കാമാക്ഷി അമ്മൻ കോവിൽ

Coordinates: 12°50′26″N 79°42′12″E / 12.840684°N 79.703238°E / 12.840684; 79.703238
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാമാക്ഷി ക്ഷേത്രം
ക്ഷേത്രത്തിനെ കിഴക്കേഗോപുരം
ക്ഷേത്രത്തിനെ കിഴക്കേഗോപുരം
പേരുകൾ
ശരിയായ പേര്:കാമാക്ഷി അമ്മൻ കോവിൽ
തമിഴ്:காமாக்‌ஷி (காமாட்சி) அம்மன் கோவில்.
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:തമിഴ് നാട്
ജില്ല:കാഞ്ചീപുരം
സ്ഥാനം:കാഞ്ചീപുരം
നിർദേശാങ്കം:12°50′26″N 79°42′12″E / 12.840684°N 79.703238°E / 12.840684; 79.703238
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:കാമാക്ഷി (ആദിപരാശക്തി, ശ്രീ പാർവതി, മഹാലക്ഷ്മി, സരസ്വതി )
വാസ്തുശൈലി:ദ്രാവിഡം
ചരിത്രം
സൃഷ്ടാവ്:പല്ലവ രാജാക്കൾ

തമിഴ് നാട്ടിലെ ചെന്നൈയ്ക്ക് അടുത്തുള്ള കാഞ്ചീപുരം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പരാശക്തിയുടെ ഒരു പ്രധാന ശക്തിപീഠ ക്ഷേത്രമാണ് കാഞ്ചി കാമാക്ഷി അമ്മൻ കോവിൽ ( Tamil:அருள்மிகு காமாட்சி அம்மன் திருகோயில்:അരുൾമിക് കാമാക്ഷി അമ്മൻ തിരുകോയിൽ; ഇംഗ്ലീഷ്:: Kamakshi Temple). തെക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ഒരു ഭഗവതി ക്ഷേത്രവും ഭാരതത്തിലെ പ്രധാന ശക്തിപീഠങ്ങളിൽ ഒന്നുമാണ് ഇത്. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയ്ക്ക് അടുത്താണ് ക്ഷേത്രം. ഭഗവതി ഭക്തരുടെയും ശക്തി ഉപാസകരുടെയും പുണ്യ സ്ഥലം കൂടിയാണ് ഈ മഹാക്ഷേത്രം. പല്ലവരാജവംശ കാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. കാഞ്ചീപുരമായിരുന്നു പല്ലവരുടെ തലസ്ഥാനം. സപ്തമോക്ഷപുരികളിൽ ഒന്നാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. അഞ്ച് ഏക്കർ സ്ഥലത്തിൽ സ്ഥാപിക്കപ്പെട്ട മഹാക്ഷേത്രത്തിന് നാല് വശത്തും വലിയ അലങ്കാര ഗോപുരങ്ങളുമുണ്ട്.

പ്രതിഷ്ഠ[തിരുത്തുക]

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ആദിപരാശക്തി നാലു കൈകളോടുകൂടി പദ്മാസനരൂപത്തിലാണ് ഇരിക്കുന്നത്. ദേവിയുടെ താഴത്തെ കൈകളിൽ പൂച്ചെണ്ടും, കരിമ്പും ചിത്രീകരിച്ചിരിക്കുന്നു. ഉയർത്തിപ്പിടിച്ച കൈകളിൽ പാശവും, അങ്കുശവുമാണ് ഉള്ളത്. കൈയിലെ പൂച്ചെണ്ടിന് സമീപമായി ഒരു തത്തയേയും ചിത്രീകരിക്കാറുണ്ട്. ഇത് ലളിത പരമേശ്വരിയുടെ രൂപത്തോട് സമാനമായ പ്രതിഷ്ഠ ആണിത്. മനോഹരമായ കരിനീലക്കണ്ണുകളാണ് ഭഗവതി പ്രതിഷ്ഠയ്ക്ക്. ഈ രണ്ടു കണ്ണുകളിൽ ലക്ഷ്മിയും സരസ്വതിയും കുടികൊള്ളുന്നു എന്നാണ് സങ്കൽപം. കാ എന്ന അക്ഷരം സരസ്വതി, മാ എന്നത് കൊണ്ട് ലക്ഷ്മി, അക്ഷി എന്നാൽ കണ്ണ് എന്നുമാണ് അർത്ഥം. ഇത് എല്ലാം കൂടി ചേർത്ത് കാമാക്ഷി എന്ന് വിളിക്കുന്നു. ഭക്തരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നവളായത് കൊണ്ടാണ് ഭഗവതിക്ക് കാമാക്ഷി എന്ന പേര് ലഭിച്ചു എന്നും വിശ്വാസമുണ്ട്. പ്രതിഷ്ഠയ്ക്ക് സമീപം ആദി ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രമുണ്ട്. ഇതിലാണ് ഭഗവതി കുടികൊള്ളുന്നത് എന്ന് വിശ്വാസം. ഐശ്വര്യവും സമാധാനവുമാണ് ദർശനഫലം എന്ന് വിശ്വാസം. ക്ഷേത്ര നഗരിയായ കാഞ്ചിപുരത്ത് ശ്രീ പാർവ്വതി പ്രധാന പ്രതിഷ്ഠയായുള്ള ഒരേഒരു ക്ഷേത്രം കാമാക്ഷി കോവിലാണെന്നുള്ളത് ഒരു പ്രത്യേകതയാണ്. ഉപദേവതമാരായി ശങ്കരാചാര്യരുടെ പ്രതിഷ്ഠയുണ്ട് ഈ ക്ഷേത്രത്തിൽ. ആദിവരാഹ പെരുമാളിന്റെ പ്രതിഷ്ഠയുമുണ്ട് ഇവിടെ. കവാടത്തിൽ ഇടതുവശത്ത് കാലഭൈരവന്റെയും വലതുവശത്ത് മഹിഷാസുരമർദ്ദിനിയുടെയും പ്രതിഷ്ഠ കാണാം. [1][2]

ഐതീഹ്യം[തിരുത്തുക]

സതിദേവിയുടെ നാഭി പതിച്ച സ്ഥാനമാണ് ഇതെന്ന് ഐതീഹ്യം. അതിനാൽ നാഭിസ്ഥാന ഒഡ്യാണപീഠം എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. പിന്നീട് ശിവനെ പതിയായി ലഭിക്കുന്നതിനായി പാർവ്വതിദേവി കാത്യായനിയുടെ രൂപത്തിൽ ഇവിടെയുണ്ടായിരുന്ന ഒരു മാവിൻ ചുവട്ടിൽ മണൽകൊണ്ട് ശിവലിംഗം ഉണ്ടാക്കി ആരാധിച്ചിരുന്നു എന്നാണ് വിശ്വാസം. ഇന്ന് ഗായത്രീ മണ്ഡപം എന്നറിയപ്പെടുന്ന ആദ്യകാലത്തെ പ്രധാന ക്ഷേത്രത്തിന്റെ ചുറ്റും ചെമ്പകക്കാടുകളായിരുന്നു. ദേവന്മാർ തത്തകളുടെ രൂപമെടുത്ത് ഇവിടെ പരാശക്തിയെ ഉപാസിച്ചുപോന്നു. അതിനാൽ പൂജകൾ മുഴുവൻ ഇവിടെയാണ് ചെയ്യാറുള്ളത്. ദേവന്മാർക്ക് സംരക്ഷണം നൽകിയശേഷം സൂക്ഷ്മരൂപം പൂണ്ട ദേവി ശ്രീചക്രത്തിൽ ലയിച്ചു എന്നാണ് സങ്കൽപം. ദേവിയുടെ വലതുഭാഗത്ത് അകവളവുള്ളതായി കാണാം. ദേവന്മാരെ രക്ഷിക്കാൻ ബിലാകാശം എന്നറിയപ്പെടുന്ന ഈ വളവിലൂടെയാണ് ദേവി പ്രത്യക്ഷപ്പെട്ടത് എന്ന് വിശ്വാസം. കാമദേവന് വരം നൽകാൻ മറ്റ് ശക്തികളെ മുഴുവൻ ദേവിക്ക് ആവാഹിക്കേണ്ടി വന്നതാണ് ഇതിനു കാരണം എന്നും ഐതീഹ്യം പറയുന്നു.

ബ്രഹ്മോത്സവം[തിരുത്തുക]

തമിഴ് മാസമായ മാശി (ഫെബ്രുവരി-മാർച്ച്)യിലാണ് പ്രധാന ഉത്സവമായ ബ്രഹ്മോത്സവം. ഒമ്പതാം ദിവസം ദേവിയെ വെള്ളിത്തേരിൽ എഴുന്നള്ളിക്കുന്നു. നവരാത്രി ദിവസങ്ങളും പൗർണമി നാളുകളും ചൊവ്വ, വെള്ളി ദിവസങ്ങളും ഇവിടെ വിശേഷമാണ്. തമിഴിലെ ഐപ്പശി (ഒക്ടോബർ-നവംബർ)മാസത്തിലെ പൂരം നക്ഷത്രത്തിൽ ദേവിയുടെ പിറന്നാൾ പ്രമാണിച്ച് പ്രത്യേക അഭിഷേകങ്ങൾ നടത്താറുണ്ട്. ശങ്കരജയന്തി, വൈകാശി മാസത്തിലെ വസന്തോത്സവം എന്നിവയും പ്രധാനമാണ്.

ദർശന സമയം[തിരുത്തുക]

രാവിലെ 5.30 ന് നട തുറക്കും, ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കും. ഉച്ചതിരിഞ്ഞ് 3.30 ന് നട തുറന്ന് രാത്രി 8.30 ന് അടയ്ക്കും. ചില പ്രത്യേക ദിവസങ്ങളിൽ സ്വർണവാഹനത്തിലോ വെള്ളി വാഹനത്തിലോ ദേവിയെ എഴുന്നള്ളിക്കുന്ന പതിവുണ്ട്.

പഞ്ചഗംഗ[തിരുത്തുക]

തീർത്ഥക്കുളം പഞ്ചഗംഗ എന്നറിയപ്പെടുന്നു.

എത്തിച്ചേരാൻ[തിരുത്തുക]

ചെന്നൈയിൽ നിന്നും ഏതാണ്ട് 72 കിലോമീറ്റർ ദൂരെ കാഞ്ചിപുരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 2 മണിക്കൂർ യാത്രാ സമയം. ബസ്, ട്രെയിൻ സർവീസുകളും ലഭ്യമാണ്.

അടുത്തുള്ള വിമാനത്താവളം- ചെന്നൈ. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ- കാഞ്ചിപുരം സ്റ്റേഷൻ. സബർബൻ ട്രെയിനുകൾ ഇവിടെ നിർത്തുന്നു.

അടുത്തുള്ള മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകൾ - അറക്കോണം (AJJ), ചെങ്കൽപേട്ട്, കാട്പാടി, ചെന്നൈ സെൻട്രൽ. അറക്കോണം സ്റ്റേഷനിൽ കേരളത്തിലേക്കുള്ള ട്രെയിനുകൾ നിർത്താറുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kamakoti peetam on Kanchi".
  2. "Hindunet's article on kamakshi".
"https://ml.wikipedia.org/w/index.php?title=കാമാക്ഷി_അമ്മൻ_കോവിൽ&oldid=4073207" എന്ന താളിൽനിന്ന് ശേഖരിച്ചത്