പുനം നമ്പൂതിരി
പുനം നമ്പൂതിരി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭാഷാകവിയാണു്. കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മാനവിക്രമൻ രാജാ സാമൂതിരിയുടെ സദസ്സിലെ ഒരു അംഗമായിരുന്നു. പതിനെട്ടരക്കവികളിൽ “അരക്കവി” എന്നു പ്രശസ്തനായി (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം)
കൃഷ്ണഗാഥയുടെ രചയിതാവായ ചെറുശ്ശേരി നമ്പൂതിരി തന്നെയാണു് പുനം നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ടു്. പതിനഞ്ചാം നൂറ്റാണ്ടിൽ മാനവേദരാജാവിന്റെ സദസ്സിലുണ്ടായിരുന്ന ഭാഷാകവിയെന്ന നിലയിലാണു് ഈ രണ്ടു വ്യക്തികളും പ്രശസ്തരായിരിക്കുന്നത് എന്ന സാമ്യമാവണം ഇത്തരമൊരു നിരീക്ഷണത്തിനു കാതലാകുന്നതു്.
അരക്കവി
[തിരുത്തുക]കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമൻ രാജയുടെ കാലത്തെ പണ്ഡിതശ്രേഷ്ഠരിൽ പത്തൊമ്പതു പേരെ ബഹുമാനാർഥം “പതിനെട്ടരക്കവികള്‍” എന്നു് വിളിച്ചു പോന്നിരുന്നു. ഈ കൂട്ടത്തിൽ ഭാഷാകവിയായിട്ടുള്ളത് പുനം നമ്പൂതിരി മാത്രമായിരുന്നു. കവിയ്ക്കുള്ള ശ്രേഷ്ഠത കണക്കിലെടുത്തോ പത്തൊമ്പത് കവികളിൽ ഏക ഭാഷാകവി ആയതിനാലോ ആവാം കൂട്ടത്തിൽ നിന്നു് വേറിട്ടുള്ള പ്രത്യേകത സൂചിപ്പിക്കുന്ന “അരക്കവി”യെന്ന പ്രയോഗം ഉപയോഗിച്ചുകാണുന്നതു്.
അന്തഹന്തയ്ക്കിന്തപ്പട്ട്
[തിരുത്തുക]പണ്ഡിതസദസ്സിലെ പതിനെട്ടരക്കവികളിൽ ഒരാളും സംസ്കൃതപണ്ഡിതനും കവിയുമായിരുന്ന ഉദ്ദണ്ഡശാസ്ത്രികൾക്കു ഭാഷാകവികളെ വലിയ പുച്ഛമായിരുന്നു. അദ്ദേഹം പലായദ്ധ്വം പലായദ്ധ്വം...(അല്ലയോ ദുഷ്കവികളാകുന്ന ആനകളേ ഓടിക്കൊൾവിൻ. വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡൻ എന്ന സിംഹം ഇതാ വരുന്നു) എന്നും ഭാഷാകവിനിവഹോയം (ഈ ഭാഷാ(മലയാള)കവികൾ ഭൂമിയിൽ ചന്ദ്രനെപ്പോലെ പ്രകാശിക്കുന്നു. സാധാരണമായി വൃത്തഹീനന്മാരാണ്. (കാലം ചെല്ലുമ്പോൾ വൃത്താകൃതി നഷ്ടപ്പെടുന്നു എന്ന് ചന്ദ്ര പക്ഷത്തിൽ) പണ്ഡിതർ നോക്കുമ്പോൾ വാക്കുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു(സൂര്യന്റെ സാന്നിധ്യത്തിൽ പ്രകാശം നഷ്ടപ്പെടുന്നു എന്ന് ചന്ദ്ര പക്ഷത്തിൽ)എന്നും ഭാഷാകവികളെ പരിഹസിച്ചു. ഈ ഉദ്ദണ്ഡശാസ്ത്രികൾ പോലും പുനം നമ്പൂതിരിയുടെ താരിൽത്തന്വീകടാക്ഷാഞ്ചല... എന്ന ശ്ലോകം കേട്ടിട്ടു് അതിന്റെ അവസാനത്തിലെ "ഹന്ത" എന്ന പ്രയോഗത്തിന്റെ സാരസ്യത്തെ അഭിനന്ദിച്ചു് "അന്ത ഹന്തയ്ക്കിന്തപ്പട്ടു്" എന്നു പറഞ്ഞു് ഒരു പട്ടു സമ്മാനിക്കുകയും അധികേരളമഗ്ര്യഗിര എന്ന ശ്ലോകം രചിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
“അന്തഹന്തയ്ക്കിന്തപ്പട്ട്” എന്ന വാക്യം “അന്ത അഹന്തയ്ക്ക് ഇന്ത പട്ട്” എന്നു് തെറ്റായി വ്യാഖാനിക്കുമോ എന്ന ആശങ്കയാൽ, പലപ്പോഴും “പട്ട് അഹന്തയ്ക്കല്ല, ഹന്തയ്ക്കാണു്” എന്നും വിശദീകരിച്ചുപോരുന്നു.