രക്ഷാബന്ധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രക്ഷാബന്ധൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രക്ഷാബന്ധൻ ദിനത്തിൽ കൈയിൽ കെട്ടുന്ന രാഖി

രക്ഷാബന്ധനം (സംസ്കൃതം: रक्षाबन्धनम्, രക്ഷാബന്ധനം, ഹിന്ദി: रक्षाबन्धन, രക്ഷാബന്ധൻ) അഥവാ ‘രാഖി’ ഹിന്ദുക്കളുടെയിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ, പൗർണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു.സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു.ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി, രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുകയും,ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി.വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധനം’ എന്ന ഉത്സവം ആരംഭമായി.പിന്നീട് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. രാഖിയുടെ നൂലുകൾക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്.ഇത് സംബന്ധിച്ച് പല ചരിത്രസംഭവങ്ങളും ഉണ്ടായിട്ടുണ്ടു.സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി,പുരുവിനെ സമീപിക്കുകയും,കൈകളിൽ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്,യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി.പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമാണ് ഇതു.

സഹോദരി രക്ഷാബന്ധനദിവസം മധുരപലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർഥിച്ച് കൈയിൽ വർണനൂലുകളാൽനിർമിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്നു. സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സഹോദരൻ സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുന്നു.

അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കുന്നു. രക്ഷാബന്ധനം ഉത്തരഭാരതത്തിലെ ഹിന്ദുക്കളുടെ ഇടയിലാണ് കൂടുതൽ പ്രചാരത്തിലുള്ളത്.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രക്ഷാബന്ധനം&oldid=3642625" എന്ന താളിൽനിന്ന് ശേഖരിച്ചത്