 210 മുട്ടകൾ വരെ പ്രതിവർഷം ഇടുന്നു. ഇവ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ കാണപ്പെടുന്ന ഇനമാണ്.

ഓർപിങ്ടൺ, പെക്കിൻസ്, വൈറ്റ് പെക്കിൻസ്, എയിൽ സ്ബെറി, മസ്കോവി, പെരെന്നൻ, വൈറ്റ് ടേബിൾ ഡക്ക്, റോയൽ വെൽഷ് ഹാൾക്വിൻ, മാഗ്പൈ തുടങ്ങിയവയാണ് പ്രധാന ഇറച്ചി താറാവുകൾ.

കാഴ്ചയ്ക്ക് ഭംഗിയുള്ളതും ധാരാളം വെളുത്ത മുട്ടകളിടുന്നതും രുചികരമായ മാംസം നല്കുന്നതുമായ ഓർപിങ്ടൺ ഇനം താറാവുകൾ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നുണ്ട്. ബ്ലാക്ക് കയുഗ, ബ്ലാക്ക് ഈസ്റ്റ് ഇന്ത്യൻ, ഡീകോയ്, കൂയ്, കാലി, മിഗ്നോൺ, മൻഡാറിൻ, കരോലിന, വിഡ്ജിയോൺ, ഷോവല്ലെർ, പിൻടെയിൻ തുടങ്ങിയവയാണ് കൗതുക വർഗത്തിൽപ്പെട്ട താറാവിനങ്ങൾ.

ചിത്രശാ‍ല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=താറാവ്&oldid=4667211" എന്ന താളിൽനിന്ന് ശേഖരിച്ചത്