ഷോഡശക്രിയകൾ
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഹൈന്ദവ ആചാരങ്ങളെപ്പറ്റിയുള്ള ലേഖനമാണിത്, പ്രത്യേകിച്ചും ഗൃഹസ്ഥാശ്രമിയായിട്ടുള്ള ഒരു വ്യക്തി ജീവിതത്തിൽ പാലിക്കേണ്ട നിഷ്ഠകളെയും ക്രമങ്ങളെയും കുറിച്ചുള്ള ഒരു കുറിപ്പ്.
മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിട്ടുണ്ട്. [1].വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും കൈവരിക്കാവുന്ന രീതിയിലുള്ള ഒരു ഒരു കുടുംബാസൂത്രണ പദ്ധതി നമ്മുടെ പ്രാചീന ഋഷിവര്യന്മാർ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. . ആർഷപ്രോക്തമായ ഈ പദ്ധതിയാണ് ഷോഡശസംസ്കാരപദ്ധതി അഥവാ ഷോഡശക്രിയകൾ [2][3].
ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ[4]. ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, ഉപനയനം, വേദാരംഭം, സമാവർത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി ഈ പതിനാറു സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്ങിലും ഇന്നും ആചരിക്കാറുണ്ട്[5].
ആചരണം
[തിരുത്തുക]ജീവിതകാലം മുഴുവൻ സഹായകമാകുന്ന ഒരു ശുഭമുദ്ര പതിപ്പിക്കുന്ന വിധമായിരിക്കണം ഷോഡശകർമങ്ങൾ അനുഷ്ഠിക്കേണ്ടത്.സംസ്കാരകർമം നടത്തുന്ന സ്ഥലം വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം[6].ത്യാഗിയായ സന്യാസി,വേദംപഠിച്ച പുരോഹിതൻ,ധർമപ്രചാരകൻ,ധർമസ്ഥാപന പ്രതിനിധികൾ,വിദ്വാൻമാർ,സമുദായ പ്രതിനിധികൾ ,ബന്ധുമിത്രാധികൾ എന്നിവർ ചടങ്ങിൽ ഉണ്ടായിരിക്കണം.സമയനിഷ്ഠയും ശ്രദ്ധയും ആദ്യവസാനം തെറ്റാതിരിക്കണം.
ഈശ്വരസ്തുതി,പ്രാർത്ഥന,ഉപാസന,സ്വസ്തിവചനം, ശാന്തിപാഠം, സംസ്കാരകർമം, മംഗളാചരണം എന്ന ക്രമത്തിലാണ് ഓരോ സംസ്കാരകർമവും ചെയ്യേണ്ടത്.ഇത്തരം ആചാരങ്ങൾ പല വിധത്തിൽ ആചരിക്കാൻ സാധിക്കുമെങ്കിലും എല്ലാവിഭാഗം ആളുകൾക്കും ഒരുപോലെ സ്വീകാര്യമായ ആചരണരീതി സ്വാമി ദയാനന്ദസരസ്വതി ആവിഷ്കരിച്ചിടുണ്ട്.16 ഷോഡസക്രിയകളെ കൂടാതെ അനേകം ഉപസംസ്കാരങ്ങളും ധർമശാസ്ത്രഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്.[7].
ഷോഡശക്രിയകൾ (പതിനാറ് ക്രിയകൾ)
[തിരുത്തുക]ഗർഭാധാന സംസ്കാരം
[തിരുത്തുക]വധൂവരൻമാർ ഭാര്യാഭർതൃപദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്[8].ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി,ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നു ധർമശാസ്ത്രഗ്രന്ഥങൽ വിവരിക്കുന്നു[9].മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം[10].നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം.അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല.ഈ ക്രമത്തിനെ ഉപനിഷദഗർഭലംഭനംഎന്ന് അശ്വലായനഗൃഹ്യസൂത്രത്തിൽ വിവരിക്കുന്നു[11].
“ | ഗർഭസ്യധാനാം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമണ തദ് ഗർഭദാനം |
” |
ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ചു സ്ഥിരീകരിക്കുക എന്നതാണ്.
പുംസവന സംസ്കാരം
[തിരുത്തുക]ഗർഭശുശ്രുഷ രീതിയിൽ അനുഷ്ഠിക്കപെടുന്ന സംസ്കാരകർമങ്ങളിൽ പുംസവനവും സീമന്തോന്നയനവും വളരെ പ്രധാന്യമർഹിക്കുന്നു.സ്ത്രി ഗർഭംധരിച്ചെന്നു കണ്ടാൽ പിന്നെ ആ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കയങ്ങൾ വ്രതനിഷ്ഠയോടെ വർത്തിച്ചുകൊണ്ടിരിക്കണം.ഗർഭവതിയുടെയു ആഹാരം,നിദ്ര,വിചാരം,വാക്ക്,സമ്പർക്കം തുടങ്ങി എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുള്ളതായിരിക്കണം.ഒരു ശുഭമുഹൂർത്തം നിശ്ചയിച്ചു ബന്ധുക്കളെയും,ഗുരുജനങ്ങളെയും വിളിച്ചു വരുത്തി അവരുടെ സാനിദ്ധ്യത്തിൽ ആണ് ഈ ചടങ്ങ് നടത്തേണ്ടത്.കർമാരംഭത്തിലെ ഈശ്വര ഉപാസനക്ക് ശേഷം ഗർഭവതിയും ഭർത്താവും ആചാര്യവിധിപ്രകാരം ഏകാന്തസ്ഥാനത്ത് പോയി അൽപനേരമിരിക്കണം[12].ഇതുപോലെ യജ്ഞാഹുതിക്ക്ശേഷവും അനുഷ്ഠിക്കേണം.തുടർന്ന് ബന്ധുഗുരുജനങ്ങളെ യഥാവിധി സത്കരിച്ചു യാത്രയാക്കാം.വടവൃക്ഷത്തിന്റെ മുകളിൽ തൂങ്ങി കിടക്കുന്ന വേരുകൾ ,അമൃതവള്ളിയുടെ തളിരും ചേർത്ത് നന്നായി അരച്ച് നാസികയിൽ നന്നായി മണപിക്കുക എന്നത് ഈ സംസ്കാരത്തിലെ മുഖ്യമായ ചടങ്ങാണ്.ഈ ചടങ്ങ് വട വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു ചെയ്യണമെന്നാണ് വിധി.ഗർഭിണി മിതവ്യായാമവും സൗമ്യാചരണവും പ്രസന്നചിത്തവുമുണ്ടായിരിക്കണം.ക്ഷോഭജന്യ മായ വാദപ്രതിവാദങ്ങൾ ഒഴിവാക്കണം[13].
സീമന്തോന്നയനം
[തിരുത്തുക]ഗർഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും ഗർഭിണിയിലുടെ ഗർഭസ്ഥശിശുവിന്റെ ആര്യോഗത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചയ്ക്കും വേണ്ടി ആചാരിക്കപെടുന്ന സംസ്കാരമാണ് സീമന്തോന്മയനം. ഇതു ഗർഭധാരണത്തിന്റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗവാചകമായ ഒരു നക്ഷത്രത്തിൽ ആചരിക്കണം.ഹോമാഗ്നി ഉണ്ടാക്കിയതിനു ശേഷം അതിൽ ആഹുതി അർപിക്കണം.പിന്നീടു പതി-പത്നിമാർ ഏകന്തതയിൽ ഇരിന്നു മന്ത്രോച്ചാരണം ചേയ്യും.അപ്പോൾ ഗർഭിണിയുടെ തലമുടിയിൽ ഭർത്താവ് പ്രത്യേകം തയ്യാറാക്കിയ സുഗന്ധഔഷധതൈലം പുരട്ടികൊടുക്കും.തുടർന്ന് യജ്ഞ ശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി ഗർഭിണി അതിൽ നോക്കുന്നു. ഈ അവസരത്തിൽ ഭർത്താവ് ഭാര്യയോടു എന്തുകാണുന്നു എന്ന് ചോദിക്കുകയും ഭാര്യ പശു, ധനം, ദീർഘായുസ്, യശസ്സ് മുതലായവ കാണുന്നു എന്നുപറയുകയും വേണം.
“ |
|
” |
— ഗോഫില ഗൃഹ്യസൂത്രം |
അനന്തരം കുലസ്ത്രീകൾ,പുത്രവതികൾ ജ്ഞാനവൃദ്ധകൾ,വായോവൃദ്ധകൾ എന്നിവരോടോത്തിരുന്നു ഗർഭവതി നിവേദ്യന്നപാനീയങ്ങൾ കഴിക്കണം[14].ഈ ചടങ്ങ്തന്നെ ആറാംമാസത്തിലും എട്ടാംമാസത്തിലും അനുഷ്ഠിക്കണം.
ജാതകർമസംസ്കാരം
[തിരുത്തുക]കുഞ്ഞു ജനിച്ചു പൊക്കിൾകൊടി മുറിക്കുന്നതിനു മുൻപും പിന്പുമായി നടത്തുന്ന സംസ്കാരമാണ് ജാതകർമസംസ്കാരം.മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിനും ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനും ഈ വൈദികസംസ്കാരം വിധിച്ചിരിക്കുന്നു.ശിശുവിനെ ശുദ്ധിയും ശുശ്രുഷയും ചെയ്തിട്ടു സൂതികർമിണി പിതാവിനെ ഏല്പിക്കണമെന്നും കാറ്റും തണുപ്പും ഏൽക്കാത്ത സ്ഥലത്തിരുന്നു വേദമന്ത്രോച്ചാരണപൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലംകൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രത്താൽ പുതച്ചു ഹോമകുണ്ഡത്തിനരികെഇരുന്ന് ഈശരോപാസന,ഹവനം എന്നിവ നടത്താനമെന്നാണ് വിധി[15].നെയ്യും തേനും ശരാശരി ചേർത്ത് ചാലിച്ച് ഒരു സ്വർണം കൊണ്ടതിൽ തൊട്ടു ശിശുവിന്റെ നാവിൽ ഓം എന്നെഴുതണം തുടർന്ന് ശിശുവിന്റെ വലത്തെ ചെവിയിൽ വേദോസീതി എന്ന് പതിയെ ചൊല്ലണം.തുടർന്ന് ഇടത്തെ ചെവിയിലും ഇതുപോലെ ഉച്ചരിക്കണം.അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ചില വേദമന്ത്രങ്ങൾ ചൊല്ലുന്നു.തുടർന്ന് ശിശുവിന്റെ വീട്ടിലും മാതാവിന്റെ ശരീരത്തിലും ജപിച്ചുവെച്ചിരിക്കുന്ന ശുദ്ധജലം തളിക്കുന്നു.തുടർന്ന് മാതാവിന്റെ സ്തനങ്ങൾ കഴുകി തുടച്ചു ആദ്യ മുലയൂട്ടൽ കർമം നിർവഹിക്കുന്നു. ആദ്യം വലതെതും പിന്നീടു ഇടത്തെ മുലപാലും കുഞ്ഞിനു കൊടുക്കണമെന്നാണ് വിധി.തുടർന്ന് വരുന്ന പത്ത് ദിവസങ്ങളിലും കുഞ്ഞിന്റെയും മാതാവിന്റെയും രക്ഷക്കായി രണ്ടു സന്ധ്യകളിലും ഹോമകർമങ്ങൾ ചെയ്യുന്നു.
നാമകരണസംസ്കാരം
[തിരുത്തുക]ശിശുവിന്റെ ജനനത്തിനുശേഷം പതിനൊന്നാംദിവസത്തിലോ നൂറ്റൊന്നാംദിവസത്തിലോ ഈ രണ്ടുദിനങ്ങളിലും സാധിച്ചില്ലെങ്കിൽ രണ്ടാം വർഷത്തിലൊരു ജന്മനക്ഷത്രത്തിലോ പേര് വിളിക്കുന്ന ചടങ്ങാണ് നാമകരണസംസ്കാരം.മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപിച്ചു യജ്ഞവേദിയുടെ പടിഞ്ഞാറെ ഭാഗത്തിരിക്കുന്ന പിതാവിന്റെ പിന്നിലൂടെ ചെന്ന് കുഞ്ഞിനെ അദ്ദേഹത്തെ ഏല്പിച്ചിട്ട് ഇടതുഭാഗത്തിരിക്കണം.മുറജപപ്രകാരം നാമകരണവും വിശേഷയജ്ഞാഹുതികളോടെ നടത്തുന്നു.തുടർന്ന് നാമകരണ ചടങ്ങിൽ വന്നിട്ടുള്ളവർ എല്ലാം ചേർന്ന് ഉപാസന നടത്തുന്നു.തുടർന്ന് നാമകരണ ചടങ്ങിൽ എത്ത്തിചെർന്നിട്ടുള്ളവർ പിരിഞ്ഞു പോകുമ്പോൾ ശിശുവിനെ നോക്കി
“ | ഹേ കുഞ്ഞേ ! നീ ആയുഷ്മനും, വിദ്യാധനനും, ധർമാത്മനും
യശസ്വിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യസമ്പന്നനുമാകട്ടെ. |
” |
എന്ന് ആശിർവദിക്കുന്നു.[16]
നിഷ്ക്രമണസംസ്കാരം
[തിരുത്തുക]ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയസമയം തെളിഞ അന്തരീക്ഷത്തിൽ ശിശുവിനെ വീട്ടിനകത്തുനിന്നും എടുത്തുകൊണ്ടുപോയി പ്രകൃതിദർശനം നടത്തുന്ന ചടങ്ങാണ് നിഷ്ക്രമണസംസ്കാരം.ഈ ചടങ്ങ് കുഞ്ഞിന്റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്.ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി (അല്ലെങ്കിൽ പറ്റുന്ന ഒരു ദിവസം) ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം[17].
അന്നപ്രാശന സംസ്കാരം
[തിരുത്തുക]കുഞ്ഞിനു ആദ്യമായി അന്നം(ചോർ) നൽകുന്ന ചടങ്ങാണിത്.അന്നം ദാഹിപ്പിക്കുവനുള്ള ശക്തി കുഞ്ഞിനു ഉണ്ടാകുമ്പോൾ ആറാം മാസത്തിൽ ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കുന്നു.പാകം ചെയ്ത ചോറിൽ അല്പം നെയ്യ്,തേൻ,തൈര് എന്നിവ ചേർക്കണം.ശിശുവിന്റെ തുലാഭാരം നടത്തി തുല്യതൂക്കത്തിലുള്ള അന്നം ദാനം ചെയ്യുന്ന പതിവുമുണ്ട്[18].
ചൂഡാകർമ സംസ്കാരം
[തിരുത്തുക]കുഞ്ഞു ജനിച്ചു മൂന്നുവർഷം കഴിയുമ്പോഴോ അതിനുമുൻപേ വേണമെങ്കിൽ ഒരു വയസു തികഞതിനു ശേഷമോ ഉത്തരായന കാലത്തെ ശുക്ലപക്ഷത്തിലൊരു ശുഭമുഹൂർത്തത്തിൽ തലമുടി കളയുന്ന കർമമാണിത്[19].ആദ്യം വലതു,ഇടതു,പിന്നിൽ മുന്നിൽ എന്നി ക്രമത്തിലാണ് മുടി മുറിക്കേണ്ടത്.മുടി മുറിച്ചതിനു ശേഷം വെണ്ണയുടെയോ പാലിന്റെയോ പാട തലയിൽ പുരട്ടണം.പിന്നീടു കുട്ടിയെ കുളിപ്പച്ചതിനു ശേഷം തലയിൽ ചന്ദനം കൊണ്ട് സ്വസ്തി ചിഹ്നം വരക്കണം.
ഉപനയനസംസ്കാരം
[തിരുത്തുക]സംസ്കാരങ്ങളിൽ വച്ച് ഉപനയന സംസ്കാരത്തിന്റെ സ്ഥാനം ഉന്നതമാണ് . പത്താമത്തെ സംസ്കാര ക്രിയ ആണിത് . ഉപനയന സംസ്കാരതോടെ ഒരു കുട്ടി രണ്ടാമതും ജനിക്കുകയാണ് .പൂണൂൽ ധരിക്കുന്ന ധരിക്കുന്ന ചടങ്ങാണ് ഉപനയനസംസ്കാരം[ഗ].കുട്ടിയുടെ മനസ്സിൽ വിഷയവാസന ഉണ്ടാകുന്നതിനു മുൻപ് ഈ കർമം അനുഷ്ഠിക്കണം.ഈ കാലഘട്ടത്തിൽ കുട്ടിക്ക് അഞ്ചു വയസാകുമ്പോൾ ഈ കർമം അനുഷ്ഠിക്കണം.സാധാരണ രീതിയിൽ ഉപനയം എല്ലാവിഭാഗത്തിൽ പെട്ടവരും അനുഷ്ഠിക്കാറുണ്ട്.ഉപനയനകർമം നാലു ദിവസം നീണ്ടു നിൽക്കും.ഉപനയനകർമത്തിനുശേഷം ബ്രഹ്മചാരിയായി മാറിയ കുട്ടി ,ബ്രഹ്മചര്യം അനുഷ്ഠിക്കണം.ദണ്ഡ്ചാരുക എന്ന കർമത്തോടെയാണ് ഉപനയനകർമ്മം അവസാനിക്കുക[20].
വേദാരംഭം
[തിരുത്തുക]ഉപനയനത്തോടുകൂടി വേദാരംഭസംസ്കാരം വീട്ടിൽവച്ചും വിദ്യാരംഭസംസ്കാരം ഗുരുകുലത്തിൽവച്ചും നടത്തുന്നു.
സമാവർത്തന സംസ്കാരം
[തിരുത്തുക]വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു വിദ്യാർഥി ഗുരുദക്ഷിണ നൽകി ഗുരുവിന്റെ അനുഗ്രഹത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങാണ് സമാവർത്തനസംസ്കാരം.പുരുഷൻമാർ 25 വയസുവരെയും സ്ത്രീകൾ 20 വയസുവരെയും ബ്രഹ്മചര്യമനുഷ്ഠിക്കണം എന്നാണ് നിയമം.ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥിയെ സ്നാതകൻ എന്ന് പറയുന്നു.സമാവർത്തനം പൂർത്തിയാക്കുന്ന സമയത്ത് ബ്രഹ്മചര്യചിഹ്ന്നങ്ങളായ വൽകലവും ദണ്ഡും ഉപേക്ഷിക്കുന്നു.അനന്തരം ആദിത്യഭിമുഖമായി നിന്ന് ആദിത്യജപം നടത്തി നഖങ്ങളും,തലമുടികളും വെട്ടികളയുന്നു.ആചാര്യഉപദേശത്തിന്റെ ആദ്യഭാഗം തൈത്തിരിയഉപനിഷത്തിൽ ഇങ്ങനെ പറയുന്നു.[21].
“ | സത്യം പറയുക ധർമം ആചരിക്കുക. പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്. |
” |
വിവാഹം
[തിരുത്തുക]വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്. വർണാശ്രമധർമപ്രകാരം ബ്രഹ്മചാരിയായ വ്യക്തി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന പവിത്രമായ ചടങ്ങാണ് വിവാഹം. ബ്രാഹ്മം, ദൈവം, ആർഷം, പ്രാജപത്യം, ആസുരം ,ഗാന്ധർവ്വം, രാക്ഷസം, പൈശാചം,[ക]എന്നിങ്ങനെ എട്ടുവിധം വിവാഹങ്ങൾ ഉണ്ട്. അശ്വലായനഗൃഹ്യസൂത്രം പ്രകാരം പരസ്പരം കാണുകയും സംസാരിക്കുകയും പരസ്പരാനുരാഗത്തിലാവുകയും ചെയ്യുന്ന യുവതീയുവാക്കൾ തുടർന്ന് ബന്ധു-ഗുരുജനങ്ങളുടെ അനുവാദത്തോടെ വിവാഹം നടത്തുന്നു. വിവാഹത്തിനു കന്യക രജസ്വലയായി കുറഞ്ഞത് നാലുവർഷമെങ്കിലും കഴിഞിരിക്കണം. വരനു വധുവിനെക്കാൾ പ്രായം കൂടുതലായിരിക്കണം. വിവാഹിതരായശേഷം കുറഞ്ഞത് നാലുദിവസം കഴിഞ്ഞു വേണം ഗർഭധാനസംസ്കാരം നടത്തുവാൻ[ഖ].വിവാഹസമയത്ത് വധുവരൻമാർ പ്രതിജ്ഞയെടുക്കണമെന്നു ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു[22].
വരന്റെ പ്രതിജ്ഞ
[തിരുത്തുക]- ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി.
- അതിനാൽ നീ എന്റെ അർദ്ധാഗിംനിയാണെന്നു സമുദായ സമക്ഷം പ്രഖ്യാപിക്കുന്നു.
- ഞാൻ ഭവതിയെ ഗൃഹലക്ഷമിസ്വരൂപേണ സന്തോഷത്തോടെ സ്വീകരിക്കുന്നു.
- ഭവതിയുമായി കൂടിയാലോചിച്ച് ശുഭകർമങ്ങൾ ചെയ്യും.
- നിന്റെ സുഖം,ശാന്തി,സമൃദ്ധി,രക്ഷ എന്നിവക്കായി എന്റെ ശക്തിക്ക് തക്കവിധം വ്യവസ്ഥചെയ്യുന്നതാണ്.
- നാം തമ്മിൽ ഉണ്ടാകുന്ന അഭിപ്രായഭേദങ്ങൾ സൗമ്യമായി പറഞ്ഞു പരിഹരിക്കും.[23]
വധുവിന്റെ പ്രതിജ്ഞ
[തിരുത്തുക]- സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു.
- മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും.
- എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.
- അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്[24].
അങ്ങനെ വിവാഹസംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം ലഭിക്കുന്നു.
ഗൃഹസ്ഥാശ്രമം
[തിരുത്തുക]ഒരു വ്യക്തി പൂർണമായും കുടുംബബന്ധങ്ങളിൽ ഏർപെടുന്ന പ്രക്രിയയാണ് ഗൃഹസ്ഥാശ്രമം. മനുസ്മൃതിയിൽ ഗൃഹസ്ഥാശ്രമത്തെകുറിച്ച് ഇങ്ങനെ പറയുന്നു - സർവജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ചു എങ്ങനെ കഴിയുന്നുവോ അതുപോലെ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിക്കുന്നു [25].
ഗൃഹസ്ഥൻ പഞ്ജമഹായജ്ഞം അനുഷ്ഠിക്കണം എന്ന് ധർമശാസ്ത്രഗ്രന്ഥങ്ങൾ അനുശാസിക്കുന്നു. ദേവയജ്ഞം,ബ്രഹ്മയജ്ഞം,പിതൃയജ്ഞം,അതിഥിയജ്ഞം,ഭൂതയജ്ഞം എന്നിവയാണ് പഞ്ചമഹായജ്ഞങ്ങൾ.
വാനപ്രസ്ഥം
[തിരുത്തുക]സാധാരണ മനുഷ്യായുസിലെ 50 വയസുകഴിഞ്ഞാൽ വാനപ്രസ്ഥം സ്വീകരിക്കണം.വാനപ്രസ്ഥമെന്നാൽ വനത്തിൽപോയി ജിവിക്കണം എന്നർത്ഥമില്ല.വാനപ്രസ്ഥവ്രതം സ്വീകരിച്ചു ഗൃഹത്തിന് പുറത്തു ജീവിക്കണം.ഈ സമയങ്ങളിൽ സാമൂഹിക ധാർമികരംഗങ്ങളിൽ സേവനമനുഷ്ഠിക്കണം.സന്താനങ്ങൾ കാലിൽ നിൽക്കുവാനയാൽ ഗൃഹഭരണം അവരെ ഏല്പിക്കണം.സന്താനങളില്ലെങ്കിൽ മറ്റു കുടുംബാംഗങ്ങളെ എല്പിക്കാം.സന്തോഷപൂർവ്വം ഒരുക്കമാണെങ്കിൽ ഭാര്യയെയും കൂടെ കൊണ്ടുപോകാം.ഈശ്വരോപസനയും ഹോമവും ചെയ്തു ദീക്ഷ സ്വീകരിച്ചു ശ്രദ്ധാപൂർവ്വം വാനപ്രസ്ഥം സ്വീകരിക്കണമെന്ന് യജുർവേദ മന്ത്രത്തിൽ പറയുന്നു[26].ദശവിധസ്നാനം,പഞ്ജാമൃതപാനം,അഭിഷേകം,ദണ്ഡധാരണം, കൗപീനധാരണം,ഹവനം,സങ്കല്പം,പീതവസ്ത്രധാരണം,സമാപനപൂജ,യജ്ഞം എന്നിവ വാനപ്രസ്ഥത്തിന്റെ ഭാഗമാകുന്നു[27].
സന്യാസം
[തിരുത്തുക]സന്യാസി ആകുവാൻ നിശ്ചയിച്ച തീയതിക്ക് മൂന്നുദിവസം മുൻപേ വ്രതം അനുഷ്ഠിച്ചു തുടങ്ങണം.സന്യാസസംസ്കാരം ആരംഭിക്കുന്ന ദിവസം പുലർച്ചതന്നെ സന്യാസം സ്വീകരിക്കുന്നയാൾ എഴുന്നേറ്റു സന്യാസകർമങ്ങൾക്ക് തുടക്കമിടണം.സന്യാസം സ്വീകരിക്കുമ്പോൾ അഞ്ചു തലമുടി ഒഴികെ ബാക്കിയെല്ലാം വടിച്ചുകളയണമെന്ന് നിർബന്ധമുണ്ട്.വളരെ വിപുലമായ സന്യാസിപരമ്പര ഭാരതത്തിനുണ്ട്.ശൈവ,വൈഷ്ണവവാദി മഠാധിപതികളും,ആചാര്യപരമ്പകളിലൂടെ പീഠാധിപതികളയാവരും,യോഗികളും,ഭക്തന്മാരും,കർമികളും,ജ്ഞാനികളും ഉൾപ്പെടെയുള്ള വിപുലമായ സന്യാസിപരമ്പരയണുള്ളത്[28].യുഗധർമ്മമനുസരിച്ച് ശ്രീരാമകൃഷ്ണശ്രമം,സായിബാബാ മഠം,മാതാ അമൃതാനന്ദമയി മഠം തുടങ്ങിയ അപൂർവ്വം ചില സന്യാസിസംഘങ്ങൾ സമുദായത്തിനും നാടിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യുണ്ട്[29].വ്രതം,യജ്ഞം,തപസ്സു,ധനം,ഹോമം,സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും സത്യപവിത്രാദി കർമങ്ങളിൽനിന്ന് വ്യതിചലിച്ചവനും സന്യാസം നൽകരുത്[30].സന്യാസ വേഷത്തിൽ ഭിക്ഷയെടുക്കുന്നത് പാപമാണ്.ധർമബോധവും ആചാരശുദ്ധിയുമില്ലാതെ,അഗ്നിവസ്ത്ര(കാവിവസ്ത്ര)ത്തെയും സന്യാസത്തെയും അവഹേളിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ എർപെടുന്നവർക്കും പാപമാണ് ഫലം എന്ന് ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു.കപട സന്യാസികളെ രാജാവിന് ശിക്ഷിക്കാം.ക്രമസന്യാസം കഴിന്നുള്ള അവസ്ഥയാണ് അത്യാശ്രമി.സന്യാസിമാർ സ്വാധ്യായം,തപസ്സു എന്നിവ അനുഷ്ഠിക്കുന്നതോടപ്പം ജനോപകാരപ്രവത്തികളും ചെയ്യണമെന്നുണ്ട്.
സന്യാസിയുടെ ജീവിതരീതികൾ
[തിരുത്തുക]മരച്ചുവട്ടിൽ താമസിക്കണം.
ഗ്രാമങ്ങളിൽ രണ്ടു രാത്രികൾ കഴിച്ചു കൂട്ടരുത്.(ഒരു രാത്രി മാത്രം).
അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
അറിഞ്ഞുകൊണ്ട് ജീവികളെ ചവിട്ടരുത്.
വസ്ത്രംകൊണ്ട് അരിച്ച വെള്ളമേ കുടിക്കാവൂ.
സത്യമേ പറയാവൂ.
മനസ്സിനു നന്മ വരുന്നതെ ആച്ചരിക്കാവൂ.
ജീവിതവും മരണവും തുല്യതയോടെ വീക്ഷിക്കണം.
വാക്കുതർകങ്ങളിൽ ഭാഗഭാക്കരുത്.
ആരെയും അപമാനിക്കരുത്.
ആഗ്രഹമില്ലാതവനകണം.[31]
അന്ത്യേഷ്ടി
[തിരുത്തുക]ഷോഡസക്രിയയിൽ ഏറ്റവും ഒടുവിലുള്ള സംസ്കാരമാണ് അന്ത്യേഷ്ടി. ഒരു വ്യക്തി മരിച്ചുകഴിഞാൽ ചെയ്യേണ്ട മരണാന്തര കർമങ്ങളെകുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. അന്ത്യശാസം വലിച്ചുകഴിഞ്ഞാൽ ശരീരം ശവമായി. അതിനെ നിലത്തു ദർഭ തെക്കോട്ട് മുനയാക്കിയിട്ടതിനു മീതെ മലർത്തി കിടത്തി വായയും കണ്ണുകളും അടച്ചു, കാൽപെരുവിരൽ ചേർത്ത് കെട്ടി കൈകൾ നെഞ്ചിൽവച്ച് കൈയുടെ പെരുവിരൽ ചേർത്തുകെട്ടി പാദവും മുഖവുമൊഴിച്ച് ബാക്കിയെല്ലാം ശുഭ്രവസ്ത്രംകൊണ്ട് മൂടണം. തലയുടെ ഭാഗത്ത് എളെളണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് വെക്കണം. ചുറ്റും എള്ളും അക്ഷതവും ചേർത്ത് വൃത്തം വരക്കണം. സാമ്പ്രാണി, അഷ്ടഗന്ധം എന്നിവ പുകച്ചു കൊണ്ടിരിക്കണം. വളരെ ദൈർഘ്യമേറിയ ചടങ്ങാണ് മരണാന്തര കർമങ്ങൾ.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ, വിശ്വഹിന്ദുബുക്സ്, കോട്ടയം, പേജ്-19)
- ↑ http://mayursamrat.com/shodads_upacharas.html[പ്രവർത്തിക്കാത്ത കണ്ണി] shodads_upacharas
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-25)
- ↑ http://whitephosphorous.wordpress.com/2007/02/19/shodasha-samskaaras/
- ↑ ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-29)
- ↑ ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)
- ↑ sanskritdocuments.org/all_pdf/manusmriti.pdf
- ↑ http://www.hinduwebsite.com/sacredscripts/hinduism/grihya/asva.asp
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-33)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-35)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-37)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-38)
- ↑ ആചാരാനുഷ്ഠാനകോശം (പി സി കർത്താ,ഡി സി ബുക്സ്)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-41)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-44)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-46)
- ↑ ആചാരാനുഷ്ഠാനകോശം (പി സി കർത്താ,ഡി സി ബുക്സ് ,page-94)
- ↑ http://www.vedantaiowa.org/Upanishads_PDF/TaittiriyaUp.pdf
- ↑ ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-71)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-71-72)
- ↑ http://sanskritdocuments.org/all_pdf/manusmriti.pdf
- ↑ http://www.sanskritweb.net/yajurveda/
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-105)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-128)
- ↑ സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-129)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-04. Retrieved 2011-07-17.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-06-17. Retrieved 2011-07-17.
പുറം കണ്ണികൾ
[തിരുത്തുക]- http://www.indiastudychannel.com/resources/142397-The-life-term-actions-or-events-brahmins-from.aspx
- http://in.answers.yahoo.com/question/index?qid=20090810064440AAdczFv Archived 2021-04-25 at the Wayback Machine.
- http://www.astrojyoti.com/shodasaupacharas.htm
- http://www.hinduwebsite.com/sacredscripts/hinduism/grihya/asva.asp
- http://sawaal.ibibo.com/puja-and-rituals/what-shodasa-upacharas-456531.html Archived 2012-04-24 at the Wayback Machine.
- http://www.vedantaiowa.org/Upanishads_PDF/TaittiriyaUp.pdf
കൂടുതൽ വായിക്കുവാൻ
[തിരുത്തുക]- ആചാരാനുഷ്ഠാനകോശം (പി സി കർത്താ,
ഡി സി ബുക്സ്)
- സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം)
- ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)