ചവറ പാറുക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചവറ പാറുക്കുട്ടി
Chavara parukut b.jpg
ചവറ പാറുക്കുട്ടി
ജനനം
ചവറ
മരണം
ചവറ
ദേശീയതഇന്ത്യൻ
തൊഴിൽകഥകളി

കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി കലാകാരിയാണ് ചവറ പാറുക്കുട്ടി(ജനനം മാർച്ച് 21, 1944- മരണം ഫെബ്രുവരി 7, 2019 ). പൊതുവേ പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ മൂന്ന് സ്ത്രീസാന്നിധ്യങ്ങളിൽ ഒരാളാണ് അവർ (കറ്റ്ശ്ശേരി സരോജിനിയമ്മ, സദനം പത്മാവതിയമ്മ എന്നിവരാണ് മറ്റുള്ളവർ) [1] അൻപതുവർഷത്തിലധികം കാലമായി അവർ കപ്ലിങ്ങാടൻ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവതാരമാണു്.

ജീവിതരേഖ[തിരുത്തുക]

ജനനവും വിദ്യാഭ്യാസവും[തിരുത്തുക]

ചവറ പാറുക്കുട്ടി കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ചവറ ചെക്കാട്ടു കിഴക്കതിൽ എൻ. ശങ്കരൻ ആചാരിയുടെയും നാണിയമ്മയുടേയും മകളായി 1118 കുംഭമാസത്തിലെ പൂയം നാൾ ((1943 ഫെബ്രുവരി 21നു്) ജനിച്ചു.

കാമൻ‌കുളങ്ങര എൽ.പി.സ്കൂളിലും ചവറ ഹൈസ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം എസ്.എൻ. വിമൻസ് കോളേജിൽ നിന്നും പ്രി-യൂണിവേർസിറ്റിയും തുടർന്നു് ഫാത്തിമ മാതാ നാഷണൽ കോളെജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബി.എ.ബിരുദവും പാസ്സാ‍യി.

സ്കൂൾ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു. മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴിൽ തുടങ്ങിവെച്ച പഠനത്തിനിടെ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ പൂതനാമോക്ഷത്തിലെ ലളിത-പൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി. തുടർന്നു് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിൽ ചേർന്ന് വിവിധ സ്ത്രീവേഷങ്ങൾ ചെയ്തുതുടങ്ങുകയും ഒപ്പം പോരുവഴി ഗോപാലപ്പിള്ളയാശാനിൽ നിന്നു് കൂടുതൽ വേഷങ്ങൾ പരിശീലിച്ചെടുക്കുകയും ചെയ്തു.

മാങ്കുളത്തെ കണ്ടുമുട്ടുന്നു[തിരുത്തുക]

ഒരിക്കൽ കൊല്ലം ഉണ്ണിച്ചക്കം വീട് വക അമ്പലത്തിൽ കഥകളി നടക്കുമ്പോൾ അക്കാലത്തെ പ്രശസ്ത സ്ത്രീവേഷകലാകാരനായിരുന്ന മാങ്കുളം വിഷ്ണു നമ്പൂതിരി പാറുക്കുട്ടിയുടെ സ്ത്രീവേഷം കാണുവാനിടയായി. അദ്ദേഹം നടത്തിവന്നിരുന്ന സമസ്തകേരളകഥകളി വിദ്യാലയത്തിലേക്ക്‌ തുടർപഠനത്തിനായി ക്ഷണിച്ചു. പാറുക്കുട്ടിയമ്മയെക്കൊണ്ട് അദ്ദേഹം എല്ലാ സ്ത്രീവേഷങ്ങളും വിശദമായി ചൊല്ലിയാടിച്ചു.

ഡെൽഹിയിലും മദ്രാസിലും നടന്ന കഥകളിയിൽ മാങ്കുളത്തോടൊപ്പം പാറുക്കുട്ടിയും വേഷങ്ങൾ പങ്കിട്ടു. അക്കാലത്തെ പ്രധാനപത്രങ്ങളെല്ലാം പാറുക്കുട്ടിയുടെ അഭിനയത്തെ പുകഴ്ത്തി എഴുതിയിരുന്നു.

മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ വത്സലശിഷ്യയാകാനുള്ള അവസരം പാറുക്കുട്ടിയുടെ കഥകളിപാടവത്തിനു് പ്രത്യേക മിഴിവേകി. അരങ്ങിലും ആട്ടത്തിലും അവർ പ്രദർശിപ്പിക്കുന്ന അനിതരസാധാരണമായ പാണ്ഡിത്യത്തിനു് അടിസ്ഥാനം അദ്ദേഹത്തിനു കീഴിലുള്ള പരിശീലനമാണത്രേ.

വേഷങ്ങൾ[തിരുത്തുക]

പതിവിനു വിരുദ്ധമായി, സ്ത്രീവേഷങ്ങൾക്കുപരി, പുരുഷവേഷങ്ങൾ കൈകാര്യം ചെയ്യാനും ചവറ പാറുക്കുട്ടി നിപുണയാണു്. കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യും. എങ്കിലും പ്രശസ്തമായിട്ടുള്ളത്‌ സ്ത്രീവേഷങ്ങൾ തന്നെ. ദേവയാനി , ദമയന്തി , പൂതന ലളിത , ഉർവ്വശി, കിർമ്മീരവധം ലളിത , കിർമ്മീരവധം ലളിത , മലയത്തി, സതി, കുന്തി, പ്രഹ്ലാദൻ, കൃഷ്ണൻ, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങി എല്ലാ വേഷങ്ങളും കെട്ടാറുണ്ട്. ഏറ്റവും പ്രിയപ്പെട്ട വേഷം ദേവയാനിയാണ്‌.

വേഷങ്ങളുടെ ഔചിത്യബോധമാണ് ചവറ പാറുക്കുട്ടിയെ വ്യത്യസ്തമാക്കുന്നത്‌.

തെക്കും വടക്കുമുള്ള മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നതുമായ മിക്ക പ്രസിദ്ധനടന്മാരോടുമൊപ്പം പാറുക്കുട്ടി അരങ്ങത്തുവന്നിട്ടുണ്ടു്. ഇവരിൽ ഗുരു ചെങ്ങന്നൂർ രാമൻ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം ഗോപി, കോട്ടക്കൽ ശിവരാമൻ, ചെന്നിത്തല ചെല്ലപ്പൻ പിള്ള, ഹരിപ്പാട്ട്‌ രാമകൃഷ്ണപ്പിള്ള, മങ്കൊമ്പ്‌ ശിവശങ്കരപ്പിള്ള, മടവൂർ വാസുദേവൻ നായർ, ഇഞ്ചക്കാട്ട്‌ രാമചന്ദ്രൻ പിള്ള ഉൾപ്പെടുന്നു.


ആട്ടത്തിന്റെ 50 വർഷം പൂർത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി 'ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപർവം' എന്നൊരു ഡോക്യൂമെന്ററി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. [2]

കുടുംബം[തിരുത്തുക]

മകൾ കലാമണ്ഡലം ധന്യ എസ്. കുമാർ

ചവറ പാറുക്കുട്ടി

പുരസ്കാരങ്ങൾ[തിരുത്തുക]

 1. പന്നിശ്ശേരി നാണുപിള്ള സ്മാരക അവാർഡ്‌
 2. എം.കെ.കെ. നായർ സ്മാരക അവാർഡ്‌ (1999)
 3. ഹൈദരലി സ്മാരക കഥകളി അവാർഡ്
 4. കേരള കലാമണ്ഡലം അവാർഡ്‌ (2003)
 5. കേരള സംഗീതനാടക അക്കാദമി "ഗുരുപൂജ" പുരസ്കാരം (2005)
 6. കൊട്ടാരക്കര തമ്പുരാൻ അവാർഡ്‌ (കൊല്ലം കഥകളി ക്ലബ്ബ്‌)
 7. കുറിച്ചി കുഞ്ഞൻ പണിക്കർ അവാർഡ്‌ (ആലപ്പുഴ ക്ലബ്ബ്‌)
 8. ഗുരു ചെങ്ങന്നൂർ രാമൻ പിള്ള അവാർഡ്‌
 9. മാതൃഭൂമി ഗൃഹലക്ഷ്മി വേദി അവാർഡ്‌ (2008)

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-30.
 2. "ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപർവം". kerala.gov.in. ശേഖരിച്ചത് 29 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=ചവറ_പാറുക്കുട്ടി&oldid=3658977" എന്ന താളിൽനിന്ന് ശേഖരിച്ചത്