നവദുർഗ്ഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Navadurga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശൈലപുത്രി ബ്രഹ്മചാരിണി ചന്ദ്രഖണ്ഡ
കൂഷ്മാണ്ഡ സ്കന്ദമാതാ കാർത്യായനി
കാലരാത്രി (ഭദ്രകാളി) മഹാഗൗരി സിദ്ധിദാത്രി

ഹിന്ദുമതവിശ്വാസപ്രകാരവും ശാക്തേയ ആചാരപ്രകാരവും ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയുടെ അഥവാ പാർവതി ദേവിയുടെ ഒൻപത് ഭാവങ്ങളെയാണ് നവദുർഗ്ഗ (ദേവനാഗരിയിൽ: नवदुर्गा) എന്ന് അർത്ഥമാക്കുന്നത്. ദുർഗ്ഗയുടെ ഒൻപത് രൂപങ്ങൾ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, ഭദ്രകാളി അഥവാ കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നത്. ദുർഗതിപ്രശമനിയും ദുഖനാശിനിയുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്.

രൂപങ്ങൾ[തിരുത്തുക]

ദുർഗ്ഗ (ഭുവനേശ്വരി) അഥവാ ആദിപരാശക്തിയുടെ ഏറ്റവും ശക്തമായ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ എന്നാണ് വിശ്വാസം. ദുർഗ്ഗാ ഭഗവതി പ്രധാനമായും മൂന്നു രൂപങ്ങളിലാണ് ആവിഷ്കരിക്കപെടുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി. ഈ മൂന്നു ദേവിമാരും വീണ്ടും മൂന്നുരൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നവദുർഗ്ഗ. നവദുർഗ്ഗയിലെ ഓരോ ദേവിയും ദുർഗ്ഗയുടെ ഓരോ വിശിഷ്ടഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിശേഷഗുണത്തിനനുസരിച്ച് ഭഗവതിയുടെ ആടയുടെ നിറവും വ്യത്യാസപ്പെട്ടിരിക്കും.

ഇതനുസരിച്ച്:

ദേവി ഗുണം വർണ്ണം
ശൈലപുത്രി പ്രകൃതി ഹരിതവർണ്ണം
ബ്രഹ്മചാരിണി ഭക്തി നീലം
ചന്ദ്രഘണ്ഡാ സൗന്ദര്യം പാടലവർണ്ണം
കുഷ്മാണ്ഡ ശുഭാരംഭം ഊതവർണ്ണം
സ്കന്ദമാതാ കഠിനാധ്വാനം പീതവർണ്ണം
കാർത്യായനി ധൈര്യം പിംഗലവർണ്ണം
കാലരാത്രി അഥവാ മഹാകാളി മായ കരിനീല അല്ലെങ്കിൽ കറുപ്പ്
മഹാഗൗരി നിർമ്മലത്വം അരുണം
സിദ്ധിദാത്രി ദാനം ധൂസരവർണ്ണം

നവദുർഗ്ഗ[തിരുത്തുക]

നവദുർഗ്ഗ. വരാണസിയിൽ നിന്നും

ശൈലപുത്രി[തിരുത്തുക]

പ്രധാന ലേഖനം: ശൈലപുത്രി

ഹിമവാന്റെ മകളാണ് ശൈലപുത്രി (ശൈലം= പർവ്വതം, ഹിമാലയം). അനന്തമായ പ്രകൃതി കൂടിയാണ്സ ദേവി. സതി, ഭവാനി, പാർവതി മാതാ, ഹേമവതി മാതാ(ഹിമവാന്റെ പുത്രി → ഹേമവതി) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ദക്ഷപ്രജാപതിയുടെ മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി(സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം. ദക്ഷയാഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്റെ(ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്റെ(ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.

നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.

ബ്രഹ്മചാരിണി[തിരുത്തുക]

ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസ്സനുഷ്ടിക്കുകയാണുണ്ടായത്. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു. നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത്

ചന്ദ്രഘണ്ഡാ[തിരുത്തുക]

നവദുർഗ്ഗയിൽ മൂന്നാമത്തേത് ചന്ദ്രഘണ്ടാ ആണ് . മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്. നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്

കൂഷ്മാണ്ഡ[തിരുത്തുക]

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്. നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്

സ്കന്ദമാത[തിരുത്തുക]

ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർതികേയന്റെ മാതാവായതുകൊണ്ട് സ്കന്ദമാത എന്ന നാമത്തിൽ അറിയപ്പെടുന്നു. നവരാത്രിയിൽ പാർവതിയുടെ സ്കന്ദമാത ഭാവമാണ് അഞ്ചാം ദിവസം ആരാധിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ശക്തിയും അതിന്റെ ഫലവും സ്കന്ദ മാതാ ദേവി തരുന്നു .

കാർത്യായനി[തിരുത്തുക]

പ്രധാന ലേഖനം: കാർത്യായനി

കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി പരാശക്തിയെ തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ചണ്ഡികാദേവി മഹിഷാസുരനെ വധിച്ചത്, ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും (ത്രിദേവി) ശക്തി ഒന്നായി ആദിപരാശക്തി ആയി, മഹിഷാസുരമർദ്ദിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാർത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത്.

കാലരാത്രി[തിരുത്തുക]

ഭഗവതിയുടെ ഏഴാമത്തെ രൂപമാണ് കാലരാത്രി അഥവാ മഹാകാളി അല്ലെങ്കിൽ ഭദ്രകാളി. കേരളത്തിൽ ദാരികവധം നടത്തിയ ഭദ്രകാളിക്ക് പ്രാധാന്യം കൊടുത്തു ആരാധിക്കുന്നു. കറുത്ത വർണ്ണമുള്ള കാലരാത്രി മാതാ ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള കാളിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചു കൊണ്ടിരിക്കുന്നു. കാലരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽ നിന്നും ആപത്തുക്കളിൽ നിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ഭഗവതിയുടെ വാഹനം ഗർദഭമാണ്. കരുണയോടെ എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് കരുണാദേവി, ശുഭകാരി എന്നൊരു നാമവുമുണ്ട്. പാർവതിയുടെ താമസഭാവം ആണ് മഹാകാളി അഥവാ കാലരാത്രി. രക്തബീജൻ, ചണ്ഡമുണ്ഡൻ, ശുംഭനിശുംഭൻ എന്നീ അസുരന്മാരെ ഭഗവതി ഈ കാളീ രൂപത്തിൽ ആണ് വധിച്ചത്. നവരാത്രിയിൽ പരാശക്തിയുടെ കാലരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത്. ശിവൻ ആയുസ്സ് നൽക്കുമ്പോൾ പാർവ്വതി ശക്തി പ്രദാനം ചെയ്യുന്നു. ശിവൻ സംഹാര മൂർത്തി ആയ മഹാകാലേശ്വരൻ ആകുമ്പോൾ പാർവ്വതി (ദുർഗ്ഗ) മഹാകാളി ആയി മഹാദേവനെ സംഹാരക കർമ്മത്തിൽ സഹായിക്കുന്നു .

മഹാഗൗരി[തിരുത്തുക]

പ്രധാന ലേഖനം: മഹാഗൗരി

പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും. ദേവിയുടെ സ്വാതിക ഭാവം ആണ് മഹാഗൗരി. നവരാത്രിയുടെ എട്ടാം ദിവസം അന്നപൂർണ്ണേശ്വരിയായ ദേവിയുടെ മഹാഗൗരി ഭാവമാണ് ആരാധിക്കുന്നത്.

സിദ്ധിദാത്രി[തിരുത്തുക]

ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിദാത്രിയെ ആരാധിക്കുന്നു. ഇത് മഹാലക്ഷ്മി തന്നെയാണ്. സർവദാ ആനന്ദകാരിയായ സിദ്ധിദാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും സർവ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുന്നു. ദുർഗ്ഗയുടെ സിദ്ധിദാത്രി ഭാവമാണ് ഒന്പതാം ദിവസം ആരാധിക്കുന്നത്. താമരപ്പൂവിൽ കുടികൊള്ളുന്ന ഈ ദേവിയെ മഹാലക്ഷ്മി ആയും സങ്കൽപ്പിച്ചു വരുന്നു.

അവലംബം[തിരുത്തുക]

പ്രഥമം ശൈലപുത്രീതി

ദ്വിതീയം ബ്രഹ്മചാരിണീ

തൃതീയം ചന്ദ്രഖണ്ഡേതി

കൂശ്മാണ്ഡേതി ചതുർത്ഥകം.

പഞ്ചമം സ്കന്ദമാതേതി

ഷഷ്ഠം കാർത്യായനീതി ച

സപ്തമം കാളരാത്രീതി

മഹാഗൗരീതി ചാഷ്ടമം.

നവമം സിദ്ധിദാ പ്രോക്താ

നവദുർഗ്ഗാ: പ്രകീർത്തിതാഃ: (ദേവീ ഭാഗവതം)

"https://ml.wikipedia.org/w/index.php?title=നവദുർഗ്ഗ&oldid=3985802" എന്ന താളിൽനിന്ന് ശേഖരിച്ചത്