Jump to content

മുച്ചിലോട്ടു ഭഗവതി (തെയ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുച്ചിലോട്ടു ഭഗവതി

ഉത്തര മലബാറിൽ കെട്ടിയാടപ്പെടാറുള്ള തെയ്യങ്ങളിൽ വാണിയ സമുദായക്കാരുടെ കുല-പര ദേവതയാണ്‌ മുച്ചിലോട്ടു ഭഗവതി. സമുദായ ഭേധമന്യേ ഉത്തര കേരളത്തിൽ പരക്കെ ആരാധിക്കപ്പെടുന്ന മുച്ചിലോട്ട്‌ ഭഗവതിയെ അതേ രൂപത്തിൽ കണിയാൽ ഭാഗവതി[1]. എന്നും ചെറിയ രൂപ വ്യത്യാസത്തിൽ ഈഴാല ഭഗവതി,മഞ്ഞളാമ്മ എന്നീ പേരുകളിലും ആരാധിച്ച്‌ വരുന്നു.[2].

ഏറെ ലാവണ്യമുള്ള തെയ്യമാണ് മുച്ചിലോട്ടു ഭഗവതി. ഭഗവതിയുടെ മുഖമെഴുത്തിന് കുറ്റിശംഖും പ്രാക്കും എന്നാണ് പറയുന്നത്. സാത്വിക ആയതിനാൽ ചടുലമായ ചലനവും വാക്കും ഈ തെയ്യത്തിനില്ല. സർവാലങ്കാര ഭൂഷിതയായി, സുന്ദരിയായി നവവധു പോലെയാണ് ഈ തെയ്യം. നിത്യ കന്യകയായ ദേവിയുടെ താലികെട്ടാണ് പെരുങ്കളിയാട്ടം.12 വർഷം കൂടുമ്പോഴാണ് പെരുങ്കളിയാട്ടം നടത്തുന്നത്.പരാശക്തിയുടെ അവതാരമായ ബ്രാഹ്മണ കന്യകയായി ഭൂമിയിൽ ജനിച്ച ദേവി ചെറു പ്രായത്തിൽ തന്നെ അറിവുകൊണ്ട് വിജയം നേടുകയും എന്നാൽ അതിൽ അസൂയയും കലിയും പൂണ്ട പുരുഷ മേധാവിത്വം അപവാദ പ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ചപ്പോൾ അപമാനഭാരത്താൽ അഗ്നിയിൽ സീതാ ദേവിയെ പോലെ ജീവൻ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി[3].മുച്ചിലോട്ടു ഭഗവതിയെ മുച്ചിലോട്ട്‌ തായ്‌ എന്നും, മുച്ചിലോട്ടച്ചിയെന്നും, മുച്ചിലോട്ടമ്മയെന്നും, മുച്ചിലോട്ട് പോതിയെന്നും വിളിക്കാറുണ്ട്.

മറ്റു പരദേവതമാർക്കു ഉത്സവാഘോഷങ്ങളായി കോലം കെട്ടി കളിയാട്ടങ്ങൾ നടത്തി വരുന്നത് പോലെ തനിക്കും വേണമെന്ന് മുച്ചിലോട്ട് ഭഗവതിയും തീരുമാനിച്ചു. മുച്ചിലോട്ട്‌ പടനായർ ക്കും കോലത്തുനാട്‌ ഭരിച്ച കോലത്തിരി തമ്പുരാനും തന്റെ ആഗ്രഹം സ്വപ്ന രൂപത്തിൽ ഉണർത്തിച്ച പ്രകാരമാണ് മാന്ത്രിക പണ്ഡിതന്മാരായ ബ്രാഹ്മണർ ചിട്ടപ്പെടുത്തിയ (പടിത്തരവും പട്ടോലചാർത്തും)അനുസരിച്ചു കരിവെള്ളൂർ മുച്ചിലോട്ടു കാവിൽ മുച്ചിലോട്ടു ഭഗവതിയുടെ കോലം കെട്ടിയാടുന്നത്. അക്കാലത്തെ മാന്ത്രികനും മായാജാലക്കാരനുമായിരുന്ന മണക്കാടൻ ഗുരുക്കളാണ് മുച്ചിലോട്ടു ഭഗവതിയുടെ കോലം രൂപകല്പന ചെയ്‌ത് കെ ട്ടിയാടിയത്. പെരുവണ്ണാൻ സമുദായത്തിൽ പെട്ട അദ്ദേഹത്തിന്റെ പിന്മുറക്കാർ തന്നെ ആണ് ഇന്നും അതു ചെയ്യുന്നത്. രണ്ട് കോലങ്ങൾ ഒരേ സമയം കെട്ടിയാടുന്ന പയ്യന്നൂരിലെ പൂന്തുരുത്തി മുച്ചിലോട്ടു കാവിൽ ഒരു കോലം കെട്ടാനുള്ള അധികാരവും അവകാശവും അഞ്ഞൂറ്റാനാണ്. രണ്ടുപേരും തിരുമുടി വെക്കട്ടെ, രണ്ടുപേരെയും എനിക്കു വേണം എന്ന തമ്പുരാട്ടിയുടെ ഹിതം പ്രാശ്നികമായി ചിന്തിപ്പിച്ചപ്പോഴുണ്ടായ തീരുമാനപ്രകാരമാണ് അതു ചെയ്യുന്നത് എന്ന് പറയപ്പെടുന്നു.

രൂപ ഘടന

[തിരുത്തുക]

ശ്രീ മുച്ചിലോട്ടു ഭഗവതിയുടെ രൂപ ഘടന ബ്രഹ്മാണ്ഡ കഠാഹമായിട്ടാണ് മണക്കാടൻ ഗുരുക്കൾ സങ്കല്പിച്ചിട്ടുള്ളത്. മൂന്ന് ഘടകങ്ങൾ ആയിട്ട്. ഒന്ന് -സമുദ്രം. രണ്ട് -ഭൂമി. മൂന്ന് -ആകാശം. ആകാശത്തിൽ മഴവില്ല് വളഞ്ഞ രീതിയിൽ കാണുന്നത് പോലെ വട്ടമായിട്ടാണ് ഭഗവതിയുടെ തിരുമുടി സങ്കല്പിച്ചിട്ടുള്ളത്. തിരുമുടി ആകാശമായും ദേഹം ഭൂമിയായും. ഉടയാടകൾ സമുദ്രമായും (വെള്ളമായും) ആണ് സങ്കല്പം. മഴപെയ്യുന്ന സങ്കല്പമായിട്ടാണ് തിരുമുടിയിൽ കാണുന്ന ചെക്കിമാല. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആണ് ഉടയാടയിൽ (ചുകപ്പിലിട്ടാൽ കുറ)അലങ്കരിച്ചു കാണുന്ന ചന്ദ്രകലകൾ. തിരുമുടിയിൽ കാണുന്ന സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും നിഴലുകൾ വെള്ളത്തിൽ കാണുന്നതായാണ് സങ്കല്പം. ഉടയുടെ പിൻഭാഗത്തു കാണുന്ന വസ്ത്രം താമരയെയും പുഷ്പത്തെയും സങ്കൽപിച്ചുള്ളതാണ്. സമുദ്രത്തിൽ (വെള്ളത്തിൽ) താമരയിൽ എട്ടു കൈകളോട് കൂടി ഇരുന്നുകൊണ്ട് രണ്ട് ദീപയഷ്ടികൾ ത്രികയ്‌കകളിൽ പിടിച്ച് മൂകതയിലും ആന്ധതയിലും അലസതയിലും തപ്പിത്തിരിയുന്ന ജീവജാലകൾക്കു വെളിച്ചം (ഞാനവിജ്ഞാനങ്ങൾ) നൽകികൊണ്ട് ശത്രു നിഗ്രഹം ചെയ്യുവാൻ മറ്റു കൈയ്കളിൽ ഘേടക വാളും ചെറു പരിചയും പിടിച്ചുകൊണ്ടും കയ്യിൽ അന്നപൂർണേശ്വരിയായി മുറവും ത്രിശൂലവും പിടിച്ചു കൊണ്ടും മറ്റൊരുകയ്യിൽ മനുഷ്യന് വന്നുചേരുന്ന തൊണ്ണൂറു മഹാവ്യാധിയും അകറ്റുവാൻ കനക രത്ന പൊടി എടുത്തുകൊണ്ടും അഭയ ദാന തല്പരയായി അനുഗ്രഹിച്ചു കൊണ്ടും നില്കുന്നതായാണ് രൂപകല്പന ചെയ്തിട്ടുള്ളത്. സൃഷ്ടി, സ്ഥിതി, സംഹാര രൂപിണിയായി ബ്രാഹ്മ വൈഷ്‌ണ ശൈവ ഭാവങ്ങളുടെ സമാദരണീയമായ സങ്കല്പം തിരുമുടിയിലും കാണാം. തിരുമുടിയിൽ കാണുന്ന സ്വർണവർണ്ണം മഹാലക്ഷ്മിയായും വെളുത്തവർണ്ണം സരസ്വതിയായും കറുപ്പുവർണ്ണം മഹാകാളിയായും സങ്കല്പിച്ചുകൊണ്ടുള്ളതാണ്. ഇടയിൽ കാണുന്ന സർപ്പങ്ങളിൽ വലത് ഭാഗത്തേക്ക്‌ ശ്രീ അനന്തനും ഇടതു ഭാഗത്തേക്ക്‌ കാർക്കോടകനുമാണ്. ശുംഭനിശുഭൻമാരുടെ വധത്തിനു ചെല്ലുന്ന സമയത്തു എല്ലാ ദേവന്മാരും അവരുടെ ആയുധവും ശക്തിയും കൊടുത്തപ്പോൾ ശ്രീ പരമേശ്വരൻ രണ്ടു വില്ലായി കൊടുത്തതാണ് ഈ രണ്ട് സർപ്പങ്ങളും. ഇവയെല്ലാം ശത്രു സംഹാര ഭാവങ്ങളായി കാണുന്നു. ഭഗവതിയുടെ തോറ്റം പാട്ടുകളിൽ ഈ രൂപവർണ്ണന കേൾകാം

രണ്ടു രീതിയിൽ ചരിത്രമുണ്ട്. 1) ഐതിഹ്യം 2) തോറ്റം പാട്ട്

ഐതിഹ്യം

[തിരുത്തുക]
മുച്ചിലോട്ടു ഭഗവതി തെയ്യം

പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊ രുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു.ദയരമംഗലം ക്ഷേത്രത്തിലേക്ക്‌ എണ്ണയുമായി ആ വഴി പോയ മുച്ചിലോട്ട്‌ പടനായർ (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോട്ട്‌ പടനായർ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് ആ സതീരത്നം തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്. വിവിധ സ്ഥലങ്ങളിൽ മുച്ചിലോട്ടു ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാവുകയും, തന്റെ ശക്തി തെളിയിക്കുകയും ചെയ്യുകയുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു.[3]

തോറ്റം പാട്ട്

[തിരുത്തുക]

തോറ്റം പാട്ട് മാത്രം തെളിവാക്കുകയാണെങ്കിൽ ദൈവം ബ്രാഹ്മണ കന്യകയാണെന്ന് ഉറപ്പിക്കാനാവില്ല. ഐതിഹ്യത്തിൽ മാത്രമാണ്‌ ബ്രാഹ്മണകന്യകയുടെ കഥപറയുന്നത്.

 ഞാൻ എന്റെറ തെന്ന സ്വർത്ഥതമായ ജീവിതത്തിൽ കുടുംബവും വീടും നാടും നഷ്ടമായ് ജീവത്യാഗം ചെയ്യാൻ നോക്കവേ സുരഥനും വൈശ്യനും മുന്നിൽ പ്രത്യക്ഷപെട്ടു ആദിപരാശക്തി.അവർക്ക് ജീവിത സത്യങ്ങൾ പകർന്ന് മോക്ഷമേകിയ ഭുവനമാതാവ് കലിയുഗത്തിൽ അവതരിച്ചെത്രെ. സുരഥനായ് പനക്കാച്ചേരിനമ്പി ,വൈശ്യനായ് പടനായകൻ എന്നിവരും മുച്ചിലോട്ട് പട്ടോലയിൽ ഇടം നേടി.തേത്രായുഗത്തിൽ ശ്രീരാമ പത്‌നിയായ സീതയായ്, ദ്വാപരയുഗത്തിൽ കൃഷ്ണ സോദരിയായ   മായദേവിയും, വിശ്വാമിത്ര മഹർഷിക്ക് മുന്നിൽ പ്രത്യക്ഷപെട്ട ഗായത്രി ദേവിയുമാണ് മുച്ചിലോട്ട് ഭഗവതി.

1008 ദീപിക കോലുള്ള ശ്രീ കൈലാസ ഹോമാഗ്‌നിയിൽ മഹാദേവന്റെ തൃക്കണ്ണ് പതിഞ്ഞപ്പോൾ കനകാംബരയായി ഭുവനമാതാവ് ഉൽഭൂതയായി. സർവ്വായുധങ്ങൾ വരമരുളി ശിവശങ്കരൻ. ഒറ്റത്തണ്ടേനാകുന്ന തേരിലൂടെ മാനവലോകത്ത് ഒരുനൂലിടവഴിയിലൂടെ പെരിഞ്ചെല്ലൂരിൽ തേരിറങ്ങി. തെക്ക് നിന്ന് വടക്കോട്ട് യാത്രതുടർന്നു. കുളിർത്തോരു പടി യും പടിപ്പുരയും കണ്ട് മോഹിച്ച് ഭുവനിമാതാവ് പടനായരുടെ ഗംഗയെന്ന മണികിണറി ലിറങ്ങി തണ്ണീർദാഹം തീർക്കവേ നീരെടുക്കാൻ വന്ന അദ്ദേഹത്തിന്റെറ പത്‌നി കിണറ്റിൽ വിസ്മയംകണ്ടു. ഈ കാര്യം പടനായകരോട് പറയുന്നു. അദ്ദേഹം വന്നു നോക്കിയെങ്കിലും യാതൊന്നും കണ്ടില്ല.പിറ്റേ ദിവസം നിത്യം കണികാണുന്ന കരിമ്പന വാടി കരിഞ്ഞത് കണ്ടു.അത് മുറിച്ച് 12 വില്ലാക്കി.11 ചെത്തിച്ചാരി .12 മത്തെ വില്ല് ഉയർന്നില്ല. അങ്ങനെയൊരു ദൈവമുണ്ടെങ്കിൽ ഈ വില്ലിൽ തന്റെയൊപ്പം വരട്ടെ എന്ന് പറഞ്ഞതും പക്ഷി പോലെ പറക്കുകയും പവിഴം പോലെ തിളങ്ങുകയും ചെയ്തു പള്ളി വില്ല്. പടനായർ പടിഞ്ഞാറ്റയിൽ കുടിയിരുത്തി. വീണ്ടും ഭുവന മാതാവ് ദയരമംഗലത്ത് യാത്ര തുടർന്നു. അവിടുത്തെ സർവ്വകാര്യത്തിനും നിലനിന്ന് ദയരമംഗലത്തമ്മയുടെ സംപ്രീതി പിടിച്ച് പറ്റി.ഉറച്ച സ്ഥാനത്തിനായും കളിയാട്ടമെന്ന കല്ല്യാണവും കൽപിച്ചു ദയരമംഗലത്ത് ഭഗവതി.അതിനുള്ള തയ്യാറെടുപ്പ് തുടരവേ കരിവെള്ളൂരിലെ മുച്ചിലോട്ട് ഊരാളൻ അവിടെയെത്തി പെട്ടു.ആ മഹാ മനസ്‌കന്ററ ഭക്തി വിശ്വാസത്തിൻ ദയരമംഗലത്ത് ഭഗവതിയുടെ ആശ്ശിസോടെ കരിവെള്ളൂരിൽ പനക്കാച്ചേരി നമ്പിയുടെ ഭൂമിയിൽ മുച്ചിലോട്ട് ഭഗവതി കുടിയിരുന്നു എന്നാണ് പട്ടോലയിൽ ഉള്ളത്. തുടർന്ന് 115 മുച്ചിലോട്ട് കാവുകളുണ്ടായി.


[1] Archived 2020-09-19 at the Wayback Machine.

മാർച്ചമയം - അരിമ്പുമാല, എഴിയരം

മുഖത്തെഴുത്ത് - പ്രാക്കെഴുത്ത്

തിരുമുടി - വട്ടമുടി

വാണിയ സമുദായം

[തിരുത്തുക]
മുച്ചിലോട്ടുഭഗവതി തെയ്യം

വാണിയസമുദായക്കാർ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്നത് മുച്ചിലോട്ട് ഭഗവതിയെയാണ്. ഉത്തരകേരളത്തിലെ വാണിയസമുദായം ഒൻപതില്ലക്കാരാണ് .തെയ്യം ഇവരെ "ഒമ്പതില്ലേ"(ഒൻപതില്ലമേ) എന്നാണ്‌ അഭിസംബോധന ചെയ്യുന്നത്. ഈ ഒമ്പതില്ലക്കാർക്ക് പതിനാല്‌ കഴകവും (പെരുംകാവു സ്ഥാനം) പതിനെട്ടു സ്ഥാനവും (ദേശത്തിലെ കാവ്) ഉണ്ട്. ഒമ്പതില്ലക്കാരിൽ തച്ചോറൻ രണ്ടിടത്തും നരൂർ, പള്ളിക്കര മുമ്മൂന്ന് കഴകങ്ങളിലും വ്യാപിച്ചിരിക്കുന്നു.

മുച്ചിലോട്ട് കാവുകൾ

[തിരുത്തുക]

കാസർഗോഡ് മുതൽ പാനൂർ വരെ 18 പ്രധാന മുച്ചിലോട്ടുകാവുകൾ ഉണ്ട്. “ആദി മുച്ചിലോട്ട്” എന്ന നിലയിൽ ഏറ്റവും പ്രാധാന്യം കരിവെള്ളൂർ മുച്ചിലോട്ടിനാണ്. മുച്ചിലോട്ടുകാവുകളിലെ കളിയാട്ട സമയത്ത് അന്നദാനത്തിന് വളരെ പ്രാധാന്യമുണ്ട്.

മുച്ചിലോട്ട് ഭഗവതിയൂടെ പ്രാചീന സങ്കേതങ്ങളായി തെയ്യം മുൻപുസ്ഥാനവാചാലിൽ അനുസ്മരിക്കുന്ന ഏഴ് കാവുകൾ:-

  1. കരിവെള്ളൂർ - ഉത്ഭവസ്ഥാനം
  2. പെരു‌ദണ -കാസറഗോഡ്
  3. തൃക്കരിപ്പൂർ
  4. കോറോം -പയ്യന്നൂർ
  5. കൊട്ടില - പഴയങ്ങാടി
  6. കവിണിശ്ശേരി - ചെറുകുന്ന്
  7. വളപട്ടണം - പുതിയതെരു
  8. നമ്പ്രം - നണിയൂർ (മയ്യിൽ)

മറ്റു മുച്ചിലോട്ട് കാവുകൾ

[തിരുത്തുക]
മുച്ചിലോട്ടു ഭഗവതി തെയ്യത്തിന്റെ വീഡിയോ

Chandera Muchilot

Kannapuram Muchilot Temple
  • കോലാവിൽ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം
  • നീലേശ്വരം പുതുക്കൈ മുച്ചിലോട്ടു കാവ്
  • അതിയടം മുച്ചിലോട്ടു കാവ്
  • അണിയേരി
  • അരീകൂളങ്ങര
  • ആറ്റടപ്പ
  • ആറളം
  • ഇടക്കേപ്പുറം
  • madayi
  • KUNHIMANGALAM MUCHILOTT
  • PAYYANUR POONTHURUTHI
  • KOKKAD
  • ഇല്ലുംമൂല
  • ഉളിയിൽ
  • എരമം
  • എളബാറ
  • എളകൂഴി ( നിർവേലി )
  • കടന്നപ്പളി
  • കല്ല്യാട്
  • കൂവേരി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
  • കടമ്പൂര്
  • കൂറ്റേരി (പാനൂർ )
  • കണ്ടനാർപ്പൊയിൽ ( ചെറുപഴശ്ശി)
  • കല്ലുര് (മട്ടന്നൂരിനടുത്ത്)
  • കക്കോടത്ത്
  • കരിപ്പോടി
  • കല്ല്യാൽ
  • പടിയൂർ ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം
  • പഴയിടത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം(പാതിരയാട് , കണ്ണൂർ)
  • വെളുത്തകുന്നത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം(മക്രേരി , കണ്ണൂർ)
  • രാമത്ത് പുതിയ കാവ് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം ( ചോറോട് ഈസ്റ്റ്, വടകര, കോഴിക്കോട് ) ( കോഴിക്കോട് ജില്ലയിലെ ഒരേയൊരു മുച്ചിലോട്ടു കാവ് ആണു് ഇത് )
  • പാതിരിയാട്‌ പോതിയോടം മുച്ചിലോട്ട്
  • കൈതേരിപ്പൊയിൽ കാഞ്ഞിരാട്ടു മുച്ചിലോട്ടു ഭഗവതി ക്ഷേത്രം.(മുണ്ടമെട്ട , കണ്ണൂർ)
  • കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം,​ തളിപ്പറമ്പ്

കാസർകോട് ജില്ലയിലെ പെരുതണ മുതൽ വടകരയിലെ വൈക്കലശ്ശേരി വരെ 113ഓളം മുച്ചിലോട്ട് കാവുകളുണ്ട്. [4]

അവലംബം

[തിരുത്തുക]
  • ലേഖകന്റെ അനുമതിയോടെ ഇവിടെ നിന്നും സമാഹരിച്ചത്
  1. {{|title= കണിയാൽ ഭാഗവതി}}
  2. "Travel Agency, Best of Homestay, Temple & Theyyam Tour Packages" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-02-22. Retrieved 2022-03-16.
  3. 3.0 3.1 തെയ്യം-ഡോ. എം.വി. വിഷ്ണു നമ്പൂതിരി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം ISBN:81-7638-566-2
  4. മാതൃഭൂമി കാഴ്ച സപ്ലിമെന്റ് 16 നവംബർ 2010