അഗ്ന്യാധാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദു ആചാരപ്രകാരമുള്ള ചിത

ഷോഡശക്രിയയിൽ ഏറ്റവും ഒടുവിലുള്ള സംസ്കാരമാണ് അന്ത്യേഷ്ടി അഥവാ അഗ്ന്യാധാനം.ഒരു വ്യക്തി മരിച്ചുകഴിഞ്ഞാൽ ചെയ്യേണ്ട മരണാനന്തര കർമങ്ങളെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. അന്ത്യശ്വാസം വലിച്ചുകഴിഞ്ഞാൽ ശരീരം ശവമായി. അതിനെ നിലത്തു ദർബ തെക്കോട്ട്‌ മുനയാക്കിയിട്ടതിനുമീതെ മലർത്തിക്കിടത്തി വായയും കണ്ണുകളും അടച്ചു,കാൽപെരുവിരൽ ചേർത്ത് കെട്ടി കൈകൾ നെഞ്ചിൽവച്ച് കൈയുടെ പെരുവിരൽ ചേർത്തുകെട്ടി പാദവും മുഖവുമൊഴിച്ച് ബാക്കിയെല്ലാം ശുദ്ധവസ്ത്രംകൊണ്ട് മൂടണം. തലയുടെ ഭാഗത്ത് എളെളണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് വെക്കണം. ചുറ്റും എള്ളും അക്ഷതവും ചേർത്ത് വൃത്തം വരക്കണം. സംഭ്രാണി, അഷ്ടഗന്ധം എന്നിവ പുകച്ചു കൊണ്ടിരിക്കണം. വളരെ ദൈർഘ്യമേറിയ ചടങ്ങാണ് മരണാന്തര കർമങ്ങൾ. ചിതാകുണ്ഡം വേണ്ടത്ര വിസ്തൃതിയിൽ കുഴിച്ച് അതിൽ പശുവിൻ ചാണകം തളിക്കണം. ചിതയ്ക്ക് ചുറ്റും നാല് വിറകുവെയ്ക്കണം. പിന്നീടു വയ്ക്കുന്ന ഓരോ വിറകുകളും ഈ നാലു വിറകിനു ഉള്ളിലൊതുങ്ങണം. മാവ്,പ്ലാവ്, ആൽ എന്നിവ കൊണ്ട് ചിത ഒരുക്കാം. ശവത്തെ തല തെക്കോട്ടായി ചിതയിൽ കിടത്തണം. ഇടതു കാൽമുട്ട് നിലത്തൂന്നി ചിതക്ക്‌ തീകൊളുത്തണം എന്നാണ് നിയമം.

അടിതിരിയും പത്തനാടിയും[തിരുത്തുക]

ഷോഡശക്രിയകളിൽ അവസാനത്തെതായ അഗ്ന്യാധാനം അനുഷ്ടിച്ചു പൂർത്തിയാക്കിയ നമ്പൂതിരി ദമ്പതികളുടെ സ്ഥാനപ്പേരുകളാണ് അടിതിരി എന്നതും പത്തനാടി എന്നതും. യാഗാധികാരമുള്ള നമ്പൂതിരിമാർ നിർബന്ധമായും അഗ്ന്യാധാനം അനുഷ്ഠിക്കണം എന്നു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. വൈദിക കർമ്മങ്ങളോടു കൂടി ഹോമകർമ്മം നടത്തി അഗ്നിയെ ഹോമകുണ്ഡത്തിലേക്ക് ആവാഹിക്കുന്ന ചടങ്ങോടെയാണ് ഇത് തുടങ്ങുന്നത്. പുന്നെല്ലിന്റെ ഉമിയും ചിരട്ടക്കരിയുമാണ് അഗ്നികുണ്ഡത്തിനുപയോഗിക്കുന്നത്. ഇത് അനുഷ്ഠിക്കാൻ ദമ്പതികൾ ആരോഗ്യമുള്ളവരായിരിക്കണെമെന്നും നിർബന്ധമാണ്. ആവാഹിച്ച അഗ്നിയെ അണയാതെ സൂക്ഷിക്കേണ്ടുന്നത് ദമ്പതികളുടെ കടമയായി കണക്കാക്കുന്നു. ഇതിനെ പരിപാലിക്കുകയും ഉപാസിക്കുകയും ചെയ്യുന്നതിനായി അവരിലൊരാൾ എപ്പോഴും അടുത്തു തന്നെ വേണമെന്നും നിഷ്കർഷിക്കപ്പെടുന്നു. ആദ്യം മരിക്കുന്നയാളുടെ ചിതക്കു ഇതു കൊണ്ടുതന്നെ തീകൊളുത്തുന്നതുവരെ ദിവസവും രണ്ടു നേരം അഗ്നിഹോത്രം നടത്തണം. പശുവിന്റെ പാലിന്റെ തന്നെ തൈരും പ്ലാശിന്റെ ചമതയും ഉപയോഗിച്ചാണ് അഗ്നിഹോത്രം. [1]

പത്തനാടി എന്ന പദവിയുള്ള നമ്പൂതിരി അന്തർജനങ്ങളെ അവരുടെ അടുത്തുപോയിക്കാണണം എന്നു വ്യവസ്ഥ ഒരു കാലത്ത് നിലവിലുണ്ടായിരുന്നു. അടിതിരി എന്നതിനു ശേഷം അഗ്നിഷ്ടോമം എന്ന സോമയാഗത്തിലൂടെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് സ്വായത്തമാകും. അതിനു ശേഷം അതിരാത്രത്തിലൂടെയാണ് സോമയാജിപ്പാടായ യാഗ-യജമാനൻ അക്കിത്തിരിപ്പാട് എന്ന പദവിക്കു യോഗ്യനാകുന്നത്. എല്ലാ യാഗങ്ങൾക്കും അഗ്ന്യാധാനം നടത്തുന്ന ഹോമകുണ്ഡത്തിലെ അഗ്നിയാണ് ആവാഹിച്ച് ഉപയോഗിക്കുന്നതും യാഗവസാനം തിരിച്ച് ഹോമകുണ്ഡത്തിലേക്കു തന്നെ തിരിച്ചു നിക്ഷേപിക്കുന്നതും.[1]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 ആർ. ശശിശേഖർ (2015-03-17). "അക്കിത്തിരിപ്പാട് പദവിയിലേക്ക് ഒരാൾ കൂടി.". മലയാള മനോരമ. യഥാർത്ഥ സൈറ്റിൽ നിന്ന് 2015-03-28-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-28. 

കൂടുതൽ വായിക്കുവാൻ[തിരുത്തുക]

  • സ്വാമി പരമേശ്വരാനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം)
  • ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പബ്ലിക്കേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)
"https://ml.wikipedia.org/w/index.php?title=അഗ്ന്യാധാനം&oldid=2156048" എന്ന താളിൽനിന്നു ശേഖരിച്ചത്