യോഗാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yoga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണിത്.

മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.

പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം.

ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതിലഭിക്കുന്നു

ഘടകങ്ങൾ[തിരുത്തുക]

യോഗയിൽ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്. ഒരാൾ യോഗ പരിശീലിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് യമം, നിയമം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ളത്. ബാക്കിയുള്ളവ യോഗ ആരംഭിച്ചതിന് ശേഷമുള്ള വിഷയങ്ങൾ ആണ്.

യമം[തിരുത്തുക]

അഹിംസ , സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. മനസ്സുകൊണ്ടും, പ്രവൃത്തികൊണ്ടും യാതൊന്നിനേയും വേദനിപ്പിക്കരുത് എന്നാണ് അഹിംസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സത്യമായിരിക്കണം, സത്യത്തിന് വേണ്ടിയായിരിക്കണം. അതാണ് സത്യം എന്ന് പറയുന്നത്. അർഹതയില്ലാത്തത് ആഗ്രഹിക്കരുത്, കൈവശപ്പെടുത്തരുത് എന്നാണ് ആസ്തേയം എന്നത് അർത്ഥമാക്കുന്നത്. അവശ്യം വേണ്ടത് മാത്രം സ്വന്തമാക്കുകയും ആവശ്യമില്ലാത്തത്, അതായത് ദുർമോഹങ്ങൾ ഉപേക്ഷിക്കുക എന്നാണ് അപരിഗ്രഹം കൊണ്ടർത്ഥമാക്കുന്നത്. മനസ്സു കൊണ്ടോ പ്രവൃത്തി കൊണ്ടോ യാതൊന്നിനേയും ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ബ്രഹ്മചര്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

നിയമം[തിരുത്തുക]

ശൗചം, സന്തോഷം, തപസ്സ്, ഈശ്വര പ്രണിധാനം, സ്വാദ്ധ്യായം എന്നിവയാണ് നിയമം. ശരീരം, വാക്ക്, വിചാരം, പ്രവൃത്തി ഇവ ശുചിയായിരിക്കുക എന്നതിനെയാണ് ശൗചം എന്ന് പറയുന്നത്. ദുശ്ശീലവും ദുർവിചാരങ്ങളും, ദുഷ്പ്രവൃത്തികളും ഇല്ലാതെ മനസ്സിനെ നിഷ്കളങ്കമായി സൂക്ഷിക്കുക. കൂടാതെ എല്ലായ്പ്പോഴും സന്തുഷ്ടനായിരിക്കുക. ഇതാണ് സന്തോഷം. കൃത്യനിഷ്ഠ, ആത്മവിശ്വാസം, പരിശ്രമം, കടമകൾ എന്നിവ യഥാസമയം നിറവേറ്റുന്നതിനായി പ്രയത്നിക്കുന്നതാണ് തപസ്സ്. ചെയ്യുന്ന എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി കരുതുന്നതിനെ ഈശ്വര പ്രണീധാനം എന്ന് പറയുന്നു. അവനവനെക്കുറിച്ച് നടത്തുന്ന വിലയിരുത്തലുകൾ, വിമർശനങ്ങൾ, പിഴവുകൾക്കുള്ള പ്രായശ്ചിത്തം സ്വാദ്ധ്യായം എന്ന് പറയപ്പെടുന്നു.

ആസനം[തിരുത്തുക]

'സ്ഥിരസുഖം ആസനം' സ്ഥിരമായ സുഖം പ്രദാനം ചെയ്യുന്നതെന്തോ അതാണ്‌ ആസനമെന്ന് പറയുന്നുണ്ടെങ്കിലും പലർക്കും ഇത് അസുഖകരമായ അനുഭവമാണെന്ന് ഫലിതമായെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്. പ്രപഞ്ചത്തിലെ വിവിധ ചരാചരങ്ങളെ നിരീക്ഷിച്ച പൂർവികർ ഇവരുടെ ഇരിപ്പിൽ തന്നെ പല ഗുണഗണങ്ങൾ കണ്ടെത്തുകയും അത് മനുഷ്യരിൽ പരീക്ഷിച്ച് ഫലം അനുഭവിച്ചറിയുകയും ചെയ്തു. യോഗാസനങ്ങൾ ശരീരത്തിന് ദൃഡത നൽകുന്നവയാണ്. 'ആസനേന ഭവേത് ദൃഡം' എന്നാണ് ശാസ്ത്രം പറയുന്നത്. ഒപ്പം ചിട്ടയായ ഭക്ഷണക്രമവും ഇതിന് അത്യന്താപേക്ഷിതമാണ്. നിസ്സാരകാര്യങ്ങൾക്കു പോലും യന്ത്രസാമഗ്രികൾ ഉപയോഗിക്കുന്ന ആധുനിക ലോകത്തിൽ ഇവ തീർച്ചയായും ഗുണം ചെയുമെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും യമം, നിയമം ഇവ കഴിഞ്ഞാണ് ആസനങ്ങൾക്ക് സ്ഥാനം.

പ്രാണായാമം[തിരുത്തുക]

യോഗാഭ്യാസത്തിന്റെ പ്രധാനമായ വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുന്ന ശ്വാസോച്ഛ്വാസപ്രക്രിയയിൽ ശ്വാസകോശങ്ങളെ വികാസ-സങ്കോചങ്ങൾക്ക് വിധേയമാക്കാൻ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല എന്ന കാരണത്താൽ ഈ കുറവ് പരിഹരിക്കാനാണ് യോഗയിൽ പ്രാണായാമം എന്ന അഭ്യാസം ഉൾപ്പെടുത്തിയിരിക്കുന്നത്. ബോധപൂർവ്വം ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു.യോഗശാസ്ത്രപ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിക്കുന്നു. മനസ്സും ശ്വാസവും പരസ്പര പൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നു. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.

പ്രത്യാഹാരം[തിരുത്തുക]

തിരിച്ചുകൊണ്ടുവരൽ എന്നാണ് പ്രത്യാഹാരപദത്തിന് അർഥം. ഇന്ദ്രിയങ്ങളെ ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നീ സ്വസ്വവിഷയങ്ങളിൽ വ്യാപരിക്കുവാൻ അനുവദിക്കാതെ പിടിച്ചുനിർത്തി ആ ഇന്ദ്രിയങ്ങളുടെ അധീശത്വം നേടുകയും തദ്വാര മനഃശക്തിയെ ഒരിടത്ത് കേന്ദ്രീകരിപ്പിക്കുകയും ആണ് പ്രത്യാഹാരത്തിന്റെ ലക്ഷ്യം. ഇത് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഒരുവന് പഞ്ചേന്ദ്രിയവിഷയമായ ബാഹ്യലോകം അനുഭവവേദ്യമാകയില്ല.

ധാരണ[തിരുത്തുക]

പ്രത്യാഹാരംവഴി വിഷയങ്ങളിൽനിന്നു പിൻതിരിപ്പിച്ചുകൊണ്ടുവന്ന മനസ്സിനെ ഏകാഗ്രമാക്കി ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന അനുഷ്ഠാനമാണ് ധാരണ. നാസാഗ്രം, നാഭിചക്രം മുതലായ ഏതെങ്കിലും ഒരു സ്ഥാനത്തെ ഈ ആവശ്യത്തിനു തിരഞ്ഞെടുക്കാവുന്നതാണ്.

ധ്യാനം[തിരുത്തുക]

ധാരണയ്ക്കു വിഷയമായ ബിന്ദുവിൽ ഏകതാനത അനുഭവിക്കുകയാണ് ധ്യാനം എന്ന അംഗത്തിന്റെ സ്വഭാവം. അപരിവർത്തിതവും അവിചലിതവും ആയ ജ്ഞാനാവസ്ഥയാണ് ഇത്. ധ്യാനം ശീലിക്കുന്നവൻ പ്രണവത്തെ-ഓംകാരത്തെ-ഏകാവലംബമായി സ്വീകരിക്കാറുണ്ട്. മനസ്സും ആത്മാവും തമ്മിലുള്ള ബന്ധം സ്ഥാപിച്ചുതരുന്ന മധ്യസ്ഥനാണ് പ്രണവം. പ്രണവം ഈശ്വരവാചകമാകയാൽ അർഥാനുസന്ധാനത്തോടുകൂടി ജപിക്കുന്നതു ധ്യാനമായിത്തീരുന്നു. ക്ളേശം (അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം), കർമം (പുണ്യപാപങ്ങൾ), ആശയം (വാസന) എന്നീ ജീവധർമങ്ങളൊന്നുമില്ലാത്ത പരമകാരുണികനായ ഈശ്വരനെ നിരന്തരം ധ്യാനിക്കുന്നതുകൊണ്ട് സാധകനു തദാകാരത്വം ലഭിക്കുന്നു. അങ്ങനെ അത് ഐക്യസിദ്ധിക്കു വഴിയൊരുക്കുന്നു.

സമാധി[തിരുത്തുക]

യോഗത്തിന്റെ എട്ടാമത്തേതും അവസാനത്തേതുമായ അംഗമാണ് സമാധി. ഉപ്പും വെള്ളവും പോലെ മനസ്സും ആത്മാവും ഐക്യം പ്രാപിക്കുന്ന ഒരവസ്ഥയാണ് സമാധിയിൽ അനുഭവപ്പെടുന്നത്. മുൻപറഞ്ഞ ഏഴു സാധനകൾ അനുഷ്ഠിക്കുമ്പോഴും ധ്യാതാവ്, ധ്യേയം, ധ്യാനം എന്നിവയുടെ വിവേചനം ഉണ്ടായിരിക്കും. എന്നാൽ സമാധിയിൽ ധ്യാതാവും ധ്യാനവും ധ്യേയത്തിൽ വിലയം പ്രാപിച്ച്-ത്രിപുടി നശിച്ച്-എല്ലാം ഏകാത്മകമായിത്തീരുകയും യോഗത്തിന്റെ സാഫല്യം സിദ്ധവത്കൃതമാകുകയും ചെയ്യും. പാതഞ്ജലപദ്ധതിയനുസരിച്ച് സമാധിയിൽ സാധകൻ അനുഭവിക്കുന്ന പരമാനന്ദം ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യം കൊണ്ടുള്ളതാണ്.


ഇതെല്ലാം യോഗ അഭ്യസിക്കാൻ തുടങ്ങും മുൻപ് ശീലിക്കേണ്ട കാര്യങ്ങളാണ്. ഉത്തമ വിശ്വാസമുള്ള ഗുരുവിന്റെ കീഴിൽ നേരിട്ട് വിദ്യ അഭ്യസിക്കുക. അത് തെറ്റുകൾ പെട്ടെന്ന് തിരുത്താനും ശരിയായരീതിയിൽ പരിശീലിക്കാനും സാധിക്കും.

ശ്രദ്ധിക്കേണ്ടവ[തിരുത്തുക]

നേരത്തേ ഉണരാൻ ശീലിക്കുക. ഏതെങ്കിലും ഈശ്വരനെ സങ്കൽപിച്ച് എഴുന്നേൽക്കുക. വെറുംവയറ്റിൽ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുക. തലേന്ന് രണ്ടോ മൂന്നോ തുളസിയിലയിട്ട് വച്ചിരുന്ന വെള്ളമോ, ചെറുനാരങ്ങയിൽ തേൻചേർത്ത വെള്ളമോ ആയാൽ വളരെ നല്ലതാണ്. അതിനു ശേഷം പ്രഭാത കൃത്യങ്ങൾ കൃത്യമായി ചെയ്യുക. അതിന് ശേഷം നല്ലതുപോലെ വായു സഞ്ചാരം ഉള്ള മുറിയിൽ, കട്ടിയുള്ളതും നീളവും വീതിയുമുള്ള വിരിപ്പ് വിരിക്കുക. അതിൽ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരുന്ന് യോഗ ആരംഭിക്കാം. തുടക്കത്തിൽ ശാന്തിമന്ത്രവും അതിനു ശേഷം ഏതെങ്കിലും ഇഷ്ടപ്രാർത്ഥനയും ചൊല്ലുക.

യോഗശാസ്ത്രം[തിരുത്തുക]

ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ മുഖ്യലക്ഷ്യം.ഇതിനുള്ള അനേകം ഉപായങ്ങളും ഉപദേശങ്ങളുമാണ് യോഗശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നത്. ആസന, പ്രാണായാമാദികളാണ് പ്രധാനമായ യോഗസാധനകൾ . പ്രകൃതിചികിത്സയിൽ യോഗ നിർബന്ധമാണ്.

യോഗാസനം[തിരുത്തുക]

പ്രധാന ലേഖനം: യോഗാസനം

ശരീരത്തിനു പുറത്തുള്ള സകല അവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും സന്ധികൾക്കും ക്രമമായ വ്യായാമം കൊടുക്കലാണിത്. നല്ല നീളവും വീതിയുമുള്ള ഒരു ഷീറ്റ്, യോഗാസനം ചെയ്യുമ്പോൾ ശരീരം തറയിൽ സ്പർശിക്കാതിരിക്കാനായി ഉപയോഗിക്കേണ്ടതാണ്. നിന്നും ഇരുന്നും കിടന്നും ചെയ്യേണ്ട ആസനങ്ങളുണ്ട്.

ബ്രഹ്മചര്യം[തിരുത്തുക]

ഈ വാക്കിന് യോഗശാസ്ത്രത്തിൽ ധാരാളം അർത്ഥങ്ങൾ ഉണ്ട്. പര-ബ്രഹ്മത്തിന്റെ വഴിയേ ചരിക്കുക അതാണ് ബ്രഹ്മചര്യം. ലൗകിക ജീവിതം നയിക്കുന്ന സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ശരീരം കൊണ്ടും മനസ്സുകൊണ്ടും വാക്കുകൊണ്ടും നമ്മുടെ ശക്തി ഒരു തരത്തിലും ദുരുപയോഗം ചെയ്യാതിരിക്കുക എന്നതാണ് ബ്രഹ്മചര്യം.

"https://ml.wikipedia.org/w/index.php?title=യോഗാഭ്യാസം&oldid=3945437" എന്ന താളിൽനിന്ന് ശേഖരിച്ചത്