മാണ്ഡൂക്യോപനിഷത്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mandukya Upanishad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
"ഓമിത്യേദക്ഷരമിദം സർവം" (അവിനാശമായ ഓം ആണ് ഇക്കാണുന്നതൊക്കെ) മാണ്ഡൂക്യത്തിലെ ആദ്യമന്ത്രത്തിന്റെ തുടക്കം‍

വേദങ്ങളുടെ ജ്ഞാനകാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്ന രചനകളായ ഉപനിഷത്തുകളിൽ ഏറ്റവും ചെറിയതാണ്‌ മാണ്ഡൂക്യോപനിഷത്ത്. 12 സൂക്തങ്ങൾ മാത്രമുള്ള മാണ്ഡൂക്യം ഉപനിഷത്തുക്കളിൽ പലതുകൊണ്ടും ശ്രദ്ധേയമാണ്. ഹിന്ദുമതത്തിലെ ആധികാരിക രചനകളിൽ ഒന്നായി ദ്വൈതികളും അദ്വൈതികളും ഇതിനെ മാനിക്കുന്നു. ഹിന്ദുമതം എന്താണെന്ന് ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമായി മാണ്ഡൂക്യോപനിഷത്തിനെ പരിഗണിക്കുന്നു. [1] അഥർവ വേദത്തിൽപ്പെട്ടതാണ്‌ മാണ്ഡൂക്യോപനിഷത്ത്‌. ആത്മീയ ചിഹ്നമായ ഓംകാരത്തിന്റെ വിശദീകരണമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ശ്ലോകരൂപത്തിൽ 12 മന്ത്രങ്ങളാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഈ ഉപനിഷത്തിൻറെ പ്രാധാന്യം കോണ്ടായിരിക്കാം ശങ്കരാചാര്യർ പ്രത്യേകമായി മംഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചത് എന്നു കരുതുന്നു. ഗൌഡപാദരുടെ കാരികക്കും ശങ്കരാചാര്യർ ഭാഷ്യം രചിച്ചിട്ടുണ്ട്.

മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിൻറെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്. ഉപനിഷത്തുകളുടെ ആകെ എണ്ണം എത്രെയെന്ന് തീർച്ചപ്പെടുത്താനായിട്ടില്ല. 1180 ഉണ്ടെന്ന് ചിലർ കരുതുന്നു. ഇതിൽത്തന്നെ 108 എന്ന് മറ്റൊരു കണക്കുമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട പത്തെണ്ണം ദശോപനിഷത്തുക്കൾ എന്ന പേരിൽ അറിയപ്പെടുന്നു. ഇവയിൽ ഏറെ പ്രധാന്യമുള്ളതാണ് മാണ്ഡൂക്യോപനിഷത്ത്‌. [2] എന്നാൽ ദശോപനിഷത്തുകളിൽ ഏറ്റവും പഴക്കം കുറഞ്ഞതായാണ് ഇത് പൊതുവേ കണക്കാക്കപ്പെടുന്നത്.[3]

പേര്[തിരുത്തുക]

മണ്ഡൂകം എന്ന വാക്കിന്‌ തവള എന്നർത്ഥം. തവളയും ഉപനിഷത്തും തമ്മിൽ നേരിട്ട്‌ ബന്ധമൊന്നുമില്ല. മറ്റു ഉപനിഷത്തുകൾ വിശദവും ചിലപ്പോൾ സരളവുമായ ഭാഷയിലൂടെ വിദ്യാർത്ഥിക്ക്‌ ഉപദേശം നൽകുമ്പോൾ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു സൂക്തങ്ങളിലൂടെ കാര്യമാത്രപ്രസക്തമായ സന്ദേശം നൽകുന്നു. അരോചകമായെങ്കിലും അറുത്തു മുറിച്ച്‌ 'സത്യം' പറയുന്ന രീതിയാണ്‌ മാണ്ഡൂക്യത്തിന്റേതെന്നു ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത്‌ തവളയുടെ പേരിൽ അറിയപ്പെടുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ്‌ തവള കരഞ്ഞു നൽകുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ വാക്കുകളിലൂടെ ലോകനൻമയെ കരുതി ഉപദേശം നൽകുന്നു എന്നും ചിലർ വാദിക്കുന്നു. മാണ്ഡൂകൻ എന്ന വൈദികമഹർഷിയുടെ പേരുമായും ഇതിനെ ബന്ധപ്പെടുത്താറുണ്ട്.[4] .

പ്രാധാന്യം[തിരുത്തുക]

ദശോപനിത്തുകൾ പഠിക്കുവാനാകാത്ത പക്ഷം ചുരുങ്ങുയത്‌ മാണ്ഡൂക്യമെങ്കിലും പഠിക്കണം എന്നൊരു അപ്രതിമപ്രശസ്തി ഇതിന് കൈവന്നിട്ടുണ്ട്.[3] ഈ ഉപനിഷത്തിൻറെ പ്രാധാന്യം കൊണ്ടാവണം ശങ്കരാചാര്യർ പ്രത്യേകമായി മഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചതെന്ന് ചിലർ കരുതുന്നു.[1]അതേ സമയം ഉപനിഷത്തുകളിൽ വെച്ച്‌ ഏറ്റവും ഗഹനമായത്‌ മാണ്ഡൂക്യമാണു താനും. അഥവാ മാണ്ഡൂക്യഭാഷ മനസ്സിലാകണമെന്നുണ്ടെങ്കിൽ മറ്റ്‌ ഏതെങ്കിലും ഒന്നു രണ്ട്‌ ഉപനിഷത്തുകളുടെ പഠനം അനിവാര്യമാകുന്നു. ഈ ഗഹനത കണക്കിലെടുത്താണ്‌, ഗൗഡപാദർ മാണ്ഡൂക്യത്തിനെ ഒരു കാരിക എഴുതിയത്‌. പഠിക്കുവാനുള്ള എളുപ്പത്തിന്‌ സാധാരണ മാണ്ഡൂക്യകാരികയാണ്‌ ആശ്രയിക്കപ്പെടുന്നത്‌. ഇതിൽ നാല്‌ അദ്ധ്യായങ്ങളുണ്ട്‌. ആദ്യത്തെ അദ്ധ്യായം ആഗമ പ്രകരണം എന്നറിയപ്പെടുന്നു. ഇത്‌ ഉപനിഷത്തിനോട്‌ ചേർത്താണ്‌ വായിക്കുന്നത്‌. ബാക്കി മൂന്നും സ്വതന്ത്രമായി അദ്വൈത പ്രകരണം, വൈതഥ്യപ്രകരണം, അലാതശാന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു. താരതമ്യേന ആധുനികരചനയായി കരുതപ്പെടുന്നതെങ്കിലും 108 ഉപനിഷത്തുകളിൽ ഒന്നായി എണ്ണപ്പെടുന്ന മുക്തികോപനിഷത്തിൽ ശ്രീരാമൻ ഹനുമാന് നൽകുന്ന ഉപദേശം മാണ്ഡൂക്യത്തിൻറെ പ്രാധാന്യം എടുത്തുകാട്ടുന്നു. മാണ്ഡൂക്യം മനസ്സിലായില്ലെങ്കിൽ ദശോപനിഷത്തുക്കളിലെ ബാക്കി ഉപനിഷത്തുക്കളും പഠിക്കണം എന്നിട്ടും മനസ്സിലായില്ലെങ്കിൽ 108 എണ്ണവും പഠിക്കണെമെന്നതായിരുന്നു ആ ഉപദേശത്തിൻറെ സാരം.[3]

ശാന്തിപാഠം[തിരുത്തുക]

പ്രധാന ലേഖനം: ശാന്തിപാഠം

ഏത്‌ വേദത്തിൽപെട്ടതാണോ ഉപനിഷത്ത്‌ ആ വേദത്തിലെ പ്രാർത്ഥനയോടെയായിരിക്കും അത്‌ സാധാരണ തുടങ്ങുക. അഥർ‍വവേദത്തിൻറെ ഭാഗമായതിനാൽ അഥർവ വേദത്തിലെ പ്രാർത്ഥനയാണിതിൽ ഗുരുവും ശിഷ്യനും ഒന്നിച്ച്‌ ചേർന്ന്‌ പ്രാർത്ഥിച്ചുകൊണ്ടാണ്‌ അദ്ധ്യയനം ആരംഭിക്കുന്നത്‌. പ്രാർത്ഥനയ്ക്കു ശേഷം ഓം ശാന്തിഃ എന്ന്‌ മൂന്ന്‌ തവണ ചൊല്ലുന്നതും പതിവാണ്‌. ഇത്‌ ആദി ദൈവികവും ആദി ഭൌതികവും ആധ്യാത്മികവും ആയ ശാന്തിയെ ഉദ്ദേശിച്ചാണ്‌.

ഓം ഭദ്രം കർണേഭി ശൃണുയാമ ദേവാഃ
......ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

—മാണ്ഡൂക്യത്തിലെ ശാന്തിപാഠം

സൂക്തങ്ങളും ലഘുവ്യാഖ്യാനവും[തിരുത്തുക]

ഒന്നാം സൂക്തം[തിരുത്തുക]

ഓമിത്യേദാക്ഷരമിദം സർവം തസ്യോപ വ്യാഖ്യാനം
ഭൂതം ഭവത്‌ ഭവിഷ്യദിതി സർവമോംകാരമേവ
യച്ചാന്യത്‌ ത്രികാലാതീതം തദപ്യോംകാരമേവ

ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്‌) ആണ്‌ ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്‌. ഭൂതം, ഭവത്‌(വർത്തമാനം, ഭവിഷ്യം(ഭാവി) ഇത്‌ സർവവും ഓംകാരം മാത്രമാണ്‌. മൂന്നു കാലങ്ങൾക്കും അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്‌. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്‌.

രണ്ടാം സൂക്തം[തിരുത്തുക]

സർവം ഹ്യേതത്‌ ബ്രഹ്മായമാത്മാ ബ്രഹ്മസോ ƒ
യമാത്മാ ചതുഷ്പാത്

സർവവും ആ ബ്രഹ്മമാണ്‌, ഈ ആത്മാവ്‌ ബ്രഹ്മം തന്നെ, ആത്മാവിന്‌ നാലു പാദങ്ങളുണ്ട്‌. ഒന്നും രണ്ടും ശ്ളോകങ്ങൾ ചേർത്ത്‌ വായിക്കുമ്പോൾ സർവവും ഓംകാരമാണ്‌, സർവവും ബ്രഹ്മവുമാണ്‌, ഈ അത്മാവു തന്നെയാണ്‌ ബ്രഹ്മം എന്നു കാണാം. അഥവാ ഓം = ബ്രഹ്മം = ആത്മാവ്‌. ഈ അത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌.

അതായത് അത്മാവ്‌ എന്നു പറയുന്നത്‌ ഞാൻ എന്ന എന്നെയാണ്‌. അഥവാ ദേഹമെന്ന എനിക്കുമപ്പുറം, മറ്റുള്ളവർ ചാർത്തിത്തന്ന വിശേഷണങ്ങൾക്കുമപ്പുറം, ജൻമ വാസനകൾക്കും ആർജ്ജിച്ച വാസനകൾക്കുമെല്ലാമപ്പുറം, എത്രത്തോളം ഉള്ളിണ്റ്റെയുള്ളിലേക്കു പോകാൻ കഴിയുമോ അത്രത്തോളം ചെന്നാൽ ഞാൻ എന്ന്‌ ഞാൻ ആരെ ഉദ്ദേശിക്കുന്നുവോ അതേ ഞാൻ. ഈ ആത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌; എട്ടുകാലിക്ക്‌ എട്ടു കാലുകളുണ്ട്‌ എന്ന്‌ പറയുന്ന വാച്യാർത്ഥത്തിലല്ല എന്നു മാത്രം. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ്‌ ഓം എന്ന അക്ഷരം.[1]

ഇവിടെ മൂന്നായി പിരിഞ്ഞു എന്നു പറയുന്നതിന്‌ വ്യാഖാനം പല വിധത്തിൽ നൽകാൻ കഴിയും. ഇവിടെ മാണ്ഡൂക്യത്തിലെ മേൽപ്പറഞ്ഞ നാലു പാദങ്ങളിൽ ആദ്യത്തെ മൂന്നു പാദങ്ങളായി ഇതിനെ വ്യഖാനിക്കുന്നു.

മൂന്നാം സൂക്തം[തിരുത്തുക]

ജാഗരിതസ്ഥാനോ ബഹിപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ സ്ഥൂലഭുക്‌ വൈശ്വാനരഃ പ്രഥമഃ പാദഃ

ഉണർന്നിരിക്കുന്ന അവസ്ഥയാണ്‌ ഒന്നാം പാദം. ഏഴ്‌ അംഗങ്ങളും പത്തൊൻപത്‌ മുഖങ്ങളും ഉള്ള ഇതിണ്റ്റെ സാങ്കേതിക നാമം ജാഗ്രത്‌ എന്നാണ്‌.പ്രഭാമണ്ഡലവും സൂര്യനും പഞ്ചഭൂതങ്ങളും ചേർന്നതാണ്‌ ഏഴ്‌ അംഗങ്ങൾ. കൂടുതൽ വ്യക്തവും സമഗ്രവും ആയ വിശദീകരണം ഛാന്ദോഗ്യോപനിഷത്ത്‌ നൽകുന്നുണ്ട്‌. പഞ്ച ജ്നാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച പ്രാണൻമാർ, മനസ്സ്‌, ബുദ്ധി, അഹംകാരം, ചിത്തം ഇവയാണ്‌ പത്തൊമ്പത്‌ മുഖങ്ങൾ. ജാഗ്രത്‌ അവസ്ഥയിലുള്ള ജീവനെ വ്യഷ്ടിയിൽ വിശ്വൻ എന്നും സമഷ്ടിയിൽ വിരാട്‌ എന്നും പറയുന്നു. ബഹിപ്രജ്നതയും (പുറത്തേക്കുള്ള ബോധത്തോടെ) ബാഹ്യ ലോക ഭോഗവും (പുറത്തുള്ള വസ്തുക്കളെ ഭുജിക്കുക) എന്നിവയും ഇതിണ്റ്റെ മുഖ മുദ്രയാണ്‌.


നാലാം സൂക്തം[തിരുത്തുക]

സ്വപ്ന സ്ഥാനഃ അന്തഃപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ പ്രവിവിക്തഭുക്‌ തൈജസോ ദ്വിതീയഃ പാദഃ

സ്വപ്ന്നാവസ്ഥയാണ്‌ രണ്ടാം പാദം. സാങ്കേതിക നാമം വ്യഷ്ടിയിൽ തൈജസൻ, സമഷ്ടിയിൽ ഹിരണ്യഗർഭൻ. അന്തപ്രജ്നനാണ്‌ തൈജസൻ, അതായത്‌ ബോധം ഉള്ളിലാണ്‌, പുറത്തുള്ള വസ്തുക്കളിൽ നിന്നും പ്രജ്ന ഉള്ളിലേക്ക്‌ വലിഞ്ഞിരിക്കുന്നു എന്നു ചുരുക്കം. ഇതിനും നേരത്തേ പറഞ്ഞതുപോലെ ഏഴ്‌ അംഗങ്ങളും പത്തൊമ്പത്‌ മുഖങ്ങളും ഉണ്ട്‌. സ്വന്തം സൃഷ്ടിയെ സ്വയം ഭുജിക്കുന്നയാളാണ്‌ തൈജസൻ. അതുകൊണ്ട്‌ പ്രവിവിക്ത ഭുക്‌ (പ്രകർഷേണ വിവിക്തങ്ങളായ വസ്തുക്കളെ ഭുജിക്കുന്നു) എന്നു പറയുന്നു.

അഞ്ചാം സൂക്തം[തിരുത്തുക]

യത്ര സുപ്തോ ന കഞ്ചന കാമം കാമയതേ
ന കഞ്ചന സ്വപ്നം പശ്യതി തത്‌ സുഷുപ്തം
സുഷുപ്ത സ്ഥാന ഏകീ ഭൂതഃ പ്രജ്നാനഘന
ഏവാനന്ദമയോ ഹ്യാനന്ദഭുക്‌ ചേതോമുഖഃ പ്രാജ്നസ്‌തൃതീയ പാദഃ

മൂന്നാമത്തെ പാദം സുഖ സുഷുപ്തിയാണ്‌. വ്യഷ്ടിയിൽ ഇതിനെ പ്രാജ്നനെന്നും സമഷ്ടിയിൽ ഇതിനെ ഈശ്വരൻ എന്നും പറയുന്നു. സുഖ സുഷുപ്തിയിലുള്ളവൻ യാതൊരു വിധത്തിലുള്ള ആഗ്രഹങ്ങളും കാണിക്കുന്നില്ല. ഒട്ടും സ്വപ്നവും കാണുന്നില്ല. ഏകീ ഭൂതനായി ഘനീഭവിച്ച പ്രജ്നയോടെ ആനന്ദമയനായി ചേതോമുഖനായി ആനന്ദത്തെ ഭുജിക്കുന്നു.

ആറാം സൂക്തം[തിരുത്തുക]

ഏഷ സാർവേശ്വര ഏഷ സർവജ്ന ഏഷ അന്തര്യാമ്യേഷ
യോനിഃ സർവസ്യ പ്രഭവാപ്യയൌ ഹിഭൂതാനാം

ഇതാണു സർവേശ്വരൻ ഇതാണ്‌ എല്ലാം അറിയുന്നവൻ, ഇതാണ്‌ അന്തര്യാമി (ഉള്ളിലിരിക്കുന്നവൻ) , എല്ലാറ്റിണ്റ്റേയും ഉത്ഭവസ്ഥാനം, എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും ഇതിൽ നിന്നുമാണ്‌.

ഓം എന്ന അക്ഷരത്തെ മൂന്നായി പിരിച്ചെഴുതിയാൽ കിട്ടുന്ന മൂന്ന്‌ അക്ഷരങ്ങൾ യഥാക്രമം മേൽപ്പറഞ്ഞ മൂന്ന്‌ പാദങ്ങളെ പ്രതിനിധീകരിക്കുന്നു. കുറെയേറെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാൽ ആദ്യത്തെ ആറു മന്ത്രങ്ങളിലും നാം നിത്യവും അനുഭവിക്കുന്ന ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന്‌ അവസ്ഥകളുടെ വിവരണം മാത്രമാണുള്ളത്‌. ജീവൻ ഈ മൂന്ന്‌ അവസ്ഥകളിലൂടെ മാറി മാറി കടന്നു പോകുന്നു. ഇതിലുമപ്പുറം എന്തെങ്കിലും ഉണ്ടോ അതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ. ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞു എന്ന്‌ തുഞ്ചത്തെഴുത്തച്ഛൻ പറയുന്നത്‌ ഇതേ മൂന്ന്‌ അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്‌.

ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെക്കുറിച്ച്‌ പുരാണത്തിൽ പരാമർശിക്കുന്നുണ്ട്‌. ഈ അസുരൻ മൂന്ന്‌ പുരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു സമയം വസിക്കുന്നു. ഏതു നേരം ഏതു പുരത്തിൽ ഈ അസുരൻ വസിക്കുന്നു എന്ന്‌ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട്‌ മൂന്ന്‌ പുരങ്ങളും ഒരേ സമയം നശിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അസുരനേയും നിഗ്രഹിക്കാനുമാകൂ. ത്രിപുരങ്ങൾ നമ്മുടെ ജാഗ്രത്‌ സ്വപ്നം സുഷുപ്തി എന്നീ മൂന്ന്‌ അവസ്തകളാണ്‌. അസുരൻ എന്നിലെ ഞാനെന്ന ഭാവമാണ്‌. അഹം = ഞാൻ . അഥവാ അഹംകാരം. അതുകൊണ്ടാണ്‌ തുഞ്ചത്തെഴുത്തച്ഛൻ ഓംകാര മായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ യാങ്കാരമായി (അഹംകാരമായി) എന്ന്‌ എഴുതിയിരിക്കുന്നത്‌. ഇനി പറയുന്നതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ.

ഏഴാം സൂക്തം[തിരുത്തുക]

ന അന്തഃ പ്രജ്നം ന ബഹിഃ പ്രജ്നം നോഭയതഃപ്രജ്നം
ന പ്രജ്നാനഘനം ന പ്രജ്നം നാപ്രജ്നം
അദൃഷ്ടമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യം
അവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം
ശാന്തം ശിവമദ്വൈതം ചതുർഥം മന്യന്തേ സ ആത്മാ സ വിജ്നേയഃ

ന അന്തഃപ്രജ്നം - ഉള്ളിലേക്കുള്ള ബോധത്തോടെ (സ്വപ്നാവസ്ഥ) അല്ല. (ബഹി പ്രജ്നം) പുറത്തേക്കുള്ള ബോധത്തോടെ അല്ല, (ന ഉഭയ പ്രജ്നം) രണ്ടും ചേർന്ന ബോധത്തോടേയുമല്ല. പ്രജ്ന ഘനീഭവിച്ചതുമല്ല, വെറും ബോധവുമല്ല, അബോധവുമല്ല(ന അപ്രജ്നം) . അദൃഷ്ടം: ദൃഷ്ടിഗോചരമല്ലാത്തത്‌ - വേദാന്തത്തിണ്റ്റെ ഭാഷയിൽ ഒരു ഇന്ദ്രിയത്തിനും ഗോചരമല്ലാത്തത്‌. അവ്യവഹാര്യം: വ്യവഹരിക്കാനാകാത്തത്‌ അഗ്രാഹ്യം : ബുദ്ധിക്ക്‌ ഗ്രഹിക്കാനാകാത്തത്‌. അലക്ഷണം: ലക്ഷണങ്ങളൊന്നുമില്ലാത്തത്‌ അചിന്ത്യം: ചിന്തിച്ചുറപ്പിക്കുവാനാകാത്തത്‌ അവ്യപദേശ്യം: നിർവചിച്ച്‌ പറയുവാനാകാത്തത്‌ ഏകാത്മപ്രത്യയസാരം: കേവലം തന്റെ തന്നെ ബോധം സാരമായിട്ടുള്ളത്‌. പ്രപഞ്ചോപശമം: ലോകം ഉപശമിക്കുന്നത്‌. (അവസാനിക്കുന്നത്‌) ശാന്തം, ശിവം - മംഗളദായകം അദ്വൈതം - രണ്ടാമതൊന്നില്ലാത്തത്‌ ചതുർത്ഥം - നാലാമത്തെ പാദം. ഇതിനെ ആത്മാവെന്നറിയുക ഇതിനെയാണ്‌ സാക്ഷാത്കരിക്കേണ്ടതെന്നറിയുക. വേദാന്തം പറയുന്നത്‌ ഈശനം ചെയ്യാൻ ഒരു ലോകം ഉള്ളിടത്തോളം കാലമേ ഈശ്വരനുണ്ടാവുകയുള്ളൂ എന്നാണ്‌. ഇവിടെ നാലാം പാദത്തിൽ നമ്മൾ ഇന്നേവരെ അറിഞ്ഞിട്ടുള്ള എല്ലാറ്റിനേയും അതിക്രമിച്ചിരിക്കുന്നു. ഇതുതന്നെയാണ്‌ തത്ത്വമസിയിലെ തത്‌.

ഇത്‌ പൂർണ്ണമാണ്‌ , ഇത്‌ സത്യവുമാണ്‌, സജാതീയമോ (of the same species) വിജാതീയമോ (of another species) സ്വഗതമോ (Within oneself) ആയ ഭേദഭാവങ്ങളില്ലാത്തതാണ്‌ പൂർണ്ണം. മൂന്നുകാലങ്ങളിലും മാറാതെ നിൽക്കുന്നതാണ്‌ സത്യം. അതുകൊണ്ടു തന്നെ അതു കാലാതീതമാണ്‌. കാലത്തിന്‌ അതീതമായതിന്‌ എല്ലാറ്റിന്റേയും ആരംഭവും അവസാനവും അറിയുവാനും സാധിക്കും.

ഞാൻ, ഈ ലോകം,സൃഷ്ടികർത്താവായ ഈശ്വരൻ എന്നിങ്ങനെയുള്ള വേർതിരിവ്‌ ദ്വൈതം എന്ന്‌ അറിയപ്പെടുന്നു. അതായത്‌ ഒന്നിൽ കൂടുതൽ ഉണ്ട്‌ അഥവാ രണ്ട്‌ ഉണ്ട്‌. അദ്വൈതത്തിൽ രണ്ടാമതായി ഒന്നില്ല. ഒന്നു മാത്രമേയുള്ളൂ. ആ ഒന്നാണ്‌ ഞാൻ. അതു തന്നെയാണ്‌ ഈശ്വരൻ, അതു തന്നെയാണ്‌ തത്ത്വം (തത്‌ + ത്വം = അത്‌ നീ) ഉപദേശിച്ചു തന്ന ഗുരു, അതെഴുതിയ വേദപുസ്തകം. ഈ തിരിച്ചറിവ്‌ ഉണ്ടാകുന്നതിനെ ആത്മസാക്ഷാർകാരം എന്നു പറയുന്നു. അവിടെ ഞാനും ഈശ്വരനും ഈശ്വരൻ സൃഷ്ടിച്ച ഈ ലോകവും എല്ലാം ഒന്നായി മാറുന്നു.

എട്ടാം സൂക്തം[തിരുത്തുക]

എട്ടാമത്തെ സൂക്തം മുതൽ ആത്മാവിന്റെ പാദങ്ങളേയും ഓംകാരത്തെ പിരിച്ചെഴുതുമ്പോൾ കിട്ടുന്ന മൂന്ന്‌ മാത്രകളേയും തമ്മിൽ ബന്ധിപ്പിച്ചു തുടങ്ങുന്നു.

സോയമാത്മാ ആദ്യാക്ഷരം ഓംകാരോധിമാത്രം
പാദാ മാത്രാ മാത്രാശ്ച പാദാ അകാര ഉകാര മകാര ഇതി

ഇപ്പറഞ്ഞ ആത്മാവ്‌ ഓം എന്ന അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നു. മുകളിൽ വിശദീകരിച്ച ആത്മാവിന്റെ നാലു പാദങ്ങളൂം ഓം എന്ന അക്ഷരത്തിന്റെ മാത്രകളൂം സമാനമാണ്‌. അക്ഷരത്തിന്റെ മാത്രകൾ അ ഉ മ ഇന്നിവയാണ്‌.

ഒൻപതാം സൂക്തം[തിരുത്തുക]

ജാഗരിതസ്താനോ വൈശ്വാനരോകാരഃ പ്രഥമ മാത്രാ,
ആപ്‌തേരാദിമത്വാദ്വാപ്നോതി ഹ വൈ സർവാൻ കാമാനാദിശ്ച ഭവതി യ ഏവം വേദ.

ജാഗരിത സ്ഥാനിയായ വൈശ്വാനരൻ അകാരത്തെ പ്രതിനിധാനം ചെയ്യുന്നു. അ ആദ്യാക്ഷരമാണ്‌, എല്ലാം ഇതിലടങ്ങുന്നു. കാരണം ഇതാണ്‌ ആദ്യത്തേത്‌. ഇതിനെ അറിയുന്നവൻ സർവ കാമനകൾക്കും അധിപനും ഒന്നാമനും ആകുന്നു.

പത്താം സൂക്തം[തിരുത്തുക]

സ്വപ്നസ്‌താനസ്‌തൈജസ ഉകരോ ദ്വിതീയ മാത്രോത്കർഷാദ്‌
ഉഭയത്വാദ്വോത്കർഷതി ഹ വൈ ജ്നാന-സന്തതിം,
സമാനശ്ച ഭവതി, നാസ്യാബ്രഹ്മവിത്‌ കുലെ ഭവതി യ ഏവം വേദ

സ്വപ്ന സ്ഥാനിയായ തൈജസൻ ഉകാരത്തെ പ്രതിനിധാനം ചെയ്യുന്നു. ഉ ഉത്കർഷമായതാണ്‌, രണ്ടിണ്റ്റേയും ഗുണങ്ങളും ഇതിൽ അടങ്ങുന്നു. ഇതറിയുന്നവൻ സമാനനായി ഭവിക്കുന്നു. അവണ്റ്റെ (ശിഷ്യ)കുലത്തിൽ ബ്രഹ്മത്തെ അറിയാത്തവനായി ആരും ഉണ്ടാകില്ല.

പതിനൊന്നാം സൂക്തം[തിരുത്തുക]

സുഷുപ്‌തസ്താനാഃ പ്രാജ്നോ മകാരസ്തൃതീയ മാത്ര

മിതേരപീതേർ വാ, മിനോതി ഹ വാ ഇദം സർവമപീതിശ്ച ഭവതി യ ഏവം വേദ

സുഷുപ്തസ്ഥനിയായ പ്രാജ്നൻ മകാരത്തെ പ്രതിനിധീകരിക്കുന്നു. മ മിതിയെ (അളവ്‌) സൂചിപ്പിക്കുന്നു. അതിലേക്ക്‌ എല്ലാം ലയിക്കുന്നു. ഇതറിയുന്നവൻ എല്ലാം അളക്കുന്നു എല്ലാം ആയിത്തീരുകയും ചെയ്യുന്നു.

പന്ത്രണ്ടാം സൂക്തം[തിരുത്തുക]

അമാത്രശ്ചതുർഥോ അവ്യവഹാര്യഃ പ്രപഞ്ചോപശമഃ

ശിവോദ്വൈത ഏവമോംകാര ആത്മൈവ, സംവിശത്യാത്മാനാത്മാനം
യ ഏവം വേദ, യ ഏവം വേദ.

നാലാമത്തെ പാദത്തിന്‌ മാത്രയില്ല. ശബ്ദമില്ലാത്ത, ഉച്ചരിക്കാനാകാത്ത അവ്യവാരിയായ, പ്രപഞ്ചം ഉപശമിക്കുന്നതായ ഏകമായ രണ്ടാമതൊന്നില്ലാത്തതായ നിശ്ശബ്ദമാത്ര നാലാമത്തെ പാദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്‌ അറിയുന്നവനിലെ ഞാൻ അറിയേണ്ട എന്നിലേക്ക്‌ വിലയിക്കുന്നു.

നിശ്ശബ്ദ മാത്രക്ക്‌ ഒരു പ്രാധാന്യം കൂടിയുണ്ട്‌. ഓംകാരം തുടർച്ചയായി ഉച്ചരിക്കുമ്പോൽ രണ്ട്‌ ഓംകാരങ്ങൾക്കിടയിൽ വരുന്നതാണ്‌ ഈ നിശ്ശബ്ദമാത്ര. നിശ്ശബ്ദതയിൽ നിന്ന്‌ ഓംകാരം ആവിർഭവിക്കുന്നു. ഓംകാരം ഉരുവിടുമ്പോളും അതിനു പുറകിൽ ഈ നിശ്ശബ്ദത ഉണ്ട്‌, പക്ഷെ ഓംകാരനാദം നിശ്ശബ്ദതയെ മറച്ചിരിക്കുന്നു. ഓംകാരം അവസാനം നിശ്ശബ്ദതയിലേക്ക്‌ തന്നെ ലയിക്കുന്നു. ഇപ്രകാരം തന്നെയാണ്‌ ജീവനും, പക്ഷെ ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെപ്പോലെ ഉണർന്നും, സ്വപ്നം കണ്ടും, ഉറങ്ങിയും മാത്രം ജീവിക്കുന്നു. അതിനാധാരമായിരിക്കുന്ന നാലാമത്തെ പാദത്തിലേക്ക്‌ ഒരിക്കലും കടക്കുന്നുമില്ല. നാലാം പാദമാണ്‌ തുരീയം. ഈ നാലാമത്തെ പാദത്തിലേക്ക്‌ കടക്കാനാണ്‌ ഇവിടെ ഋഷി ഉപദേശിക്കുന്നത്‌.

അവലംബം[തിരുത്തുക]

  1. 1.0 1.1 ഇ., ചന്ദ്രശേഖരൻ നായർ (2006). ഹിന്ദുമതം ഹിന്ദുത്വം. തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൌസ്. ISBN 81-7705-147-4.
  2. എൻ.പി, ഉണ്ണി (2006) [2004]. 108 ഉപനിഷത് (ഉപനിഷത് പ്രപഞ്ചം (ഏഴാം പതിപ്പ് ed.). തിരുവനന്തപുരം-23: പ്രശാന്തി പ്രസാധകർ. ISBN 81-902376-6-7. Unknown parameter |origmonth= ignored (help)
  3. 3.0 3.1 3.2 തത്ത്വമസി, സുകുമാർ അഴീക്കോട് (പ്രസാധനം: കറന്റ് ബുക്ക്സ്, തൃശൂർ)
  4. ഉപനിഷത്തുകൾ, ഏകനാഥ് ഈശ്വരൻ , പുറം 62 (പ്രസാധകർ, പെൻഗ്വിൻ)

കുറിപ്പുകൾ[തിരുത്തുക]

  • ^ തുഞ്ചത്തെഴുത്തച്ഛന്റ്റെ ഹരിനാമകീർത്തം തുടങ്ങുന്നതെങ്ങിനെയെന്ന്‌ ഓംകാരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.
ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞുടനെ
യാങ്കാരമായതിനു താൻ തന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായി നിന്ന പര
മാചാര്യ രൂപ ഹരി നാരാണായ നമഃ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.swami-krishnananda.org/mand/mand_1.html

"https://ml.wikipedia.org/w/index.php?title=മാണ്ഡൂക്യോപനിഷത്ത്‌&oldid=2197339" എന്ന താളിൽനിന്ന് ശേഖരിച്ചത്