രാധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Radha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹൈന്ദവപുരാണങ്ങൾ പ്രകാരം ശ്രീകൃഷ്ണന്റെ ബാല്യകാലസഖിയും പ്രണയിനിയുമാണ് രാധ അഥവാ രാധാറാണി (ദേവനാഗരി: राधा) , ഫലകം:IAST3), . മഹാലക്ഷ്മിയുടെ അവതാരമായാണ് രാധാറാണിയെ കണക്കാക്കുന്നത്. ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമായാണ് രാധാകൃഷ്ണ പ്രണയത്തെ കണക്കാക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ആത്മാർഥ പ്രണയത്തിന്റെ ഭഗവതിയാണ് രാധാറാണി. രാധയെ ആരാധിച്ചാൽ നല്ല പ്രണയം ലഭിക്കുമെന്നും വിശ്വാസമുണ്ട്.

രാധ
സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ഭക്തിയുടെയും ദേവി
Radharani3.jpg
Other namesലക്ഷ്മി, മാധവപ്രീയ, വൃന്ദാവനേശ്വരി, രാസേശ്വരി,

ശ്യാമ, രാധിക, പ്രീയ,

കൃഷ്ണ
Devanagariराधा
Sanskrit transliterationRādhā
Tamil transliterationராதா
Abodeഗോലോകം , ബർസാന , വൃന്ദാവനം , ബ്രാജ് , വൈകുണ്ഠം
Mantraഓം വൃഷഭാനുജയ്യ വിദ്മഹേ കൃഷ്ണപ്രിയായ ധീമഹി തന്നോ രാധാ പ്രാചോദയാത്
Textsബ്രഹ്മവൈവർത്ത പുരാണം , ദേവി-ഭാഗവത പുരാണം , പത്മ പുരാണം , ഭാഗവത പുരാണം , ചൈതന്യ ചരിതാമൃതം , ശ്രീകൃഷ്ണ കർണാമൃതം , ജഗന്നാഥ വല്ലഭ നാടകം , ഗീത ഗോവിന്ദം
Festivalsരാധാഷ്ടമി , ഹോളി , ഗോപാഷ്ടമി , കാർത്തിക പൂർണിമ
Parentsവൃഷഭാനു (അച്ഛൻ)
കീർത്തി ദേവീ (അമ്മ)
Consortകൃഷ്ണൻ ( പ്രണയിതാവ് ) , അയൻ / അഭിമന്യു ( ഭർത്താവ് )
രാധ-മുഗൾ കാലഘട്ടത്തിലെ ഒരു പെയിന്റിംഗ്

ഹിന്ദുമതത്തിൽ, പ്രത്യേകിച്ച് വൈഷ്ണവിസത്തിൽ പ്രചാരത്തിലുള്ള ഒരു ദേവിയാണ് രാധ . റാവലിൽ ജനിച്ച രാധ പിന്നീട് ബർസാനയിലേക്ക് മാറി . എല്ലാ ഗോപികമാരുടെയും മുഖ്യയായിരുന്നു രാധ . വൈഷ്ണവിസം പ്രകാരവും ഭഗവതവും പത്മപുരാണവും പ്രകാരം അവൾ ശ്രീകൃഷ്ണന്റെ കാമുകിയും പ്രണയിതാവും ഭാര്യയുമാണ് . ശ്രീകൃഷ്ണനിൽ സ്വയം സമർപ്പിച്ച ഭക്തിയുടെ പ്രതീകമാണ് രാധ . രാധയുടെ ജന്മദിനമായ ഭാദ്ര മാസത്തിലെ ശുക്ലപക്ഷ അഷ്ടമി രാധാഷ്ടമിയായി ആഘോഷിക്കപ്പെടുന്നു. ഗോലോകത്തിൽ ശ്രീകൃഷ്ണ പത്നിയായും രാധാറാണി വിശ്വസിക്കപ്പെടുന്നു.

രാധ കൃഷ്ണന്മാർ

രാധയുടെ ജനനം[തിരുത്തുക]

ഹിന്ദുമത വിശ്വാസമനുസരിച്ച്, യാദവ മുഖ്യനും ബർസാനയുടെ മുഖ്യനുമായ വൃഷഭാനുവിന്റേയും കീർത്തിയുടേയും മകളായി രാധ ജനിച്ചത് ഭാദ്ര പദമാസത്തിലെ ശുക്ലാഷ്ടമീ ദിവസം പ്രഭാതത്തിൽ തൃക്കേട്ട നക്ഷത്രത്തിന്റെ ചതുർത്ഥ പാദത്തിൽ ഗോകുലത്തിലെ ബർസാനയിലാണ്. മഹാലക്ഷ്മി കാറ്റിൻറെ രൂപത്തിൽ വൃഷഭാനുവിൻറെ ഭാര്യയുടെ ഗർഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ രാധ എന്ന പെൺകുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്. രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗർഭഗൃഹത്തിലാണ് എന്നാണ് വിശ്വാസം. രാധയ്ക്ക് കൃഷ്ണനേക്കാൾ പന്ത്രണ്ട് മാസം പ്രായം കൂടുതലാണ്, അതല്ല ആറോ ഏഴോ വയസ്സ് കൂടുതലാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീകൃഷ്ണൻറെ ദിവ്യ പ്രണയിനി ആയതിനാൽ അദ്ദേഹത്തിൻറെ മുഖം ദർശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല എന്നും ഇക്കാരണത്താൽ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി എന്നും പിന്നീട് ശ്രീകൃഷ്ണ ദർശനത്തിനു ശേഷമാണ് രാധ കണ്ണുതുറന്നത് എന്നുമൊക്കെയാണ് പുരാണങ്ങളിൽ പറയുന്നത്.

വിരജ എന്ന ഗോപസ്ത്രീ ശ്രീകൃഷ്ണ സഖിയായി ഗോലോകത്ത് വസിച്ചിരുന്നു. ഗോവിന്ദനോടുള്ള സംഗമത്തിൽ മൂർച്ചിതയായ അവളെ രാസമണ്ഡലത്തിൽ വച്ച് രാധ കണ്ടു. കോപംപൂണ്ട രാധ കൃഷ്ണനെ നിന്ദിച്ചു സംസാരിച്ചു. അപ്പോൾ സുദാമാവ് രാധയെ ശപിച്ചു. മനുഷ്യ സ്ത്രീ ആയി ജനിച്ച് വിരഹ ദുഃഖം അനുഭവിക്കട്ടെ എന്നായിരുന്നു ശാപം. രാധ സുദാമാവിനെയും ശപിച്ചു. അസുരൻ ആയി ജനിക്കട്ടെ എന്നതായിരുന്നു ശാപം. അതാണ് ശംഖചൂഡൻ എന്ന അസുരൻ. രാധ, വിരജ എന്ന ശ്രീകൃഷ്ണ സഖിയെയും അപ്പോൾ ശപിച്ചു. മനുഷ്യസത്രീയായിത്തീരട്ടെ എന്നായിരുന്നു ശാപം.

രാധയും കൃഷ്ണനും

വൃന്ദാവനവും പ്രണയവും[തിരുത്തുക]

രാധാമാധവം - രാജാരവിവർമയുടെ ചിത്രം

ബ്രാജിലെ ഏറ്റവും അനുഗൃഹീത സ്ഥലമായും , രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണൻറെയും രാധയുടെയും പ്രണയം പൂവിട്ടത് . ഇവിടെ അവർ പല ലീലകളിലുമേർപ്പെട്ടു . പണ്ട് കാളിയനെ വധിക്കാൻ വേണ്ടി കൃഷ്ണൻ കാളിന്ദിയിലേക്കു ഇറങ്ങിയപ്പോൾ എല്ലാ ഗോപികമാരും കൃഷ്ണനെ ഓർത്തു ദുഖിച്ചെങ്കിലും രാധ മാത്രമാണ് കൃഷ്ണന് വേണ്ടി സ്വന്തം ജീവൻ പോലും വെടിയാൻ തയാറായത് . യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത് .

പകിട കളിക്കുന്ന രാധാകൃഷ്ണന്മാർ

എന്നാൽ സമയം വന്നു ചേർന്നപ്പോൾ സുദാമയുടെ/ശ്രീ ധാമന്റെ ശാപം യാഥാർത്ഥ്യമായി . കൃഷ്ണൻ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു . അവിടം വിടുന്നതിന് മുമ്പ് കൃഷ്ണൻ പോയാലും കരയില്ലെന്ന് രാധ വാക്കു നൽകി .

രാധയ്ക്ക് കൃഷ്ണനെ പരിചയപ്പെടുത്തുന്നു - രാജാ രവിവർമ്മ വരച്ച ചിത്രം
രാധാകൃഷ്ണന്മാർ ക്രീഡാ ലീലകളിൽ

രാസലീല[തിരുത്തുക]

രാസലീല

ഒരു രാത്രി വൃന്ദാവനത്തിലെ ഗോപികമാർ , കൃഷ്ണന്റെ പുല്ലാങ്കുഴൽ ശബ്ദം കേട്ട് , അവരുടെ വീടുകളിൽ നിന്നും പുറത്തിറങ്ങുകയും രാത്രി മുഴുവൻ കൃഷ്ണനോടൊപ്പം നൃത്തം ചെയ്യുകയും ചെയ്തു എന്ന പുരാണ കഥയാണ് രാസലീല എന്ന നൃത്താവിഷ്‌ക്കാരത്തിന് നിദാനമായത് . കൃഷ്ണ ഭക്തി പാരമ്പര്യങ്ങളിൽപെട്ട വിനോദങ്ങളിൽ ഏറ്റവും ആകർഷകവുമായ ഒന്നാണ് രാസലീല .

രാസലീല - ഒരു ചിത്രം


നമുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നുമെങ്കിലും ഇവിടെയുള്ളവരുടെ വിശ്വാസമനുസരിച്ച് രാത്രികാലങ്ങളിൽ കൃഷ്ണൻ ഇവിടെ രാസലീലയാടുവാൻ വൃന്ദാവനിലെ നിധിവൻ എന്ന സ്ഥലത്താണ് എത്തുന്നത് . തന്റെ ഏറ്റവും പ്രിയപ്പെട്ട രാധയോടും മറ്റു ഗോപികമാരോടുമൊപ്പം പുലരുവോളം നൃത്തം ചെയ്തും ആഹ്ളാദിച്ചുമൊക്കെ പുലർച്ചെയാകുമ്പോഴേയ്ക്കും കൃഷ്ണൻ മടങ്ങുമത്രെ .

യമുന തീരത്തെ മഹാരാസലീല

കൃഷ്ണൻ രാസലീലയ്ക്ക് എത്തുന്നുണ്ട് എന്നതിനു പല തെളിവുകളും ഉണ്ട് . അതിലൊന്ന് ഇവിടുത്തെ രംഗമഹലാണ് . എന്നും ഒരു ചന്ദനക്കട്ടിൽ കൃഷ്ണനായി ഇവിടെ ഒരുക്കി വയ്ത്ക്കാറുണ്ടത്രെ . വെള്ളിയുടെ ഗ്ലാസിൽ വെള്ളവും സമീപത്ത് വെറ്റിലയും അടുക്കി വയ്ക്കും പിന്നീട് രാവിലെ പൂജാരി ഇവിടെ എത്തി നോക്കുമ്പോൾ ഗ്ലാസിലെ വെള്ളവും വെറ്റിലയും കാണില്ല എന്നു മാത്രമല്ല , കട്ടിലിൽ ആരോ കിടന്നപോലെയായിരിക്കുകയും ചെയ്യും . ഇത് കൂടാതെ ഇവിടുത്തെ മരങ്ങളുടെ രൂപവും ഇങ്ങനെയൊരു കഥയാണ് പറയുന്നത് . സാധാരണ ഗതിയിൽ മരങ്ങളുടെ ചില്ലകൾ മുകളേക്കാണല്ലേോ വളരുന്നത് . എന്നാൽ ഇവിടെ കെട്ടുപിണഞ്ഞു കിടക്കുന്ന രീതിയിൽ മരങ്ങൾ താഴേക്കാണത്രെ വളരുന്നത് . കാരണം രാത്രിയിൽ ഗോപികമാരായി മാറി നൃത്തത്തിനിടയിൽ ഇങ്ങനെ രൂപമാകുന്നതാണത്രെ . മാത്രമല്ല, ഇവിടുത്തെ തുളസിച്ചെടികൾ ജോഡികളായാണ് കാണപ്പെടുന്നതും .

രാജസ്ഥാനിൽ നിന്നുള്ള പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു പെയിന്റിംഗിൽ കൃഷ്ണനും രാധയും നൃത്തം ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

ഭഗവത പുരാണം പോലുള്ള ഹിന്ദു വേദഗ്രന്ഥങ്ങളിലും ഗീത ഗോവിന്ദം പോലുള്ള സാഹിത്യങ്ങളിലും വിവരിച്ചിരിക്കുന്ന കൃഷ്ണന്റെ പരമ്പരാഗത കഥയുടെ നൃത്താവിഷ്ക്കാരമാണ് രാസലീല. [1] ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽ കൃഷ്ണ ജന്മഷ്ടമി, ഹോളി എന്നീ ഉത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന ഒരു ജനപ്രിയ രൂപം കൂടിയാണ് രാസലീല. [2]

യമുന തീരത്തെ മഹാരാസലീല-ഒരു പെയിന്റിംഗ്

ദ്വാരകയിലേക്കു തിരിക്കും മുൻപ് ഗോപികമാർ കൃഷ്ണനെ രാസ നൃത്തത്തിനു ക്ഷണിക്കുകയും . കൃഷ്ണഭഗവാൻ അതിനു പോവുകയും ചെയ്തു . അവിടെ എത്തിയ കൃഷ്ണന്റെ മനസു മുഴുവൻ രാധ ആയിരുന്നു . അദ്ദേഹം നൃത്തത്തിനിടയിൽ രാധയെ കാണാൻ വേണ്ടി പോയി . കൃഷ്ണന് വേണ്ടി ആടിയിരുന്ന ഗോപികമാർ നൃത്തം അവസാനിപ്പിച്ചു കൃഷണനെ തേടാൻ ആരംഭിച്ചു . ഇത് മനസിലാക്കിയ കൃഷ്ണൻ ഓരോ ഗോപികകും കൂടെ തൻറെ രൂപത്തിൽ ആടി തുടങ്ങി . എന്നാൽ ഈ സമയമെല്ലാം അദ്ദേഹം രാധയുമായ് സല്ലപിച്ചു കൊണ്ടിരുന്നു രാധയ്ക്ക്ക്ക് അറിയാമായിരുന്നു ഇത്രയും ഗോപികമാർ കൃഷ്ണനും ചുറ്റും ഉണ്ട്നെകിലും എന്നും താൻ തൻറെ കണ്ണന് പ്രിയപ്പെട്ടവൾ ആണ് എന്ന് . അതുകൊണ്ടു തന്നെ അവൾ സന്തുഷ്ട ആയിരുന്നു . അതുപോല്ലേ ദ്വാരകയിലേക്കു പോവുന്ന കൃഷ്ണൻ ഇനി ഒരിക്കലും തിരികെ വരില്ല, ഒരിക്കലും ഇനി ആ സാമീപ്യം അനുഭവിക്കുകയില്ല എന്നും അറിയാമായിരുന്നു . എല്ലാം അറിഞ്ഞു കൊണ്ട് തന്നെ രാധ കൃഷ്ണനെ സ്നേഹിച്ചിരുന്നതും . രാധാകും കൃഷ്ണനും ഇടയിൽ ഉണ്ടായിരുന്നത് ആത്മബന്ധം ആയിരുന്നു .ഇനിയുള്ള നാളുകൾ തമ്മിൽ കാണാതെ ഒന്നും തന്നെ പരസ്പരം അറിയാതെ ജീവിച്ചാലും എനിക്കു വേണ്ടി നീയും നിനക്ക് വേണ്ടി ഞാനും ഉണ്ട് എന്ന് പറയാതെ മനസിലാകുന്ന ഒരു ബന്ധം .

ഹോളി[തിരുത്തുക]

രാധാകൃഷ്ണന്മാർ ഹോളിയാഘോഷത്തിൽ

കൃഷ്ണന്റെ ബാലലീലകളോടും ഹോളിയുടെ പുരാവൃത്തം ബന്ധപ്പെട്ടിരിക്കുന്നു . പൂതന നൽകിയ വിഷം പുരട്ടിയ മുലപ്പാൽ കുടിച്ച ശേഷമാണ് ഉണ്ണിക്കണ്ണൻ കറുത്തു പോയതെന്നാണ് സങ്കല്പം . തന്റെ നിറം കറുത്തു പോയതിനാൽ വെളുത്തനിറമുള്ള രാധയും തോഴിമാരും തന്നോട് കൂട്ടൂകൂടുമോ എന്നോർത്ത് ഉണ്ണിക്കണ്ണൻ ഭയപ്പെട്ടു . ഇക്കാര്യം അമ്മ യശോദയോട് കണ്ണൻ പറഞ്ഞു . അതുകേട്ട് ചിരിച്ച യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു . രാധയുടെ ദേഹത്ത്‌ കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്‌ . നിറമെടുത്ത് പരസ്പരംതേച്ചുകളിച്ചാണ് രാധ , കൃഷ്ണന്റെ പ്രിയസഖിയായി മാറിയത്. അതിന്റെ ഓർമപുതുക്കലത്രേ ഹോളി .

വേറൊരു തരം ഹോളിയാണ് ലത്മാർ ഹോളി . ഉത്തർ പ്രദേശിൽ മഥുരയിലെ ബർസാനയിലും വൃന്ദാവനത്തിലും നടക്കുന്ന ആഘോഷങ്ങളാണ് ലത്മാർ ഹോളി എന്നറിയപ്പെടുന്നത് . ഐതിഹ്യങ്ങളനുസരിച്ച് കൃഷ്ണൻ തൻറെ പ്രണയിതാവായ രാധയുടെ ഗ്രാമത്തിലേക്ക് വരുന്ന ദിവസമാണത്രെ ഇത് . വരുന്ന വഴി കൃഷ്ണനും കൂട്ടുകാരും ചേർന്ന് രാധയെയും സുഹൃത്തുക്കളെയും കളിയാക്കുവാനും മറ്റും തുടങ്ങി . അപ്പോൾ കൂട്ടുകാരായ യുവതികൾ അവിടെ കിടന്നിരുന്ന ചുള്ളിക്കമ്പുകളും മറ്റുമെടുത്ത് കൃഷ്നനെയും മറ്റും പേടിപ്പിച്ചുവത്രെ . അതിന്റെ ഓർ‍മ്മയ്ക്കായാണ് ഇവിടെ ലത്മാർ ഹോളി എന്ന പേരിൽ ഹോളി ആഘോഷിക്കുന്നത് .

രാധയുടെ വിവാഹം[തിരുത്തുക]

കൃഷ്ണനെക്കാൾ ആറോ ഏഴോ വയസ്സ് കൂടുതലുണ്ടായിരുന്നത്രേ രാധയ്ക്ക് . അയൻ എന്ന വിളിപ്പേരുള്ള അഭിമന്യു എന്ന ഗോപാലയുവാവിന്റെ പത്നിയായിരുന്നു രാധയെന്ന ഗോപിക . അയന്റെ ബന്ധുകൂടിയായ കണ്ണനെ അവൾ ഗോകുലത്തിൽ കണ്ടുമുട്ടുകയായിരുന്നു . പീതാംബരവും പീലിത്തിരുമുടിയും വനമാലയും ചാർത്തിയ കാർവർണ്ണനായ ആ ഗോകുലബാലനോട് , വിവാഹിതയും അനപത്യയുമായൊരു കുടുംബിനിക്കു തോന്നിയ സഹജമായ വാത്സല്യമായിരുന്നു കണ്ണനെയും രാധയെയും തമ്മിൽ ചേർത്തുനിർത്തിയതെന്നു വാദിക്കുന്നവരും ഇല്ലാതില്ല . ആ വാദത്തെ മുഖവിലക്കെടുക്കാനാവുന്നില്ല എന്നതാണു യാഥാർത്ഥ്യം .

ഭഗവതത്തിലോ പുരാണങ്ങളിലോ രാധയും അയനും കഥാപാത്രങ്ങളേയല്ലത്രേ ! ഭാരതത്തിന്റെ പലഭാഗങ്ങളിൽ ഭഗവതസംബന്ധിയായി രചിക്കപ്പെട്ട കൃതികളിലാണ് ഈ കഥാപാത്രങ്ങളുള്ളത് . മദ്ധ്യകാലഘട്ടത്തിൽ വിരചിതമായ 'പദാവലി'കളിലാണ് രാധ കൂടുതൽ വ്യക്തതയോടെ പ്രത്യക്ഷപ്പെടുന്നത് . വിദ്യാപതി , ഗോവിന്ദദാസ് , ചാന്ദിദാസ് , ജയദേവൻ - ഇവരുടെയൊക്കെ കൃതികളിൽ അഗാധമായ രാധാകൃഷ്ണപ്രണയത്തിന്റെ ഉദാത്തഗീതികൾ വായിച്ചെടുക്കാനാവും . പതിനാലാം നൂറ്റാണ്ടിൽ വിദ്യാപതി രചിച്ച 'പദാവലി' കാവ്യത്തിലാണ് അയനും രാധയുമായുള്ള അത്യപൂർവ്വമായൊരു ബന്ധത്തിന്റെ കഥ പറയുന്നത് .

അഭിമന്യുവിന്റെ ഓമനപ്പേരായിരുന്നു അയൻ . ( ഇത് അർജ്ജുനപുത്രൻ അഭിമന്യു അല്ല ) . ഗോകുലത്തിനടുത്ത ഗ്രാമമായിരുന്ന ജാരാത്തിലായായിരുന്നു അയൻ ജനിച്ചത് . ഗോകുലത്തിലെ യശോദയുടെ അമ്മാവനായിരുന്ന ഗോലയുടെയും ജടിലായുടെയും പുത്രൻ . പിതാവിനെപ്പോലെതന്നെ അയനും ഒരുഗോപാലനായാണ് വളർന്നത് . പക്ഷേ അയൻ കറകളൊഞ്ഞൊരു കാളീഭക്തനായിരുന്നു . ജനിച്ചതു പുരുഷനായിട്ടായിരുന്നെങ്കിലും പൗരുഷമില്ലാത്തവനായിരുന്നു അയൻ . ലൗകികസുഖങ്ങളിലൊന്നും താല്പര്യമില്ലാതിരുന്ന അയൻ സദാസമയവും കാളീപൂജകളിലും പ്രാർത്ഥനകളിലും മുഴുകിയിരുന്നു .

ബന്ധുവായ യശോദയുടെ ഭർത്താവ് നന്ദഗോപരായിരുന്നു ആ ദേശത്തിന്റെ രാജാവ് . നന്ദമഹാരാജനാണ് അയന്റെയും രാധയുടെയും വിവാഹം നടത്തിക്കൊടുത്തത് . നിർഭാഗ്യവശാൽ ആ ദമ്പത്യത്തിന് അത്രമേൽ ഊഷ്മളമായൊരു സ്നേഹബാന്ധവം ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ . അവർക്കു കുഞ്ഞുങ്ങളുമുണ്ടായിരുന്നില്ല . രാധയുടെ കൃഷ്ണനോടുള്ള ചങ്ങാത്തത്തിന് അയൻ ഒരിക്കലും ഒരു തടസ്സമായി നിന്നിരുന്നുമില്ല . കൂടുതൽ സമയവും രാധ കൃഷ്ണനൊപ്പം രാസലീലകളാടിക്കഴിഞ്ഞതും അയനെ തെല്ലും അലോസരപ്പെടുത്തിയതുമില്ല . എത്രമേൽ ഗാഢമായിരുന്നു രാധാ-കൃഷ്ണപ്രണയമെങ്കിലും ഒരുനാൾ രാധയെ അതിതീവ്രമായ വിരഹദുഃഖത്തിന്റെ സാഗരമദ്ധ്യത്തിലുപേക്ഷിച്ച് കൃഷ്ണനു വൃന്ദാവനം വിട്ടു ദ്വാരകയിലേക്കു പോകേണ്ടിവന്നു - പിരിയുംമുമ്പ് തന്റെ പ്രണയത്തിന്റെ നിത്യപ്രതീകമായി കണ്ണൻ താൻ സന്തതസഹചാരിയായ കൊണ്ടുനടന്നിരുന്ന പുല്ലാങ്കുഴൽ അവൾക്കു സമ്മാനിച്ചു . ഒരുപക്ഷേ വേർപാടിന്റെ ആ കഠിനവ്യഥയിൽനിന്നു കരകയറാനാവാതെ കാളിന്ദിയുടെ കാണാക്കയങ്ങളിലേക്കാണ്ടുപോകുമായിരുന്ന രാധയെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തിയത് അയന്റെ സന്ദർഭോചിതമായ സ്നേഹവായ്‌പും കരുതലും മാത്രമായിരുന്നു . അനപത്യദുഃഖമറിഞ്ഞുതന്നെ ദീർഘകാലം അവർ ഒന്നിച്ചുജീവിച്ചുവെങ്കിലും , കൃഷ്ണൻ പതിനാറായിരത്തെട്ടു പത്നിമാരെ സ്വീകരിച്ചങ്കിലും , രാധയിൽനിന്നു കൃഷ്ണനോ കൃഷ്ണനിൽനിന്നു രാധയ്‌ക്കോ വേർപെടാനാകുമായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം . അതിനു തെളിവെന്നവണ്ണം ഒരു സംഭവവും വിവരിക്കുന്നുണ്ട് .

കണ്ണനെക്കാണാനുള്ള ഉൽക്കടവാഞ്ഛയുമായി ഒരിക്കൽ രാധ ദ്വാരകയിലെത്തിയത്രേ . അഗാധമായ രാധാകൃഷ്ണപ്രണയത്തിന്റെ കഥകൾകേട്ടു രാധയോട് അസൂയതോന്നിയ കൃഷ്ണപത്നിമാർ അതുപ്രകടമാക്കിയത് പൊള്ളുന്ന ഭക്ഷണം അവൾക്കു കൊടുത്തുകൊണ്ടായിരുന്നു . വിശന്നുവലഞ്ഞിരുന്ന അവൾ അതൊക്കെ അതിവേഗം ഭുജിച്ചു . കൃഷ്ണപത്നിമാർ അത്ഭുതപരതന്ത്രരായി . എന്തുകൊണ്ടായിരിക്കും ഇവൾക്ക് പൊള്ളലേൽക്കാത്തതെന്നവർ അതിശയിച്ചു . കൃഷ്ണനെ സമീപിച്ച അവർക്കു കാണാൻ കഴിഞ്ഞത് കാലിൽ പൊള്ളലിന്റെ നീറ്റലുമായി പുളയുന്ന കൃഷ്ണനെയാണ് . രാധയാനുഭവിക്കേണ്ടിയിരുന്ന വേദന മുഴുവനറിഞ്ഞത് കൃഷ്ണനായിരുന്നു . പക്ഷേ അവർ അപ്പോഴും പരസ്പരം കണ്ടതേയില്ല . രാധ കണ്ണനെക്കാണാതെതന്നെ ഗോകുലത്തിലേക്കു മടങ്ങിപ്പോയി .

പുരാണങ്ങളിലെ ഏതൊരാവസ്ഥാവിശേഷത്തിനുപിന്നിലും ഏതെങ്കിലുമൊക്കെ ശാപങ്ങളുടെയോ , തപസ്സ് ചെയ്തു നേടിയ വരങ്ങളുടെയോ ഒക്കെ പിൻബലമുള്ളൊരു കഥയുണ്ടാവുമല്ലോ . ഇവിടെയുമുണ്ട് അത്തരമൊരു കഥ . അഭിമന്യു എന്ന അയൻ തന്റെ പൂർവ്വജന്മത്തിൽ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി അതികഠിനമായൊരു തപസ്സ് ചെയ്തു . ഒടുവിൽ തപസ്സ് അഗ്നികുണ്ഠത്തിനുമുകളിലായപ്പോൾ വിഷ്ണു പ്രത്യക്ഷനായി . പക്ഷേ അയൻ ചോദിച്ച വരം മഹാലക്ഷ്മിയെ തനിക്കു പത്നിയായി ലഭിക്കണമെന്നതായിരുന്നു . അതസാധ്യമാണെന്നും എക്കാലവും ലക്ഷ്മി തന്റെ ജീവിതസഖിയാണെന്നും വിഷ്ണു അയനെ അറിയിച്ചു . പക്ഷേ അയാൾ തന്റെ ആവശ്യത്തിൽനിന്നു പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ , ദ്വാപരയുഗത്തിൽ തൻ കൃഷ്ണാവതാരമെടുക്കുമ്പോൾ മഹാലക്ഷ്മി രാധയായി അവതരിക്കുമെന്നും അയന്റെ പത്നിയാകുമെന്നും വരം നൽകി . ഒന്നുകൂടി മഹാവിഷ്ണു സൂചിപ്പിച്ചു , ആ ജന്മത്തിൽ അഭിമന്യു ഒരു നപുംസകമായിരിക്കുമത്രേ ! അത് അനർഹമായത് ആഗ്രഹിച്ചതിനുള്ള ശിക്ഷയായാണോ എന്നു വ്യക്തമല്ല .

രാധയും കൃഷ്ണനും വിവാഹം കഴിച്ചതായും ചില കൃതികളിൽ പരാമർശമുണ്ട് . അത് ബ്രഹ്മാവിന്റെ ഒരു കുസൃതിയുടെ ബാക്കിപത്രമാണ് . ഗോകുലത്തിൽ കാലിമേച്ചുകഴിയുന്ന കൃഷ്ണൻ മഹാവിഷ്ണുവിന്റെ അവതാരം തന്നെയാണോ എന്ന് ബ്രഹ്മാവിന് സംശയം തോന്നി . അതൊന്നു തെളിയിക്കാനായി അദ്ദേഹമൊരു സൂത്രം പ്രയോഗിച്ചു. കാനനമധ്യേ കാലിമേച്ചുനടന്നിരുന്ന ഗോപബാലകരെ മുഴുവൻ അപഹരിച്ചുകൊണ്ടുപോയി . അക്കൂട്ടത്തിൽ അയൽഗ്രാമത്തിൽനിന്നു കാലിമേക്കാൻവന്ന അയനും ഉണ്ടായിരുന്നു . പക്ഷേ ബ്രഹ്മാവ് അവരെ തിരികെയെത്തിക്കുംവരെ കൃഷ്‌ണൻ അവരുടെയൊക്കെ രൂപത്തിൽ ഓരോരുത്തരുടെയും വീടുകളിലെത്തി ബന്ധുക്കളോടൊപ്പം സസന്തോഷം കഴിഞ്ഞു . അക്കൂട്ടത്തിൽ അയന്റെ വീട്ടിൽ അയനായി ജീവിച്ചു . അക്കാലത്താണ് അയന്റെയും രാധയുടെയും വിവാഹം നടന്നത്. എല്ലാമെല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ !

ഹൃദയം തകർന്ന രാധ[തിരുത്തുക]

കൃഷ്ണൻറെ വിയോഗത്തിൽ പൂർണ്ണമായും ദുഖിതയായി ഹൃദയം തകർന്ന രാധ കൃഷ്ണനെയോർത്ത് കരയില്ലെന്നും കണ്ണീർ പൊഴിക്കില്ലെന്നും വാക്കു നൽകി . തൻറെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരിൽ അറിയപ്പെടുമെന്നും ആളുകൾ കൃഷ്ണന് മുമ്പ് അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണൻ പറയുന്നു . ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവർ പരസ്പരം ആശംസിക്കുമ്പോൾ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും .

കൃഷ്ണനെയും രാധയും അവസാനമായി മുഖാ മുഖം വന്നപ്പോൾ രാധ ഒന്നും തന്നെ പറഞ്ഞില്ല,കൈകൾ വാരിപുണരാൻ നീട്ടിയില്ല , ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി പോലും പൊഴിഞ്ഞില്ല , കണ്ണുകൾ തിളങ്ങിയതുമില്ല .ഒരായിരം ഓർമ്മകൾ തിരയടിച്ചു , അത് കണ്ണുനീർ ജ്വാലകൾ ആയി പുറത്തേക്കു ഒഴുക്കി .രാധ കൃഷ്ണന് വാക്കു കൊടുത്തിരുനു ഒരിക്കലും കൃഷ്‌ണന്റെ പിൽക്കാല ജീവിതത്തിൽ ഒരു തടസമായി താൻ ഉണ്ടാവുകയില്ല എന്ന് .അവൾ അവളുടെ വാക്ക് പാലിക്കുക തന്നെ ചെയ്തു. ഇതെല്ലം അറിയുന്ന കൃഷ്ണൻ ഒന്നും തന്നെ ഊരിയാടിയില്ല . രാധക് കൂടുതൽ ദുഷ്കരമാകുന്ന ഒന്നും തന്നെ കൃഷ്ണൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല .കൃഷ്ണനും രാധയും ശാരീരികമായി വേർപിരിഞ്ഞെങ്കിലും, അവർ അഗാധമായ സ്നേഹത്തിൽ ആയിരുന്നു , ലോകാവസാനം വരെ അത് തുടരും. കൃഷ്ണന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അവൾക്കു വേണ്ടി മാത്രമാണ് എന്നും ,ആ കൺനീരിനു ലോകത്തുള്ള എല്ലാ സമ്പാദ്യത്തെക്കാളും വിലയുണ്ട് എന്നും രാധക് അറിയാമായിരുന്നു . രാധയുടെ ത്യാഗം മൂലം വൃന്ദാവനം എന്നെന്നേക്കുമായി നിലനില്ക്കും എന്ന് കൃഷ്ണനും അറിയാമായിരുന്നു. അനേകം വർഷങ്ങൾക്കു മുമ്പ് ശരിയായ തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇരുവർക്കും ഉറപ്പായിരുന്നു .

കൃഷ്ണൻ പോയ ശേഷം രാധയ്ക്ക് എന്തു പറ്റി ?[തിരുത്തുക]

രാധയും കൃഷ്ണനും

ചടുലവും തീക്ഷ്ണവുമായ , ചിന്താ ശക്തി മുറിപ്പെടുത്താത്ത നിഷ്ക്കളങ്കമനസ്സുള്ളവരാണ് വൃന്ദാവനത്തിലെ ഗോപികമാർ . അവർക്ക് വിദ്യയിലൂടെ അറിവ് ലഭിച്ചിരുന്നില്ല . ഒരു പക്ഷെ , എല്ലാ വിദ്യക്കുമപ്പുറമുള്ള ദൈവികത തന്റെ ഗോപികമാരിലും താൻ വളരുന്ന വൃന്ദാവനത്തിലും നിറഞ്ഞിരുന്നതായി ഭഗവാനനുഭവപ്പെട്ടിരിക്കാം . അവിടെ പ്രഭാതം അതിന്റെ നിഷ്ക്കളങ്കതയോടെ ഉണരുന്നു . ഗോപികമാർ തങ്ങളുടെ കുല ത്തൊഴിലായ ഗോപരിചരണത്തിലും അതിലൂടെ ലഭിക്കുന്ന സന്തോഷത്തിലും സൌഭാഗ്യത്തിലും മുഴുകി ജീവിച്ചു .

മധുരയുടെ സാമാന്ത രാജ്യമായ വൃന്ദാവനത്തിലെ പ്രഭുവായ നന്ദഗോപരുടേയും യശോദയുടേയും വളർത്തു മകനായ കണ്ണൻ , ഗോപികമാരുടെ പോന്നോമനയായിരുന്നു . ബാല്യം മുതൽ പല പ്രകാരത്തിലുള്ള അത്ഭുതങ്ങളിലൂടെ തന്റെ അവതാരലക്‌ഷ്യം തെളിയിച്ചിരുന്ന കണ്ണൻ അവർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു . ഏറെ കുറുമ്പ് കാട്ടുകയും ചിലപ്പോഴെല്ലാം ഉൾക്കൊള്ളാൻപറ്റാത്ത വിധം വേദന നൽകുമെങ്കിലും ഒരു നിമിഷം പോലും അവർക്ക് അവനെ കാണാതിരിക്കാൻ കഴിഞ്ഞിരുന്നില്ല . ഇതറിയാവുന്ന അമ്പാടിയിലെ അരുമയായ കണ്ണൻ തന്റെ മനോഹരമായ ചേഷ്ടാവിലാസങ്ങളിലൂടെ അവരുടെ മോഹത്തെ വാനോളം വളർത്തി . താങ്കളുടെതായ എല്ലാം അവർ അനുദിനം കണ്ണന് വേണ്ടി സമർപ്പിച്ചു കൊണ്ടിരുന്നു .

കൗമാരത്തിലേക്കു കടന്ന കണ്ണൻ തന്റെ മനോഹരമായ ശ്യാമസൌന്ദര്യത്താലും വേണുനാദത്തിന്റെ മധുരധ്വനിയാലും മുഗ്ധ കടാക്ഷ വീക്ഷണങ്ങൾ കൊണ്ടും അവർ പോലുമറിയാതെ അവരിൽ പ്രണയമെന്ന വികാരം ജനിപ്പിച്ചു . എല്ലാവർക്കും കണ്ണൻ അവരുടേത് മാത്രമായി . അവരുടെ പ്രഭാതവും മദ്ധ്യാഹ്നവും അപരാഹ്നവും അവനു വേണ്ടി മാത്രമായിരുന്നു .

ഗോപികമാർ കണ്ണന് വേണ്ടി ഉഴറി നടന്നപ്പോഴെല്ലാം ബാല്യത്തിൻറെ പടിവാതിലിലെത്തിയ സുന്ദരിയായ രാധ തികച്ചും ഒറ്റപ്പെട്ടു നിന്നു . രാധയിൽ കൃഷ്ണൻ തന്റെ കളിക്കൂട്ടുകാരിയെ കണ്ടെത്തി . അവൾക്കു വേണ്ടിമാത്രം മധുര ഫലങ്ങൾ സംഭരിച്ചു . പ്രണയിക്കുമ്പോഴല്ല പ്രണയിക്കപ്പെടുമ്പോഴാണ് പ്രണയത്തിന്റെ പൂർണതയെന്നു രാധ അനുഭവിച്ചിരുന്നു . യമുനയുടെ ഓളങ്ങൾ അവരുടെ സംഗമത്തിനു പലപ്പോഴും സാക്ഷിയായി . രാധാകൃഷ്ണ പ്രണയം ഗോപികമാർക്കിടയിൽ അസൂയ ജനിപ്പിക്കുന്ന വിധം വളർന്നു .

കണ്ണൻ , അക്രൂരനാൽ അനുഗതനായി മധുരയിലേക്ക് യാത്രയാകുമ്പോൾ ഗോപികമാർ അവനെ പ്രേമപാരവശ്യം പൊഴിക്കുന്ന കണ്ണുനീരോടെ ഏറെ ദൂരം അനുഗമിച്ചു . രാധ മാത്രം വിട്ടു നിന്നു . അവൾക്കറിയാമായിരുന്നു - കണ്ണൻ തന്നെ ഒരിക്കലും വിട്ടുപോകില്ലെന്ന് . ഈ വിശ്വാസവും തൻറെതു മാത്രമായ ഓടക്കുഴലുമാണ് കൃഷ്ണൻ വിട വാങ്ങുമ്പോൾ രാധക്ക് സമ്മാനിച്ചത്‌ .

കൃഷ്ണനില്ലാതെ രാധ - മുഗൾ ശൈലിയിലുളള ഒരു പെയിന്റിംഗ് (1650) . കൃഷ്ണനില്ലാതെ രാധയുടെ ചിത്രം കാണുന്നത് സാധാരണമല്ല .

കംസ നിഗ്രഹത്തോടെ മധുരാധിപനായ കൃഷ്ണൻ സാന്ദീപിനി മഹർഷിയിൽ നിന്ന് വിദ്യ അഭ്യസിച്ചു മടങ്ങി വന്നശേഷം മധുരയുടെ സാരഥ്യം ഏറ്റെടുത്തു . ഏറെ താമസിയാതെ മധുരാപുരി തന്റെ ജ്യേഷ്ഠനായ ബലരാമന് നൽകി തന്നാൽ സൃഷ്ടിയ്ക്കപ്പെട്ട ദ്വാരകപുരിയിലേക്ക് മടങ്ങി . ഒരിക്കലെങ്കിലും ആശ്രയവും അഭയവും നൽകേണ്ടി വന്ന തന്റെ ഭക്തകളായ ഏറെ യുവതികളെ കൃഷ്ണൻ പാണിഗ്രഹണം ചെയ്തു . ഇതിൽ ഏറെ ശ്രേഷ്ഠമായത് രുക്മിണി സ്വയംവരവും സത്യഭാമ പരിണയവുമാണ് . ഭൂമി ദേവിയുടെയും ലക്ഷ്മി ദേവിയുടെയും അംശാവതാരങ്ങളായ സത്യഭാമയും രുക്മിണിയും എപ്പോഴും കൃഷ്ണനോടൊപ്പം അന്തഃപുരത്തിൽ വസിച്ചു . ദ്വാരകാപുരി സമ്പൽ സമൃദ്ധമായിരുന്നു. എല്ലാ പ്രജകളും അവരുടേതായ കർമ്മങ്ങളിലും അതിലൂടെ നേടുന്ന സുഖഭോഗങ്ങളിലും മുഴുകി ഐശ്വര്യപൂർണ്ണമായി ജീവിച്ചു .

ഏറെനാളുകൾക്കു ശേഷം കൃഷ്ണ ബന്ധുവും സതീർത്ഥ്യനും സചീവനുമായ ഉദ്ധവർ അന്തഃപുരത്തിന്റെ അകത്തളത്തിലിരുന്നു കൃഷ്ണനോട് സംഭാഷണ മദ്ധ്യേ ചോദിച്ചു അല്ലയോ കൃഷ്ണാ വൃന്ദാവനത്തിൽ നിന്ന് പോന്നതിന് ശേഷം ഏറെ സ്നേഹിച്ചിരുന്ന രാധയെ കാണാൻ ഒരിക്കൽ പോലും തിരിച്ചു പോയില്ല , എന്താ കൃഷ്ണാ ഇനി ഒരിക്കൽ കൂടി രാധയുമായി ചേരാൻ അങ്ങാഗ്രഹിക്കുന്നില്ലേ ?

കൃഷ്ണന്റെ ചുണ്ടിൽ വിഷാദത്തിൽ കുതിർന്ന പുഞ്ചിരി വിടർന്നു . സംശയം ദൂരീകരിയ്ക്കാത്തതിൽ അല്പം നീരസത്തോടെ ഉദ്ധവർ വീണ്ടും കൃഷ്ണനോടാരാഞ്ഞു . എന്റെ ചോദ്യത്തിന് അങ്ങു മറുപടി തന്നില്ല . രാധയുടെ അദ്ധ്യായം അങ്ങു വൃന്ദാവനത്തിൽ വെച്ചു തന്നെ പൂർണ്ണമാക്കിയോ ? കൃഷ്ണൻ ഏറെ വിഷമത്തോടെ , തന്റെ മാറിടത്തിലെ വസ്ത്രം അല്പം വകഞ്ഞു മാറ്റി . ഉദ്ധവരെ ! നീ ഇങ്ങോട്ട് നോക്കു . നിനയ്ക്ക് വേണ്ട മറുപടി എന്റെ ഹൃദയത്തിലുണ്ട്. ഉദ്ധവർ നോക്കി , രക്ത കണങ്ങൾ ഇറ്റിറ്റുവീഴുന്ന ഭഗവാന്റെ മാറിടത്തിനുളളിൽ അതാ , രാധ ! യാത്രയാകുമ്പോൾ കൃഷ്ണൻ സമ്മാനിച്ച ഓടക്കുഴലുമായി യമുനയുടെതീരത്ത് നിർവൃതിയിലിരിയ്ക്കുന്നു . യമുനയിലെ ഓളങ്ങൾ തന്റെ പാദങ്ങളിലൂടെ കയറി ഇറങ്ങുത് രാധ അറിയുന്നില്ല. നിറകണ്ണുകളോടെ ഉദ്ധവർ കൃഷ്ണനോടപേക്ഷിച്ചു . " ഭഗവാനെ , എന്റെ അജ്ഞതയ്ക്ക് മാപ്പു നൽകിയാലും. ഈ കാഴ്ച കാണാൻ എനിയ്ക്ക് ശക്തിയില്ല ". കൃഷ്ണൻ കഞ്ചുകം വലിച്ചിട്ടു . ദൃഷ്ടി താഴ്ത്തി വിനമ്രനായി നിന്ന തന്റെ സതീർത്ഥ്യനോടു കൃഷ്ണൻ പറഞ്ഞു . ഉദ്ധവരെ നീ എന്റെ മാറിൽ കണ്ട രക്ത കണങ്ങൾ രാധ എന്നെക്കുറിച്ച് ഓർത്തപ്പോഴെല്ലാം ഞാനനുഭവിച്ച വിങ്ങലിൽ നിന്നുണ്ടായതാണ് . അവൾക്കുചുറ്റും എന്നും എന്റെ രക്ഷാകവചം ഉണ്ടാകും . രാധ കൃഷ്ണനായിമാത്രം ജനിച്ചവളാണ് .

ഭക്തി പരവശനായ ഉദ്ധവർ കൃഷ്ണനോടു യാചിച്ചു ഭഗവാനെ ഞാനങ്ങയുടെ പാദങ്ങളിൽ ഒന്നു പ്രണമിയ്ക്കട്ടെ . കൃഷ്ണൻ കാല്പാദങ്ങൾ മുന്നിലേയ്ക്കു നീട്ടി . ഉദ്ധവർ വീണ്ടും സ്തബ്ധനായി . ഭഗവാന്റെ പാദങ്ങളിൽ നിന്നു ജലകണങ്ങൾ ഇറ്റിറ്റു വീഴുന്നു . കണ്ണുകളുയർത്തിയ ഉദ്ധവരോടായി കൃഷ്ണൻ പറഞ്ഞു നീ സംശയിയ്‌ക്കേണ്ട . രാധയുടെ കണ്ണീർ കണങ്ങൾ ഏറ്റു വാങ്ങുന്ന യമുനയിലെ ഓളങ്ങൾ അനു നിമിഷം എന്നെയെന്നും തൊട്ടു തലോടുന്നു . ഉദ്ധവരുടെ കണ്ണിൽ നിന്നടർന്നു വീണ കണ്ണീർ കണങ്ങൾ ഭഗവാന്റെ കയ്യ് തണ്ടയിൽ പതിച്ചു .

ഉദ്ധവരുടെ സംശയം വീണ്ടും ബലപ്പെട്ടു . ഭഗവാനെ അപരാധമെങ്കിൽ പൊറുക്കണം . ഇത്രയേറെ സ്‌നേഹിച്ചിട്ടും അങ്ങെന്തുകൊണ്ട് രാധയെ വൃന്ദാവനത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോരുന്നില്ല ? ഭഗവാൻ ഒരു ചെറുചിരിയോടെ വീണ്ടും ആവർത്തിച്ചു . എന്റെതായിതീർന്ന ഒന്നിനെ ഞാനെന്തിന് തേടിപ്പോകണം ? രാധ സുരക്ഷിതയാണ് ഉദ്ധവരേ . ഉദ്ധവർ ആ മറുപടിയിൽ തൃപ്തനാകാതെ സംശയത്തോടെ കൃഷ്ണനുനേരേ മുഖമുയർത്തി . കൃഷ്ണന്റെ മുഖം ഒരു നിമിഷം ചുമന്നു , പുരികക്കൊടികൾ വളഞ്ഞു . തെല്ലു ധാർഷ്ട്യത്തോടെ കൃഷ്ണ്ൻ ഉദ്ധവരോടാവർത്തിച്ചു. ഉദ്ധവരെ ഞാൻ ദ്വാരകാപുരിയിലെ പ്രജാക്ഷേമതല്പരനായ രാജാവാണ് . നീ കാണുന്നില്ലേ ഉദ്ധവരെ , ഏതു നേരവും പാതിവ്രത്യത്തിന്റെ ത്രാസിൽ എന്നെ അളന്നു നോക്കുന്ന രുക്മിണിയേയും സത്യഭാമയേയും . ഞാൻ ജന്മം നൽകിയഎന്റെ സന്താനങ്ങൾ . അവരുടെ ബന്ധു ജനങ്ങൾ ഞാനേറെ ഇഷ്ടപ്പെടുന്ന പാണ്ഡു പുത്രന്മാരുടെ ക്ഷേമം , സർവ്വവും എന്നിലർപ്പിച്ച് എന്നെ മാത്രം ശരണാഗതനായി കാണുന്ന പാണ്ഡവ പത്‌നി കൃഷ്ണ ! ഇവരെയെല്ലാം ഉപേക്ഷിച്ച് എനിയ്‌ക്കൊരു തിരിച്ച് പോക്ക് അസാദ്ധ്യമാണ് . നിനക്കറിയുമോ ഉദ്ധവരേ , വൃന്ദാവനത്തിൽ നിന്നു പോന്ന ശേഷം , കൃഷ്ണന് ഹൃദയം തുറന്നു ചിരിയ്ക്കാനോ , സന്തോഷിക്കാനോ കഴിഞ്ഞിട്ടില്ല . എല്ലാം രാധ എന്നിൽ നിന്നു പിടിച്ചു വാങ്ങി . ശരീരം മാത്രം എനിയ്ക്കു വിട്ടുതന്നു .

സത്യമാണ് ഭഗവാൻ . അങ്ങയുടെ പുഞ്ചിരിയിൽ പോലും വിഷാദത്തിന്റെ ഛായയാണ് ഞാൻ പലപ്പോഴും ദർശിക്കുന്നത് . കടന്നുവന്ന രുക്മിണിയുടെ പദവിന്യാസം അവരുടെ സംഭാഷണത്തിന് വിരാമമിട്ടു . വർഷങ്ങൾ കടന്നുപോയി . രാധയ്‌ക്കൊപ്പെം കളികൂട്ടുകാരായി നടന്ന തോഴിമാർ , വിവാഹിതരായി അമ്മമാരും, മൂത്തശ്ശിമാരുമായി . രാധമാത്രം യാതൊരു മാറ്റവുമില്ലാതെ നിലകൊണ്ടു . തന്റെ മകളുടെ അവസ്ഥ കണ്ട് രാധയുടെ പിതാവിന്റെ മനസ്സ് പലപ്പോഴുംവിതുമ്പി . ചെറുപ്പം വിട്ടൊഴിയാത്ത ശരീര പ്രകൃതിയുളള രാധയെ വേൾക്കാൻ തയ്യാറായി അന്നും ചെറുപ്പക്കാരുണ്ടായിരുന്നു . അച്ഛന്റെ സ്‌നേഹപൂർണ്ണമായ വാക്കുകളോ , ശാസനയോ , രാധയിൽ ഒരു മാറ്റവും വരുത്തിയില്ല .

കാലം വീണ്ടും കടന്നു . ഏറെ ദുഃഖം പേറിയ രാധയുടെ പിതാവും അവളെ തനിച്ചാക്കി യാത്ര പറഞ്ഞു . പിതൃകർമ്മങ്ങൾക്കു ശേഷം , സ്വഗൃഹത്തിലെത്തിയ രാധ തന്റെ രക്ഷകനായ കൃഷ്ണഭക്തനോട് ഒന്നു മാത്രം അപേക്ഷിച്ചു . നീ എന്നെ ദ്വാരകവരെ കൊണ്ടു പോകണം . എന്നെ ആരുമല്ലാതാക്കിയ കൃഷ്ണനോട് എനിയ്ക്ക് ചിലത് ചോദിച്ചറിയണം . ഏറെ ക്ലേശപ്പെട്ടു , ദ്വാരകയുടെ കവാടത്തിലെത്തിയ രാധയെ , കൃഷ്ണൻ ദുരേ നിന്നേ കണ്ടറിഞ്ഞു . ഓടിച്ചെന്നു രാധയെ സ്വീകരിച്ചാൽ , അവളുടെ ക്രോധാഗ്നിയിൽ താൻ ഭസ്മമായിപ്പോകുമെന്നു കൃഷ്ണൻ ഭയപ്പെട്ടു . ദ്വാരകയുടെ കവാടങ്ങൾ ഒരു തടസ്സവുമില്ലാതെ രാധയ്ക്കുവേണ്ടി തുറന്നു . ഭഗവാന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ രുക്മിണി രാധയെ അനുനയിപ്പിച്ചു അകത്തേയ്ക്ക് കൂട്ടി . അപ്പോഴും രാധയുടെ കണ്ണുകൾ കൃഷ്ണനുവേണ്ടി ഉഴറി. എന്തുകൊണ്ടദ്ദേഹം ഈ രാധയുടെ മുന്നിലേയ്ക്ക് വരുന്നില്ല ?

കൃഷണനെ ദർശിക്കാൻ വേണ്ടി മധുരയിൽക വന്ന രാധയ്ക്ക്ക്ക് രുക്മിണി ദേവി ചൂടുള്ള പാലാണ് നൽകിയത്  . അത്രയും നേരം കൂടി  തൻറെ ഭർത്താവിന്റെ  ബാല്യകാല കഥകൾ കേൾക്കാൻ വേണ്ടി ആയിരുന്നു അത്  . വളരെ ദൃതിയിൽ ആയിരുന്ന രാധ പെട്ടന് തന്നെ പാല് കുടിച്ചു തീർക്കുകയും ചെയ്തു . കുറച്ചു കഴിഞ്ഞു കൃഷ്ണഭഗവാൻ വന്നപ്പോൾ അദ്ദേഹത്തിനെ ദേഹമാസകലം പൊള്ളിയത് പോല്ലേ കണ്ടു . രുക്മിണി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു രാധയുടെ മനസ്സിൽ ഞാൻ ആണ് ഉള്ളത് . അതുകൊണ്ടു തന്നെ അവൾ കുടിച്ച പാല് വന്നു  വീണത് എന്റെ ദേഹത്ത് ആയിരുന്നു .

ദ്വാരകയിൽ അന്നു തങ്ങിയ രാധ , മയക്കച്ചുവടിൽ ആ ശബ്ദം കേട്ടു. രാധേ... അവൾ ചാടി എഴുന്നേറ്റു പരിഭവം മറന്നു പോയ അവൾ ഒരു നിമിഷം വൃന്ദാവനത്തിലെ രാധയായി . പക്ഷെ കൃഷ്ണന് കണ്ണനാകുവാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം തന്റെ പ്രണയിനിയെ താന്നോടുചേർത്തുനിർത്തി , കവിളിൽ പ്രേമപൂർവ്വം തലോടി , ശിരസ്സിൽ കയ്യുയർത്തി അനുഗ്രഹിച്ചു . രാധ, കൃഷ്ണ പാദങ്ങളിൽ വീണു . പിറ്റേന്നു ദ്വാരകയുടെ പടിയിറങ്ങി രാധ പോകുന്നതായി പലരും കണ്ടു . തിരിച്ച് രാധ അമ്പാടിയിലെത്തിയില്ല . രാധ എങ്ങും പോയില്ല . അവൾ ദ്വാരകയിൽ തന്നെ കൃഷ്ണ ശരീരത്തിൽ അലിഞ്ഞു ചേർന്നു സായൂജ്യം അടഞ്ഞു .

പ്രണയത്തിന്റെ ഇത്രയും സ്വാത്വികമായ ഭാവത്തെ , ചിത്രീകരണ ചാരുതയ്ക്ക് വേണ്ടി നമ്മൾ പലപ്പോഴും വികലമാക്കി .

കൃഷ്ണൻ വൃന്ദാവനം ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേർന്നു . ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല . രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത് . ഒരിക്കൽ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായ. ഉരുകിയ സ്വർണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി . കൃഷ്ണനൊപ്പം താൻ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവൾ ആ ഓർമ്മകളുമായി അലഞ്ഞു തിരി‍ഞ്ഞു .

രാധയുടെ ജീവിതാവസാനത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട് . കൃഷ്ണൻ ഭൂമി ഉപേക്ഷിക്കുന്ന സമയത്തിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച് വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം .

മറ്റൊരു വിശ്വാസം അനുസരിച്ച് കൃഷ്ണൻ ഓടക്കുഴലിൽ തൻറെ ഏറ്റവും മനോഹരമായ ഈണങ്ങൾ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടെന്ന് തന്നെ രാധ മുന്നിൽ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു . രാധ ശരിക്കും കൃഷ്ണനിൽ നിന്നാണ് വന്നതെന്നാണ് അനേകം കഥകളിൽ പറയുന്നത് .

കൃഷ്ണണന്റെ സ്വർഗാരോഹണവും രാധാ സംഗമവും[തിരുത്തുക]

രാധാകൃഷ്ണ/അർധനാരീശ്വര സ്വരൂപം

സ്വർഗാരോഹണം കഴിഞ്ഞ് കൃഷ്ണൻ രത്നയാനത്തിൽ കയറി ഗോലോകത്തേക്കു പുറപ്പെട്ടു .

രാധയും കൃഷ്ണനും

ക്ഷേത്രങ്ങൾ[തിരുത്തുക]

നേപ്പാളിലെ പൊഖാരയിലെ രാധാകൃഷ്ണ ക്ഷേത്രം
രാധയുടെയും കൃഷ്ണന്റെയും ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്നതാണ് ഇന്ത്യയിലെ ഉത്തർ പ്രദേശിലെ ബർസാനയിലെ ഈ രാധാകൃഷ്ണ ക്ഷേത്രം.

പ്രേമ സരോവരം[തിരുത്തുക]

പ്രേമ സരോവരം

ഒരിക്കൽ കൃഷ്ണനും രാധാ റാണിയും ഒരുമിച്ച് ഇരിക്കുകയായിരുന്നു . രാധാറാണിക്ക് സമീപം ഒരു തേനീച്ച വന്ന് ശല്യം ചെയ്തു. അതിനെ ഓടിക്കാൻ കൃഷ്ണൻ ഒരു ഗോപബാലനോട് ആവശ്യപ്പെട്ടു . സുഹൃത്ത് തേനീച്ചയെ ഓടിച്ച് മടങ്ങിയെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു, “മധു പോയി.” മധു എന്നാൽ തേനീച്ച എന്നാണ് അർത്ഥമാക്കുന്നത്, കൃഷ്ണന്റെ പേരും. കൃഷ്ണൻ പോയതായി രാധാറാണിക്ക് തോന്നി, അവൾ കരയാൻ തുടങ്ങി. അവൾ കരഞ്ഞുകൊണ്ട് ആവർത്തിച്ച് വിളിച്ചുപറഞ്ഞു, "ഓ, പ്രാണ-നാഥ, നീ എവിടെപ്പോയി? അവൾ വിഷമാവസ്ഥയിലായിരുന്നു , കൃഷ്ണൻ തന്നോടൊപ്പം ഇരിക്കുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞില്ല . കൃഷ്ണൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ രാധാറാണിയുടെ വേർപിരിയലിന്റെ നിലവിളി കണ്ട്, അവൾ തന്റെ മടിയിൽ ഇരിക്കുകയാണെന്നും കൃഷ്ണൻ മറന്നു, കൃഷ്ണനും കരയാൻ തുടങ്ങി, അവരുടെ സ്നേഹത്തിന്റെ കണ്ണുനീരിന്റെ മിശ്രിതത്തിൽ നിന്ന് പ്രേമ സരോവരം എന്ന കുളം ഉണ്ടായി. സഖിമാർ അവരുടെ അവസ്ഥ കണ്ടപ്പോൾ അവരും ബോധരഹിതരായി . രാധ റാണിയുടെ പെൺ കിളി ആവർത്തിച്ച് രാധയുടെ പേര് ഉച്ചത്തിൽ ചൊല്ലാനും ആൺ കിളി ശ്രീകൃഷ്ണന്റെ പേര് ഉച്ചത്തിൽ ചൊല്ലാനും തുടങ്ങി . പരസ്പരം പേര് കേട്ടപ്പോൾ രാധയും കൃഷ്ണനും ബോധം വീണ്ടെടുക്കുകയും പരസ്പരം പ്രണയത്തോടെ പ്രേമ സരോവരത്തിലേയ്ക്ക് നോക്കുകയും ചെയ്തു . അതിൽ രാധ കൃഷ്ണന്റെ രൂപം തന്റെ പ്രതിബിംബത്തിന്റെ സ്ഥാനത്ത് കണ്ടു . കൃഷ്ണൻ തന്റെ പ്രതിബിംബത്തിന്റെ സ്ഥാനത്ത് രാധയുടെ രൂപവും കണ്ടു . അങ്ങനെ പ്രേമ സരോവരം ഉദാത്ത പ്രണയത്തിന്റെ അടയാളമായി .

കൃഷ്ണൻറെയും രാധയുടെയും പ്രണയം പഠിപ്പിക്കുന്ന ജീവിത പാഠങ്ങൾ[തിരുത്തുക]

രാധയും കൃഷ്ണനും

ഭഗവാൻ കൃഷ്ണന് രാധയോട് പ്രണയത്തിൽ കവിഞ്ഞ് ഭക്തിയായിരുന്നു. ശക്തീ ദേവിയുടെ അവതാരമായ രാധ വൃന്ദാവനത്തിൽ കൃഷ്ണന്റെ ഓടക്കുഴൽ നാദം കേൾക്കുമ്പോൾ തന്നെ എല്ലാം മറന്ന് നൃത്തം ചെയ്യും. അതായത് പ്രണയമാണെങ്കിലും വിവാഹമാണെങ്കിലും പരസ്പരം ബഹുമാനിക്കാനുള്ള കഴിവ് ഇരുവർക്കുമുണ്ടാവണമെന്നാണ് ഭഗവാൻ ഇതിലൂടെ നമ്മളോട് പറയുന്നത്.

ക്ഷമയാണ് എല്ലാം

കൃഷ്ണനേക്കാൾ പ്രായക്കൂടുതലുണ്ടായിരുന്ന രാധ, കൃഷ്ണൻ ജനിക്കുന്നതു വരെ അവരുടെ കണ്ണുകൾ തുറന്നില്ലെന്നാണ് ഐതിഹ്യം. അത്രയും ക്ഷമയോട് കൂടിയാണ് അവർ കൃഷ്ണനെ വരവേറ്റത്. അതുപോലെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമയോട് കൂടി കാര്യങ്ങൾ ചെയ്താൽ വിജയത്തിലെത്തും എന്നാണ് രാധാ-കൃഷ്ണ പ്രണയം നമ്മോട് പറയുന്നത്.

ശക്തിയാണ് സ്‌നേഹം

കൃഷ്ണനെ തൃപ്പാദങ്ങളിൽ വീഴാൻ കാത്തു നിന്ന ഒരുപാട് ഗോപികമാരുണ്ടായിരുന്നു വൃന്ദാവനത്തിൽ. എന്നാൽ എല്ലാവരേക്കാൾ കൃഷ്ണൻ പ്രാധാന്യം കൊടുത്തതും രാധയ്ക്കായിരുന്നു. രാധയുടെ സ്‌നേഹത്തിന്റെ ശക്തിയാണ് ഇവിടെ പ്രകടമാകുന്നത്.

ദൗർബല്യങ്ങൾക്ക് സ്ഥാനമില്ല

കാളിയനെ വധിക്കാൻ കൃഷ്ണൻ തീരുമാനിച്ചപ്പോൾ എല്ലാവരും കൃഷ്ണനെ പിന്തിരിപ്പിക്കുകയാണ് ഉണ്ടായത്. എന്നാൽ രാധയാവട്ടെ കൃഷ്ണന് കരുത്ത് പകർന്ന് കൂടെ ഉണ്ടായിരുന്നു എന്നതാണ് സത്യം. അതായത് ഏതെങ്കിലും പ്രതികൂല ഘട്ടങ്ങളിൽ. സ്‌നേഹിക്കുന്നവരുടെ ദൗർബല്യത്തെ ചൂഷണം ചെയ്യാതെ അവർക്ക് ശക്തി പകർന്ന കൂടെ നിൽക്കുകയാണ് വേണ്ടതെന്ന് രാധ-കൃഷ്ണ പ്രണയം നമ്മെ ബോധ്യപ്പെടുത്തുന്നു.

സ്‌നേഹത്തിനു വേണ്ടി ത്യാഗം ചെയ്യുക

വൃന്ദാവനം വിട്ടു കണ്ണൻ പോകുമ്പോൾ രാധ ഉൾപ്പടെ തനിക്ക് പ്രിയപ്പെട്ട എല്ലാത്തിനേയും ഉപേക്ഷിച്ചു പോവുകയാണെന്ന് ബോധ്യമുണ്ടായിട്ടും തന്റെ കടമകൾ നിർവ്വഹിക്കാൻ ഭഗവാൻ പോയി എന്നതാണ്. എന്നിട്ടും അവരുടെ സ്‌നേഹത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല. അതുപോലെ അകന്നു പോവുന്തോറും ഇല്ലാതാവുന്നതല്ല സ്‌നേഹമെന്ന് മനസ്സിലാക്കണമെന്നാണ് കൃഷ്ണ രാധാ സ്‌നേഹം നമ്മെ പഠിപ്പിക്കുന്നത്.

മറ്റ് മാധ്യമങ്ങളിൽ[തിരുത്തുക]

ഇതു കൂടി കാണുക[തിരുത്തുക]

  1. http://vrindavan.de/rasadance.htm
  2. https://rasalilahealing.com/rasa-lila/
"https://ml.wikipedia.org/w/index.php?title=രാധ&oldid=3414952" എന്ന താളിൽനിന്ന് ശേഖരിച്ചത്