സ്കന്ദ ഷഷ്ഠി
സുബ്രഹ്മണ്യപ്രീതിക്കായ് ഹൈന്ദവർ ആഘോഷിക്കുന്ന ഒരു പ്രധാന വ്രതമാണ് ഷഷ്ഠിവ്രതം. സുബ്രഹ്മണ്യപ്രീതിയ്ക്കാണ് ഈ വ്രതം അനുഷ്ഠിയ്ക്കുന്നത്. പുത്രനുണ്ടാകാൻ ഷഷ്ഠീവ്രതം വിശിഷ്ടമാണെന്നു ധാരാളം പെർ കരുതുന്നു.[1]. അതിൽ പ്രാധാന്യമർഹിക്കുന്ന ഒരു ഷഷ്ഠി ദിനമാണ് സ്കന്ദ ഷഷ്ഠി. തുലാമാസത്തിലെ ഷഷ്ഠി ദിനത്തിലാണ് ഇതാഘോഷിക്കുന്നത്. പലയിടത്തും പ്രഥമയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതമാണ് ഷഷ്ഠി വ്രതം. സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമായെന്നാണ് വിശ്വാസം. അതുകൊണ്ടാണ് തുലാമാസത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നതും സ്കന്ദഷഷ്ഠിയായി ആചരിക്കുന്നതും. കേരളത്തിലെ ഒട്ടുമിക്ക സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകൾ നടക്കാറുണ്ട്. ഷഷ്ഠി വ്രതം നോക്കുകവഴി ദീർഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താനസ്നേഹം ലഭിക്കാനും, കുഞ്ഞുങ്ങൾക്ക് ശ്രേയസ്സുണ്ടാകാനും, രോഗങ്ങൾ മാറാനും നല്ലതാണത്രേ.
മറ്റൊരു ഐതിഹ്യം
[തിരുത്തുക]ബ്രഹ്മാവിനെ ബന്ധനസ്ഥനാക്കിയ അപരിഹാര്യമായ അവിവേകത്തിന് പ്രായശ്ചിത്തമായി സ്കന്ദൻ ഭയങ്കര സർപ്പമായി പരിണമിച്ചു തിരോധാനം ചെയ്തു. ഈ സംഭവത്തിൽ മാതാവായ പാർവ്വതീദേവി അത്യധികം ദുഃഖിതയായി. പുത്രനെ തിരികെ കിട്ടാനായി ശുക്ല ഷഷ്ഠീ വ്രതം ആചരിക്കാമെന്നും 'താരകബ്രഹമമായ തന്റെ പുത്രനെത്തന്നെ ഭജിക്കണമെന്നും ശിവഭഗവാൻ പാർവ്വതീദേവിയെ ഉപദേശിച്ചു. അതനുസരിച്ച് പഞ്ചമിനാൾ (ഷഷ്ഠിയുടെ തലേദിവസം) ഒരിക്കൽ മാത്രം ഭക്ഷണം. രാത്രി വെറും നിലത്തു കിടന്ന് പിറ്റേന്ന് അതിരാവിലെ സ്നാനം കഴിച്ച് സുബ്രഹ്മണ്യപൂജ എന്നിവ കഴിച്ച് പാരണ. അപ്രകാരം സുബ്രഹ്മണ്യന്റെ വൈരൂപ്യം മാറാനായി (സർപ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തിൽ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടിയാണെന്നും പറയപ്പെടുന്നു) മാതാവായ പാർവ്വതീദവി 108 ഷഷ്ഠി വ്രതമെടുത്തു. അവസാനത്തെ ഷഷ്ഠിനാളിൽ, സുബ്രഹ്മണ്യസ്വാമിയേ ഭയങ്കര സർപ്പാകൃതിയിൽ കാണുകയും ആ സർപ്പശ്രേഷ്ഠനെ മഹാവിഷ്ണു സ്പർശിച്ചപ്പോൾ സ്വരൂപത്തിൽ സുബ്രഹ്മണ്യൻ പ്രത്യക്ഷപ്പെടുകയും ചെയ്തു. വൃശ്ചികമാസത്തിലെ ഷഷ്ഠിനാളിൽ ഇപ്പോഴത്തെ കർണാടകയിലെ സുബ്രഹ്മണ്യത്ത് വച്ചാണത്രേ അങ്ങനെ മാറിയതെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് നാഗപ്രതിമവച്ച സുബ്രഹ്മണ്യപൂജ ചെയ്യുന്നത്. ഇതു കൂടാതെ താരകാസുരനെ നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ സുബ്രഹ്മണ്യനെ യുദ്ധക്കളത്തിൽ വീണ്ടും എത്തിക്കുവനായി ദേവന്മാർ വ്രതമെടുത്ത്പ്രത്യക്ഷപ്പെടുത്തിതായും സ്കന്ദപുരാണത്തിൽ പ്രതിപാദിക്കുന്നുണ്ട്. രാവിലെ ആറുനാഴിക പുലരുന്നതുവരെ ഷഷ്ഠിയുണ്ടെങ്കിൽ അർക്ക ഷഷ്ഠി എന്നും അസ്തമയത്തിന് ആറുനാഴിക മുമ്പേ തുടങ്ങുന്ന ഷഷ്ഠി സ്കന്ദ ഷഷ്ഠി എന്നും പറയപ്പെടുന്നു.[2]
വ്രതം ആചരിക്കുന്ന രീതി
[തിരുത്തുക]ആറുദിവസത്തെ ആചാരമാണ് ഷഷ്ഠീ വ്രതം. പുലരും മുമ്പേ എണീറ്റ് കുളിച്ച് സുബ്രഹ്മണ്യന് പൂജചെയ്ത് ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുന്നു. ഊൺ പതിവില്ല. പാൽ, ജലം പഴം എന്നിവ ആകാം. തമിഴ് പാരമ്പര്യത്തിൽ ആറുദിവസവും സ്കന്ദഷഷ്ഠികവചം ചൊല്ലണം. ആറുദിവസവും ഒരിക്കലെങ്കിലും സുബ്രഹ്മണ്യദർശനം നടത്തണം.[3]
പുറംകണ്ണികൾ
[തിരുത്തുക]- ↑ http://www.penmai.com/forums/trying-conceive/61426-shasti-viratham-getting-child.html
- ↑ തുറവൂർ മഹാക്ഷേത്രം ഉത്സവ സപ്ലിമെന്റ്. 2014 പേജ് 129.
- ↑ http://www.penmai.com/forums/festivals-traditions/61293-kandha-shasti-viratham-procedure.html