മാർഗ്ഗംകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർഗ്ഗംകളി അവതരണം

കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ്‌ മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്.

പേരിനു പിന്നിൽ[തിരുത്തുക]

മാർഗ്ഗം എന്ന പദം കൊണ്ട് ക്രൈസ്തവരെയാണ്‌ ഉദ്ദേശിക്കുന്നത്. പുരാതനകാലത്ത് മറ്റുമതങ്ങളിലേക്ക് ചേർന്നിരുന്നവരെ മാർഗ്ഗം ചേർന്നവർ എന്നു വിളിച്ചിരുന്നു. ബുദ്ധരുടെ ധർമ്മമാർഗ്ഗമാണ് ഇതിനാധാരം. ആദ്യമായി മതമെന്ന പേരിൽ കേരളത്തിലെത്തിയത് ബുദ്ധമതമായിരുന്നു. ബുദ്ധമതത്തിലേക്ക് ചേരുന്നതിനെ മാർഗ്ഗം കൂടൽ എന്നും വിളിച്ചിരുന്നു. പിന്നീട് ഇത് ഏത് മതം ചേരുന്നതിനേയും സൂചിപ്പിക്കുന്ന പദമായി. മാർഗ്ഗം കളിയെന്ന പേരിൽ ഇവിടെ സൂചിപ്പിക്കുന്നത് ക്രിസ്തുമാർഗ്ഗത്തെയാണ്‌.[1]

ചരിത്രം[തിരുത്തുക]

1600-നും 1700-നും ഇടക്കുള്ള കാലത്താണ് ഈ കളിയുടെ ഉത്ഭവം എന്നു കരുതുന്നു[2] നമ്പൂതിരിമാർക്കിടയിൽ നിലവിലുണ്ടായിരുന്ന സംഘക്കളിയുമായി ഇതിനു വളരെയധികം സമാനതകൾ ഉണ്ടെന്ന് പ്രൊഫസ്സർ പി.ജെ. തോമസും[3] സംഘക്കളിയുടെ അനുകരണമാണെന്ന് ഉള്ളൂരും[4] അഭിപ്രായപ്പെടുന്നു.

ചിട്ടകൾ[തിരുത്തുക]

പന്ത്രണ്ടുപേരാണ്‌ മാർഗ്ഗം കളിയിൽ പങ്കെടുക്കുന്നത്. കത്തിച്ചുവച്ച തിരിവിളക്കിനു ചുറ്റും നിന്ന് കൈകൊട്ടിപാടിയാണ് മാർഗ്ഗംകളി നടത്തുന്നത്. വിളക്ക് ക്രിസ്തുവിനേയും പന്ത്രണ്ടുപേർ ക്രിസ്തുശിഷ്യന്മാരേയും സൂചിപ്പിക്കുന്നു. കളിയാശാൻ വായ്ത്താരി ചൊല്ലി പദം പാടുകയും വൃത്താകൃതിയിൽ അണിനിരക്കുന്ന കളിക്കാർ അതേറ്റുപാടി താളവും ചുവടും പിടിച്ച് നൃത്തസമാനമായ ചടുലതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.

വേഷം[തിരുത്തുക]

പ്രത്യേകവേഷവിധാനങ്ങളൊന്നുമില്ല. തലയിലൊരു കെട്ടും ഉടുമുണ്ടുമായിരുന്നു വേഷം. [5] സ്ത്രീകൾ ചട്ടയും മുണ്ടുമുടുത്താണിതവതരിപ്പിച്ചുവരുന്നത്.

ഇടക്കളി[തിരുത്തുക]

ഇടക്കളിപ്പാട്ട്[തിരുത്തുക]

മാർഗ്ഗംകളി കലാവതരണത്തിനിടയിൽ പ്രയോഗിക്കപ്പെടുന്ന ഇടക്കളിക്ക് ഉപയോഗിക്കുന്ന പാട്ടുകളാണ്‌ ഇടക്കളിപ്പാട്ടുകൾ

അവലംബം[തിരുത്തുക]

  1. പ്രഫസ്സർ ചൂണ്ടൽ ചുമ്മാർ "മാർഗ്ഗം കളി" നാഷണൽ ബുക്സ്റ്റാൾ കോട്ടയം കേരള1973
  2. മാർഗംകളി, വിശ്വവിജ്ഞാനകോശം(1990), വാല്യം.10 , പുറം 345
  3. പ്രൊഫസ്സർ തോമസ് പി.ജെ. "മലയാള സാഹിത്യവും ക്രിസ്ത്യാനികളും
  4. ഉള്ളൂർ എസ്. പരമേശ്വേര അയ്യർ, കേരള സാഹിത്യചരിത്രം വാല്യം 3, പേജ് 698, 1953
  5. ചാക്കോച്ചൻ, ആശാ; ജെ.ജെ. പള്ളത്ത് (2004). ക്രിസ്ത്യൻ ഫോക്‌ലോർ വാല്യം ഒന്ന്. കേരളം: കേരള ഫോക്‌ലോർ അക്കാദമി. 


"https://ml.wikipedia.org/w/index.php?title=മാർഗ്ഗംകളി&oldid=2271138" എന്ന താളിൽനിന്നു ശേഖരിച്ചത്