കൊല്ലവർഷ കാലഗണനാരീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ന്
കൊല്ലവർഷ൦

1197 തുലാം 26 വ്യാഴാഴ്ച

കേരളത്തിന്റേതു മാത്രമായ കാലഗണനാരീതിയാണ്‌ കൊല്ലവർഷം, അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ്‌ കൊല്ലവർഷത്തിന്റെ തുടക്കം.[1] ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മ | തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ്‌ ഉള്ളത്‌.AD 825 ആഗസ്ത് 25 ന് ആണ് കൊല്ല വർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്.

ചരിത്രം[തിരുത്തുക]

പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം ഇതാണ്‌, പണ്ട്‌ ഭാരതത്തിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലിരുന്ന ഒരു കാലഗണനാരീതിയായിരുന്നു സപ്തർഷി വർഷം[2]. കൊല്ലം ഒരു പ്രധാന വാണിജ്യകേന്ദ്രമായപ്പോൾ ഇവിടെയെത്തിയ കച്ചവടക്കാർ അവർക്ക്‌ പരിചിതമായിരുന്ന സപ്തർഷിവർഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും ചേർത്ത്‌ ഉപയോഗിക്കുവാൻ തുടങ്ങി അത്‌ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമായിരുന്നു. കാരണം സപ്തർഷിവർഷം അത്രയൊന്നും കൃത്യമല്ലായിരുന്നു. കൂടാതെ തദ്ദേശീയ കാലഗണനാരീതികളുടെ മാസവിഭജനരീതികളും കൃത്യമല്ലായിരുന്നു. അതുകൊണ്ട്‌ അവർ ഇവ രണ്ടും ചേർത്ത്‌ പുതിയൊരു കാലഗണനാരീതി ഉണ്ടാക്കാൻ തീരുമാനിച്ചു. ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതൽ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തർഷിവർഷത്തിനുണ്ടായിരുന്നത്‌. ക്രി.മു 76-ൽ തുടങ്ങിയ സപ്തർഷിവർഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത്‌ ക്രി.പി. 825-ൽ ആണ്‌. ആ സമയം നോക്കി വ്യാപാരികൾ പുതിയ സമ്പ്രദായം തുടങ്ങുകയും ചെയ്തു.[3]

സിദ്ധാന്തങ്ങൾ[തിരുത്തുക]

  • കൊല്ലവും വർഷവും ഒരേ അർത്ഥമുള്ള വാക്കുകളാണ് എന്നു തോന്നാമെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് കൊല്ലവർഷം ഉണ്ടായിരിക്കുന്നത്. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാണ് കൊല്ലവർഷം ആരംഭിച്ചതെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം.
  • എന്നാൽ രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ്‌ കൊല്ലവർഷം തുടങ്ങിയതെന്ന് മറ്റുചിലർ വാദിക്കുന്നു.
  • ഹെർമ്മൻ ഗുണ്ടർട്ട് മുന്നോട്ടു വെച്ച മറ്റൊരു വാദം അനുസരിച്ച് തുറമുഖ പട്ടണമായിരുന്ന കൊല്ലത്ത് ഒരു ശിവക്ഷേത്രം പുതിയതായി സ്ഥാപിച്ചതിന്റെ അനുബന്ധിച്ചാണ് കൊല്ല വർഷം ആരംഭിച്ചത്. എന്നാൽ ഇതിന്റെ തുടക്കം വളരെ തദ്ദേശീയവും മതപരവുമായിരുന്നതിനാൽ മറ്റു രാജ്യക്കാർക്ക് കൊല്ലവർഷം ആദ്യകാലങ്ങളിൽ സ്വീകാര്യമായിരുന്നില്ലെന്നും, പക്ഷെ കൊല്ലം വളരെ പ്രധാന്യമുള്ളൊരു തുറമുഖമായി ഉയർന്നു വന്നതിനെ തുടർന്ന് മറ്റു രാജ്യക്കാരും കൊല്ല വർഷം സ്വീകരിക്കേണ്ടതായി വന്നു എന്നുമാണ്. ഇത് ഇബ്ൻ ബത്തൂത്തയുടെ വാദങ്ങളെ സാധൂകരിക്കുന്നതുമാണ്.[4] എന്നാൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ ചേരമാൻ പെരുമാളാണ് മാവേലിക്കരയ്ക്കടുത്തുള്ള കണ്ടിയൂർ എന്ന സ്ഥലത്ത് ശിവക്ഷേത്രം നിർമ്മിച്ചതെന്നാണ്.[5][6]

മാസങ്ങൾ[തിരുത്തുക]

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്‌. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. തുടക്കകാലത്ത്‌ മേടമാസത്തിലായിരുന്നു വർഷാരംഭം എങ്കിലും ഇന്നത്‌ ചിങ്ങമാസത്തിലാണ്‌[2]. ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും മലയാളികൾ പിറന്നാൾ, ശ്രാദ്ധം, ഉത്സവം സുപ്രധാനകാര്യങ്ങൾക്ക് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകൾ നിശ്ചയിക്കുന്നത്.

മലയാളമാസവും മറ്റുള്ള മാസങ്ങളും
മലയാളമാസം ഗ്രിഗോറിയൻ കലണ്ടർ മാസം തമിഴ് മാസം ശക മാസം
ചിങ്ങം ഓഗസ്റ്റ്-സെപ്റ്റംബർ ആവണി ശ്രാവണം-ഭാദ്രം
കന്നി സെപ്റ്റംബർ-ഒക്ടോബർ പുരട്ടാശി ഭാദ്രം-ആശ്വിനം
തുലാം ഒക്ടോബർ-നവംബർ ഐപ്പശി ആശ്വിനം-കാർത്തികം
വൃശ്ചികം നവംബർ-ഡിസംബർ കാർത്തികൈ കാർത്തികം-ആഗ്രഹായണം
ധനു ഡിസംബർ-ജനുവരി മാർകഴി ആഗ്രഹായണം-പൗഷം
മകരം ജനുവരി-ഫെബ്രുവരി തൈ പൗഷം-മാഘം
കുംഭം ഫെബ്രുവരി-മാർച്ച് മാശി മാഘം-ഫാൽഗുനം
മീനം മാർച്ച്-ഏപ്രിൽ പങ്കുനി ഫാൽഗുനം-ചൈത്രം
മേടം ഏപ്രിൽ-മേയ് ചിത്തിരൈ ചൈത്രം-വൈശാഖം
എടവം മേയ്-ജൂൺ വൈകാശി വൈശാഖം-ജ്യേഷ്ഠം
മിഥുനം ജൂൺ-ജൂലൈ ആനി ജ്യേഷ്ഠം-ആഷാഢം
കർക്കടകം ജൂലൈ-ഓഗസ്റ്റ് ആടി ആഷാഢം-ശ്രാവണം

ദിവസങ്ങൾ[തിരുത്തുക]

എല്ലാ മാസത്തിനെയും 7 ദിവസങ്ങളുള്ള ആഴ്ചകളായി തിരിച്ചിരിക്കുന്നു.

ആഴ്ചയിലെ ദിവസങ്ങൾ മറ്റു ഭാഷളിലേതുമായുള്ള താരതമ്യം
മലയാളം English Kannada Tamil Hindi
ഞായർ Sunday Bhanuvara ഞായിറു്‌ Ravivar
തിങ്കൾ Monday Somavara തിങ്കൾ Somvar
ചൊവ്വ Tuesday Mangalavara ചെവ്വായ് Mangalvar
ബുധൻ Wednesday Budhavara പുതൻ Budhvar
വ്യാഴം Thursday Guruvara വിയാഴൻ Guruvar
വെള്ളി Friday Shukravara വെള്ളി Sukravar
ശനി Saturday Shanivara ശനി Shanivar

ഓരോ ദിവസത്തിനും നക്ഷത്രരാശിയിലെ 27 നക്ഷത്രങ്ങളുമായും ബന്ധിപ്പിച്ചിട്ടുണ്ട്.

ദിവസങ്ങളുടെ ഗണനം[തിരുത്തുക]

കൊല്ലവർഷവും കലിദിനവും[തിരുത്തുക]

ഏതെങ്കിലും വർഷത്തെ മേടം ഒന്നിന്റെ കലിദിനസംഖ്യ പരൽപ്പേർ ഉപയോഗിച്ച് കണ്ടുപിടിക്കാനുള്ള വഴിയാണ്.

കൊല്ലവർഷത്തിലെ ഒരു തീയതിയിൽ നിന്നു കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള ശ്ലോകം
പരൽപ്പേരനുസരിച്ചുള്ള വിലകൾ
തരളാംഗം (ത = 6, ര = 2, ള = 9, ഗ = 3) 3926
ഗോത്രഗായക (ഗ = 3, ര = 2, ഗ = 3, യ = 1 , ക = 1) 11323
കുലം (ക = 1, ല = 3) 31

അതായത്, കൊല്ലവർഷത്തോട് 3926 കൂട്ടി 11323 കൊണ്ടു ഗുണിച്ച് 31 കൊണ്ടു ഹരിച്ചാൽ ആ വർഷത്തെ മേടം ഒന്നിന്റെ തലേന്നു വരെയുള്ള കലിദിനസംഖ്യ കിട്ടുമെന്നർത്ഥം.

ഉദാഹരണമായി.
1181 മേടം 1 എടുത്താൽ, , മേൽക്കാണിച്ച സൂത്രവാക്യം ഉപയോഗിച്ച് ഇത് 1865372.93 ആണെന്നു കാണാം.
അതായത് കലിദിനസംഖ്യ ആണെന്നർത്ഥം.

കലിദിനം / ജൂലിയൻ ദിനം - കൊല്ലവർഷം[തിരുത്തുക]

ഇപ്രകാരം കൊല്ലവർഷത്തിലെ തീയതി കണ്ടുപിടിക്കുന്നത് പ്രായേണ ദുഷ്കരമായ ഗണിതക്രിയകളിലൂടെയാണ്. ആദ്യം സൂര്യന്റെ നിരയനസ്ഫുടം കണ്ടുപിടിച്ച് അതിൽനിന്നും സൂര്യൻ വർഷത്തിലെ ഏതേതു ദിവസങ്ങളിൽ ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്കു സംക്രമിക്കുന്നു എന്നറിയണം. തുടർന്ന് ആ ദിവസത്തെ സൂര്യന്റെ മൊത്തം രാശിസ്ഥാനാന്തരണവും അതിൽനിന്ന് ആനുപാതികമായി കണക്കുകൂട്ടി കൃത്യം ഏതു സമയത്താണ് രാശിയിൽ പ്രവേശിച്ചതെന്നും കണ്ടുപിടിക്കണം. ഈ സമയം മദ്ധ്യാഹ്നം അവസാനിക്കുന്നതിനു മുമ്പാണെങ്കിൽ അന്നേ ദിവസവും അതല്ലെങ്കിൽ പിറ്റേന്നും പുതിയ മാസം തുടങ്ങും. ഇതുപോലെ അടുത്ത മാസാരംഭത്തിന്റെ ദിവസവും കണ്ടെത്തണം. ഇവയ്ക്കിടയിലുള്ളത്രയും തീയതികളാണ് ആ മാസം ഉണ്ടാവുക. ഇത് 29 മുതൽ 32 വരെ ആകാം. ഉത്തരായണക്കാലത്ത് ദീർഘമാസങ്ങളും ദക്ഷിണായനക്കാലത്ത് ഹ്രസ്വമാസങ്ങളും സംഭവിക്കുന്നു.

ലോകത്തിൽ പ്രചാരത്തിലുള്ള മറ്റു മിക്കവാറും കലണ്ടറുകളിലൊന്നും ഈയൊരു തരം സമ്പ്രദായം സ്വീകരിച്ചിട്ടില്ല. ദുഷ്കരമായ ക്രിയകൾ അടങ്ങിയിട്ടുണ്ടെങ്കിലും കൊല്ലവർഷത്തിലെ മാസാരംഭങ്ങൾ മുൻകൂട്ടി കണക്കുകൂട്ടിയെടുക്കാനാവും. മാത്രമല്ല, ഈ വിധത്തിൽ ഗണിച്ചെടുക്കുമ്പോൾ കൊല്ലവർഷത്തിലെ അധിവർഷങ്ങൾ സ്വയം ക്രമപ്പെടുത്തിക്കൊണ്ടിരിക്കും.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. ചരിത്രം,പേജ് 62 കേരളവിജ്ഞാനകോശം 1988 എഡിഷൻ
  2. 2.0 2.1 ചില കേരള ചരിത്ര പ്രശ്നങ്ങൾ, (ഒന്നാം ഭാഗം) ഇളംകുളം കുഞ്ഞൻ പിള്ള, എൻ.ബി.എസ്, ഏപ്രിൽ 1955, പുറം 97
  3. കെ. ശിവശങ്കരൻ നായർ, വേണാടിന്റെ പരിണാമം, 28-29
  4. "കൊല്ലം - ലഘുചരിത്രം" (ലഘു-ചരിത്രം). സ്റ്റാസ്റ്റിറ്റിക്കൽ ഡാറ്റ (in ഇംഗ്ലീഷ്). kerala.gov.in. Archived from the original on 2007-11-21. Retrieved 8 ഒക്ടോബർ 2014.
  5. "The Malayalam Calendar - Kollavarsham" (ലേഖനം). വൈഖരി (in ഇംഗ്ലീഷ്). vaikhari.org. Archived from the original on 2014-10-08. Retrieved 8 ഒക്ടോബർ 2014.
  6. A. Sreedhara Menon (1967 (2007)). "CHAPTER VIII - THE KOLLAM ERA". A Survey Of Kerala History. DC Books, Kottayam. pp. 104–110. ISBN 81-264-1578-9. Retrieved 7 August 2013. {{cite book}}: Check date values in: |year= (help)

പുറം കണ്ണികൾ[തിരുത്തുക]

  1. കൊല്ലവർഷത്തിയതിയിൽ നിന്ന് ഗ്രിഗോറിയൻ തിയതിയും മറിച്ചും കണ്ടെത്താനുള്ള ഒരു കരു Archived 2013-01-15 at the Wayback Machine.
  2. ഗ്രിഗോറിയൻ തീയതിയിൽ നിന്ന് കൊല്ലവർഷത്തീയതി
"https://ml.wikipedia.org/w/index.php?title=കൊല്ലവർഷ_കാലഗണനാരീതി&oldid=3947296" എന്ന താളിൽനിന്ന് ശേഖരിച്ചത്