തിടമ്പു നൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിടമ്പു നൃത്തം

കേരളത്തിൽ കാസർഗോഡ്, കണ്ണൂർ,കോഴിക്കോട് തുടങ്ങിയ മലബാർ ഭാഗങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച പ്രധാനപ്പെട്ട ഒരു കലാരൂപമാണ് തിടമ്പു നൃത്തം. ക്ഷേത്രകലകളുടെ വിഭാഗത്തിൽ പെടുത്താവുന്ന ഒരു നൃത്തരൂപമാണ് ഇത്. 600വർഷങ്ങളിലേറേ പഴക്കം ഈ കലാരൂപം അവകാശപ്പെടുന്നു. പ്രധാനമായും കേരള ബ്രാഹ്മണരായ നമ്പൂതിരിമാരും, അമ്പലവാസി വിഭാഗക്കാരായ മാരാന്മാരും ആണ് അവതരിപ്പിക്കുന്നത്. നമ്പൂതിരിമാരുടെ സഹായികളായി നമ്പീശൻ, വാരിയർ, ഉണ്ണിത്തിരി സമുദായക്കാരും പങ്കുചേരുന്നു.

അവതരണരീതി[തിരുത്തുക]

വാദ്യോപകരണങ്ങളിലെ താളം ആണ്‌ പൂർണ്ണമായും ഈ കലാരൂപത്തെ‌ നിയന്ത്രിക്കുന്നത്. ശുദ്ധ നൃത്തരൂപമാണ് ഇത്. തിടമ്പു നൃത്തം പൂർണ്ണമായും ക്ഷേത്രകലയുടെ വിഭാഗത്തിൽ വരുന്നില്ല. ആരാധനാമൂർത്തിയുടെ അലങ്കരിച്ച രൂപത്തെ തിടമ്പ് എന്ന് പറയുന്നു. തിടമ്പ് ശിരസ്സിലേന്തി നൃത്തം നടത്തുന്നു. ശിരസ്സിൽ തിടമ്പ് സംതുലനം ചെയ്തു നിർത്താനായി പ്രത്യേക തലപ്പാവ് വെളുത്ത തുണികൊണ്ട് മൂടി പിറകിൽ കൂർത്ത അഗ്രത്തോടെ സംവിധാനം ഉണ്ടാകും. ഒരു കൈകൊണ്ട് തിടമ്പ് താങ്ങിപ്പിടിച്ചാണു നർത്തകൻ നൃത്തം ചെയ്യുക. നൃത്താവസാനം ഭക്തരിൽ നിന്നും നേർച്ചപ്പണം ഇവർ സ്വീകരിക്കും. ചെണ്ടയുടെ താളത്തിനനുസരിച്ചാണ് തിടമ്പ് നൃത്തം ചെയ്യുന്നത്. നർത്തകൻ ഞൊറികളുള്ള വസ്ത്രവും ചില സ്ഥലങ്ങളിൽ പട്ടുകൊണ്ടുള്ള മേലങ്കിയും ധരിച്ചിരിക്കും. ചെവിയിലും കൈകളിലും കഴുത്തിലുമെല്ലാം ആഭരണങ്ങൾ ധരിച്ചിരിക്കും. കൂടാതെ അലങ്കരിച്ച തലപ്പാവും ധരിക്കുന്നു. പ്രകടനം വിവിധ നിലകളിലായി പുരോഗമിക്കുന്നു, ഉറയൽ, തകിലടി അടന്ത, ചെമ്പട എന്നിങ്ങനെയായി. പ്രധാന നർത്തകന് നൃത്തത്തിന് അകമ്പടിയായി അഞ്ചോളം പേരും, രണ്ട് പേർ വിളക്കുകളേന്തുന്നതിനും ഉണ്ടാകും. ക്ഷേത്രത്തിനുള്ളിലും പുറത്തും ഇത് അവതരിപ്പിക്കാറുണ്ട്. 600-700 വർഷം പഴക്കമുള്ള ഈ കല നാട്യശാസ്ത്രത്തിലെ നിയമങ്ങളെല്ലാം അനുസരിക്കുന്നുണ്ട്.

പ്രധാന ക്ഷേത്രങ്ങൾ[തിരുത്തുക]

താഴെപ്പറയുന്ന ക്ഷേത്രങ്ങളിൽ തിടമ്പ് നൃത്തം ഉത്സവങ്ങളിൽ വളരെ പ്രധാന ചടങ്ങാണ്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിടമ്പു_നൃത്തം&oldid=2483624" എന്ന താളിൽനിന്നു ശേഖരിച്ചത്