ബിഹു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബിഹു ഡാൻസ്

അസമിന്റെ ദേശീയോത്സവമാണ് ബിഹു. കാർഷികവൃത്തി ആരംഭിക്കുന്നതിന്റെ ആഘോഷമാണ് രൊംഗാളി ബിഹു. പുതുവത്സര ദിനമാണ് ഇത്. വർഷത്തിൽ മൂന്ന് ബിഹുവാണ് അസമുകാർ ആഘോഷിക്കുക. ഒക്ടോബർ മാസത്തിന്റെ മധ്യത്തിൽ കാതി ബിഹുവും ജനവരിയുടെ മധ്യത്തിൽ മാഗ് ബിഹുവും ഏപ്രിൽ മാസത്തിന്റെ മധ്യത്തിൽ രൊംഗാളി ബിഹുവുമാണ് ഈ ആഘോഷങ്ങൾ. കാതി ബിഹു, കൊംഗാളി ബിഹു എന്നും മാഗ് ബിഹു, ബൊഗാളി ബിഹു എന്നും രൊംഗാളി ബിഹു, ബൊഹാഗ് ബിഹു എന്നീ പേരുകളിലും വിളിക്കപ്പെടുന്നു. രൊംഗാളി ബിഹു എന്നാൽ ആനന്ദത്തിന്റെ ഉത്സവമെന്നും ബൊഗാളി ബിഹു എന്നാൽ ഭക്ഷണത്തിന്റെ ഉത്സവമെന്നും കൊംഗാളി ബിഹു എന്നാൽ പാവങ്ങളുടെ ഉത്സവം എന്നുമാണ് അർത്ഥം. രൊംഗാളി ബിഹു വിതയക്കാനുള്ള സമയം വന്നെന്ന് ഓർമപ്പെടുത്തുമ്പോൾ ഞാറ് പറിച്ചുനടാൻ കാലമായെന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് ഒക്ടോബറിൽ കൊംഗാളി ബിഹു എത്തുന്നത്. കൊയ്ത്തുകാലം അവസാനിക്കുന്ന ജനവരിയിലാണ് ബൊഗാളി ബിഹു. മൂന്ന് ബിഹുവും അസമുകാർ ഒരേ മനസ്സോടെയാണ് ആഘോഷിക്കുക.

അസമീസ് കലണ്ടറിലെ അവസാനമാസമായ ‘ചോതി’ലെ അവസാന ദിവസമാരംഭിക്കുന്ന റൊംഗാലിബിഹു ആഘോഷങ്ങൾ ഏഴുദിവസത്തോളം നീണ്ടു നില്ക്കുന്നു. ‘ബൊഹാഗ് ’ആണ് അസമിലെ പുതുവർഷത്തിലെ ആദ്യമാസം. ബൊഹാഗിൽ എത്തുന്ന ബിഹു ആയതിനാൽ റൊംഗാലിബിഹുവിനെ ബൊഹാഗ്ബിഹു എന്നും വിളിക്കാറുണ്ട്. മനുബിഹു, ഗോസായിൻബിഹു, ഹാത്ബിഹു, സെനേഹിബിഹു, മൈകിബിഹു, ബൊഹാഗ് ബിഹു, സൊറാബിഹു എന്നിങ്ങനെ ഓരോ ദിവസവും ഓരോ പേരിലാണ് ഈ ഏഴുദിവസങ്ങൾ അറിയപ്പെടുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

ബിഹു അസമിന്റെ ദേശീയോത്സവമാണ്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. അതിപ്രാചീനകാലം മുതൽ കർഷകരായിരുന്ന ദിമാസ ജനതയുടെ ഭാഷയിൽ നിന്നാണ് ബിഹു എന്ന വാക്ക് ഉണ്ടായത്. ബ്രായ് ഷിബ്രായ് ആണ് ഇവരുടെ പരമോന്നത ദൈവം. സമൃദ്ധിയും സമാധാനവും ഉണ്ടാകണമെന്ന പ്രാർത്ഥനയോടെ കർഷകർ വർഷത്തിൽ ആദ്യമായെടുക്കുന്ന വിള ബ്രായ് ഷിബായിയ്ക്ക് സമർപ്പിക്കുന്നു. ബിഷു എന്ന വാക്ക് ലോപിച്ചാണ് ബിഹു ആയി മാറിയത്. ഇതിൽ 'ബി' എന്നാൽ ചോദിക്കുക എന്നും 'ഷു' എന്നാൽ സമാധാനവും സമൃദ്ധിയും എന്നുമാണ്. എന്നാൽ 'ബി' എന്നാൽ ചോദിക്കുക എന്നും 'ഹു' എന്നാൽ നൽകുന്ന എന്നുമാണ് അർത്ഥമെന്നും ഒരു വാദമുണ്ട്.

പലതരം ബിഹുകൾ[തിരുത്തുക]

വർഷത്തിൽ മൂന്ന് ബിഹുവാണ് അസമുകാർ ആഘോഷിക്കുക. ഒക്ടോബർ മാസത്തിന്റെ മധ്യത്തിൽ കാതി ബിഹുവും ജനവരിയുടെ മധ്യത്തിൽ മാഗ് ബിഹുവും ഏപ്രിൽ മാസത്തിന്റെ മധ്യത്തിൽ രൊംഗാളി ബിഹുവുമാണ് ഈ ആഘോഷങ്ങൾ. കാതി ബിഹു, കൊംഗാളി ബിഹു എന്നും മാഗ് ബിഹു, ബൊഗാളി ബിഹു എന്നും രൊംഗാളി ബിഹു, ബൊഹാഗ് ബിഹു എന്നീ പേരുകളിലും വിളിക്കപ്പെടുന്നു. രൊംഗാളി ബിഹു എന്നാൽ ആനന്ദത്തിന്റെ ഉത്സവമെന്നും ബൊഗാളി ബിഹു എന്നാൽ ഭക്ഷണത്തിന്റെ ഉത്സവമെന്നും കൊംഗാളി ബിഹു എന്നാൽ പാവങ്ങളുടെ ഉത്സവം എന്നുമാണ് അർത്ഥം. രൊംഗാളി ബിഹു വിതയക്കാനുള്ള സമയം വന്നെന്ന് ഓർമപ്പെടുത്തുമ്പോൾ ഞാറ് പറിച്ചുനടാൻ കാലമായെന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് ഒക്ടോബറിൽ കൊംഗാളി ബിഹു എത്തുന്നത്. കൊയ്ത്തുകാലം അവസാനിക്കുന്ന ജനവരിയിലാണ് ബൊഗാളി ബിഹു. മൂന്ന് ബിഹുവും അസമുകാർ ഒരേ മനസ്സോടെയാണ് ആഘോഷിക്കുക.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാർഷികവൃത്തിയുടെയും പുതുവത്സരത്തിന്റെയും ആരംഭത്തിൽ ആഘോഷിക്കുന്ന രൊംഗാളി ബിഹുവാണ്. വസന്തകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ടെത്തുന്ന രൊംഗാളി ബിഹു അസമുകാർക്ക് ഏറ്റവും സന്തോഷകരമായ അനുഭവമാണ്. അന്നാണ് കർഷകർ വിത്തെറിയുന്നത്. രൊംഗാളി ബിഹു പ്രധാനമായും ഏപ്രിൽ 14നും 15നുമാണ് ആഘോഷിക്കുക എങ്കിലും ഏഴ് ദിവസം നീണ്ടുനിൽക്കുന്ന വ്യത്യസ്ത ചടങ്ങുകളുണ്ടാകും. വീട്ടിലെ സ്ത്രീകൾ അരിയും തേങ്ങയും ചേർത്ത് പിത്ത, ലരു, ജോൽപ്പൻ എന്നീ പലഹാരങ്ങൾ ബിഹു സ്‌പെഷലായി ഉണ്ടാക്കും. അരിയുണ്ട, എള്ളുണ്ട എന്നിവയും ഓരോ വീട്ടിലും ബിഹു പ്രമാണിച്ച് ഉണ്ടാക്കും.

ബിഹുവിന്റെ ആദ്യ ദിവസത്തെ ഗോരു ബിഹു എന്നാണ് വിളിക്കുന്നത്. ഗോരുബിഹു ‘ചോത് ’ മാസത്തിലെ അവസാനദിവസം ആഘോഷിക്കുന്നു. ഗോരു എന്നാൽ പശു എന്നാണർത്ഥം. പശുക്കളെ വൃത്തിയായി കുളിപ്പിച്ച് അവരെ ആരാധിക്കുന്നു. ഈ ദിവസം കന്നുകാലികളെ മഞ്ഞളും മറ്റ് ഔഷധലേപനങ്ങളുമൊക്കെത്തേച്ചു കുളിപ്പിക്കുക, കൊമ്പുകൾ കടുകണ്ണതേച്ചു മിനുക്കുക, കത്തിരിക്കയും പാവയ്ക്കയും പടവലങ്ങയുമൊക്കെ നല്കി സന്തോഷിപ്പിക്കുക തുടങ്ങിയ ചടങ്ങുകൾ നടത്തുന്നു. കുട്ടികൾ കാലികൾക്കു ചുറ്റും പാട്ടുപാടി നൃത്തം ചെയ്യുന്നു. അതിനുശേഷം അവരുടെ കഴുത്തിൽ കെട്ടിയ പഴയ കയർ മാറ്റി പുതിയ കയർ കെട്ടുകയും ദിവസം മുഴുവൻ പശുക്കളെ അവരുടെ ഇഷ്ടത്തിന് മേയാൻ വിടുകയും ചെയ്യും. ഏപ്രിൽ 14നാണ് ഇത്. 15ന് മനുഹ് ബിഹു ആഘോഷിക്കും. മനുഹ് എന്നാൽ മനുഷ്യൻ എന്നാണ് അർത്ഥം. ഈ എല്ലാവരും പുതുവസ്ത്രങ്ങളണിഞ്ഞ് നല്ല ഭക്ഷണവും കഴിച്ച് പുതുവർഷത്തെ വരവേൽക്കുന്നു. മൂന്നാമത്തെ ദിവസം ഗോസായി ബിഹുവായി ആചരിക്കുന്നു. വീടുകളിലെ പൂജാമുറികളിലെ വിഗ്രഹങ്ങൾ വൃത്തിയായി തേച്ചുകഴുകി സമൃദ്ധിയുള്ള വർഷത്തിനായി പ്രാർത്ഥിക്കുന്നു.

രൊംഗാളി ബിഹു അവന്ധ്യതയുടെ ദിവസമായും ആചരിക്കുന്നതായാണ് ഐതിഹ്യം. തങ്ങളുടെ അവന്ധ്യത ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചെറുപ്പക്കാരികൾ നൃത്തമാടുന്നതെന്നും പഴയ കഥകൾ പറയുന്നു.

അടുത്ത നാല് ദിവസങ്ങൾ ഹാത് ബിഹു, സെനേഹി ബിഹു, മൈകി ബിഹു, രൊംഗാളി ബിഹു, സേറ ബിഹു എന്നിവ ആചരിക്കുന്നു.

ആചാരങ്ങൾ[തിരുത്തുക]

ബിഹുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങൾ കൃഷിയെ സംബന്ധിച്ച് നിലനിൽക്കുന്നു. മേജി എരിക്കൽ, ബിഹു നൃത്തം, എന്നിവ ബിഹുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.

മേജി എരിക്കൽ[തിരുത്തുക]

ഒരു പിരമിഡിന്റെ ആകൃതിയിൽ വിറകിന്റെ ഒരു കൂമ്പാരത്തിനാണ് മേജി എന്നു പറയുന്നത്. രാത്രി ഗ്രാമത്തിലെ ചെറുപ്പക്കാർ ചേർന്നാണ് വിറകിന്റെ മേജി ഉണ്ടാക്കുക.രാത്രി എല്ലാ കുടുംബങ്ങളും ഒത്തുചേർന്ന് ഭക്ഷണമുണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യും. പിന്നീട് മധുരപലഹാരം വിതരണം ചെയ്യും. ഇതിനുശേഷം മേജിയ്ക്ക് ചുറ്റും നൃത്തം വയ്ക്കുകയും ധോൾ എന്ന വാദ്യോപകരണം കൊട്ടി പാടുകയും ചെയ്യും. ആഘോഷത്തിന് വീര്യം പകരാൻ അരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന 'റൈസ് ബീർ' യഥേഷ്ടം വിതരണം ചെയ്യും. പുലർച്ചെ നാല് മണിയ്ക്ക് കഠിനമായ തണുപ്പിനെപ്പോലും വകവയ്ക്കാതെ അബാലവൃദ്ധം ജനങ്ങൾ മേജിക്കു ചുറ്റും എത്തുന്നു. തലേന്ന് രാത്രി ഒരു ആഘോഷം പോലെ എല്ലാവരും ചേർന്ന് തയ്യാറാക്കിയ മേജി അവരിലൊരാൾ തീ കൊടുക്കും. ശരിക്കും ഇതോടെയാണ് രൊംഗാളി ബിഹു തുടങ്ങുന്നത്. ആളുകൾ ചോറ് കൊണ്ടുണ്ടാക്കിയ ഉരുളകൾ തീയിലേയ്ക്ക് എറിയും. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ ഹോമകുണ്ഡം പോലെ കത്തുന്ന ആ വിറക് കൂമ്പാരത്തിന് മുന്നിൽ നമസ്‌കരിക്കും. പുതുവത്സരം നന്മയുടെയും സമൃദ്ധിയുടേതുമായിരിക്കണമേയെന്ന ഒരു നാടിന്റെ പ്രാർത്ഥനയാണത്. കാലങ്ങളായി കാർഷിക സംസ്‌കാരം ഉളളിൽ കൊണ്ടുനടക്കുന്ന ഒരു ജനത മണ്ണിനെ പ്രണമിക്കുന്നു. വരുംകാലം സമൃദ്ധിയുടെ വിളവെടുപ്പായിരിക്കുമെന്ന് അവർ ആശിക്കുന്നു. കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയ്ക്ക് ജീവിതത്തിൽ നന്മയുടെയും നേരിന്റെയും ആ വെളിച്ചം പകരാൻ, ഇനിയും എത്രയോ കാതം നടന്നുതീർക്കാനുള്ള അവർക്ക് ഇത് പ്രചോദനമാകാൻ, അവരെക്കൂടി ആ മുഹൂർത്തത്തിന് സാക്ഷിയാക്കുന്നു. മണ്ണിനെ സ്വന്തം ആത്മാവെന്ന പോലെ കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തിന്റെ അഞ്ജലിയാണത്.

ബിഹു നൃത്തം[തിരുത്തുക]

ബിഹു നൃത്തം

ബിഹു നൃത്തം അതിമനോഹരമാണ്. ഇരുപതിലധികം മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ നൃത്തം പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ഉണർത്തുപാട്ടാണ്. ബിഹുവിന് പാടുന്ന ഗീതങ്ങൾ ഭൂമിദേവിയെ ഉത്തേജിതയാക്കുകയും അങ്ങനെ നല്ല വിളവ് ലഭിക്കുമെന്നുമാണ് കർഷകരുടെ വിശ്വാസം. നാടോടിനൃത്തത്തിന്റെ നിറവും താളവും ഈ നൃത്തത്തിന്റെ പ്രത്യേകതയാണ്. ബിഹുവിനോടനുബന്ധിച്ചുള്ള പാട്ടുകൾ നാടോടിപ്പാട്ടുകളാണ്. പ്രണയഗാനങ്ങളാണ് ഇവ. ഓരോ ഗ്രാമത്തിലും ചെറുപ്പക്കാർ ബിഹു വസ്ത്രങ്ങളുമണിഞ്ഞ് നൃത്തം ചെയ്യുന്നു. ഇത് മുകോളി ബിഹു(തുറന്ന ബിഹു) എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഹു ഗാനങ്ങൾ എല്ലാ തരം ആളുകൾക്കും പ്രിയമുള്ളതാണ്. ഈ ഗാനങ്ങളുടെ ഭാഷ കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും. പ്രാസം ഒപ്പിച്ചുള്ള ഈരടികളിൽ ഓരോ ഈരടിയും വ്യത്യസ്ത ഭാവങ്ങൾ ഉൾക്കൊളളുന്നവയാണ്. ലളിതമായ ഭാഷയും നാടോടി സംഗീതവും ഇതിനെ ഏറെ ജനപ്രിയമാക്കുന്നു. അസമീസ് സാഹിത്യത്തെ ബിഹു ഗാനങ്ങൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ബിഹു നൃത്തത്തിൽ നർത്തകരും സംഗീതജ്ഞരുമാണ് ആദ്യം വേദിയിലെത്തുക. പിന്നീട് നർത്തകികളെത്തുമ്പോൾ ആദ്യമെത്തിയ നർത്തകർ നർത്തകികളുടെ ഇടയിൽ കലർന്ന് നൃത്തം ചെയ്യും. ധോൾ എന്ന പേരുള്ള വാദ്യോപകരണം ബിഹു നൃത്തത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. ബിഹു നൃത്തത്തിനോടൊപ്പം പാടുന്ന പാട്ടുകൾ പുതുവത്സരത്തെ വരവേൽക്കുന്നു എന്ന അർത്ഥം വരുന്നതുമുതൽ ഒരു കർഷകന്റെ നിത്യജീവിതമോ അസമിനെ മുൻകാലങ്ങളിൽ ആക്രമിച്ചവരെക്കുറിച്ചോ ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ഹാസ്യാത്മകമായോ അവതരിപ്പിക്കുന്നവയായിരിക്കും.

ബിഹു ഭോജ്യങ്ങൾ[തിരുത്തുക]

തലേന്ന് രാത്രി മേജി ഉണ്ടാക്കുമ്പോൾ എല്ലാ കുടുംബങ്ങളും ഒത്തുചേർന്ന് ഭക്ഷണമുണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യും. പിന്നീട് മധുരപലഹാരം വിതരണം ചെയ്യും. ഇതിനുശേഷം മേജിയ്ക്ക് ചുറ്റും നൃത്തം വയ്ക്കുകയും ധോൾ എന്ന വാദ്യോപകരണം കൊട്ടി പാടുകയും ചെയ്യും. ആഘോഷത്തിന് വീര്യം പകരാൻ അരിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന 'റൈസ് ബീർ' യഥേഷ്ടം വിതരണം ചെയ്യും.

പുലർച്ചെ മേജി എരിച്ചതിനു ശേഷം, ഓരോ വീട്ടിലുമുണ്ടാക്കിയ വിവിധ തരം ഭക്ഷണ പദാർത്ഥങ്ങൾ എല്ലാവർക്കുമായി വിതരണം ചെയ്യും. ഹൃദയം കൊണ്ടാണ് അവർ ഭക്ഷണം പാകം ചെയ്യുന്നതും അത് വിതരണം ചെയ്യുന്നതും. മറ്റുള്ളവർ ഭക്ഷണം കഴിക്കുമ്പോഴാണ് അവരുടെ മനസ്സും വയറും നിറയുന്നത്. ഭക്ഷണം കൊടുക്കുന്നതും ഒരു കലയാണ്, സ്‌നേഹമാണ്. ഒരു പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ചേർന്നാണ് ഇതെല്ലാം ചെയ്യുക. അതുപോലെത്തന്നെ ഓരോ വീട്ടിലും ഉണ്ടാക്കുന്ന ഭക്ഷണവും അവർ പരസ്പരം വിതരണം ചെയ്യുന്നു.

ഒട്ടു മിക്ക ഭക്ഷണത്തിലും മാസം അടങ്ങിയിരിക്കും. പന്നിയിറച്ചിയാണ് അസമുകാരുടെ ഏറ്റവും വിശിഷ്ടമായ ഭോജ്യം. അതുപോലെത്തന്നെ മീനും അസമുകാർ ആസ്വദിച്ച് കഴിക്കും. വീട്ടിലെ എല്ലാ മരങ്ങളും മുളയുടെ തണ്ടുകളിൽ കെട്ടിവെച്ചിരിക്കും. അതിനുശേഷം ദിവസം മുഴുവനെ കാളപ്പോര്, കോഴിപ്പോര് തുടങ്ങിയ മത്സരങ്ങൾ നടക്കും.

ഗാമോസ[തിരുത്തുക]

അസ്സമുകാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് ഗമോസ അല്ലെങ്കിൽ ഗമോച്ച. പുലർച്ചെ ബിഹുവൻ എന്നും ഗമോച്ച എന്നുമൊക്കെ അറിയപ്പെടുന്ന പുതുവസ്ത്രം മുതിർന്നവർക്കു നല്കി അനുഗ്രഹം വാങ്ങുന്നു. ചിത്രപ്പണികളോടുകൂടിയ വെളുത്ത തുണിയാണ് ഗാമോസ. കേരളത്തിലെ നേര്യതുപോലെയാണ് വെളളനിറത്തിൽ ചുവന്ന ചിത്രത്തുന്നലുകളുള്ള ഈ വസ്ത്രം തോളിലിടാനും തലയിൽ കെട്ടാനുമൊക്കെ ഉപയോഗിക്കുന്നു. അസമിലെ വീടുകളിലെത്തുന്ന അതിഥികൾക്കു ‘ഗമോച്ച’ നല്കുന്ന പതിവുണ്ട്. കുട്ടികൾക്കു പുതിയ ഉടുപ്പുകൾ നല്കുന്ന പതിവുമുണ്ട്.

സമാന ഉത്സവങ്ങൾ[തിരുത്തുക]

ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ്‌ കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്‌.. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്. വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും വിഷുവിൽ ഉണ്ട്.

ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്‌ ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ.

"https://ml.wikipedia.org/w/index.php?title=ബിഹു&oldid=3608474" എന്ന താളിൽനിന്ന് ശേഖരിച്ചത്