എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്വാമി പ്രഭുപാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ്
[[File:|frameless|alt=]]
എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ്
ദേവനാഗിരിയിൽअभयचरणारविन्द भक्तिवेदान्त स्वामीप्रभुपाद
മതംGaudiya Vaishnavism, ഹിന്ദുമതം
മറ്റു പേരു(കൾ)Abhay Charanaravinda, Abhay Charan De
Personal
ജനനംAbhay Charan De
(1896-09-01)സെപ്റ്റംബർ 1, 1896
കൊൽക്കത്ത, ബംഗാൾ, British India
മരണംനവംബർ 14, 1977(1977-11-14) (പ്രായം 81)
Vrindavan, ഇന്ത്യ
ശവകുടീരംPrabhupada's Samadhi, Vrindavan
Senior posting
Based inVrindavan, ഇന്ത്യ
TitleFounder acharya of the International Society for Krishna Consciousness
അധികാരത്തിലിരുന്ന കാലഘട്ടം1966 - 1977
മുൻഗാമിBhaktisiddhanta Sarasvati Thakura
പിൻഗാമിThe Governing Body Commission
Religious career
InitiationDiksa–1932, Sannyasa–1959
PostGuru, Sannyasi, Acharya
വെബ്സൈറ്റ്ISKCON Worldwide

എ. സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദ്, (1896-നവംബർ 14,1977)അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ (ISKCON) സ്ഥാപകാചാര്യൻ ആണ്.

ജനനം, ബാല്യം[തിരുത്തുക]

സ്വാമി പ്രഭുപാദ് 1896-ൽ, കൽക്കട്ടയിലുള്ള ഒരു വൈഷ്ണവ കുടുംബത്തിൽ ജനിച്ചു. തന്റെ പിതാവായ, ഗൗർ മൊഹൻ ദേ, അദ്ദേഹത്തെ അഭയ ചരൺ എന്ന് നാമകരണം ചെയ്തു. തന്റെ പുത്രൻ ശ്രീമതി രാധാറാണിയുടെ ഭക്തനായി മാറണം എന്നതായിരുന്നു ആ പിതാവിന്റെ ആഗ്രഹം.

വിദ്യാഭ്യാസം[തിരുത്തുക]

ബ്രിട്ടീഷ് രാജവാഴ്ച്ച നിലനിന്നിരുന്ന കാലത്താൺ അഭയ് തന്റെ വിദ്യാഭ്യാസം നടത്തിയതും, അവസാനമായി രസതന്ത്ര പഠനത്തിനായി കലാലയത്തിലേയ്ക്കു പ്രവേശിച്ചതും. അവിടെ അദ്ദേഹം, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഗാന്ധിജിയുടെ ഒരനുചരനായിത്തീർന്നു. ഗാന്ധിയുടെ അനുഭാവി എന്ന നിലയിൽ അദ്ദേഹം ഭാരതത്തിൽ നിർമ്മിതമായ കൈത്തറി വസ്ത്രങൾ ഉപയോഗിയ്ക്കുകയും, കലാലയത്തിൽ നിന്നും തനിക്കു ലഭിക്കേണ്ടിയിരുന്ന ബിരുദത്തെ ഉപേക്ഷിയ്ക്കുകയും ചെയ്തു.

ഗുരുവിനെ കണ്ടെത്തുന്നു[തിരുത്തുക]

വിവാഹിതനായ ശേഷം അഭയ് ഒരു ചെറിയ ഫർമസ്യൂട്ടിയ്ക്കൽ കമ്പനി ആരംഭിച്ച് തന്റെ ഭാര്യയെയും കുടുംബത്തെയും പുലർത്താനാരംഭിച്ചു. ആ സമയത്താണ് അദ്ദേഹം തന്റെ ആത്മീയ ഗുരുവായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമിയെ കണ്ടുമുട്ടുന്നത്. 1922 ല് കൽക്കട്ടയിൽ വച്ചായിരുന്നു അത്. ഭക്തി സിദ്ധാന്ത സരസ്വതിയ്ക്ക് അഭയിനെ കണ്ടമാത്രയിൽ തന്നെ ഇഷ്ടമാവുകയും “ജീവിതം വൈദിക ജ്ഞാനം മറ്റുള്ളവർക്കായി പകർന്നു നല്കാനായി ഉഴിഞ്ഞു വയ്ക്കുക” എന്ന ഉപദേശം അരുളപ്പെടുകയും: അതു പ്രത്യേകിച്ചും ഭഗവാൻ ചൈതന്യ മഹാ പ്രഭുവിന്റെ സന്ദേശങ്ങളെ ആംഗലേയർക്ക് പകർന്നു നൽകണം എന്നദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു. അപ്പൊൾ തന്നെ അഭയ്, ശ്രീല ഭക്തിസിദ്ധാന്തയെ ആത്മീയാചാര്യനായി തന്റെ ഹൃദയത്തിൽ കുടിയിരുത്തിയെങ്കിലും, 1932 ല് തനിയ്ക്കു ദീക്ഷ ലഭിയ്ക്കുമ്പൊളായിരുന്നു അത് ഒരു ദൃഢ പ്രതിജ്ഞയായി മാറുന്നത്. അതിനുശേഷം അദ്ദേഹം ഹരിനാമ ദീക്ഷയും മന്ത്ര ദീക്ഷയും ഒരുമിച്ചു സ്വീകരിയ്ക്കുകയായിരുന്നു.

1936- ൽ ശ്രീല പ്രഭുപാദർ തന്റെ ആത്മീയഗുരുവിനോട് തന്നാൽ കഴിയുന്ന എന്തെങ്കിലും സേവ അങ്ങേയ്ക്കായി ചെയ്യേണ്ടതുണ്ടൊയെന്നു ഒരു കത്തിലൂടെ ആരാഞ്ഞു. ആ കത്തിനു മറുപടിയായി 1922-ൽ ലഭിച്ച അതേ നിർദ്ദേശം തന്നെ വീണ്ടും അദ്ദേഹത്തിനു ലഭിയ്ക്കുകയുണ്ടായി: ആംഗലേയ ഭാഷയിൽ കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കുക. രണ്ടാഴ്ചകൾക്ക് ശേഷം തന്റെ ആത്മീയചാര്യൻ ഇഹലീല അവസാനിപ്പിച്ചു; ശ്രീല പ്രഭുപാദറുടെ ഹൃദയത്തിൽ ആ ഉപദേശങ്ങൽ കൊത്തിവയ്ക്കപ്പെട്ടതുപോലെ തിളങ്ങി നിന്നു. ആ ഉപദേശങ്ങളാണ് ശ്രീല പ്രഭുപാദരുടെ ജീവിതത്തിലെ എന്നത്തേയും വഴികാട്ടി.

ഗൗഢീയ മഠത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകവേ തന്നെ ശ്രീല പ്രഭുപാദർ, ഭഗവദ്-ഗീതയ്ക്കൊരു ഭാഷ്യം രചിയ്ക്കുക ഉണ്ടായി. 1944 ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത്, കടലാസിന്‌‍ ക്ഷാമവും, ദാരിദ്ര്യവും കൊടുമ്പിരികൊണ്ടിരുന്ന അക്കാലത്ത്, ശ്രീല പ്രഭുപാദർ, ഭഗവദ് സന്നിധിയിലേയ്ക്ക് എന്ന മാസിക ആരംഭിച്ചു. അതിനുവേണ്ടി അദ്ദേഹം എഴുതുകയും, തിരുത്തുകയും, ലേഔട്ട്, തെറ്റുതിരുത്തൽ ഇവ ഒറ്റയ്ക്ക് ചെയ്യുകയുണ്ടായി. കൂടാതെ ഈ പ്രതികൾ വില്ക്കുന്നതും അദ്ദേഹം ഒറ്റയ്ക്കു തന്നെ ചെയ്യുമയിരുന്നു. ഈ മാസിക ഇന്നും പുറത്തിറങ്ങുന്നുണ്ട്[അവലംബം ആവശ്യമാണ്].

കൂടുതൽ സമയം വൈദിക ജ്ഞാനാർജ്ജനത്തിന് വിനിയൊഗിയ്ക്കുന്നതിലേയ്ക്കായി ശ്രീല പ്രഭുപാദർ 1950 ല് വാനപ്രസ്ഥം സ്വീകരിയ്ക്കുകയും വീടും കുടുംബവും ഉപേക്ഷിച്ച് അദ്ദേഹം ഒരു മുഴുനീള ആത്മീയാചാര്യനായി മാറി. 1953 ൽ തന്റെ അനുചരരായ സഹോദരങ്ങൾ അദ്ദേഹത്തിൻ ഭക്തിവേദാന്ത എന്ന സ്ഥാനപ്പേരു നൽകി ആദരിച്ചു. അതിനുശേഷം അദ്ദേഹം കൽക്കട്ടയിൽ നിന്നും യാത്രയായി വൃന്ദാവനത്തിലുള്ള രാധാ-ദാമോധര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. അവിടെ അദ്ദേഹം വളരെ വിനയാന്വിതനായി വൈദിക ഗ്രന്ഥങ്ങളും മറ്റു ലിഖിതങ്ങളും പഠിയ്ക്കുന്നതിലേയ്ക്കായി പല വർഷങ്ങൾ ചിലവഴിച്ചു.

1959 ല് അദ്ദേഹം സന്ന്യാസ ജീവിതത്തിന് തുടക്കമിട്ടു. ആ സമയത്താണ് രാധാ-ദാമോധര ക്ഷേത്രത്തിൽ വച്ച് തന്റെ സൃഷ്ടികളിലൊന്നായ ശ്രീമദ് ഭാഗവതം ആംഗലേയ ഭാഷയിലേയ്ക്ക് മൊഴിമാറ്റുന്നതിനും, വളരെ ലഘുവായ രീതിയിലുള്ള വിവരണം നൽകുന്നതിനുമുള്ള ശ്രമം തുടങ്ങിയത്. കൂടാതെ അന്യഗ്രഹങ്ങളിലേയ്ക്കുള്ള സുഗമയാത്ര എഴുതിയതും ഇതെ ക്ഷേത്രത്തിൽ വച്ചു തന്നെയാണ് വളരെക്കുറച്ചു വർഷം കൊണ്ടുതന്നെ ശ്രീമദ് ഭാഗവതത്തിന്റെ പ്രഥമ കാണ്ഡത്തിന്റെ മൂന്നു ഭാഗങ്ങളുടെ വിവർത്തനവും വിവരണങ്ങളും അദ്ദേഹം പൂർത്തിയാക്കുകയുണ്ടായി. ഇപ്പോഴും ഈ പുസ്തകങ്ങൾ അച്ചടിക്കുന്നതിനുള്ള കടലാസും പണവും അദ്ദേഹം ഒറ്റയ്ക്കു തന്നെയാണ് സമാഹരിച്ചത്. ഇന്ത്യയിലെ വലിയ പട്ടണങ്ങളിലെ ഏജൻറുമാർ മുഖേന അദ്ദേഹം ഈ പുസ്തകങ്ങൾ മുഴുവനായും വിറ്റഴിച്ചു.

അതിനുശേഷം തന്റെ ആത്മീയാചാര്യന്റെ ഉപദേശങ്ങളെ പ്രാവർത്തികമാക്കാനുള്ള സമയമിതാണെന്ന് മനസ്സിലാക്കുകയും അതിനുള്ള ആദ്യപടിയായി അമേരിയ്ക്കയിലേയ്ക്കു പോകാൻ തിരുമാനിച്ചു. അതുവഴി ലോകത്തിലാകമാനം കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കാമെന്നും അദ്ദേഹം മനസ്സിലുറപ്പിച്ചു. അങ്ങനെ ജലദൂത എന്ന ചരക്കു കപ്പലിൽ സൗജന്യമായി 1965-ൽ ന്യൂയോർക്കിൽ എത്തിച്ചേർന്നു. അദ്ദേഹം തന്റെ 69‍-ആം വയസ്സിലാണ് ഈ ഉദ്യമത്തിനു തയ്യാറെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. കുറെ ശ്രീമദ് ഭാഗവതത്തിന്റെ പ്രതികളും കുറച്ചു നൂറ് രൂപാനോട്ടുകളും മാത്രമാണ് അന്ന് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നത്.

യാത്രയിലുടനീളം അദ്ദേഹത്തിന് വളരെയധികം യാതനകൾ അനുഭവിക്കേണ്ടതായി വന്നു: യാത്രയ്ക്കിടയിലായി അനുഭവപ്പെട്ട രണ്ടു ഹൃദയാഘാതങ്ങളും ന്യൂയോർക്കിൽ എത്തപ്പെട്ടാൽ താൻ എങ്ങോട്ടാണ് പോകുക എന്നുള്ളതും അദ്ദേഹത്തെ വ്യാകുലനാക്കി. ആറുമാസത്തെ തന്റെ തീവ്ര പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കിട്ടിയ വിരലിലെണ്ണാവുന്ന അഭ്യുദയകാംക്ഷികളിൽ ചിലർ ചേർന്ന് മാൻഹട്ടനിൽ ഒരു കടമുറിയും അതിനോട് ചേർന്നുള്ള അപാർട്ട്മെൻറും അദ്ദേഹത്തിനു തരപ്പെടുത്തിക്കൊടുത്തു. അവിടെ അദ്ദേഹം എല്ലാദിവസവും പ്രഭാഷണങ്ങൾ നൽകുകയും, കീർത്തനങ്ങൾ നടത്തുകയും പ്രസാദം വിതരണം നടത്തുകയും ചെയ്തിരുന്നു. ജീവിതത്തിന്റെ നാനാതുറകളിൽ വിരാജിച്ചിരുന്ന, ഹിപ്പികളും മറ്റും അവിടേയ്ക്കു ഒഴുകിയെത്താൻ തുടങ്ങി.

തന്റെ അനുയായികൾ കൂടുതൽ ആകൃഷ്ടരായി വരുന്നതിനനുസരിച്ച് ശ്രീല പ്രഭുപാദർ നിരന്തരമായി കീർത്തനങ്ങളും മറ്റും പാർക്കുകളിൽ സംഘടിപ്പിക്കുവാൻ തുടങ്ങി. തന്റെ പ്രഭാഷണങ്ങളെയും ഞായറാഴ്ച്ചകളിൽ നടത്തി വന്നിരുന്ന അന്നദാനത്തെയും കുറിച്ച് ജനം അറിഞ്ഞു തുടങ്ങി. യുവാക്കളായ ആരാധകർ അദ്ദേഹത്തിൽ നിന്നും ദീക്ഷ സ്വീകരിക്കുകയും, തങ്ങൾ യമനിയമങ്ങൾ പാലിച്ചുകൊള്ളമെന്നും പതിനാറുമാല ഹരേ കൃഷ്ണ മഹാമന്ത്രം ദിവസേന ജപം ചെയ്തുകൊള്ളാമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. കൂടാതെ ഭഗവദ് സന്നിധിയിലേയ്ക്ക് മാസിക പഴയ പ്രതാപത്തിലേയ്ക്ക് തിരികെ കൊണ്ടുവരുകയും ഉണ്ടായി.

അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി – ഇസ്കോൺ[തിരുത്തുക]

ബാംഗ്ലൂരിലെ ഇസ്കോൺ അമ്പലം, ഒരു രാത്രി ദൃശ്യം


അങ്ങനെ ശ്രീല പ്രഭുപാദർ 1966-ൽ അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി – ഇസ്കോൺ സ്ഥാപിച്ചു. തനിയ്ക്കുചുറ്റുമുള്ള സമൂഹത്തെ വേണ്ടവണ്ണം ഉപയോഗിച്ചുകൊണ്ട് ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കുകയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാപിത ലക്ഷ്യങ്ങളിൽ പ്രധാനം. 1967-ൽ അദ്ദേഹം സാൻഫ്രാൻസിസ്കൊ സന്ദർശിക്കുകയും അവിടെയും ഒരു ഇസ്കോൺ സമൂഹം സ്ഥാപിയ്ക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം തന്റെ ശിഷ്യന്മാരെ ചൈതന്യമഹാപ്രഭുവിന്റെ വക്താക്കളായി ലോകത്തിന്റെ നനാഭാഗങ്ങളിലേക്ക് പറഞ്ഞയക്കുകയും മോണ്ട്രിയൽ, ബോസ്റ്റണ്‍, ലണ്ടന്‍, ബെർലിന്‍, കൂടാതെ വടക്കെ അമേരിക്കയുടെയും ഇന്ത്യയുടെയും യൂറോപ്പിലെയും പ്രധാന നഗരങ്ങളിലും ഇസ്കോണിന്റെ ശാഖകൾ സ്ഥാപിച്ചു. ഇന്ത്യയിൽ അദ്ദേഹം മനോഹരങ്ങളായ മൂന്നു ക്ഷേത്രങ്ങളുടെ രൂപരേഖയുണ്ടാക്കുകയും ചെയ്തു. വൃന്ദാവനത്തിലെ ദാരുശില്പമായി നിലകൊള്ളുന്ന ബലരാമ ക്ഷേത്രം, മുംബൈയിലെ ക്ഷേത്രം, കൂടാതെ മായാപ്പൂരിലെ ഭീമാകാരമായ വൈദിക പ്ലാനറ്റോറിയം എന്നിവയാണവ.

ശ്രീല പ്രഭുപാദർ, തുടർന്നുള്ള പതിനൊന്ന് വർഷങ്ങളിലായി തന്റെ എല്ലാ കൃതികളുടെയും രചനകൾ നിർവഹിക്കുകയുണ്ടായി അതിൽ മൂന്നെണ്ണം അദ്ദേഹം ഇന്ത്യയിൽ വച്ചാണ് പൂർത്തീകരിച്ചത്. ശ്രീല പ്രഭുപാദർ വളരെക്കുറച്ച്മാത്രം ഉറങ്ങി തന്റെ പ്രഭാതവേളകളാണ് ഇതിനായി ഉപയോഗിച്ചത്. വായ്മൊഴിയായി പറഞ്ഞുകൊടുക്കുന്ന വിവരങ്ങൾ ശിഷ്യന്മാർ വളരെ ശ്രദ്ധയോടെ ടൈപ്പ്ചെയ്യുകയും എഡിറ്റ് ചെയ്യുക എന്നതായിരുന്നു അദ്ദെഹത്തിന്റെ വിവർത്തന രീതി. ശ്രീല പ്രഭുപാദർ, സംസ്കൃതത്തിലൊ, ബംഗാളിയിലോ ഉള്ള മൂലകൃതികളിലെ ഓരോ വാക്കുകളായി വിവർത്തനംചൊല്ലുകയും കൂടാതെ അതിനെക്കുറിച്ചുള്ള ഒരു പൂർണ്ണവിവരണം ശിഷ്യന്മാർക്കായി പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.

ഭഗവദ്ഗീത യഥാരൂപം, വ്യത്യസ്ത വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീമദ് ഭാഗവതം, ചൈതന്യചരിതാമൃതം; ഭക്തിരസാമൃത സിന്ധു, കൃഷ്ണ: പരമ ദിവ്യേത്തമ പുരുഷൻ, ചൈതന്യ ശിക്ഷാമൃതം, കപില ശിക്ഷ, കുന്തീദേവിയുടെ ഉപദേശങ്ങൾ, ശ്രീ ഈശോപനിഷത്, ഉപദേശാമൃതം, കൂടാതെ ഒരു ഡസനിലധികം വരുന്ന ചെറു കൃതികൾ, എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടവ.

ഇന്ന് അൻപതിലധികം ഭാഷകളിലായി ഈ കൃതികളൊക്കെയും വിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഭാരതത്തിൽ വൈദികവിജ്ഞാനത്തിന്റെ വിതരണത്തിൽ ശ്രദ്ധേയരായ 1972-ൽ സ്ഥാപിതമായ ഭക്തിവേദാന്ത ബുക് ട്രസ്റ്റാണ് ഈ പുസ്തകങ്ങളുടെ പ്രസാദകർ. ഇന്നീ സ്ഥാപനം ലോകത്തിലെ തന്നെ ഒന്നാംകിട പ്രസാധകരായിത്തീർന്നിട്ടുണ്ട്[അവലംബം ആവശ്യമാണ്].

തന്റെ മഹത്തരങ്ങളായ സാഹിത്യസപര്യകൾക്കിടയിലും ശ്രീല പ്രഭുപാദർ തന്റെ ആത്മീയ പ്രചരണത്തിനുള്ള സമയം കണ്ടെത്തിയിരുന്നു. തന്റെ തൂലിക ഒരിക്കലും അതിന് വിഘാതം സൃഷ്ടിയ്ക്കുവാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. പന്ത്രണ്ടുവർഷങ്ങളിലായി തന്റെ പ്രായാധിക്യത്തെ തൃണവൽക്കരിച്ചുകൊണ്ട് പതിനാലു തവണ ലോക പ്രദക്ഷിണം ചെയ്തു വൈദികപ്രഭാഷണങ്ങൾ നടത്തുകയുണ്ടായി.

എഴുതുക, തന്റെ ശിഷ്യന്മാർക്കും പൊതുജനങ്ങൾക്കുമായുള്ള പഠനശിബിരങ്ങൾ സംഘടിപ്പിയ്ക്കുക, വളർന്നുകൊണ്ടിരിയ്ക്കുന്ന തന്റെ സമൂഹത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുക എന്നിവയായിരുന്നു തന്റെ അവസാന നിമിഷം വരെയും അദ്ദേഹം ചെയ്തിരുന്നത്. ഇഹലീല അവസാനിപ്പിയ്ക്കുന്നതിനു മുന്നൊടിയായി ശ്രീല പ്രഭുപാദർ തന്റെ കാൽപ്പാടുകളെ പിന്തുടരുന്നതിനും ലോകം മുഴുവനും കൃഷ്ണാവബോധം പ്രചരിപ്പിക്കുന്നതിനുമുള്ള വിലപ്പെട്ട അനേകം നിർദ്ദേശങ്ങൾ തന്റെ ശിഷ്യന്മാർക്ക് അദ്ദേഹം നൽകുകയുണ്ടായി.

1977 നവംബർ 14-ന് അദ്ദേഹം അന്തരിച്ചു.

ഈ ചെറിയ സമയ പരിധിയ്ക്കുള്ളിൽ തന്നെ പടിഞ്ഞാറൻ ദേശത്തിനുവേണ്ടി തുടർച്ചയായുള്ള പ്രചരണ പ്രവർത്തനങ്ങൾക്കും മറ്റുമായി തന്റെ സമയത്തിന്റെ സിംഹ ഭാഗവും ചിലവഴിയ്ക്കുകയും അതോടൊപ്പം തന്നെ 108 ക്ഷേത്രങ്ങളും, ആദ്ധ്യാത്മിക സാഹിത്യത്തിനായി 60 വാല്യങ്ങൾ പുറത്തിറക്കുകയും, അയ്യായിരത്തോളം ശിഷ്യഗണങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ ഭക്തിവേദാന്ത ബുക് ട്രസ്റ്റിന്റെ സ്ഥാപനം, തുടർന്നാരംഭിച്ച സയൻറിഭിക് അക്കാഡമിയുടെയും(ഭക്തിവേദാന്ത ഇൻസ്റ്റിറ്റ്യൂട്ട്) മറ്റ് ഇസ്കോണുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുമെല്ലാം അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളിൽ ചിലതാണ‍. ശ്രീല പ്രഭുപാദർ എഴുത്തുകാരനും, അദ്ധ്യാപകനും കൂടാതെ ഒരു സംന്യാസിവര്യനുമായിരുന്നു. തന്റെ വൈദികസഹിത്യ സൃഷ്ടികളിലൂടെയും ഉറവ വറ്റാത്ത വാക്ധോരണികളിലൂടെയും അദ്ദേഹം പാശ്ചാത്യലോകത്തിൻ കൃഷ്ണാവബോധം പകർന്നു നൽകി.