Jump to content

പൂരക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂരക്കളി അവതരണം
Poorakkali is a traditional art

കേരളത്തിലെ പ്രാചീനോത്സവങ്ങളിലൊന്നാണ് പൂരോൽസവം. മൂഷിക രാജ്യത്തെ പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭഗവതികാവുകളിൽ മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന അനുഷ്ഠാന കലാവിശേഷമാണ് പൂരക്കളി. കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ ഏത് പ്രായത്തിലുള്ളവർക്കും ഇതിൽ പങ്കെടുക്കാം.

ഐതിഹ്യം

[തിരുത്തുക]

പൂരവേലകളുടെ ഉത്പത്തിയെക്കുറിച്ച് അനേകം സങ്കല്പങ്ങൾ ഉണ്ട്. അവ താഴെപ്പറയുന്നവയാണ്‌

  1. കാമദഹനം: കാമദേവനെ തരുണികളെല്ലാം ആദരിച്ചുവന്നിരുന്നു. ഒരിക്കൽ പരമശിവന്റെ മനസ്സിളക്കാൻ പൂവമ്പ് തൊടുത്ത കാമദേവനെ പരമശിവൻ ദഹിപ്പിച്ചു കളയുകയും, പിന്നീട് കന്യകമാരുടേയും കാമദേവന്റെ പത്നിയായ രതിയുടേയും മറ്റും നിരന്തര പ്രാർത്ഥനയാൽ മനസ്സലിഞ്ഞ ശിവൻ രതിയെ ശംബരന്റെ കോട്ടയിൽ ചെന്ന് താമസിച്ച് മലരമ്പനെ സേവിച്ച് പൂജ ചെയ്യാൻ നിർദ്ദേശിച്ചു. പാര്വ്വതിയും രതിയും മറ്റുദേവകന്യകളും ചേർന്ന് കാമദേവനെ സങ്കല്പ രൂപമുണ്ടാക്കി അതിനെ പൂജിക്കുകയും കാമദേവൻ പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തു.
  2. പ്രദ്യുമ‍നാവതാരം: ദ്വാപരയുഗത്തിൽ കാമദേവൻ പ്രദ്യുംനനായി രുക്മിണിയിൽ ജനിക്കുമെന്ന് പരമേശ്വരൻ അരുളിച്ചെയ്തുവത്രെ. അതിനാൽ കാമൻ പുനരാവതാരം ചെയ്യുമെന്ന പ്രതീക്ഷയാണത്രെ വനിതകളെ മേൽ പരഞ്ഞ പൂജക്ക് പ്രേരിപ്പിച്ചത്. പ്രദ്യ്മുനൻ ജനിച്ചതിൻറെ അനുസ്മരണമാണ് പൂരക്കളി എന്ന് ആ വിശ്വാസം.
  3. പള്ളിയറശാസ്ത്രം: പള്ളിയറശാസ്ത്രമെന്ന താളാത്മകമായ ഗദ്യത്തിൽ പൂരവേലയുടെ ഉത്പത്തി അല്പം വ്യത്യാസമായാണ് കാണുന്നത്. ഇതിൽ ഗണപതിയേയും മഹേശ്വരിയേയും പരാമർശിച്ചിരിക്കുന്നു. എന്നാൽ പള്ളിയറശാസ്ത്രം ബൌദ്ധരിലൂടെ ലഭിച്ച ഗ്രന്ഥമാണ്
  4. ശംബരകഥ: മറ്റൊരു പൂരവേലപ്പാട്ടിൽ ശംബരന് പ്രദ്യ്മുനനെ കുഞ്ഞായിരുന്നപ്പോൾ തനിക്കു വരാനിരിക്കുന്ന നാശത്തെ തടയാൻ നദിയിൽ എറിഞ്ഞതായും എന്നാൽ പ്രദ്യമുനൻ രക്ഷപ്പെട്ട് വലിയ ആളായി കാമദേവനായി വന്ന് ശബരനെ വധിക്കുന്നതായും പറയുന്നു.
  5. ശ്രീകൃഷ്ണനും പൂരയും: പൂര എന്നൊരു നാഗകന്യക ബ്രഹ്മലോകത്തു പ്രസിദ്ധയായ നർത്തകിയായിരുന്നു. ശ്രീകൃഷ്ണൻ പൂരയെ ഭൂമിയിലേക്ക് ആനയിക്കുകയും വൃന്ദാവനത്തിൽ വച്ച് പൂരയുടെ നർത്തനം ആസ്വദിക്കുകയും ചെയ്തുവത്രെ. ശ്രീകൃഷ്ണനാണ്‌ പൂരവേല ആരംഭിക്കാൻ മുൻകൈ എടുത്തത് എന്ന് ഒരു പാട്ടിൽ പറയുന്നു
  6. രാസക്രീഡ: ശ്രീകൃഷ്ണൻ ആരംഭിച്ച പൂരവേലയിൽ ആണും പെണ്ണും ചേർന്നുള്ള രാസക്രീഡയുടെ അനുസ്മരണങ്ങളാണെന്ന് മറ്റു ചില പാട്ടുകളിൽ കാണുന്നു
  7. വസന്തപൂജ: പൂരമാല ആരംഭിക്കുന്നതിനു മുന്ന് ചൊല്ലാറുള്ള വസന്തപൂജാ വിധിശാസ്ത്രത്തിൽ പൂരവേലയുടെ ഉത്പത്തി പുരാവൃത്തമടങ്ങിയിരിക്കുന്നു. അതിൽ പൂരവ്രതവും കാമപൂജയും ദേവലോകത്ത് ആരംഭിച്ചത് വസന്തകാലത്താണെന്നും പൂരം നാളിലാണ്‌ പൂക്കൾ കൊണ്ട് മദനരൂപം കുറിക്കേണ്ടതെന്നും ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരമായിരിക്കണം അതെന്നും പാട്ടിൽ പ്രസ്താവിക്കുന്നു.

ചരിത്രം

[തിരുത്തുക]

പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. (അതിനു മുന്ന് ഉണ്ടായിരുന്നോ എന്നതിനു തെളിവുകൾ ഇല്ല.) പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.

പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം.

പൂരവേല

[തിരുത്തുക]

പ്രാചീനമായ ആരാധനോത്സവമാണ്‌ പൂരവേല. കേരളോല്പത്തി പോലുള്ള ഗ്രന്ഥങ്ങളിൽ ഇതിനെപ്പരാമശിക്കുന്നുണ്ട്. അയ്യപ്പൻകാവ്, ഭദ്രകാളിക്കോട്ടം, ഗണപതിക്കാവ്, ഇങ്ങനെ ഓരോ സ്ഥാനങ്ങളിൽ ഊട്ടും പാട്ടും ആറാട്ട്, കളിയാട്ടം, പൂര വേല, താലപ്പൊലി എന്നിങ്ങനെ ഓരോരോ വേലകൾ കഴിക്കുവാൻ കല്പിതമായാണ്‌ അതിലെ വിവരണം. ഉത്തരകേരളത്തിൽ പൂരക്കളി ഈ പൂരവേലയുടെ അനുഷ്ഠാനകലാനിർവഹണമായിത്തീർന്നു.

സമുദായങ്ങൾ

[തിരുത്തുക]

പ്രധാനമായും തീയർ, മണിയാണി സമുദായക്കാർ ആണ് പൂരക്കളിയിൽ പ്രധാനമായും ഏർപ്പെടുന്നത് എന്ന് കാണാം.

വ്യാപ്തി

[തിരുത്തുക]

ചന്ദ്രഗിരിപ്പുഴ മുതൽ വളപട്ടണം പുഴ വരെയാണ്‌ പൂരക്കളി നടപ്പുള്ള സ്ഥലമായി പരിഗണിച്ചു വരുന്നത് എങ്കിലും പണ്ട് കാലങ്ങളിൽ പൂരക്കളി കോരപ്പുഴ വരെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വളപട്ടണം പുഴക്ക്‌ തെക്ക്‌ പൂരക്കളി പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു. ചന്ദ്രഗിരി പുഴയ്ക്ക് വടക്കും ചില ക്ഷേത്രങ്ങളിൽ മേടമാസത്തിൽ പുരോത്സവം നടത്തുന്നുണ്ട്. ഈ പ്രദേശങ്ങളിൽ തന്നെ ശൈലീ വ്യതിയാനം ഉണ്ട്. സാമുദായിക ഭേദവും പ്രാദേശികഭേദവും പൂരക്കളിക്ക് വന്ന് ചേർന്നിട്ടുണ്ട്. മേല്പ്പറഞ്ഞ സ്ഥലങ്ങളിൽ എല്ലായിടങ്ങലിലും കാണുന്നത് തീയസമുദായക്കാരുടെ പൂരക്കളിയാണ്‌. മറ്റു സമുദായക്കാരുടെ കളിക്ക് വ്യാപ്തി അത്രത്തോളം ഇല്ല. ഇതിൽ തന്നെ മൂന്ന് മേഖലകളായി തിരിക്കാവുന്ന തരത്തിൽ പ്രാദേശിക ഭേദം വന്ന് ചേർന്നിട്ടുണ്ട്.

കഴകങ്ങൾ കാവുകൾ

[തിരുത്തുക]

തിയ്യരുടെ കഴകങ്ങൾ: രാമവില്യം, കുറുവന്തട്ട, തുരുത്തി, പാലക്കുന്ന്, എന്നീ നാലു കഴകങ്ങൾ തീയരുടെതായ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്. ഇവയുടെ കീഴിൽ നിരവധി കാവുകളും മുണ്ട്യകളും സ്ഥാനങ്ങളുമുണ്ട്. ഈ കഴകങ്ങളിൽ മാത്രമൊതുങ്ങാതെ അതിൻറെ പരിധിക്കു വെളിയിലുള്ള കാവുകളിലും സ്ഥാനങ്ങളിലും പൂരക്കളി പതിവുണ്ട്. അണ്ടോൾ കുന്നുമ്മൽ പുതിയസ്ഥാനം ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്രം, പുലിയന്നൂർ ശ്രീ പൊയ്യക്കാൽ ഭഗവതി ക്ഷേത്രം, കയ്യൂർ മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം, മയീച്ച ശ്രീ വയൽക്കര ഭഗവതി ക്ഷേത്രം, തലയന്നേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം, വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം, കരക്കക്കാവ് ഭഗവതി ക്ഷേത്രം, നീലേശ്വരം പുളിയക്കാട്ട് പുതിയ സ്ഥാനം, കരിവെള്ളൂർവാണിയില്ലം ശ്രീസോമേശ്വരി ക്ഷേത്രം, കാഞ്ഞങ്ങാട് നിലാങ്കരശ്രീ കുതിരക്കാളിഭഗവതി ക്ഷേത്രം, കുഞ്ഞിമംഗലം അണീക്കരശ്രീ പൂമാല ഭഗവതി ക്ഷേത്രം തുടങ്ങി മൂഷിക രാജ്യത്തെ ക്ഷേത്രങ്ങളിൽ പൂരക്കളി മറുത്തുകളി നടത്താറുണ്ട്. ആയന്മാരുടെ കാവുകൾ: മണിയാണി മാരിൽ ഒരു വിഭാഗമായ കോലാന്മാരുടെ (ആയൻ) മുഖ്യമായ നാലു കഴകങ്ങളാണ് കണ്ണോത്ത് കഴകം, കാപ്പട്ട് കഴകം, കല്യോട്ട് കഴകം, മുളവന്നൂർ കഴകം. ആയന്മാരുടെ ആദികഴകങ്ങളാണ് കേണമംഗലം എന്നും ചിലർ വാദിക്കുന്നുണ്ട്. ഈ കഴകങ്ങളിലെല്ലാം പൂരക്കളിയുണ്ട്. ഓടങ്കര, മാടങ്കര, കമ്മാണർ, കരിന്തളം, പൂങ്കാവ്, എടക്കാവ്, എന്നീ ആറു കളരികളിലും പൂരക്കളി നടക്കുന്നുണ്ട്.

മായന്മാരുടെ കാവുകൾ: എരുളാന്മാർ അഥവാ മായന്മാർക്ക് പതിനൊന്ന് പ്രധാന കഴകങ്ങളുണ്ട്. കൊറ്റിക്കണ്ണങ്ങാട്, കാലുകഴുകിക്കയറിയ കണ്ണങ്ങാട്(കണ്ടങ്കാളി), കൊക്കാനിശ്ശേരി കണ്ണങ്ങാട്, എടാട്ട് കണ്ണങ്കാട്,രാമന്തളി കണ്ണങ്ങാട്, കുറ്റൂർ കണ്ണങ്ങാട്, കിഴക്കെ ആലക്കാട് കണ്ണങ്ങാട്, വെള്ളൊറ കണ്ണങ്ങാട്, കാങ്കോൽ കണ്ണങ്കാട്, പെരിങ്ങോത്ത് കണ്ണങ്ങാട്, ആലപ്പടമ്പ് കണ്ണങ്ങാട് എന്നിവയാണവ. ഈ കാവുകൾക്ക് പുറമേ കൊടക്കാട്,കാങ്കോൽ പണയക്കാട്, പൂവത്തുകീഴിൽ, ആലന്തട്ട എന്നീ മുക്കാൽവട്ടങ്ങളും കൊറ്റ്യന്വീട്, വലിയവീട് എന്നീ രണ്ടു കന്നിരാശി സ്ഥാനങ്ങളുമുണ്ട്. ഇവിടെയെല്ലാം പൂരക്കളി നടത്തപ്പെടുന്നു.

വാണിയ സമുദായക്കാരുടെ മുച്ചിലോട്ട് കാവുകളിൽ പൂരോത്സവം പതിവുണ്ടെങ്കിലും അവർ പൂരക്കളിയിൽ ഏർപ്പെടാറില്ല. എന്നാൽ പൂരക്കാലത്ത് മൂന്ന് ദിവസം മുച്ചിലോട്ട്കാവിൽ മണിയാണിമാരെക്കൊണ്ട് പൂരക്കളി നടത്തിക്കാറുണ്ട്.

മറ്റുസ്ഥാനങ്ങൾ

[തിരുത്തുക]

ചാലിയ സമുദായക്കാർ പൂരക്കളിയും പൂരോത്സവവും പൂരപ്പാട്ടും നടത്തിവരുന്നുണ്ട്. അവരുടെ സ്ഥാനങ്ങൾ പയ്യന്നൂരും നീലേശ്വരത്തിലും ആണ്‌. കൂടാതെ തിരുവർകാട്ടുകാവിലും അവർ പൂരക്കളി കളിച്ചുവരുന്നു.

കമ്മാളരിൽ കൊല്ലൻ, മൂശാരി, തട്ടാൻ എന്നിവരും പൂരക്കളി നടത്തിവരുന്നു. മൂശാരിമാരുടെ സ്ഥാനം കഞ്ഞിമംഗലം വടക്കൻ കൊവ്വൂരും തട്ടാന്മാരുടെ സ്ഥാനം നീലേശ്വരത്തുള്ള വടയന്തൂർ കഴകവും, കൊല്ലന്മാരുടേത്പടോളി അറ(പയ്യന്നൂർ)യുമാണ്‌. മൂശാരി, കൊല്ലൻ എന്നിവർക്ക് വള്ളാളംകരയിലും കളിയുണ്ട്.

മുകയരുടെ പ്രമുഖ ആരാധനാകേന്ദ്രമായ കോയോങ്കരക്കാവിൽ അവർ പൂരക്കളി നടത്തിവരാറുണ്ട്. പയ്യക്കൽ ഭഗവതിയാണ്‌ ആ സ്ഥാനത്തെ മുഖ്യദേവത.

മൂവാരി സമുദായക്കാർ പങ്ങണത്തറയിൽ പൂരക്കളി നടത്തിവരുന്നു. ചെറുകുന്നിനു സമീപമുള്ള ആയിരംതെങ്ങിലും അവർക്ക് സ്ഥാനമുണ്ട്.മരത്തക്കാട് ശ്രീ ഐവര് പരദേവതാ കാവിലും തീയ്യരുടെ പൂരക്കളി ഉണ്ട്.

കളരിയുമായുള്ള ബന്ധം

[തിരുത്തുക]

കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്‌. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ്‌ പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം. വൻകളികൾക്ക് മുമ്പായി സ്ഥാനത്തു നിന്ന് എണ്ണ കൊടുക്കൽ ചടങ്ങുണ്ട്. ഇത് ശരീരത്തിൽ തേച്ച് പിടിപ്പിക്കണം. ഇത് കളരി അഭ്യാസിയുടെ മെഴുക്കിടലിനു സമാനമായ കർമ്മമാണ്‌.

കോലയാന്മാരുടെ ഓടങ്കര, മാടങ്കര, കുമ്മാണർ, കരിന്തളം, പൂങ്കാവ്, എടക്കാവ്, എന്നീ പ്രമുഖ കളരി സമ്പ്രദായങ്ങളിൽ പൂരക്കളിക്കും പ്രാധാന്യമുണ്ട്. പുറപ്പന്തലിൽ ദൈവത്തറയുണ്ടാക്കി പൂരക്കളിക്കാർ പൂജ ചെയ്യുന്നത് കളരിയിലെ ദൈവത്തറയുടെ സ്വാധീനത്തിലാണ്‌. പുറപ്പന്തൽ ഒരു താൽകാലിക കളരിയുടെ ഫലമാണുണ്ടാക്കുന്നത്.

ചടങ്ങുകൾ

[തിരുത്തുക]

പ്രാരംഭച്ചടങ്ങുകൾ

[തിരുത്തുക]

പൂരക്കളി നിയന്ത്രിക്കുന്നത് പണിക്കരാണ്. കാവുകളിലേയോ കഴകങ്ങളിലേയോ ഭാരവാഹികളും സ്താനികളും പൂരക്കളിയാശാനെ (പണിക്കരെ) കളിക്ക് ക്ഷണിച്ചേല്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുന്നു. സാധാരണയായി ഓരോ കാവിലും ഓരോ പണിക്കരെ നിശ്ചയിച്ച് ആചാരപ്പെടുത്തിയിട്ടുണ്ടാകും. പണിക്കർ പൂരിക്കളിയിൽ വളരെ വിദഗ്ദ്ധനും മുഴുവൻ പാട്ടുകളും‍ അറിയുന്നയാളുമായിരിക്കും. പണിക്കരുടെ ഭവനത്തിൽ വച്ചാണ്‌ ഈ ചടങ്ങ്. ഇതിനെ വീട്ടിയം കൊടുക്കൽ എന്നാണ്‌ പറയുക. പണിക്കരുടെ വീട്ടിൽ വച്ച് ദീപത്തിനു മുന്നിലിരുന്ന് പണീക്കർക്ക് പ്രസാദവും വീട്ടിയപ്പണവും (വെള്ളി നാണയം) നൽകി പൂരക്ക്ക്കളി നടത്തിത്തരണേ എന്ന് മൊഴി പറഞ്ഞ് ഏല്പിക്കുകയാണ്‌ ചടങ്ങ്.

കൂട്ടിക്കൊണ്ടുവരൽ

[തിരുത്തുക]

പണിക്കരെ കഴകത്തിലേക്കോ കാവിലേക്കോ കൂട്ടിക്കൊണ്ട് വരുന്നതാണ്‌ അടുത്ത ചടങ്ങ്. നല്ല മുഹൂർത്തവും നാളും നോക്കിയാണ്‌ ഇത് ചെയ്യുന്നത്. പണീക്കരുടെ വരവോടെ കാവിന്റെ മതിലിനു പുറത്തുള്ള പന്തലിൽ പൂവിടൽ ആരംഭിക്കണം.

ദൈവത്തറ

[തിരുത്തുക]

പൂരക്കളി പരിശീലിക്കാനായി ക്ഷേത്ര മതിലിന് പുറത്തോ ക്ഷേത്രവുമായി ബന്ധപ്പെട്ട തറവാട്ടുമുറ്റത്തോ താൽക്കാലികമായി നിർമ്മിക്കുന്ന പന്തലിൽ (പുറപ്പന്തൽ ) കന്നിമൂലക്ക് മണ്ണുകൊണ്ട് അഞ്ചോ ഏഴോ ഒമ്പതോ പടികളോടുകൂടി ദൈവത്തറ ഉണ്ടാക്കുന്നു. ചിലയിടങ്ങളിൽ കല്ലുകൊണ്ടുള്ളത് ചെളിയിൽ ഉറപ്പിക്കുന്നു.

പൂവിടൽ

[തിരുത്തുക]

ദൈവത്തറയിലും അഷ്ടദിക്പാലകരുടെ സങ്കല്പത്തിൽ എട്ടു തൂണുകളുടെ സമീപത്തും പൂവിടുന്നു. തുമ്പപ്പൂവാണ്‌ അതിനു മുഖ്യമായും ഉപയോഗിക്കുന്നത്. ചിലർ ചെമ്പകവും ഉപയോഗിക്കുന്നു. പുറപ്പന്തലിൽ നിന്ന് കളി അകത്തേക്ക് മാറുന്നതുവരെ, ചിലപ്പോൾ ഒരാഴ്ചയോളവും ചിലയിടങ്ങളിൽ മാസങ്ങളോളവും പൂവിടൽ നടക്കുന്നു.

പന്തൽക്കളി

[തിരുത്തുക]

പണിക്കരുടെ വരവോടെ പുറപ്പന്തലിൽ കളിയും ആരംഭിക്കും. പന്തൽക്കളി എന്നു ഇതിനെ വിളിക്കുന്നു. ഇഷ്ടദേവതാവന്ദനം, പൂരമാല, തൊഴുന്നകളി, എന്നിവയാണ്‌ പുറപ്പന്തലിൽ ദിവസവും അവതരിപ്പിക്കേൺതത്. കളിക്കാരുടെ പരിശീലനമോ ഓർമ്മപുതുക്കലോ ആയാണ്‌ ഇതിനെ കണക്കാക്കുക.

  • പന്തലിൽ പൊന്നുവക്കുക- പൂരക്കളി കാവിനകത്ത് തുടങ്ങുന്നതിനു മുൻപ് പന്തലിൽ പൊന്നുവക്കുക എന്നൊരു ചടങ്ങുണ്ട്. ശുഭാശുഭഫലം നോക്കുന്ന ഒരു ചടങ്ങാണത്. അരിയിൽ സ്വർണ്ണനാണയം പൂഴ്ത്തി വച്ച് അത് ഭക്തിപുരസ്സരം നീക്കി നോക്കി സ്ഥാനം നിർണ്ണയിച്ച് അതിന്റെ സ്ഥാനം അനുസ്സരിച്ച് ശകുനം നിശ്ചയിക്കുകയാണ്‌ ചടങ്ങ് ചെയ്യുന്നത്. പുറപ്പന്തലിലെ അവസാന കളി ദിവസം എല്ലാ മുഖ്യ അംഗങ്ങൾക്കും അവതരിപ്പിക്കാനുള്ള അവസരം ഉണ്ട്. വന്ദന, പൂരമാല, വൻകളി, നാടകം, യോഗി, തൊഴുന്നപാട്ട് എന്നിവയെല്ലാം അന്നുണ്ടാകും. കാസർകോഡ് ജില്ലയിൽ ചിലയിടങ്ങളിൽ മാപ്പിളപ്പാട്ട് പാടിയാന്‌ പന്തൽക്കളി അവസാനിപ്പിക്കുന്നത്.

കഴകം കയറൽ

[തിരുത്തുക]

കാവിന്റെ മതിലകത്തേക്ക് പൂരക്കളി പ്രവേശിക്കുന്നതിനെയാണ്‌ കഴകം കയറൽ എന്നു പറയുന്നത്. പണിക്കരും കളിക്കാരും ആചാരക്കാരോടൊപ്പം കാവിന്റെ മതിൽക്കകത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. ഈ സമയത്ത് വാദ്യഘോഷമുണ്ടാകും. നല്ലനാളും മുഹൂർത്തവും നോക്കിയാണ്‌ ഇത് നടത്തുന്നത്.

പന്തൽക്കളിമാറൽ

[തിരുത്തുക]

ക്ഷേത്രത്തിനകത്ത് പൂരോത്സവം തുടങ്ങുന്ന ദിവസമോ മകീര്യംനാളിലോ ക്ഷേത്രമതിലിനകത്തേക്ക് കഴകം കയറിയാൽ തിരുമുറ്റത്ത് ഒരുക്കിയ പന്തലിൽ വച്ചായിരിക്കും കളി. പന്തലിൽ കളിമാറിയതിന്റെ പിറ്റേന്നു മുതൽ പൂവിടൽ നടക്കുന്നത് കാവിനുള്ളിലായിരിക്കും.

പണീക്കരും ശിഷ്യരും മറ്റും ഉള്ളിൽ പ്രവേശിച്ചാൽ ദൈവസ്ഥാനങ്ങളിലെല്ലാം തൊഴുത ശേഷം കച്ചകെട്ടിയുടുക്കണം. പുറപ്പന്തലിൽ കച്ചകെട്ട് നിർബന്ധമില്ലെ എങ്കിലും കാവിനോ കഴകത്തിനോ ഉള്ളിൽ നിർബന്ധമാണ്‌. ചുവപ്പ് പട്ട് കോർത്ത് കെട്ടിയുടുത്ത് കറുത്ത ഉറുമാല്‌ അരയിൽ കെട്ടുകയാണ്‌ ചെയ്യുക. മണിയാണിമാർ കറുത്ത പുള്ളി ഉറുമാല്‌ ഉപയോഗിക്കും. അതിനുമീതെ ഒരു മുണ്ടുടുത്തായിരിക്കണം കാവിൽ വന്ന് നിൽക്കേണ്ടത്.

കാവിലെ കർമ്മി വിളക്കെഴുന്നള്ളിച്ച് പന്തലിൽ ദീപം തെളിക്കുന്നതോടെ പണിക്കരും ശിഷ്യരും അവിടെ കെട്ടിത്തൊഴണം. ഇത് കളരി മുറയിലുള്ള കായികാഭ്യാസ വന്ദനമാണ്‌. പിന്നീട് എല്ലാ ഉപദേവതമാർക്കു മുന്നിലും കെട്ടിത്തൊഴുന്നു. കൂടാതെ ആ ദേശത്തുള്ള എല്ലാ ദേവീദേവന്മാരെയും സങ്കല്പിച്ച് എല്ലാ ദിക്കിലേക്കും കെട്ടിത്തൊഴുന്നു. ഇത് കളിക്കുമുന്നായി ശരീരം വഴക്കുന്നതിനായി ചെയ്യേണ്ട അഭ്യാസമാണ്‌.

  • പന്തല്പ്രവേശം- പണിക്കരും ശിഷ്യരും കന്നിരാശിയിൽ കൂടിയോ കിഴക്കുഭാഗത്ത് കൂടിയോ കളിയരങ്ങിൽ പ്രവേശിക്കും. പന്തലിലെ നടുവിൽ ശക്തിയെ സങ്കല്പിച്ച് തറയും ദീപവും ഉള്ളതിന്റെ വലം വച്ച് കന്നിരാശിയെ കെട്ടിത്തൊഴുതു വന്നിക്കുന്നു. ഇതാണ്‌ പന്തൽ പ്രവേശം.
  • രംഗദീപവന്ദനം- രംഗദീപത്തെ വന്ദിക്കുന്ന ചടങ്ങാണിത്. അതിനുശേഷം കോയ്മയേയും അച്ചന്മാരേയും (പ്രധാനികളെ) വന്ദിച്ച് കുറിയും പ്രസാദവും വാങ്ങിയശേഷം കച്ചകെട്ടിയതിനു മുകളിൽ കെട്ടിയ മുണ്ടഴിച്ചു മാറ്റുന്നു.
  • ഇഷ്ടദേവതാ വന്ദനം- തങ്ങളുടെ ഇഷ്ടദേവതയെ വന്ദിക്കലാണിത്. പലയിടങ്ങളിലും ഇത് വ്യത്യസതമായിരിക്കും;. നവാക്ഷരവന്ദനയും നവ വന്ദനയും പതിവുണ്ട്. ചിലർ ബ്രഹ്മനെച്ചൊല്ലി സ്തുതിക്കുമ്പോൾ ചിലയിടങ്ങളിൽ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ എന്നിവരെയാണ്‌ സ്തുതിക്കുന്നത്.

രംഗങ്ങൾ

[തിരുത്തുക]

വന്ദനക്കുശേഷം പൂരക്കളിയിലെ ആകർഷകങ്ങളായ വിവിധ രംഗങ്ങൾ നടക്കുന്നു. കളിയുടെ നേതൃത്വം വഹിക്കുന്നത് കളിയാശാനായ പണിക്കരാണ്‌. കളിക്കാർക്ക് പ്രായപരിധിയില്ല. കുട്ടികളും പ്രായമേറിയവരും ഒരേ കളിയിൽ പങ്കെടുക്കാം. കളിക്കാരുടെ എണ്ണത്തിനും കർശനമായ ക്ലിപ്തതയില്ല. ഇടക്ക് വച്ച് കളിയിൽ ചേരുകയും ഒഴിഞ്ഞു പോകുകയുമാവാം. കളിക്കാർ വിളക്കിനു ചുറ്റും വൃത്താകൃതിയിൽ നിൽകുന്നു. പണിക്കർ പാട്ട് ചൊല്ലുന്നതിനൊപ്പം ശിഷ്യന്മാർ ഏറ്റുപാടിക്കളിക്കുന്നു. ഇടക്ക് പണിക്കരും കളിയിൽ കൂടും.

എന്നാൽ വന്ദനക്കും പൂരമാലക്കും ഇടക്ക് രണ്ടന്തരം വന്ദന ഉണ്ട്.

  • രണ്ടന്തരം വന്ദന- രണ്ടു നിറങ്ങളിൽ പാടുന്നതുകൊണ്ടോ രണ്ടു രീതിയിൽ പാടുന്നതു കൊണ്ടൊ ആണ്‌ ഇതിനെ രണ്ടന്തരം വന്ദന എന്ന് വിളിക്കുന്നത്. നാരായണ പദം ഉപയോഗിച്ച് രണ്ടു വിധം സ്തുതികൾ അടങ്ങിയ പാട്ട് പാടിക്കൊണ്ടുള്ളതാകയാലും പൂര, ഗിരിമ എന്നീ കന്യകകൾ നടിച്ചതാണെന്ന സങ്കല്പത്തിനാലുമാണ്‌ ഈ പേരു വന്നതെന്നും പക്ഷമുണ്ട്.

എന്ന നാരായണപദംമാണ്‌ ഇതിൽ ചൊല്ലുന്നത്.

പൂരമാല

[തിരുത്തുക]

പൂരക്കളിയുടെ അടിസ്ഥാനം പൂരമാലയാണ്‌. എല്ലാനാളിലും പൂരമാലക്കളി വേണമെന്ന് നിർബന്ധമുണ്ട്. അത് തികച്ചും അനുഷ്ഠാനബദ്ധമാണ്‌. ഇത് ആദ്യകാലം മുതല്കേ ഉണ്ടായിരുന്നതും മറ്റു രംഗങ്ങൾ എല്ലാം താരതമ്യേന പിന്നീട് കൂട്ടിച്ചേർത്തതുമാവണം എന്ന് ചില പണ്ഡിതന്മാർ കരുതുന്നു.

നാലുവേദങ്ങൾ, ആറുശാസ്ത്രങ്ങൾ, അറുപത്തിനാല്‌ കലാജ്ഞാനം, തൊണ്ണൂറ്റാറ് തത്ത്വങ്ങൾ, എന്നിവയുടെ പൊരുളടങ്ങിയതും ചതുരശ്രം, തൃശ്രം, മിശ്രം, ഖണ്ഡം, സങ്കീർണ്ണം എന്നിവയിൽ നിന്നുണ്ടായ താളങ്ങളും, സപ്തസ്വരങ്ങളും ചേർന്നതും പുഷ്പബാണന്റെ ലീലയും ചൊല്ലി സ്തുതുക്കപ്പെട്ടതുമാണ്‌ പൂരമാലയെന്ന് വസന്തപൂജാശാസ്ത്രം എന്ന താളാത്മക ഗദ്യത്തിൽ പ്രസ്താവിച്ചിരിക്കുന്നു.

എന്നിങ്ങനെ പൂരമാല പതിനെട്ടാണെന്ന് പാട്ടുകളിൽ തന്നെ പറയുന്നു. ചിലപാട്ടുകളിൽ ശ്രീകൃഷ്ണനാണ്‌ പൂരമാല പതിനെട്ടായി തിരിച്ച് സം‌വിധാനം ചെയ്തതെന്ന് പറയുന്നു.

പതിനെട്ടു നിറങ്ങളാണ്‌ പൂരമാലയിൽ. പാട്ടുകളുടെ രീതിയെയാണ്‌ നിറങ്ങൾ എന്നുദ്ദേശിച്ചിരിക്കുന്നത്. പതിനെട്ടു നിറങ്ങൾ പതിനെട്ട് രാഗങ്ങളിലാണ്‌ പാടേണ്ടത്. ഇവ സമ്പൂർണ്ണശ്രുതി, അപുടശ്രുതി ഷഡവ ശ്രുതി എന്നിങ്ങനെയാണ്‌.

എന്നിങ്ങനെ അതിലളിതമായ പദവിന്യാസത്തോടെയാണ് ഒന്നാം നിറം പൂരമാല. വിവിധ രാഗങ്ങളിലും, ചടുലമായ ചുവടുവയ്പ്പുകളോടെ 18 നിറങ്ങളും കണ്ണിനും കാതിനും ഇമ്പം നൽകുന്നവയാണ്. 18 നിറങ്ങൾ കഴിഞ്ഞാൽ വൻ കളികൾ എന്നറിയപ്പെടുന്ന ഗണപതിപ്പാട്ട്, രാമായണം, ഇരട്ട, അങ്കം, ആണ്ടും പള്ളം, പാമ്ഭാട്ടം തുടങ്ങിയ കളികളാണ്[അവലംബം ആവശ്യമാണ്]. ഒടുവിൽ അതതു ക്ഷേത്രത്തിലെ ദേവീ ദേവന്മാരെ സ്തുതിച്ചുകൊണ്ട് “പൊലി, പൊലി, പൊലി” എന്ന് പ്രകീർത്തിച്ചുകൊണ്ടാണ് പൂരക്കളി സമാപിക്കുന്നത്. ഇന്നു സ്കൂൾ കലോത്സവവേദിയിലെ ഒരിനമായതുകൊണ്ട് കേരളീയർക്കു മുഴുവൻ സുപരിചിതമാണ് പൂരക്കളി.

മറുത്തുകളി

[തിരുത്തുക]

മറുത്ത് (മത്സരിച്ച് ) നടത്തുന്ന കളിയാണ് മറുത്തുകളി. രണ്ട് ക്ഷേത്രങ്ങൾ തമ്മിലോ ഒരേ ക്ഷേത്രത്തിലെ രണ്ടുഭാഗങ്ങളിലുള്ളവർ തമ്മിലോ ആണ് മറുത്തുകളി നടത്താറ്. കഴകങ്ങളിലോ കാവുകളിലോ വച്ച് പൂരക്കളി സംഘങ്ങളുടെ കഴിവ് ഒരേ സമയം മത്സരിച്ച് പ്രദർശിപ്പിക്കുന്നു.

സാംസ്കാരിക വൈവധ്യം

[തിരുത്തുക]
Poorakkali is a traditional art

വിവിധ സംസ്കാരങ്ങളുടെ സത്തകൾ പൂരക്കളിയിൽ ലയിച്ചിട്ടുണ്ട്. സംഘകാലത്തെ മതങ്ങളുടെ പാരമ്പര്യം ഇതിലുണ്ട്. ശൈവ-വൈഷ്ണവ മതങ്ങളുടെ സ്വാധിനമാൺ ഇന്ന് കൂടുതലും നിഴലിക്കുന്നത്. സ്തുതികളും പൂരമാലയും മറ്റും ശ്രീകൃഷ്ണനെ സംബന്ധിച്ച പാട്ടുകൾക്ക് പ്രാധ്യാന്യം നൽകുന്നു എങ്കിലും പിൽക്കാല വികാസ പരിണാമങ്ങളിലൂടെ ശൈവകഥകൾ പൂരക്കളിയിലേക്കാകർഷിക്കപ്പെട്ടു. ഇക്കാരണത്താൽ പൂരക്കളിയെ ശങ്കരനാരായണീയം എന്ന് വിശേഷിപ്പിക്കറുണ്ട്.

പൂരവും മഹാവീരജയന്തിയും തമ്മിലുള്ള ബന്ധം ശ്രദ്ധേയമാണ്‌. ചൈത്രമാസത്തിലെ വെളുത്ത ത്രയോദശിയാണ്‌. മഹാവീരന്റെ ജന്മദിനം. കാമജിത്തായ മഹാവീരന്റെ ജയന്തിയുമായി ബന്ധം ജൈനസംസ്കാരവുമായുള്ള ബന്ധമാണ്‌. പൂരവേല മലയരമ്പ പൂജയാകുന്നതോടെ അത് ശക്തി(ദേവി) പൂജയുമായിത്തീരുന്നു. ഭഗവതീക്ഷേത്രങ്ങളിലാണ് പൂരവേല പ്രാധാനമെന്നതും പൂരമാലയിലെ അവസാനത്തെ രണ്ട് നിറങ്ങൾ ശക്തിസ്തുതിപരമായിത്തീർന്നതും ശ്രദ്ധേയമാണ്‌.

പൂരക്കളിയിലെ പള്ള് എന്ന രംഗം കാർഷികവൃത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കന്മേഖലയിലെ പുറപ്പന്തലിലെ കളി സമാപിക്കുന്നത് മാപ്പിളപ്പാട്ടുകൾ പാടിക്കൊണ്ടാണെന്നത് ഈ കളിയെ മറ്റു സംസ്കാരങ്ങളുമായി ബന്ധിപ്പിക്കുന്നു.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

ഈ ലേഖനമെഴുതാൻ പ്രധാനമായും അവലംബിച്ചിരിക്കുന്നത്. ഡോ. എം.വി. വിഷ്ണു നമ്പൂതിരി യുടെ "പൂരക്കളി " എന്ന ഗ്രന്ഥമാണ്‌. പ്രസാധകർ: കറന്റ് ബുക്സ്; . ആദ്യ പ്രകാശനം. 1998. കേരളം

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൂരക്കളി&oldid=4122295" എന്ന താളിൽനിന്ന് ശേഖരിച്ചത്