ഉള്ളടക്കത്തിലേക്ക് പോവുക

ബലരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Balarama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബലരാമൻ
God of Agriculture, Strength
Balarama, elder brother of Krishna with Hala 1830
ദേവനാഗിരിबलराम
സംസ്കൃതംBalarāma
ആയുധങ്ങൾPlough, Gada
ജീവിത പങ്കാളിRevati
മാതാപിതാക്കൾVasudeva (father) Devaki (conceived)
Rohini (birth)
സഹോദരങ്ങൾKrishna and Subhadra
17th century mural of Balarama from a wall hanging in South Indian temple.

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ[1] . മഹാവിഷ്ണുവിന്റെയും അനന്തന്റെയും അംശം ബലരാമനിൽ ചേർന്നിരിക്കുന്നു . എന്നാൽ ത്രേതായുഗത്തിലെ ലക്ഷ്മണൻ അനന്തന്റെ പൂർണമായ അംശമാണ്. അതിയായ ബലത്തോട്‌ കൂടിയവനാകയാൽ ബലഭദ്രൻ എന്നും സർവരെയും ആകർഷിക്കുന്ന സൗന്ദര്യത്തോട് കൂടിയവനാകയാൽ രാമൻ എന്നും അവന് പേരുണ്ടായി. ഈ രണ്ട് നാമങ്ങളും ചേർന്ന് അവൻ പിന്നീട് ബലരാമൻ എന്നറിയപ്പെട്ടു.

വിഷ്ണുവിൻ്റെ ശ്രീരാമാവതാരത്തിൽ ആദിശേഷൻ അനുജൻ ലക്ഷ്മണനായി അവതരിച്ചു. ശ്രീകൃഷ്ണാവതാരത്തിൽ ആദിശേഷൻ ജ്യേഷ്ഠ സഹോദരനായി ബലരാമൻ എന്ന നാമധേയത്തിലും അവതരിച്ചു. ബലരാമന് നല്ല വെളുത്ത നിറമായിരുന്നുവെങ്കിൽ ശ്രീകൃഷ്‌ണൻ കാർമേഘവർണ്ണനായിരുന്നു.

ദേവകിയുടെ ആറ്‌ ശിശുക്കളെയും കംസൻ കൊന്നുകളഞ്ഞു. ദേവകി ഏഴാമതും ഗർഭം ധരിച്ചു. ആ ഗർഭത്തെ യോഗമായാദേവി വസുദേവരുടെ തന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക്‌ മാറ്റി. ദേവകിയുടെ ഗർഭം അലസിപ്പോയതായി വാർത്തയും പരന്നു. രോഹിണി പ്രസവിച്ച ആ ശിശുവാണ്‌ ബലരാമൻ. ദേവകിയുടെ ഗർഭത്തിൽ നിന്ന് വേർപ്പെടുത്തി രോഹിണിയുടെ ഗർഭത്തിലേക്ക് സന്നിവേശിപ്പിച്ചതിനാലാണ് ആ കുഞ്ഞിന് സംഘർഷണൻ എന്ന പേര് ലഭിച്ചത്.

മേടമാസത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന വൈശാഖമാസ ശുക്ലപക്ഷ തൃതീയ ദിവസമായിരുന്നു മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി ബലരാമൻ അവതരിച്ചത്.[2]

ബലരാമന് രണ്ട് വയസ്സുള്ളപ്പോഴാണ് ശ്രീകൃഷ്ണൻ അമ്പാടിയിലേക്ക് എത്തുന്നത്. മെത്തയിൽ കിടന്ന് കാൽവിരൽ കുടഞ്ഞ് കൃഷ്ണൻ ചിരിക്കുമ്പോൾ ബലരാമൻ തൻ്റെ കുഞ്ഞു കൈകൾ കൊണ്ട് അനുജനെ തൊടാൻ ശ്രമിക്കുമായിരുന്നു. അമ്പാടിയിലെ കൃഷ്‌ണൻ്റെ എല്ലാ കുസൃതികൾക്കും കൂട്ട് ബലരാമനായിരുന്നു.

തങ്ങളെ വധിക്കാൻ കംസൻ അയച്ച അസുരന്മാരെയെല്ലാം രാമകൃഷ്‌ണന്മാർ വകവരുത്തി. മാതുലൻ്റെ ധനുർയാഗത്തിൽ പങ്കെടുക്കാനായി മഥുരയിൽ എത്തിയ ഇരുവരും മല്ലയുദ്ധത്തിൽ കംസനെ വധിച്ച് തങ്ങളുടെ മാതാപിതാക്കളെ തടവറയിൽ നിന്നും മോചിപ്പിക്കുന്നു. കംസൻ്റെ ഭാര്യാപിതാവും മഗധയിലെ രാജാവുമായ ജരാസന്ധൻ പതിനേഴ് തവണ മഥുരയെ ആക്രമിച്ചു. ബലരാമൻ ജരാസന്ധനെ പിടിച്ച് ചങ്ങലയിൽ ബന്ധിച്ചെങ്കിലും ശ്രീകൃഷ്‌ണൻ്റെ നിർദേശ പ്രകാരം പിന്നീട് വെറുതെ വിടുകയായിരുന്നു.

രേവതിയാണ് ബലഭദ്രൻ്റെ പത്നി. കാർഷിക വൃത്തിയിൽ പൂർണ്ണമായും മുഴുകിയ ബലരാമൻ്റെ ആയുധം കലപ്പയായിരുന്നു. ഗദായുദ്ധത്തിലും ഇദ്ദേഹം നിപുണനായിരുന്നു.

കൃഷിയുടെ സൗകര്യത്തിനായി കാളിന്ദിയെ കലപ്പ കൊണ്ട് ഉഴുത് ഗതി മാറ്റിയതായി പുരാണങ്ങളിൽ പറയുന്നു. പകൽ മുഴുവൻ പാടത്ത് പണിയെടുത്ത് അന്തിയാവുമ്പോൾ അദ്ദേഹത്തിന് തെങ്ങിൻ കള്ള് കുടിക്കുന്ന പതിവുണ്ടായിരുന്നത്രെ.

ബലരാമൻ്റെ അസാമാന്യമായ ഗദായുദ്ധ പാടവം കേട്ടറിഞ്ഞ് ഹസ്തിനപുരത്തെ രാജകുമാരന്മാരായ ദുര്യോധനനും ഭീമനും ദ്വാരകയിലെത്തി അവൻ്റെ ശിഷ്യരായി. ദുര്യോധൻ്റെ കഠിനാധ്വാനവും ഗദ കൈകാര്യം ചെയ്യുന്നതിലെ അച്ചടക്കവും ബലരാമനെ ഏറെ ആകർഷിച്ചു.

ബലരാമൻ തൻ്റെ സഹോദരിയെ ദുര്യോധനന് വിവാഹം കഴിച്ചുകൊടുക്കാൻ ആഗ്രഹിച്ചു. എന്നാൽ കൃഷ്ണൻ്റെ സഹായത്തോടെ അർജുനൻ സുഭദ്രയെ ദ്വാരകയിൽ നിന്നും കടത്തികൊണ്ട് പോയി. ഇതറിഞ്ഞ ബലരാമൻ അർജുനനെ വധിയ്ക്കാൻ പുറപ്പെട്ടു. ശ്രീകൃഷ്ണൻ ഇടപ്പെട്ട് അർജുനൻ്റെ വീര്യത്തെക്കുറിച്ചും അവർ തമ്മിലുള്ള പ്രണയത്തെക്കുറിച്ചും അറിയിച്ചപ്പോൾ ബലരാമൻ സന്തോഷത്തോടെ അവരെ അനുഗ്രഹിച്ചു.

ഒരിക്കൽ ശ്രീകൃഷ്‌ണപുത്രനായ സാംബനെ കൗരവർ തടവിലാക്കി. ഇതറിഞ്ഞ് കോപിച്ച ബലരാമൻ ഹസ്തിനപുരിയിൽ ചെന്ന് സാംബനെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കൗരവർ അവനെ അപമാനിച്ചു. ക്രുദ്ധനായ ബലരാമൻ കലപ്പ നിലത്ത് കുത്തി ഹസ്തിനപുരത്തെ മുഴുവനായി ഗംഗയിലേക്ക് വലിച്ച് താഴ്ത്താൻ തുടങ്ങി. ഭയന്നുപോയ കൗരവർ ബലരാമൻ്റെ കാലിൽ വീണ് മാപ്പ് ചോദിച്ചു.

മഹാഭാരതയുദ്ധം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ബലരാമൻ വലിയ പ്രതിസന്ധിയിലായി. തൻ്റെ അനുജനായ ശ്രീകൃഷ്‌ണൻ പാണ്ഡവ പക്ഷത്തായിരുന്നു. തൻ്റെ പ്രിയ ശിഷ്യനായ ദുര്യോധനനാകട്ടെ കൗരവപക്ഷത്തും. ആ മഹായുദ്ധത്തിൽ ഭാഗമാകാൻ മനസ്സ് വരാതെ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ബലരാമൻ തീത്ഥാടനത്തിന് പോകുന്നു. യുദ്ധത്തിൽ പങ്കെടുത്തിരുന്നുവെങ്കിൽ ദുര്യോധനനെ അധർമ്മത്തിലൂടെ വധിക്കാൻ ബലരാമൻ അനുവദിക്കില്ലായിരുന്നു. അങ്ങനെയെങ്കിൽ മഹാഭാരതയുദ്ധത്തിന്റെ പരിണാമം മറ്റൊന്നാകുമായിരുന്നു.

ഗാന്ധാരിയുടെ ശാപത്താൽ യാദവകുലം തമ്മിൽ തല്ലിമരിച്ചു. ഇതുകണ്ട്‌ മനംനൊന്ത ബലരാമൻ ഒരു മരച്ചുവട്ടിൽ ധ്യാനിച്ചിരുന്നു. അല്പം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വായിൽ നിന്നും ഒരു വെളുത്ത സർപ്പം പുറത്തുവന്നു. സാക്ഷാൽ ആദിശേഷൻ തൻ്റെ മനുഷ്യരൂപം വെടിഞ്ഞ് സമുദ്രത്തിലേക്ക് മടങ്ങുകയായിരുന്നു. സമുദ്രദേവനും മറ്റ് നാഗരാജക്കന്മാരും വന്ന് ആദിശേഷനെ സ്വീകരിച്ച് പാതാളത്തിലേക്ക് ആനയിച്ചു. തൊട്ടുപിന്നാലെ കൃഷ്‌ണനും തൻ്റെ അവതാരം അവസാനിപ്പിച്ചു.

അവലംബങ്ങൾ

[തിരുത്തുക]
  1. http://www.janmabhumidaily.com/jnb/%E0%B4%AC%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%A8%E0%B5%8D%E2%80%8D[പ്രവർത്തിക്കാത്ത കണ്ണി]
  2. "Akshaya Tritiya Mythology". Archived from the original on 2017-05-04. Retrieved 2017-04-26.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബലരാമൻ&oldid=4652523" എന്ന താളിൽനിന്ന് ശേഖരിച്ചത്