Jump to content

ചോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്ധ്യകേരളത്തിൽ പ്രചാരത്തിലുള്ള പ്രകടന കലാരൂപമാണ് ചോഴിക്കളി. കുടച്ചോഴി, തിരുവാതിരച്ചോഴി എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചോഴികളുണ്ട്.[1] ധനുമാസത്തിലെ മകയിരം നാളിൽ നടത്തപ്പെടുന്ന നായർ സമുദായക്കാരുടെ ഒരു പ്രാചീന കളിയാണ് തിരുവാതിരച്ചോഴി. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് കുടച്ചോഴി നിലവിലുള്ളത്.[1] വാഴയുടെ ഉണങ്ങിയ ഇലകൾ കൊണ്ടു ശിവന്റെ ഭൂതഗണങ്ങളായി വേഷം കെട്ടിയ കുട്ടികളും, മുത്തിയമ്മ, പട്ടർ, ചിത്രഗുപ്തൻ, കാലൻ എന്നിവരായി വേഷമിട്ട മുതിർന്നവരും, ചെണ്ടക്കാർ, കൊമ്പുകാർ എന്നിവരുമാണ് ചോഴിക്കളിയിൽ പങ്കാളികൾ. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലും, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂ‍ക്ക് ഉൾപ്പെടുന്ന പ്രദേശങ്ങളിലും വ്യാപകമായി ചോഴി കളിച്ചുവരുന്നു.

ചോഴി കളിക്കുന്ന കുട്ടികൾ

മുത്തിയമ്മ കുട്ടികളുടെ നടുക്കുനിന്ന് തമാശകലർന്നപാട്ടുകൾ ആലപിക്കും. കുട്ടികൾ അതിനനുസരിച്ച് താളം പിടിക്കും.കാലനും ചിത്രഗുപ്തനും ഉച്ചത്തിൽ അലറിവിളിച്ച് രംഗത്ത് പ്രവേശിക്കുന്നു. അഭിനേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങി നൃത്തം ചെയ്യുന്നു. ചോഴിയുടെ വസ്ത്രധാരണരീതി ഉണങ്ങിയ വാഴയില ദേഹത്തുമുഴുവനായി കെട്ടുകയും രണ്ട് കുഴൽവാദ്യസഹിതവും ആയിരിക്കും. കാലൻ‍, ചിത്രഗുപ്തൻ എന്നിവർ കറുത്തവസ്ത്രങ്ങളും മുഖം‌മൂടികളും ദം‌ഷ്ട്രകളും ധരിച്ച് ഭീകരമായ പശ്ചാത്തലം ജനിപ്പിക്കുന്നു.

അവലോകനം

[തിരുത്തുക]

മധ്യകേരളത്തിൽ പ്രധാനമായും വള്ളുവനാട് മേഖലയിൽ പ്രചാരത്തിലുള്ള ഒരു നാടോടി നൃത്തമാണ് ചോഴികളി. തിരുവാതിരച്ചോഴി കുടച്ചോഴി എന്നിങ്ങനെ ചോഴികളി രണ്ട‌് തരത്തിലുണ്ട്.[2] പാലക്കാട്, തൃശൂർ ജില്ലകളിലെ ഹിന്ദുസമുദായമാണ് ചോഴികളി എന്ന അനുഷ്ഠാന നൃത്തരൂപം അവതരിപ്പിച്ചു വരുന്നത്.[3]

തിരുവാതിരച്ചോഴി

[തിരുത്തുക]

മലയാള മാസമായ ധനുമാസത്തിലെ തിരുവാതിര ആഘോഷത്തിനോടനുബന്ധിച്ച് മകയിരം, തിരുവാതിര നാളുകളിൽ പാതിരാകഴിഞ്ഞ് പുലർച്ചയോടെ വീടുവീടാന്തരം കയറിയിറങ്ങി കളിച്ചുവന്നിരുന്ന നാടോടി നൃത്തരൂപമാണ് തിരുവാതിരച്ചോഴി എന്ന് അറിയപ്പെടുന്നത്.[3] കേരളത്തിലെ തൃശ്ശൂർ‍ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന തലപ്പിള്ളി താലൂക്കിലെയും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെയും പ്രദേശങ്ങളിളാണ് ഇപ്പോൾ തിരുവാതിച്ചോഴി കൂടുതലായും അവതരിപ്പിച്ചു വരുന്നത്.[3]

ഐതീഹ്യം

[തിരുത്തുക]

പാർവതിയെ സന്തുഷ്ടയാക്കാൻ ആരംഭിച്ചത് എന്ന് വിശ്വസിക്കുന്ന ചോഴികളി ശിവന്റെ ഭൂതഗണങ്ങളുടെ നൃത്തമാണെന്നു വിശ്വസിച്ചുവരുന്നു. ചോഴികൾ എന്നാൽ ഭൂതഗണങ്ങൾ എന്നാണ് അർഥം.[2] ശിവൻ കാമദേവനെ ദഹിപ്പിച്ച ശേഷം ലോകമെമ്പാടുമുള്ള സ്‌ത്രീകൾ കാമദേവന്റെ പുനർജൻമത്തിനായി പ്രാർഥനയുമായി കൈലാസത്തിലെത്തിയെന്നും, ശിവൻ്റെ നാളായ തിരുവാതിര നാളിൽ ഉറക്കമൊഴിഞ്ഞ് വ്രതം അനുഷ്‌ഠിച്ചാൽ പരിഹാരമുണ്ടാകുമെന്ന് ശിവൻ പറഞ്ഞതായുമാണ് വിശ്വാസം. അപ്രകാരം വ്രതം എടുക്കുന്നവർ രാത്രിയിൽ ഉറങ്ങുന്നുണ്ടോ എന്നറിയാൻ ശിവന്റെ ഭൂതഗണങ്ങൾ വീടുകൾ കയറിയിറങ്ങുന്നതാണ് ചോഴികളിയെന്നതാണ് വിശ്വാസം.[3] ചോഴികളിയോട് അനുബന്ധിച്ച് നിരവധി പാട്ടുകൾ ഉണ്ട്. അതിൽ ‘ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ’ എന്ന ചോഴിപ്പാട്ടിൽ പറയുന്ന പുരാവൃത്തം ഇതാണ്.[3]

ഉണങ്ങിയ വാഴയിലയും ചപ്പിലയും ദേഹത്തുകെട്ടിവച്ചതാണ് ചോഴികളുടെ രൂപം. കുട്ടികളാണ് ചോഴികളുടെ വേഷം കെട്ടുന്നത്.[4] പത്തിലധികം വാഴയില മുഴുവനായി മുറിച്ചെടുത്ത് കൂട്ടിക്കെട്ടി തൊപ്പിപോലെ തലയിലേക്ക‌് വച്ചശേഷം ഉടലിനോടു ചേർത്തുകെട്ടി ഉറപ്പിക്കുന്നു.[3] മുഖഭാഗത്തെ ഇലകൾ ഇരുവശങ്ങളിലേക്കും മാറ്റി പാളകൊണ്ടുള്ള മുഖംമൂടി വയ്‌ക്കുന്നു, തുടർന്ന് കൈകളിലും കാലുകളിലും വാഴത്തൂപ്പ് കെട്ടുന്നു.[3] ചോഴികളെ കൂടാതെ കാലൻ ചിത്രഗുപ്തൻ മുത്തി എന്നീ കഥാപാത്രങ്ങളും ഉണ്ട്. ഇവർക്ക് പാളയിൽ കരികൊണ്ട് എഴുതിയ മുഖം മൂടിയുണ്ട്.[3] വീട്ടുമുറ്റത്ത് വട്ടത്തിൽനിന്ന് പാട്ടുപാടികളിക്കുന്ന ചോഴികളിയിൽ ചെണ്ടയും ഇലത്താളവും ആണ് പശ്ചാത്തലവാദ്യങ്ങൾ.[4] കാലനും ചിത്രഗുപ്തനും ചേർന്ന് മുത്തിയെ പരലോകത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതും മുത്തി അതിൽ നിന്ന് രക്ഷപ്പെടുന്നതും അവതരിപ്പിക്കുന്നു.

മുത്തിയുടെ പാട്ടിനുശേഷം കാലനോടുള്ള സംഭാഷണങ്ങൾ ഉണ്ട്. ചോഴികളി പാട്ടുകൾ കൂടുതലും രാമായണ, മഹാഭാരത കഥകളുമായി ബന്ധപ്പെട്ടുള്ളതാണ്, ഇതല്ലാതെ നാടൻ പാട്ടുകളും ഉണ്ട്.[3]

പാട്ടും കളിയും കഴിയുമ്പോൾ വീട്ടുകാർ അരിയും പഴവും ഇളനീരും വസ്‌ത്രവും ദക്ഷിണയും നൽകി സംഘത്തെ യാത്രയാക്കും.

കുടച്ചോഴി

[തിരുത്തുക]

കുടച്ചോഴിയും വള്ളുവനാട്ടിൽ തന്നെ അവതരിപ്പിച്ചു വരുന്ന നാടൻ കലാരൂപമാണ്. ഇത് വിശറിക്കളി എന്നും അറിയപ്പെടുന്നു. പുലയസമുദായത്തിലെ കുടുംബങ്ങളാണ് പാരമ്പര്യമായി കുടച്ചോഴി അവതരിപ്പിച്ചുവരുന്നത്.[3] പാട്ടും ചുവടും തലമുറകളായി ഇവർക്ക് കൈമാറിക്കിട്ടുന്നു.

വാളും പരിചയും കണക്കെ ഒരു കൈയിൽ പനയോലക്കുടയും മറുകൈയിൽ മുളപ്പൊളികൊണ്ടു തീർത്ത വിശറിയും പിടിച്ചുകൊണ്ടാണ് കുടച്ചോഴി അവതരിപ്പിക്കുന്നത്. മീനം, മേടം, ഇടവം മാസങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലൂടെയാണ് ചോഴികൾ വന്നിരുന്നത്. മുഖത്തും മാറിലും പുറത്തും കൈകളിലും ചന്ദനം പൂശി, പാദത്തിനുമേൽ മുണ്ടു കയറ്റിയുടുത്ത് അരയിൽ മേൽമുണ്ട് ചുറ്റിക്കെട്ടി കണ്ണുമെഴുതിയാണ് ചോഴി കളിക്കാനിറങ്ങുന്നത്.[3] പുരുഷന്മാർ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിൻ്റെ ഓരോ സംഘത്തിലും എട്ടുമുതൽ പന്ത്രണ്ടുവരെ അംഗങ്ങൾ ഉണ്ടാകും. ചോഴികളിറങ്ങുന്ന ദേശത്തെ ഏതെങ്കിലും ദേവസ്ഥാനത്തുനിന്നാണ് അവതരിപ്പിക്കുന്നത് പുറപ്പെടുന്നത്.

താളത്തിനൊത്ത് പ്രധാന പാട്ടുകാരൻ പാടുന്നതനുസരിച്ച് കളിക്കാർ വട്ടത്തിൽ നിന്ന്‌, കയ്യിലുള്ള കുട വട്ടത്തിൽ കറക്കിക്കൊണ്ടും വിശറി വീശിക്കൊണ്ടും ചോഴികളി അവതരിപ്പിക്കുന്നു. ആദ്യം പതിഞ്ഞമട്ടിൽ ആരംഭിച്ച് പിന്നീട് ചടുലമായ ചുവടുകളോടെ പുരോഗമിക്കും. ഉയർന്നുചാടിയും താളാത്മകമായി ചുവടുകൾ വച്ചുമാണ് കളി പൂർണമാകുന്നത്. ചോദ്യോത്തര രീതിയാണ് പാട്ടുകളിൽ ഉള്ളത്.[3]

പാർവ്വതി ദേവിയുടെ ഭൂതഗണങ്ങളായ ചോഴികൾക്ക് ഉഷ്‌ണരോഗങ്ങളെയും ബാധകളെയും ഉച്ചാടനം ചെയ്യാൻ കഴിയുമെന്നാണ് വിശ്വാസം.[3] പാട്ടും താളവും മുറുകുമ്പോൾ ചുവടുകൾ മാറ്റുന്നത് കുടകുത്തിക്കളി എന്നാണ് അറിയപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ചോഴിക്കളി". Retrieved 2020-09-07.
  2. 2.0 2.1 "ചോഴിക്കളി | Chozhikali". Retrieved 2023-03-13.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 "ചോഴികളി". Retrieved 2023-03-13.
  4. 4.0 4.1 "വീടുകളിൽ തിരുവാതിരച്ചോഴികളെത്തി". Retrieved 2023-03-13.
"https://ml.wikipedia.org/w/index.php?title=ചോഴി&oldid=4008572" എന്ന താളിൽനിന്ന് ശേഖരിച്ചത്