ഉള്ളടക്കത്തിലേക്ക് പോവുക

വൈഷ്ണവമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശൈവം, സ്മാർത്തം, ശാക്തേയം എന്നിവയോടൊപ്പം പ്രധാന ഹൈന്ദവവിഭാഗങ്ങളിൽ ഒന്നാണ് വൈഷ്ണവർ .ശ്രീവൈഷ്ണവർ ആണ് ദക്ഷിണേന്ത്യയിലെ പ്രധാന വൈഷ്ണവ സമൂഹം. ഗൗഡീയ വൈഷ്ണവമതം വളരെ പ്രചാരം ഉള്ള മറ്റൊരു വിഭാഗമാണ്. ദൈവത്തിന്റെ(വിഷ്ണുവിന്റെ) എല്ലാ അവതാര അവതാരങ്ങളുടെയും ഉറവിടമായി കൃഷ്ണനെ ആരാധിക്കുന്നു എന്നതാണ് ശ്രീ വൈഷ്ണവരിൽ നിന്നും ഇവർക്കുള്ള പ്രത്യേകത. ഭഗവതപുരാണത്തിൽ നിന്നുള്ള ഉദ്ധരണികളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നിലപാട്, " കൃഷ്‌ണസ്തു ഭഗവാൻ സ്വയം ", അക്ഷരാർത്ഥത്തിൽ "കൃഷ്ണൻ ദൈവം തന്നെ". എന്നാൽ ശ്രീ വൈഷ്ണവ മതം, വിഷ്ണു അഥവാ നാരായണനെ ആദി രൂപമായും കൃഷ്ണൻ മുതലായ അവതാരങ്ങളുടെ സ്രോതസ്സായും കരുതുന്നു. ഈ വിഭാഗങ്ങൾക്ക് പുറമേ മഹാവിഷ്ണുവിനെ പ്രധാനദേവനായി ആരാധിക്കുന്ന ഹിന്ദുമത വിശ്വാസികളെയെല്ലാം വൈഷ്ണവർ എന്നാണ് വിളിക്കുന്നത്. പരബ്രഹ്മത്തെ ആദിനാരായണനായി- വൈഷ്‌ണവർ കാണുന്നു. മഹാവിഷ്ണുവിനെ ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. [1][2]

ദുഃഖങ്ങളില്ലാത്ത ലോകം എന്നർത്ഥം വരുന്ന "വൈകുണ്ഠമാണ്" ഭഗവാന്റെ വാസസ്ഥാനം. സാക്ഷാൽ പരബ്രഹ്മമായ ആദിനാരായണനിൽ നിന്നു ഉൽപത്തി കൊണ്ടതാണ്‌ എല്ലാ ദേവതകളും ആയതിനാൽ ആദിനാരായണനിൽ ത്രിമൂർത്തികൾ ഉൾപ്പെടെ സർവ്വ ദേവതകളും, സമസ്ഥപ്രപഞ്ചവും കുടികൊള്ളുന്നതായി വൈഷ്‌ണവർ വിശ്വസിക്കുന്നു. സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മ മൂർത്തിയായ ആദിനാരായണൻ തന്നെ ആണ് നിർവഹിക്കുന്നത്. അതായത്‌ സർവ്വതിന്റെയും ആദിയും, അന്തവും സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു തന്നെയാണെന്ന്‌ ഭക്തർ വിശ്വസിക്കുന്നു.

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നിനെ, പ്രത്യേകിച്ചും രാമനേയോ കൃഷ്ണനെയോ ആരാധിക്കുന്ന വൈഷ്ണവർ ഭക്തി പ്രസ്ഥാനം തെക്കേ ഏഷ്യയിൽ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.[3][4] വേദങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത , വിവിധ പാഞ്ചരാത്രങ്ങൾ ഭാഗവത പുരാണം എന്നിവ വൈഷ്ണവരുടെ പ്രധാന ഗ്രന്ഥങ്ങളാണ്[5][6][7] ഹിന്ദുക്കളിൽ നല്ലൊരു വിഭാഗം വൈഷ്ണവർ ആണെങ്കിലും വൈഷ്ണവരുടെ എണ്ണം പ്രത്യേകമായി കണക്കാക്കാൻ സാധിച്ചിട്ടില്ല.[8]
ആധുനിക കാലത്ത് വൈഷ്ണവ സംഘടനയായ iskcon എന്ന ഹരേകൃഷ്ണ പ്രസ്ഥാനം, സ്വാമിനാരായൺ പ്രസ്ഥാനം ഇവ വൈഷ്ണവ മതത്തിന്റെ പ്രധാന പ്രചാരകരാണ്. വിദേശ രാജ്യങ്ങളിൽ ഇവരുടെ പ്രവർത്തനം സജീവമാണ്.

ശ്രീ വൈഷ്ണവർ

[തിരുത്തുക]

എങ്ങനെ ശ്രീവൈഷ്ണവരാകാം?

[തിരുത്തുക]

പഞ്ചസംസ്കാരം(സമാശ്രയണം/പ്രപത്തി) എന്ന ചടങ്ങിലൂടെ, ദീക്ഷാസ്വീകരണം ചെയ്ത്, ആർക്കും ജാതിമതലിംഗദേശകാല ഭേദമില്ലാതെ ശ്രീവൈഷ്ണവരാകാം. തപ്തമുദ്ര(ശംഖചക്രമുദ്രകൾ തോളിൽ പതിക്കൽ), ദീക്ഷാനാമം ലഭിക്കൽ, ഊർദ്ധ്വപുണ്ഡ്രം(വൈഷ്ണവ തിലകം)ധരിക്കൽ, മൂന്ന് രഹസ്യമന്ത്രങ്ങൾ ഉപദേശമായി ലഭിക്കൽ, പൂജയ്ക്ക് അധികാരം ലഭിക്കൽ ഇവയാണ് പഞ്ചസംസ്കാരം. പ്രമുഖ ആചാര്യനായ ശ്രീരാമാനുജാചാര്യർ പോലും ഇപ്രകാരമാണ് ശ്രീവൈഷ്ണവനായതെന്ന് ചരിത്രം. ശ്രീരാമാനുജന്റെ പിന്തുടർച്ചയിലുള്ള വൈഷ്ണവ ആചാര്യന്മാർക്കാണ് ഇപ്രകാരം ഒരുവനെ ശ്രീവൈഷ്ണവനാക്കാൻ അധികാരമുള്ളത്. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിലുള്ള വാനമാമലൈ മഠം (തോതാത്രി മഠം) ഇപ്രകാരം വൈഷ്ണവ ദീക്ഷ നല്കുന്ന ഒരു വൈഷ്ണവ മഠമാണ്. മറ്റ് നിരവധി മഠങ്ങളും തിരുമാളികകളും(ഗൃഹസ്ഥ ആചാര്യ മഠങ്ങൾ) ദീക്ഷ നല്കുന്നുണ്ട്.

തത്വചിന്ത

[തിരുത്തുക]

വിശിഷ്ടാദ്വൈതമെന്ന തത്വചിന്തയാണ് ശ്രീവൈഷ്ണവർ പിന്തുടരുന്നത്. നമ്മുടെ ജീവാത്മാവും ശരീരവും എല്ലാം ഈശ്വരന്റെ ശരീരങ്ങളും അതിനാൽ അവിടുത്തെ സേവിക്കുക എന്ന ധർമത്തോട് കൂടിയവരുമാണ് നാം എന്നതാണ് തത്വചിന്ത. പ്രപഞ്ചത്തിൽ ചിത്ത് (സ്വബോധമുള്ളവ), അചിത്ത്(സ്വാവബോധഹീനം), ഈശ്വരൻ എന്നിങ്ങനെ മൂന്ന് അസ്തിത്വമുണ്ട് എന്നാണ് തത്വചിന്തയിലുള്ളത്. ഭക്തി,ജ്ഞാന,കർമ മാർഗ്ഗങ്ങളേക്കാൾ ഈശ്വരനെ ശരണാഗതി പ്രാപിക്കുക(പ്രപത്തി)എന്നതാണ് മോക്ഷമാർഗ്ഗമായി കാണുന്നത്. ഗുരു(ആചാര്യ)കൃപയാൽ ആണ് ഇത് സാധ്യമാകുക. പഞ്ചസംസ്കാരത്തിലൂടെ ആചാര്യ സംബന്ധം ലഭിക്കുന്നത് മോക്ഷം ഉറപ്പാക്കുമെന്ന് വിശ്വസിക്കുന്നു. ആചാര്യർ ഭഗവാന്റെ പ്രതിനിധിയാകയാൽ ആചാര്യ പരമ്പരയിലൂടെ ആത്യന്തികമായി ഭഗവാൻ തന്നെ രക്ഷിക്കുമെന്നാണ് മതം. ആചാര്യനെ സമീപിച്ച് പഞ്ചസംസ്കാരം ചെയ്യുമ്പോൾ പ്രപന്നരായിക്കഴിഞ്ഞു. അപ്പോൾ നിസ്സഹായത പ്രകടിപ്പിച്ചു് ആചാര്യനെ സമീപിച്ചവരെന്ന നിലയിൽ മറ്റ് യോഗ്യതകളൊന്നും പരിഗണിക്കാതെ ഭഗവാൻ തന്റെ പ്രസാദത്താൽ മുക്തിയേകുന്നു. തുടർന്ന് അനുഷ്ഠിക്കുന്ന സാധനകളെല്ലാം മോക്ഷോപായത്തിനായല്ല, മറിച്ച് ഭഗവദ് പ്രേമത്താൽ അനുഷ്ഠിക്കപ്പെടുന്നവ മാത്രമാണ്. ലക്ഷ്യവും മാർഗ്ഗവും ഭഗവാൻ മാത്രമാണ്. ഇതാണ് ഭക്തിയോഗയുമായി പ്രപത്തിക്കുള്ള വ്യത്യാസം. തന്നെ ആശ്രയിക്കുന്നവനെ എന്ത് പ്രതികൂലതയെയും തട്ടിത്തകർത്ത് ഭഗവാൻ രക്ഷിക്കുമെന്ന വിശ്വാസമാണ് പ്രപത്തിക്ക് യോഗ്യത. നമ്മുടെ അയോഗ്യതയൊന്നും ഭഗവാന് നമ്മെ യോഗ്യരാക്കാനുള്ള കഴിവിലും വലുതല്ല എന്നതാണ് വിശ്വസിക്കേണ്ടത്. നിസ്സഹായത സമ്മതിച്ച് ഭഗവാനെ ശരണമടയുക മാത്രം മതി ഇതിലേക്ക് നാം ചെയ്യേണ്ടത്. അതിനെ കൂടുതൽ പ്രകടമാക്കുന്നതിനാണ് നാം ആചാര്യൻ മുഖേന ശരണാഗതി നടത്തുന്നത്. നേരിട്ട് ഭഗവാനെ സമീപിക്കുന്നത് കൈപിടിച്ച് കാര്യം തേടലാണെങ്കിൽ ആചാര്യനിലൂടെ സമീപിക്കുന്നത് കാല് പിടിച്ച് കാര്യം നേടലാണ് എന്ന് പറയപ്പെടുന്നു. ഇങ്ങനെ ആചാര്യപരമ്പരയിലൂടെ ആത്യന്തികമായി ശ്രീഭഗവതിയുടെ പുരുഷകാരത്വം(ശുപാർശ)ആണ് നമ്മെ രക്ഷിക്കുക എന്ന് ശ്രീവൈഷ്ണവർ വിശ്വസിക്കുന്നു.

ആഴ്വാർ(പ്രവാചകൻ)

[തിരുത്തുക]

ഭഗവദ് കിങ്കരനായി, നിത്യസൂരിയായി വൈകുണ്ഠവാസിയായുള്ള വിഷ്വക് സേനൻ എന്ന വിഷ്ണുപാർഷദൻ(മാലാഖ എന്ന സെമറ്റിക് ആശയത്തോട് സദൃശം), ഭഗവദ് നിയോഗത്താൽ, ഭക്തിനിമഗ്നനായിരുന്ന(ആണ്ടിരുന്ന-ആഴ്വാരെന്ന പദം ഇങ്ങനെ വന്നതാണ്) തമിഴ്ദേശീയനും വർണ്ണത്താൽ, ശൂദ്രനുമായിരുന്ന, ശഠകോപമുനി എന്ന നമ്മാഴ്വാർക്ക് പ്രത്യക്ഷപ്പെട്ട് ജ്ഞാനം പകർന്നു് ശിഷ്യത്വം നല്കി. സി.ഇ 7ആമത് ശതകത്തിൽ ജീവിച്ച പ്രസ്തുത നമ്മാഴ്വാരാണ് ശ്രീവൈഷ്ണവ മതത്തിൽ പ്രധാന പ്രവാചകൻ. ഇദ്ദേഹത്തിന് മുമ്പ് 9 ആഴ്വാർമാർ കൂടി ഉണ്ടായിരുന്നു. ഭക്തിനിഷ്ഠയെപ്രതി, ആണ്ടാളെന്ന സ്ത്രീരത്നത്തെയും നമ്മാഴ്വാരുടെ ശിഷ്യനായിരുന്ന മധുരകവിയാഴ്വാരെയും ചേർത്ത് 12ആഴ്വാർമാരെന്നും ചിലർ പറയാറുണ്ട്. പെരുമാൾ തിരുമൊഴി, മുകുന്ദമാല ഇവ രചിച്ച പഴയ കേരള ചക്രവർത്തിയായിരുന്ന കുലശേഖര ആഴ്വാരും ഇതിലുൾപ്പെടുന്നു.

ആചാര്യപരമ്പര

[തിരുത്തുക]

ശ്രീമന്നാരായണൻ, ലക്ഷ്മീദേവി, വിഷ്വക്സേനൻ, തുടർന്ന് നമ്മാഴ്വാർ എന്ന ശഠകോപർ. നമ്മാഴ്വാരെ തുടർന്ന് ശിഷ്യൻ നാഥമുനി, തുടർന്ന് പുണ്ഡരീകാക്ഷ, രാമമിശ്ര, യാമുനാചാര്യ, പരാങ്കുശദാസ, ശ്രീരാമാനുജ എന്നിങ്ങനെ വന്ന ആചാര്യപരമ്പരയാണ് ശ്രീവൈഷ്ണവ മതത്തെ രൂപപ്പെടുത്തിയത്. നമ്മാഴ്വാരെ പ്രധാന ആഴ്വാർ ആയി കരുതുന്നവരും ശ്രീരാമാനുജനെ സ്വന്തം ഉദ്ധാരക ആചാര്യനായി(നമ്മെ വൈകുണ്ഠത്തിലേക്ക് കരകയറ്റാനായി അവതരിച്ച ആചാര്യൻ-പ്രധാന ആചാര്യൻ) കരുതുന്നവരുമാണ് ‍ ശ്രീവൈഷ്ണവരെല്ലാം. കേരളീയനായ തുഞ്ചത്തെഴുത്തച്ഛനിലും രാമാനുജ വൈഷ്ണവ മതത്തിന്റെ സ്വാധീനം പ്രകടമാണ്. പിൽക്കാലത്ത് വടകലൈ, തെങ്കലൈ എന്ന് ശ്രീവൈഷ്ണവത്തിൽ രണ്ട് പിരിവ് സംഭവിച്ചു. വേദാന്ത ദേശികന്റെ അനുയായികൾ വടകലൈ, മണവാള മാമുനികളുടെ അനുയായികൾ തെങ്കലൈ. ഇവർക്കിടയിൽ ചില തത്വചിന്താപരമായ വ്യത്യാസം ഉണ്ട്.

ഗൗഡീയ വൈഷ്ണവമതം

[തിരുത്തുക]

ഇന്ത്യയിലെ ഒരു ആത്മീയ ഗുരുവായ ചൈതന്യ മഹാപ്രഭുവിൻ്റെ (1486–1534) പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു വൈഷ്ണവ ഹിന്ദു മത പ്രസ്ഥാനമാണ് ഗൗഡീയ വൈഷ്ണവമതം. "ഗൌഡീയ" എന്നത് ഗൌഡ മേഖലയെയും (ഇന്നത്തെ ബംഗാൾ / ബംഗ്ലാദേശ് ) വൈഷ്ണവ എന്നത് കൃഷ്ണനെയും പരാമർശിക്കുന്നു. ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ (ISKCON)ആത്മീയവും ദാർശനികവുമായ അടിത്തറയാണ് ഗൗഡീയ വൈഷ്ണവമതം

വിഷ്ണുവിന്റെയും കൃഷ്ണന്റെയും പല രൂപങ്ങളും ഏക പരമാധികാരിയായ ആദിപുരുഷന്റെ (കൃഷ്ണന്റെ ) വിപുലീകരണങ്ങളും അവതാരങ്ങളും ആയി കാണുന്നതിനാൽ ഗൗഡീയ വൈഷ്ണവമതത്തെ ഒരു ഏകദൈവ പാരമ്പര്യമായി വർഗ്ഗീകരിക്കുന്നു.[അവലംബം ആവശ്യമാണ്]

ഭക്ഷണക്രമവും ജീവിതരീതിയും

[തിരുത്തുക]

ഗൗഡീയ വൈഷ്ണവർ ഒരു ലാക്ടോ വെജിറ്റേറിയൻ ഭക്ഷണക്രമം പിന്തുടരുന്നു, മത്സ്യവും മുട്ടയും ഉൾപ്പെടെ എല്ലാത്തരം മൃഗ മാംസങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു. ഇവർ കഫീൻ കഴിക്കുന്നത് ഒഴിവാക്കുന്നു, കാരണം ഇത് ലഹരിയാണെന്ന് അവർ വിശ്വസിക്കുന്നു.

നിരവധി ഗൗഡീയ വൈഷ്ണവർ ജീവിതത്തിൽ കുറച്ചു കാലമെങ്കിലും സന്യാസിമാരായി (ബ്രഹ്മചര്യം) ജീവിക്കും.[അവലംബം ആവശ്യമാണ്]

ആധുനിക ഗൗഡീയ വൈഷ്ണവ സൊസൈറ്റികൾ

[തിരുത്തുക]

പ്രധാന തീർഥാടനകേന്ദ്രങ്ങൾ

[തിരുത്തുക]
വൈഷ്ണവ സമ്പ്രദായം പിൻതുടരുന്ന പ്രധാന തീർത്ഥാടനകേന്ദ്രങ്ങളും ക്ഷേത്രങ്ങളും. ഓറഞ്ച് അടയാളങ്ങൾ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളാണ്.

വൈഷ്ണവരുടെ പ്രധാന തീർഥാടനകേന്ദ്രങ്ങളിൽ ബദരി, പണ്ഡാർപുർ, ഉഡുപ്പി, പത്മനാഭസ്വാമി ഗുരുവായൂർ, ശ്രീരംഗനാഥ ക്ഷേത്രം, വൃന്ദാവനം, മഥുര, അയോധ്യ, തിരുപ്പതി, പുരി, ദ്വാരക എന്നിവയുൾപ്പെടുന്നു.[9][10]

കേരളത്തിൽ പത്മനാഭസ്വാമി ക്ഷേത്രം, തിരുവട്ടാർ, വർക്കല ,മാവേലിക്കര, തിരുവല്ല, ആറന്മുള, തിരുവൻ വണ്ടൂർ, പുലിയൂർ, തൃച്ചിറ്റാറ്റ്, ഏവൂർ ,അമ്പലപ്പുഴ, തൃപ്പൂണിത്തുറ, തുറവൂർ, ഇരിങ്ങാലക്കുട ഗുരുവായൂർ, തൃപ്രയാർ, തിരുനാവായ, എന്നിവ പ്രസിദ്ധ വൈഷ്ണവകേന്ദ്രങ്ങളാണ്

അവലംബം

[തിരുത്തുക]
  1. Pratapaditya Pal (1986). Indian Sculpture: Circa 500 B.C.-A.D. 700. University of California Press. pp. 24–25. ISBN 978-0-520-05991-7.
  2. Stephan Schuhmacher (1994). The Encyclopedia of Eastern Philosophy and Religion: Buddhism, Hinduism, Taoism, Zen. Shambhala. p. 397. ISBN 978-0-87773-980-7.
  3. John Stratton Hawley (2015). A Storm of Songs. Harvard University Press. pp. 10–12, 33–34. ISBN 978-0-674-18746-7.
  4. James G Lochtefeld (2002), The Illustrated Encyclopedia of Hinduism: N-Z, Rosen Publishing, ISBN 978-0823931804, pages 731-733
  5. Flood 1996, p. 121-122.
  6. F Otto Schrader (1973). Introduction to the Pāñcarātra and the Ahirbudhnya Saṃhitā. Adyar Library and Research Centre. pp. 22–27, 112–114. ISBN 978-0-8356-7277-1.
  7. Klaus Klostermaier (2007), A Survey of Hinduism: Third Edition, State University of New York Press, ISBN 978-0791470824, pages 46-52, 76-77
  8. Constance Jones; James D. Ryan (2006). Encyclopedia of Hinduism. Infobase. p. 474. ISBN 978-0-8160-7564-5.
  9. Klostermaier, Klaus K. (2000). Hinduism: A Short History. Oxford: Oneworld Publications. ISBN 1-85168-213-9.
  10. Valpey, K.R. (2004). The Grammar and Poetics of Murti-Seva: Chaitanya Vaishnava Image Worship as Discourse, Ritual, and Narrative. University of Oxford.
"https://ml.wikipedia.org/w/index.php?title=വൈഷ്ണവമതം&oldid=4595867" എന്ന താളിൽനിന്ന് ശേഖരിച്ചത്