ശ്രീവൈഷ്ണവർ
ഹിന്ദുമതത്തിലെ പ്രധാന ശാഖയായ വൈഷ്ണവമതത്തിലുള്ള നാല് ആധികാരിക സമ്പ്രദായങ്ങളിൽ ഒന്നാണ് ശ്രീവൈഷ്ണവർ (Sri Vaishnavism) ശ്രീ അഥവാ ലക്ഷ്മീദേവിയാണ് ഭഗവാന് (ശ്രീമന്നാരായണൻ) ശേഷമുള്ള ഗുരു, അഥവാ ആദ്യ ശിഷ്യ. ആ പാരമ്പര്യത്തിൽ വരുന്നത് ശ്രീ സമ്പ്രദായം. ബ്രാഹ്മ, രുദ്ര, കൌമാര എന്നിവയാണ് ഇതര വൈഷ്ണവ സമ്പ്രദായങ്ങൾ. ശ്രീവൈഷ്ണവത്തെ, ശ്രീ സമ്പ്രദായം എന്നും പറയുന്നു. കലിയുഗാരംഭത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന നമ്മാഴ്വാർ എന്ന ശഠകോപമുനിയുടെ ആചാര്യ പരമ്പരയിൽ പിൽക്കാലത്ത് വന്ന രാമാനുജാചാര്യർ(സി.ഇ.1017–1137 )ആണ് ശ്രീവൈഷ്ണവരുടെ പ്രധാന ആചാര്യർ. അതിനാൽ രാമാനുജ സമ്പ്രദായം എന്നും ഇവരെ വിളിക്കുന്നു. ഉത്തരേന്ത്യയിലെ രാമാനന്ദികളും ശ്രീവൈഷ്ണവരാണ്. സ്വാമിനാരായൺ പ്രസ്ഥാനവും രാമാനുജ പാരമ്പര്യം അവകാശപ്പെടുന്നുണ്ട്. ദക്ഷിണഭാരതത്തിലെ അയ്യങ്കാർ ബ്രാഹ്മണർ ശ്രീവൈഷ്ണവരാണ്. അബ്രാഹ്മണ ശ്രീവൈഷ്ണവരെ സാത്വതർ, ഭാഗവത ശ്രീവൈഷ്ണവർ എന്നിങ്ങനെ വിളിക്കുന്നു.
ശ്രീവൈഷ്ണവ തത്വചിന്തയുടെ ചുരുക്കം ചുവടെ ചേർക്കുന്നതാണ്
[തിരുത്തുക]ഈശ്വരൻ-ശ്രീമന്നാരായണൻ
ശ്രീമന്നാരായണൻ മാത്രമാണ് ഈശ്വരൻ. ആ ഈശ്വരനെ മാത്രം ആരാധിക്കുന്ന ഏകദൈവവിശ്വാസികളാണ് ശ്രീവൈഷ്ണവർ. നാരായണന് വേദത്തിലുള്ള മറ്റൊരു പേരാണ് ശ്രീവിഷ്ണു. ഏകനാണെങ്കിലും, ജലത്തിന് മൂന്ന് അവസ്ഥയെന്ന പോലെ ഈശ്വരന് ഒരേസമയം, അഞ്ച് ഭാവങ്ങളുണ്ട് അവഃ
1.പരത്വം അഥവാ അനേകം ഋഷിമാർക്ക് മുമ്പാകെ ധ്യാനത്തിൽ പ്രത്യക്ഷപ്പെട്ടതും അവർ വ്യക്തമായി വർണ്ണിച്ച് നല്കിയതുമായ ചതുർഭുജ വൈഷ്ണവ രൂപം. സൂര്യസഹസ്രം തേജസ്സുള്ളതും മാനുഷികമായി തോന്നുന്നതുമായ ചൈതന്യസ്വരൂപമാണ് ഭഗവാനുള്ളത്. ശംഖചക്രഗദാപത്മങ്ങൾ ധരിച്ചതാണ് അവിടുത്തെ രൂപം. പീതാംബരവും മനോഹരവും ശാന്തഗംഭീരവുമായ പുരുഷ ഭാവമാണ് ഈശ്വരന് പരത്വം എന്ന ഭാവത്തിൽ ഉള്ളത്.
2.വ്യൂഹം അഥവാ വാസുദേവൻ-സങ്കർഷണൻ-പ്രദ്യുമ്നൻ-അനിരുദ്ധൻ എന്നീ സൃഷ്ടി,സ്ഥിതി,സംഹാര,അനുഗ്രഹ കർത്താവെന്ന അവസ്ഥയിലുള്ള ഈശ്വരന്റെ നാല് ഭാവങ്ങൾ. ചതുർഭുജമായ പരത്വ ഭാവത്തോട് യോജിച്ച രൂപമാണ് ഇവയിൽ ഭഗവാനുള്ളത്.
3.വിഭവം അഥവാ അവതാരങ്ങൾ-ശ്രീകൃഷ്ണൻ മുതലായിട്ടുള്ള അസംഖ്യം അവതാരങ്ങൾ. ഇവയിൽ ശ്രീകൃഷ്ണാവതാരത്തിന് പരത്വത്തോട് ഏറ്റവും സാമ്യമുള്ളതിനാലും ചതുർഭുജ വൈഷ്ണവ രൂപഭാവം പലപ്പോഴും കൈക്കൊണ്ടതിനാലും ശ്രീകൃഷ്ണനെ പൂർണ്ണാവതാരമായി കരുതുന്നു.
ശ്രീകൃഷ്ണൻ, ശ്രീരാമൻ മുതലായി നിരവധി അവതാരങ്ങൾ മനുഷ്യരൂപത്തിലും അല്ലാതെയും ഈശ്വരനിൽ നിന്ന് വന്നു്, ഈശ്വരനിലേക്ക് തന്നെ മടങ്ങി, നിലവിൽ ഇവ പ്രത്യേക അസ്തിത്വമായി ഇല്ല. അവതാരങ്ങളെ നിലവിൽ ആരാധിക്കുമ്പോൾ അതിനാൽ ആരാധിക്കപ്പെടുന്നത് അവതാരം കൈക്കൊണ്ട (അവതാരിയായ) ഈശ്വരനായ, ശ്രീമന്നാരായണൻ മാത്രം ആണ്.
4.അന്തര്യാമിത്വം അഥവാ, ഈശ്വരന്റെ എല്ലായിടത്തും അരൂപിയായി സാന്നിദ്ധ്യമുള്ള അവസ്ഥ. ജീവാത്മാവിന്റെയുള്ളിൽ പോലും ഈശ്വരൻ ഉണ്ട്. ഏത് സൂക്ഷ്മമായ അണുവിന്റെയകത്തുമുണ്ട് ഈശ്വരൻ. ഈശ്വരനില്ലാത്ത ഒരിടവുമില്ല. വിഷ്ണു എന്ന പദത്തിന്റെ ഒരു അർത്ഥം സർവ്വവ്യാപി എന്നാണല്ലോ.
5.അർച്ചാവതാരങ്ങൾ- അഥവാ ഭഗവദ് വിഗ്രഹങ്ങളിലേക്ക് ആവാഹിക്കപ്പെടാറുള്ള ചൈതന്യം/ ആവാഹിക്കപ്പെട്ട് നിൽക്കുന്ന ചൈതന്യം. പ്രത്യക്ഷമായി നമുക്ക് വിഗ്രഹത്തെയേ കാണാനാകൂ. അത് നമ്മുടെ ശരീരം പോലെയാണ്. ശരീരത്തെയല്ലാതെ നമ്മുടെ ജീവനെ ആര് കാണുന്നു. എന്നാൽ ആ വിഗ്രഹ ശരീരത്തിനുള്ളിലുള്ള ചൈതന്യമാണ് അർച്ചാവതാരം. അർച്ചാവതാരങ്ങളെയാണ് നാം ക്ഷേത്രത്തിൽ ആരാധിക്കുന്നത്, അതിനെ വിഗ്രഹാരാധന എന്ന് തെറ്റായി പറയരുത്. വിഗ്രഹം ആകട്ടെ പലരും കരുതുന്നത് പോലെ സാങ്കല്പിക രൂപവുമല്ല, ഈശ്വരനെ നമ്മുടെ ഋഷിമാർ കണ്ടിട്ടുള്ളതും അവർ, ഭഗവദ്രൂപം വർണ്ണിച്ചതിൻ പ്രകാരം രൂപകല്പനചെയ്തവയുമാണ് വിഗ്രഹങ്ങളും ചിത്രങ്ങളുമെല്ലാം. ആ വിഗ്രഹത്തിലോ ചിത്രത്തിലോ ആവാഹിക്കപ്പെട്ട ചൈതന്യമാണ് അർച്ചാവതാരം. വിഗ്രഹത്തിനോ ചിത്രത്തിനോ നാശം വന്നാലും അർച്ചാവതാരത്തിന് നാശം ഇല്ല. അതിനാലാണ് വിഗ്രഹം കേടായാൽ നാം അത് മാറ്റി അർച്ചാവതാരത്തിനെ പുതിയ വിഗ്രഹത്തിലേക്ക് ആവാഹിച്ച് പൂജ നല്കുന്നത്. ആഴ്വാർമാരെന്ന പ്രവാചകരുടെ സ്തുതികളാൽ ദിവ്യദേശങ്ങളിൽ പ്രധാനമായും ശക്തികേന്ദ്രീകരിച്ച് കാണുന്ന ഈശ്വര ഭാവവുമാണ് അർച്ചാവതാരം. ഇപ്രകാരം പ്രധാനമായി 108 വൈഷ്ണവ ദിവ്യ ദേശങ്ങളുണ്ട്, ഇവിടങ്ങളിലായി 108അർച്ചാവതാര ഭാവങ്ങളും ഉണ്ട്. അർച്ചാവതാരങ്ങൾക്ക് അതിനാൽ ഈശ്വരൻ തന്നെ എന്ന ഭാവമാണ്, കേവല പ്രതിഷ്ഠയോ ബിംബമോ ആയി ആ അവതാരത്തെ കാണാൻ പാടില്ല. നമ്മെ കേവലം ഇറച്ചി ആയി പറയുമോ? അതേപടി വിഗ്രഹം ഉണ്ടാക്കിയ വസ്തുക്കൾ ആയി അർച്ചാവതാരത്തെയും കാണരുത്. കൂടാതെ, ഒരേ ഈശ്വരനാണെങ്കിലും അർച്ചാവതാരത്തിന് പ്രത്യേക വ്യക്തിത്വവുമുണ്ടാകും. ഈശ്വരനെ സംബന്ധിച്ച് ഒരേ സമയം എത്രയെങ്കിലും അവതാരമോ അർച്ചാവതാരമോ അസംഭവ്യമായ കാര്യമേയല്ല. ശ്രീവൈഷ്ണവർ സ്വഗൃഹത്തിലോ മറ്റ് എവിടെയെങ്കിലുമോ വിഷ്ണുപൂജനടത്തുമ്പോൾ ഈ 108 ദിവ്യ ദേശങ്ങളിലെ അർച്ചാവതാരങ്ങളെയാണ് ആവാഹിക്കുക.
മതത്തിന്റെ പേര്-ശ്രീവൈഷ്ണവം
[തിരുത്തുക]ഈശ്വരനെ അഥവാ വിഷ്ണുവിനെ മാത്രം ആരാധിക്കുന്നവരെ വൈഷ്ണവരെന്ന് പറയുന്നു. വിഷ്ണുഭഗവാന്റെ ശക്തി എന്നത് അവിടുത്തെ ഐശ്വര്യമാണ്. അതിന്റെ രൂപമാണ് ശ്രീലക്ഷ്മീദേവി. ഇത് ഭഗവാന്റെ തന്നെ മാതൃഭാവമാണ്, ഈശ്വരന്റെ ഉദാരഭാവം ആണ്. ഭഗവാനിൽ നിന്നും ആരംഭിച്ച് അവിടുത്തെ മാതൃഭാവമായ ലക്ഷ്മി(ശ്രീ)ദേവിയിലൂടെ തുടങ്ങുന്ന ആചാര്യപരമ്പരയിൽ ഉൾപ്പെടുന്നവരായതിനാൽ ശ്രീവൈഷ്ണവരെന്ന് പറയുന്നു. ആധുനിക കാലത്ത് ശ്രീവൈഷ്ണവർ ഹിന്ദുമതത്തിന്റെ ഒരു ഭാഗമായി സ്വയം തിരിച്ചറിയുന്നു, മറ്റുള്ളവരാലും പരിഗണിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഭാരതത്തിൽ ഉത്ഭവിച്ച നിരവധി മതങ്ങളുടെ കൂട്ടായ്മയാണ് പഴയകാലത്ത് വൈദിക മതം എന്ന് വിളിക്കപ്പെട്ടിരുന്ന ഹിന്ദുമതം. വൈഷ്ണവ പശ്ചാത്തലമില്ലാത്ത ആരാധനാ മൂർത്തികളെ ശ്രീവൈഷ്ണവർ ആരാധിക്കുന്നില്ല.
എങ്ങനെ ശ്രീവൈഷ്ണവരാകാം
[തിരുത്തുക]പഞ്ചസംസ്കാരം(സമാശ്രയണം/പ്രപത്തി) എന്ന ചടങ്ങിലൂടെ, ദീക്ഷാസ്വീകരണം ചെയ്ത്, ആർക്കും ജാതിമതലിംഗദേശകാല ഭേദമില്ലാതെ ശ്രീവൈഷ്ണവരാകാം. തപ്തമുദ്ര(ശംഖചക്രമുദ്രകൾ തോളിൽ പതിക്കൽ), ദീക്ഷാനാമം ലഭിക്കൽ, ഊർദ്ധ്വപുണ്ഡ്രം(വൈഷ്ണവ തിലകം)ധരിക്കൽ, മൂന്ന് രഹസ്യമന്ത്രങ്ങൾ ഉപദേശമായി ലഭിക്കൽ, പൂജയ്ക്ക് അധികാരം ലഭിക്കൽ ഇവയാണ് പഞ്ചസംസ്കാരം. പ്രമുഖ ആചാര്യനായ ശ്രീരാമാനുജാചാര്യർ പോലും ഇപ്രകാരമാണ് ശ്രീവൈഷ്ണവനായതെന്ന് ചരിത്രം. ശ്രീരാമാനുജന്റെ പിന്തുടർച്ചയിലുള്ള വൈഷ്ണവ ആചാര്യന്മാർക്കാണ് ഇപ്രകാരം ഒരുവനെ ശ്രീവൈഷ്ണവനാക്കാൻ അധികാരമുള്ളത്. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിലുള്ള വാനമാമലൈ മഠം (തോതാത്രി മഠം) ഇപ്രകാരം വൈഷ്ണവ ദീക്ഷ നല്കുന്ന ഒരു വൈഷ്ണവ മഠമാണ്. മറ്റ് നിരവധി മഠങ്ങളും തിരുമാളികകളും(ഗൃഹസ്ഥ ആചാര്യ മഠങ്ങൾ) ദീക്ഷ നല്കുന്നുണ്ട്.
ആഴ്വാർ(പ്രവാചകൻ)
[തിരുത്തുക]ഭഗവദ് കിങ്കരനായി, നിത്യസൂരിയായി വൈകുണ്ഠവാസിയായുള്ള വിഷ്വക് സേനൻ എന്ന വിഷ്ണുപാർഷദൻ(മാലാഖ എന്ന സെമറ്റിക് ആശയത്തോട് സദൃശം), ഭഗവദ് നിയോഗത്താൽ, ഭക്തിനിമഗ്നനായിരുന്ന(ആണ്ടിരുന്ന-ആഴ്വാരെന്ന പദം ഇങ്ങനെ വന്നതാണ്) തമിഴ്ദേശീയനും വർണ്ണത്താൽ, ശൂദ്രനുമായിരുന്ന, ശഠകോപമുനി എന്ന നമ്മാഴ്വാർക്ക് പ്രത്യക്ഷപ്പെട്ട് ജ്ഞാനം പകർന്നു് ശിഷ്യത്വം നല്കി. സി.ഇ 7ആമത് ശതകത്തിൽ ജീവിച്ച പ്രസ്തുത നമ്മാഴ്വാരാണ് ശ്രീവൈഷ്ണവ മതത്തിൽ പ്രധാന പ്രവാചകൻ. ഇദ്ദേഹത്തിന് മുമ്പ് 9 ആഴ്വാർമാർ കൂടി ഉണ്ടായിരുന്നു. ഭക്തിനിഷ്ഠയെപ്രതി, ആണ്ടാളെന്ന സ്ത്രീരത്നത്തെയും നമ്മാഴ്വാരുടെ ശിഷ്യനായിരുന്ന മധുരകവിയാഴ്വാരെയും ചേർത്ത് 12ആഴ്വാർമാരെന്നും ചിലർ പറയാറുണ്ട്. പെരുമാൾ തിരുമൊഴി, മുകുന്ദമാല ഇവ രചിച്ച പഴയ കേരള ചക്രവർത്തിയായിരുന്ന കുലശേഖര ആഴ്വാരും ഇതിലുൾപ്പെടുന്നു.
ആചാര്യപരമ്പര
[തിരുത്തുക]ശ്രീമന്നാരായണൻ, ലക്ഷ്മീദേവി, വിഷ്വക്സേനൻ, തുടർന്ന് നമ്മാഴ്വാർ എന്ന ശഠകോപർ. നമ്മാഴ്വാരെ തുടർന്ന് ശിഷ്യൻ നാഥമുനി, തുടർന്ന് പുണ്ഡരീകാക്ഷ, രാമമിശ്ര, യാമുനാചാര്യ, പരാങ്കുശദാസ, ശ്രീരാമാനുജ എന്നിങ്ങനെ വന്ന ആചാര്യപരമ്പരയാണ് ശ്രീവൈഷ്ണവ മതത്തെ രൂപപ്പെടുത്തിയത്. നമ്മാഴ്വാരെ പ്രധാന ആഴ്വാർ ആയി കരുതുന്നവരും ശ്രീരാമാനുജനെ സ്വന്തം ഉദ്ധാരക ആചാര്യനായി(നമ്മെ വൈകുണ്ഠത്തിലേക്ക് കരകയറ്റാനായി അവതരിച്ച ആചാര്യൻ-പ്രധാന ആചാര്യൻ) കരുതുന്നവരുമാണ് ശ്രീവൈഷ്ണവരെല്ലാം. കേരളീയനായ തുഞ്ചത്തെഴുത്തച്ഛനിലും രാമാനുജ വൈഷ്ണവ മതത്തിന്റെ സ്വാധീനം പ്രകടമാണ്. പിൽക്കാലത്ത് വടകലൈ, തെങ്കലൈ എന്ന് ശ്രീവൈഷ്ണവത്തിൽ രണ്ട് പിരിവ് സംഭവിച്ചു. വേദാന്ത ദേശികന്റെ അനുയായികൾ വടകലൈ, മണവാള മാമുനികളുടെ അനുയായികൾ തെങ്കലൈ. ഇവർക്കിടയിൽ ചില തത്വചിന്താപരമായ വ്യത്യാസം ഉണ്ട്.
തത്വചിന്ത
[തിരുത്തുക]വിശിഷ്ടാദ്വൈതമെന്ന തത്വചിന്തയാണ് ശ്രീവൈഷ്ണവർ പിന്തുടരുന്നത്. നമ്മുടെ ജീവാത്മാവും ശരീരവും എല്ലാം ഈശ്വരന്റെ ശരീരങ്ങളും അതിനാൽ അവിടുത്തെ സേവിക്കുക എന്ന ധർമത്തോട് കൂടിയവരുമാണ് നാം എന്നതാണ് തത്വചിന്ത. പ്രപഞ്ചത്തിൽ ചിത്ത് (സ്വബോധമുള്ളവ), അചിത്ത്(സ്വാവബോധഹീനം), ഈശ്വരൻ എന്നിങ്ങനെ മൂന്ന് അസ്തിത്വമുണ്ട് എന്നാണ് തത്വചിന്തയിലുള്ളത്. ഭക്തി,ജ്ഞാന,കർമ മാർഗ്ഗങ്ങളേക്കാൾ ഈശ്വരനെ ശരണാഗതി പ്രാപിക്കുക(പ്രപത്തി)എന്നതാണ് മോക്ഷമാർഗ്ഗമായി കാണുന്നത്. ഗുരു(ആചാര്യ)കൃപയാൽ ആണ് ഇത് സാധ്യമാകുക. പഞ്ചസംസ്കാരത്തിലൂടെ ആചാര്യ സംബന്ധം ലഭിക്കുന്നത് മോക്ഷം ഉറപ്പാക്കുമെന്ന് വിശ്വസിക്കുന്നു. ആചാര്യർ ഭഗവാന്റെ പ്രതിനിധിയാകയാൽ ആചാര്യ പരമ്പരയിലൂടെ ആത്യന്തികമായി ഭഗവാൻ തന്നെ രക്ഷിക്കുമെന്നാണ് മതം. ആചാര്യനെ സമീപിച്ച് പഞ്ചസംസ്കാരം ചെയ്യുമ്പോൾ പ്രപന്നരായിക്കഴിഞ്ഞു. അപ്പോൾ നിസ്സഹായത പ്രകടിപ്പിച്ചു് ആചാര്യനെ സമീപിച്ചവരെന്ന നിലയിൽ മറ്റ് യോഗ്യതകളൊന്നും പരിഗണിക്കാതെ ഭഗവാൻ തന്റെ പ്രസാദത്താൽ മുക്തിയേകുന്നു. തുടർന്ന് അനുഷ്ഠിക്കുന്ന സാധനകളെല്ലാം മോക്ഷോപായത്തിനായല്ല, മറിച്ച് ഭഗവദ് പ്രേമത്താൽ അനുഷ്ഠിക്കപ്പെടുന്നവ മാത്രമാണ്. ലക്ഷ്യവും മാർഗ്ഗവും ഭഗവാൻ മാത്രമാണ്. ഇതാണ് ഭക്തിയോഗയുമായി പ്രപത്തിക്കുള്ള വ്യത്യാസം. തന്നെ ആശ്രയിക്കുന്നവനെ എന്ത് പ്രതികൂലതയെയും തട്ടിത്തകർത്ത് ഭഗവാൻ രക്ഷിക്കുമെന്ന വിശ്വാസമാണ് പ്രപത്തിക്ക് യോഗ്യത. നമ്മുടെ അയോഗ്യതയൊന്നും ഭഗവാന് നമ്മെ യോഗ്യരാക്കാനുള്ള കഴിവിലും വലുതല്ല എന്നതാണ് വിശ്വസിക്കേണ്ടത്. നിസ്സഹായത സമ്മതിച്ച് ഭഗവാനെ ശരണമടയുക മാത്രം മതി ഇതിലേക്ക് നാം ചെയ്യേണ്ടത്. അതിനെ കൂടുതൽ പ്രകടമാക്കുന്നതിനാണ് നാം ആചാര്യൻ മുഖേന ശരണാഗതി നടത്തുന്നത്. നേരിട്ട് ഭഗവാനെ സമീപിക്കുന്നത് കൈപിടിച്ച് കാര്യം തേടലാണെങ്കിൽ ആചാര്യനിലൂടെ സമീപിക്കുന്നത് കാല് പിടിച്ച് കാര്യം നേടലാണ് എന്ന് പറയപ്പെടുന്നു. ഇങ്ങനെ ആചാര്യപരമ്പരയിലൂടെ ആത്യന്തികമായി ശ്രീഭഗവതിയുടെ പുരുഷകാരത്വം(ശുപാർശ)ആണ് നമ്മെ രക്ഷിക്കുക എന്ന് ശ്രീവൈഷ്ണവർ വിശ്വസിക്കുന്നു.
വേദഗ്രന്ഥം
[തിരുത്തുക]ഉഭയവേദാന്തമെന്നതാണ് മതത്തിന്റെ പ്രത്യേകത. സംസ്കൃത വേദാന്തം അഥവാ ഭഗവദ് ഗീതയും തമിഴ്വേദാന്തം അഥവാ നമ്മാഴ്വാരുടെ തിരുവായ്മൊഴിയും ആണ് ഇവയാൽ പ്രധാനമായി ഉദ്ദേശിക്കുന്നത്. മറ്റ് 11വൈഷ്ണവ പ്രവാചകരുടെ കൃതികളും ചേർത്ത നാലായിര ദിവ്യപ്രബന്ധം എല്ലാ ശ്രീവൈഷ്ണവർക്കും(ഏത് വർണ്ണത്തിലുമുള്ളവർക്കും) പ്രമാണമാണ്. ഇവയെല്ലാം ദൈവികപ്രചോദനത്താൽ എഴുതപ്പെട്ട വേദഗ്രന്ഥമായി മാനിക്കുന്നു. അപ്പോൾ നാല് വേദസംഹിതകളും ഉപനിഷത്തുകളുമോ? അവ ത്രൈവർണ്ണികരെന്ന ദ്വിജന്മാർക്ക് മാത്രം അധികാരമുള്ളവയായതിനാൽ എല്ലാവർക്കുമുള്ള മതഗ്രന്ഥങ്ങളായി കാണാനാകില്ലെന്ന് വ്യക്തമാണല്ലോ. ശ്രീവൈഷ്ണവരിലുൾപ്പെടുന്ന ദ്വിജന്മാർ മാത്രം അവ പഠിക്കാറുണ്ട്. ഇവയ്ക്ക് പുറമേ വൈഷ്ണവ പാഞ്ചരാത്രഗ്രന്ഥങ്ങളെന്ന നിരവധി താന്ത്രിക ഗ്രന്ഥങ്ങളുണ്ട്. ഇവയിൽ എല്ലാവർക്കും അധികാരമുണ്ട്.
ദേവന്മാർ
[തിരുത്തുക]ദൈവം ഒന്നും ദേവന്മാർ അനേകരുമുണ്ട്. ചിലർ രണ്ട് പദവും ഒരേയർത്ഥത്തിൽ ഉപയോഗിക്കുന്നത് അറിവില്ലായ്മ മൂലമാണെന്നാണ് ശ്രീവൈഷ്ണവ മതം. ദൈവം അഥവാ ഈശ്വരൻ ഏകനായ ശ്രീമന്നാരായണ ഭഗവാൻ മാത്രം. പക്ഷേ, നാം ഇന്ന് കാണുന്ന വേദസംഹിതകളിൽ ഈശ്വര(വിഷ്ണു)പരമായ സ്തുതികൾ വളരെക്കുറവും ദേവാന്തരങ്ങളുടെ(ദേവന്മാരുടെ) സ്തുതി അധികവുമായി കാണാം. മറ്റ് ദേവന്മാരിലെല്ലാം ഈശ്വരൻ അന്തര്യാമിയായി ഉണ്ടെന്നിരിക്കിലും, അവരുടെയെല്ലാം നാമങ്ങൾ യഥാർത്ഥത്തിൽ ഈശ്വരന്റെ ഗുണനാമങ്ങളാണെങ്കിലും(തിരിച്ച് നാരായണൻ എന്ന നാമം അവർക്കാർക്കുമില്ല), മനുഷ്യരിലും ഉന്നത സൃഷ്ടികളായ നമ്മെക്കാൾ ശക്തരായ ഇവരെല്ലാം ജീവാത്മാക്കളാണ്, ഭഗവാൻ മാത്രമാണ് പരമാത്മാവ്. മോക്ഷപ്രദാതാവ് ഭഗവാൻ മാത്രമാണ്. അതിനാൽ ഭഗവാൻ മാത്രമാണ് ആരാധ്യൻ. അതിനാൽ ശ്രീവൈഷ്ണവർ ഇവരെ ആരാധിക്കില്ല. ശരിയാണ്, ശക്തരായ ജീവാത്മാക്കളെന്ന നിലയ്ക്ക് ഭൗതിക ഐശ്വര്യം പ്രദാനം ചെയ്യാൻ ദേവന്മാർക്ക് ഭഗവാൻ ശക്തി നല്കിയിട്ടുണ്ട്, അതിനാൽ അവരെ ആരാധിച്ച് ഭഗവാൻ അനുവദിക്കുന്ന ഭൗതിക ഐശ്വര്യം നേടാനുമാകും. പക്ഷേ, മോക്ഷം ലഭിക്കുന്നതിന് ഇത് വിഘാതം ഉണ്ടാക്കുന്നു എന്നതിനാലും ഭഗവാനെ മാത്രം ആരാധിക്കുക എന്ന ആഴ്വാർമാരുടെയും ആചാര്യന്മാരുടെയും ഉപദേശത്താലും ആണ് ദേവന്മാരെ ആരാധിക്കാത്തത്. ഇവരെ നിന്ദിക്കാനല്ല, മറിച്ച് ഇവരെ നമുക്ക് ആദരവാണ് എങ്കിലും നാം ഇവരോട് പ്രാർത്ഥിക്കുകയില്ല, ആരാധിക്കുകയുമില്ല. ശിവൻ ജീവാത്മാവാണോ, പരമാത്മാവിന്റെ തന്നെ ഒരു ഭാവമാണോ പരമാത്മതത്വത്തിനും ജീവാത്മതത്വത്തിനും ഇടയ്ക്കുള്ള മറ്റൊരു തത്വമാണോ എന്നതിൽ വൈഷ്ണവർക്കിടയിൽ യോജിപ്പില്ല. എന്നാൽ ശ്രീവൈഷ്ണവ ആചാര്യന്മാർ ബ്രഹ്മ-രുദ്രാദി ഗുണാവതാരങ്ങളെയും ആരാധിച്ച് കാണുന്നില്ല എന്നതിൽ നിന്നും മോക്ഷത്തിന് സഹായകമാകാത്ത ഭാവത്തിലുള്ള ഭഗവദ് അവതാരങ്ങളെപ്പോലും ആരാധിക്കാറില്ല എന്ന് മനസ്സിലാക്കാം.
ചാതുർവർണ്യം
[തിരുത്തുക]ശ്രീവൈഷ്ണമതത്തിൽ എല്ലാവർക്കും പ്രവേശനമുണ്ട്. പക്ഷേ ആരുടെയും കുലമോ ജാതിയോ ഭൗതിക പദവിയോ ശ്രീവൈഷ്ണവരാകുന്നത് മൂലം മാറ്റേണ്ടതില്ല. കാരണം വൈഷ്ണവത്വം ഭൗതികമല്ല, ആത്മീയമാണ്. അതിനാൽ, ബ്രാഹ്മണരെക്കാൾ ഉയർന്നതാണ് വൈഷ്ണവരുടെ പദവി എന്നാണ് വിശ്വാസം. ഇക്കാരണത്താൽ ശ്രീവൈഷ്ണവ ബ്രാഹ്മണർ സ്വയം ശ്രീവൈഷ്ണവ അബ്രാഹ്മണരെക്കാൾ ഉന്നതരായി കാണുന്നില്ല. നമ്മാഴ്വാർ തന്നെ ശൂദ്രനായിരുന്നല്ലോ. ആഴ്വാർമാരിൽ തിരുപ്പാണാഴ്വാർ പഞ്ചമനും ആണ്ടാൾ സ്ത്രീയുമായിരുന്നല്ലോ. ആചാര്യപരമ്പരയിൽ തന്നെ പിള്ളൈലോകാചാര്യരുടെ ഒരു പ്രധാന ശിഷ്യനായിരുന്ന വിളഞ്ചോലൈപിള്ള എന്ന ആചാര്യൻ ഈഴവകുലജാതനായ കേരളീയനായിരുന്നു എന്നത് ശ്രദ്ധേയം. ശ്രീരാമാനുജാചാര്യരും വിവിധ കുലങ്ങളെയും വർണ്ണങ്ങളെയും അംഗീകരിച്ചിരുന്നുവെങ്കിലും അവയ്ക്കിടയിൽ ഉച്ചനീചത്വം അംഗീകരിച്ചിരുന്നില്ല.
ശ്രീരാമാനുജാചാര്യരുടെ സാമൂഹിക ഇടപെടലുകൾ
[തിരുത്തുക]ശ്രീരാമാനുജാചാര്യരുടെ സാമൂഹിക സംഭാവനകളിൽ പ്രധാനം അദ്ദേഹം പൂർവ്വകാലങ്ങളിൽ പിന്തുടർന്ന് വന്നിരുന്ന ഉച്ചനീചത്വങ്ങളിൽ അധിഷ്ഠിതമായ സാമൂഹിക ക്രമത്തെ മറ്റൊരു രീതിയിൽ വ്യഖ്യാനിച്ചു എന്നതാണ്. ബ്രഹ്മസൂത്രത്തിന്റെ ശ്രീഭാഷ്യത്തിൽ ബ്രഹ്മവിദ്യയ്ക്ക് ശുദ്രന് അധികാരമില്ലെന്ന തരത്തിലുള്ള അപശൂദ്രാധികരണത്തെ ബാദരായണന്റെയും ശ്രീശങ്കരന്റെയും വഴിയിൽ തന്നെ വ്യാഖ്യാനിച്ച് അംഗീകരിച്ച ആചാര്യർക്ക് നിലവിലുള്ള സമൂഹത്തിൽ പെട്ടെന്ന് ഒരു വിപ്ലവം നടത്തുകയായിരുന്നില്ല അവതാര ലക്ഷ്യം, മറിച്ച് ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും അതാത് വർണ്ണത്തിൽ തുടരുമ്പോൾത്തന്നെ അവർക്കിടയിലെ ഉച്ചനീചത്വം തീർത്തും ഇല്ലാതാക്കുക എന്നതായിരുന്നു എന്ന് കാണാം. വർണ്ണങ്ങൾ സ്വന്തം ധർമം പുലർത്തി നിലനിൽക്കട്ടെ, പക്ഷേ അവയിൽ ഒന്നും ഉയർന്നതുമല്ല, താഴ്ന്നതുമല്ല. കൂടാതെ, ഭഗവദ് ഭക്തർ ഇവയ്ക്ക് മുകളിലാണ് താനും!-ഇതായിരുന്നു ആചാര്യരുടെ നിലപാടെന്ന് കാണാം. സ്വയം ഒരു ശൂദ്രനെ ഗുരുവായി സ്വീകരിക്കാൻ കാണിച്ച ധൈര്യം അക്കാലത്ത് മറ്റാരിൽ നിന്നും പ്രതീക്ഷിക്കാവതല്ലായിരുന്നു! അതെ, രാമാനുജരുടെ ഗുരുക്കന്മാരിൽ ഒരാൾ കാഞ്ചിപൂർണ്ണനെന്ന ശൂദ്രനായിരുന്നു! തന്റെ ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിച്ച രാമാനുജരെ ഗുരു വിലക്കിയപ്പോൾ അങ്ങയെപ്പോലെ മഹാനായ ഒരു ഭക്തനെ വന്ദിക്കാനാകാത്തതാണ് എന്റെ ബ്രാഹ്മണ്യമെങ്കിൽ അത് എനിക്ക് വേണ്ട എന്നാണ് അദ്ദേഹം വാദിച്ചത്. രാമാനുജർ ജനിച്ചത് യാഥാസ്ഥിതിക സ്മാർത്ത ബ്രാഹ്മണകുലത്തിലായിരുന്നു, അദ്ദേഹം ജന്മനാ ശ്രീവൈഷ്ണവബ്രാഹ്മണനല്ലായിരുന്നു(അയ്യങ്കാർ എന്ന് ഇന്ന് തമിഴകത്ത് അറിയപ്പെടുന്ന) എന്ന് കാണാം. ശ്രീശങ്കരന്റെ ദിഗ്വിജയത്തെ തുടർന്ന് വൈഷ്ണവ മതം ക്ഷയിച്ച കാലത്ത് ആണ് ശങ്കരാചാര്യരെ പിന്തുടരുന്ന സ്മാർത്ത ബ്രാഹ്മണർ (അയ്യർ എന്ന് തമിഴകത്ത് വിളിക്കപ്പെടുന്നവർ) പ്രബലരായത്. പല വൈഷ്ണവ ബ്രാഹ്മണരും ഇക്കാലത്ത് സ്മാർത്തരായി മാറിയിരിക്കാം, സ്മാർത്തനായിരുന്നുവെങ്കിലും ചെറുപ്പത്തിലേ ആചാര്യർ വിഷ്ണു ഭക്തനായിരുന്നു. ശൂദ്രനായ നമ്മാഴ്വാരെ പ്രധാന ആചാര്യനായി അംഗീകരിച്ച ശ്രീവൈഷ്ണവമതം അദ്ദേഹത്തിന് അഭികാമ്യരായതും സ്വയം ദീക്ഷയെടുത്ത് ശ്രീവൈഷ്ണവനായതും അതിനാൽ ആത്മീയ ദൃഷ്ടിയിലും ഭൗതിക ദൃഷ്ടിയിലും യാദൃശ്ചികമല്ല. ജാതിയെ സംബന്ധിച്ചു്, വർണ്ണങ്ങളെല്ലാം ഒരേ പോലെ ആദരണീയവും നിലനിർത്തേണ്ടതുമാണ് എന്ന നിലയിലാണ് ആചാര്യർ കണക്കാക്കിയിട്ടുള്ളത്. ഓരോ ജീവി വർഗ്ഗങ്ങളിലും സസ്യങ്ങളിലും ഒരേ ഇനത്തിൽ തന്നെ എത്രയെത്ര ജാതികൾ അപ്പോൾ മനുഷ്യരിലും സ്വാഭാവികമാണ് ഗോത്രീയത (ജാതി) എന്ന് അദ്ദേഹം കരുതിയിരിക്കണം, കൂടാതെ, എല്ലാ മനുഷ്യരും ഒരേ പോലെ ബ്രാഹ്മണരാകുക അസാധ്യവും പ്രകൃതി നിയമത്തിന് വിരുദ്ധവുമാണല്ലോ! ഏത് സാമൂഹിക ക്രമത്തിലും ബുദ്ധിജീവിയും തൊഴിലാളിയും രണ്ട് വർഗ്ഗം തന്നെയായിരിക്കുമല്ലോ!- എന്നാൽ ജാതിക്ക് ഗോത്രീയത എന്ന നിലയ്ക്കുള്ള അസ്തിത്വത്തോട് സമരം ചെയ്യാതിരുന്നു എന്നത് അവയെ അംഗീകരിച്ചു എന്ന നിലയിലും കാണാനാകില്ല. ജാതി നിലനിർത്താനോ ഇല്ലാതാക്കാനോ അദ്ദേഹം ശ്രമിച്ചില്ല എന്നതാണ് വാസ്തവം, വർണ്ണങ്ങളെ മാത്രമല്ലേ മതത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് പരിഗണിക്കാനാകൂ?,ജാതിയും ഗോത്രീയതയും മതത്തിന്റെ ഭാഗമല്ലല്ലോ! ജാതിയുടെ പേരിലുള്ള അസ്പൃശ്യത, അയിത്തം എന്നിവയെ ശക്തമായ നിലയിൽ -സ്വന്തം കുടുംബജീവിതം തന്നെ ത്യജിച്ചുകൊണ്ടാണ് അദ്ദേഹം എതിർത്തത് എന്നത് സ്മരണീയമാണ്- അദ്ദേഹം കുടുംബജീവിതം ത്യജിക്കാനുള്ള കാരണം തന്റെ ശൂദ്രഗുരുവിനോടും ഗുരുപത്നിയോടും തന്റെ ഭാര്യ ജാതിയുടെ പേരിൽ പ്രകടിപ്പിച്ച അവഗണനയും അവഹേളനവും ആയിരുന്നു! ആചാര്യരുടെ ഈ നിലപാട് ഒരു കാലത്തും മാറിയിട്ടില്ല, യാഥാസ്ഥിതിക ബ്രാഹ്മണരുടെ ആചാര്യനായ അദ്ദേഹം സന്ധ്യാവന്ദനത്തിനായി നദീതീരത്തേക്ക് പോകുന്നത് ഏതെങ്കിലും ബ്രാഹ്മണ ശിഷ്യന്റെ ചുമലിൽ പിടച്ചുകൊണ്ടായിരുന്നു (നൂറിന് മേൽ പ്രായമുള്ള സമയത്തും അദ്ദേഹം സന്ധ്യാവന്ദനാദികളായ ആചാരങ്ങൾ നിഷ്കർഷയോടെ പാലിച്ചിരുന്നു), എന്നാൽ മടങ്ങിവരുന്ന ചിത്രം വളരെ രസകരമായിരുന്നു- മറ്റ് ബ്രാഹ്മണർ അയിത്ത ജാതിക്കാരെ തൊട്ടാൽ കുളിച്ചിട്ട് മാത്രം പൂജയും സന്ധ്യാവന്ദനവും നടത്തിയിരുന്ന കാലത്ത് രാമാനുജർ കുളികഴിഞ്ഞ് ശുദ്ധിയായ ശേഷം സന്ധ്യാവന്ദനത്തിന് പോകുന്നത് നിർബന്ധമായും അയിത്തജാതിക്കാരായ അനുയായികളിലാരുടെയെങ്കിലും ചുമലിൽ പിടിച്ചു മാത്രമായിരുന്നു! ഭാഗവതന്മാരെന്നറിയപ്പെടുന്ന അബ്രാഹ്മണ ശ്രീവൈഷ്ണവർക്ക് ബ്രാഹ്മണ ശ്രീവൈഷ്ണവരെക്കാൾ മഹത്വവും അദ്ദേഹം കല്പിച്ചിരുന്നു. സന്ധ്യാവന്ദനാദി കർമങ്ങൾ അനുഷ്ഠിക്കാത്തത് ബ്രാഹ്മണ ശ്രീവൈഷ്ണവരെ പതിതരാക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു, കൂടാതെ മറ്റ് ദേവതകളെ സന്ധ്യാവന്ദനത്തിന്റെ ഭാഗമായി അന്തര്യാമിയായ നാരായണനെ സ്മരിച്ചാണെങ്കിൽ പോലും ബ്രാഹ്മണ വൈഷ്ണവർക്ക് പൂജിക്കേണ്ടതുണ്ട്, എന്നാൽ ഭാഗവതന്മാരായ അബ്രാഹ്മണർക്ക് ഇപ്രകാരം പതനത്തിന് ഒരു സാധ്യതയുമില്ലാത്തവരാണെന്നും അത്തരത്തിൽ അവർ ഭാഗ്യവാന്മാരാണെന്നും ആചാര്യർ പറയുമായിരുന്നു. കൂടാതെ, വൈഷ്ണവനെന്ന പദവി ബ്രാഹ്മണനെക്കാൾ മുകളിലാണെന്നാണ് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്. അതിനാൽ പഞ്ചമകുലജാതനായിരുന്ന തിരുപ്പാണാഴ്വാരെ ചുമലിലേറ്റിയ യോഗിവാഹനനെന്ന ബ്രാഹ്മണ പുരോഹിതന്റെ പാരമ്പര്യമുള്ള ശ്രീവൈഷ്ണവത്തിന്റെ ആചാര്യനാകാൻ അദ്ദേഹം സർവ്വഥാ യോഗ്യനായിരുന്നു.. അതേ സമയം പാരമ്പര്യമായ ചാതുർവർണ്യത്തെ ഒരിക്കലും അട്ടിമറിക്കാൻ ശ്രമിക്കാത്തതിനാൽ ആചാര്യർ യാഥാസ്ഥിതിക മതത്തിനും അനുകൂലമായിരുന്നു എന്ന് പറയാം. വർണ്ണങ്ങൾ ഉണ്ട്,അവ ജന്മ കർമ സിദ്ധമാണെന്ന പാരമ്പര്യ നിലപാടിൽ രാമാനുജർ മാറ്റം വരുത്തിയിട്ടില്ല, എന്നാൽ ഏത് ജാതിക്കാരനും ശ്രീവൈഷ്ണവനാകാം, വൈഷ്ണവർ എല്ലാ വർണ്ണങ്ങൾക്കും മേലെ ആണ് എന്നും അദ്ദേഹം പ്രഖ്യാപിച്ച് ആചരിക്കുകയും ചെയ്തു. ചുരുക്കത്തിൽ ചാതുർവർണ്യത്തിന് മുകളിലായി ഭക്തരെ പ്രതിഷ്ഠിക്കുകയാണ് അദ്ദേഹം ചെയ്തത്! വർണ്ണം കർമസിദ്ധം മാത്രമാണെന്ന നിലയ്ക്കുള്ള ആധുനിക വ്യാഖ്യാനങ്ങൾ അംഗീകരിക്കുന്നവർക്ക് ഒരു പക്ഷേ ഇത് അംഗീകരിക്കാൻ പ്രയാസമുണ്ടാകാം, എന്നാൽ ബ്രഹ്മസൂത്രം മുതലായ ആധികാരിക ഗ്രന്ഥങ്ങളിൽ മറിച്ചാണ് പറയുന്നതെന്ന് (വർണം ജന്മസിദ്ധമെന്ന നിലയിൽ) സ്ഥാപിക്കാനും ഒട്ടും പ്രയാസമില്ല എന്നോർക്കണം! ആധികാരിക ഗ്രന്ഥങ്ങൾ പ്രകാരം ബ്രാഹ്മണ്യം ജന്മത്താലും കർമത്താലുമാണ് ഉണ്ടാകുന്നത്, ജന്മം മാത്രമോ കർമം മാത്രമോ അല്ല എന്നർത്ഥം- ഈ നിലപാടിനോട് വിയോജിക്കാനും പിന്തിരിപ്പനെന്ന് പറയാനും ആർക്കും സ്വാതന്ത്ര്യമുണ്ട്, പക്ഷേ, ശാസ്ത്രത്തെ (മതഗ്രന്ഥങ്ങളെ) ഒരിക്കലും തെറ്റാതെ അംഗീകരിക്കുന്ന രാമാനുജർക്ക് എങ്ങനെ ശാസ്ത്രത്തിൽ നിന്ന് സ്വതന്ത്രനാകാനാകും? മറിച്ച് ചിന്തിക്കാനാകും? അപ്പോൾ അദ്ദേഹം ചെയ്തത് വർണ്ണങ്ങളും ജാതികളും തുടരുകയോ ഇല്ലാതാകുകയോ ചെയ്യട്ടെ എന്ന നിലയിലുള്ള ഉദാസീന മനോഭാവത്തോടെ, താഴ്ന്നവരെന്ന് കരുതപ്പെട്ട ജനത്തെ തിരുകുലത്താർ എന്ന് വിശേഷിപ്പിച്ച് അവർക്ക് ഉയർന്ന സ്ഥാനം നല്കുക എന്നതായിരുന്നു. ഇങ്ങനെ ഉയർത്തപ്പെട്ട പലരും പിൽക്കാലത്ത് ബ്രാഹ്മണകുലത്തിലേക്ക് മാറി എന്നാണ് ചില ചരിത്രകാരന്മാരുടെ പക്ഷം. എങ്ങനെ യാഥാസ്ഥിതികതയും പരിഷ്കരണവും ഒരുമിച്ച് പോകാം എന്നതിന് മാതൃകയാണ് ശ്രീരാമാനുജരുടെ സാമൂഹിക ഇടപെടലുകളെന്ന് മനസ്സിലാക്കാം. അദ്ദേഹം ജന്മസിദ്ധമായ വർണ്ണമെന്ന സങ്കല്പത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ലെങ്കിലും തന്റെ പ്രവർത്തനങ്ങളാലും ദർശനത്താലും ഈശ്വരഭക്തർക്ക് ഏത് വർണ്ണത്തിനും മുകളിലുള്ള സ്ഥാനം കല്പിച്ചു!
ഊർദ്ധ്വപുണ്ഡ്രം
[തിരുത്തുക]തിരുമൺ കാപ്പ്, നാമം, നാമക്കുറി, വൈഷ്ണവ തിലകം, ഊർധ്വപുണ്ഡ്രം എന്നിങ്ങനെ വിളിക്കുന്ന തിലകമാണ് ശ്രീ വൈഷ്ണവർ ധരിക്കുക. ഇത് തെങ്കലൈ, വടകലൈ എന്ന രണ്ട് വിഭാഗം ശ്രീ വൈഷ്ണവർ രണ്ട് വിധത്തിൽ ആണ് ധരിക്കുന്നത്. ഭഗവാൻ ശയിക്കുന്ന അവസ്ഥയിൽ അവിടുത്തെ തൃപ്പാദദ്വയങ്ങൾ നമ്മുടെ നെറ്റിയിൽ പതിപ്പിച്ചാൽ എങ്ങനെ കാണുമോ ആ വിധമാണ് തിലകം ധരിക്കുക. തെങ്കലൈയിൽ രണ്ടു പാദങ്ങളെയും സൂചിപ്പിക്കുന്ന Vആകൃതി ആണ് തിലകത്തിന്റേതെങ്കിൽ, വടകലെയിൽ ഭഗവാന്റെ പാദങ്ങളുടെ പുറമേ ചേർത്ത് വരച്ചാൽ വരുന്ന U ആകൃതിയോട് ചേർന്ന വിധത്തിൽ ആണ് തിലകത്തിന്റെ ആകൃതി. ഇതിന് ഉപയോഗിക്കുന്നത് അയോധ്യ, തിരുനാരായണപുരം എന്നീ ദിവ്യദേശങ്ങളിലെ തിരു മണ്ണ് സംസ്കരിച്ചെടുത്തത് ആണ്. ഇത് ശ്വേതദ്വീപിൽ നിന്നും ഗരുഡൻ എത്തിച്ച വിശുദ്ധ മണ്ണാണെന്ന് വിശ്വാസം.
ഇതിന് പുറമേ ലക്ഷ്മി പാദങ്ങളെന്ന് സങ്കല്പിച്ച് തെങ്കലൈയിൽ ചുവന്ന ശ്രീ ചൂർണം കൊണ്ടും(മഞ്ഞൾ,നാരങ്ങ നീർ, ആലം ഇവ ചേർന്നത് ഉണക്കി ഉണ്ടാക്കുന്നു), വടകലൈ വിഭാഗത്തിൽ മഞ്ഞൾ കൊണ്ടും നടുവിൽ കുറി വരയ്ക്കുന്നു. തെങ്കലൈയിൽ ഏകദേശംYആകൃതി വരുന്ന വിധം താഴേക്കും, മൂക്കിന്റെ മുകളിലേക്ക് നീളുന്ന വിധത്തിൽ തിരുമൺ നീട്ടി വരയ്ക്കുന്നു. ഇത് വിഷ്ണു പാദങ്ങൾ ശയിക്കുന്ന താമരയുടെ പ്രതീകമാണ്.
കേശവാദിയായ പന്ത്രണ്ട് തിരുനാമങ്ങൾ ഓരോന്നായി ജപിച്ച് 12സ്ഥാനത്തായാണ് തിലകം ധരിക്കുക (ഉദാഹരണത്തിന് ശിരസ്സിൽ കേശവായ നമ: എന്ന് ജപിച്ച് തൊടുന്നു). പന്ത്രണ്ട് നാമത്തിലും തിലകം ധരിക്കുവാൻ മന്ത്രദീക്ഷ ആവശ്യമാണ്, എന്നാൽ, ശിരസ്സിൽ മാത്രം തിലകം ധരിക്കാൻ ദീക്ഷ ആവശ്യമില്ല.
തിലകം ധരിക്കാൻ ആർക്കും അധികാരമുണ്ട്. സ്ത്രീകൾ ധരിക്കുക, ചുവടെ ചെറുതായി മാത്രം തിരുമൺ ഇട്ട ശേഷം, ശ്രീ ചൂർണ്ണം മാത്രമായാണ്. ഭംഗിക്കും സൗകര്യത്തിനുമായി ശ്രീ ചൂർണം മാത്രമായാണ് പലരും, സ്ത്രീ പുരുഷ ഭേദമന്യേ ഇക്കാലത്ത് ധരിക്കാറുള്ളതെങ്കിലും ഇത് ശാസ്ത്ര വിരുദ്ധമായാണ് പണ്ഡിതന്മാർ കരുതുന്നത്. ഭഗവാനിൽ ഉള്ള ഭക്തിയുടെയും ദാസ്യത്വത്തിന്റെയും പ്രതീകമായി നാം തിലകം ധരിക്കുമ്പോൾ, ഭക്തദാസനായ ഭഗവാൻ നമുക്ക് സംരക്ഷണം നല്കുമെന്ന അഭയപ്രതീകമായും തന്റെ ഭക്തരുടെ ആചാരങ്ങൾ പ്രേമപൂർവ്വം അനുവർത്തിച്ചും കൊണ്ട് തിലകം ധരിക്കുന്നു! അതാണ് ഭഗവാനെയും തിലകധാരിയായി ചിത്രീകരിക്കുന്നതത്രെ.
https://en.wikipedia.org/wiki/Sri_Vaishnavism ലേഖനം കൂടി കാണുക